കുളിച്ചൊരുങ്ങി കാത്ത് നിൽക്കാൻ തുടങ്ങിയിട്ട് ഏറെ നേരമായി .പുറത്ത് മഴ ആർത്തലച്ച് പെയ്യുകയാണ് മുറ്റത്തെ മാവിൻ്റെ ചില്ലകൾ അടർത്തി ഒരു കാറ്റ് കടന്ന് പോയി മഴ അൽപ്പം തോർന്നോ മഴ മാറാൻ കാത്ത് നിന്നാൽ വൈകും .. .മുന്നിലെ വയൽ വരമ്പിലൂടെ നടന്നാൽ എളുപ്പം റെയിൽവെ സ്റ്റേഷനിലെത്താം പഴയ കുടയാണ് നനയുമോ ആവോ …. മഴയത്തേക്കിറങ്ങിയപ്പോൾ ഒരു സുഖം തോന്നി പാദങ്ങളെ നനച്ച് മഴത്തുള്ളികൾ ചിതറി തെറിച്ചപ്പോൾ .. ശരീരം വല്ലാതെ കുളിർന്നു വരമ്പിലൂടെ ആരൊക്കെയോ കുടയും മറച്ച് പോകുന്നുണ്ട് വെയിലിലാണ് മഴ …. വെയിലും …മഴയും പാടത്തിൻ്റെ വടക്കെ അതിരിൽ. പരന്ന് വീണ കരിമേഘങ്ങളിൽ നിന്ന് മഴവില്ല് ..കതിരുകൾ അറുത്ത് മാറ്റിയ പാടത്തേക്ക് ഒഴുകിയിറങ്ങിയിരിക്കുന്നു
മുഖം മറച്ച കുടയൊന്ന് അൽപ്പം ഉയർത്തിയപ്പോഴാണ് ‘ ഞാൻ അവളെ കണ്ടത്.. ഇത്ര നേരം മുന്നിൽ അവളാണെന്ന് കരുതിയിരുന്നില്ല ഒപ്പമെത്തിയ ആളെ കണ്ട് അവൾ അമ്പരപ്പോടെ അത്ഭുതം കൂറിയതും ആ സമയത്താണ് ….’ പാറി വീണ മഴത്തുള്ളികൾ അവളുടെ മുഖമാകെ നനച്ചിരിക്കുന്നു… അഴക് നഷ്ടപ്പെട്ട കണ്ണുകൾക്ക് താഴെ മുഖം വല്ലാതെ വിളറിയിരുന്നു … ചിരിക്കാൻ മറന്ന മുഖത്തെ മഴത്തുള്ളികൾ കൈ കൊണ്ട് തുടച്ച് കളഞ്ഞ് ആശ്ചര്യപ്പെട്ട് അവൾ എന്നെ വീണ്ടും വീണ്ടും നോക്കി …. ഞാനും അളന്ന് കുറിക്കാൻ ‘ കഴിയാത്ത ദൂരം മനസിൽ പേറി വർഷങ്ങൾക്ക് മുമ്പ് പെയ്തിറങ്ങിയ ഒരു മഴയിലേക്ക് നടന്ന് പോയതാണവൾ…. അന്നത്തേത് പോലെ തന്നെ അത്ര അടുത്ത് നിന്നിട്ടും ഞങ്ങൾക്കിടയിൽ മൗനം നിറഞ്ഞ് നിന്നു….. മറഞ്ഞ് മറഞ്ഞ് പോയ ഋതുഭേദങ്ങൾ ഞങ്ങളെ അപരിചിതരാക്കിയിരുന്നു … വല്ലാതെ വീർപ്പ് മുട്ടിക്കുന്ന ശ്വാസ താളങ്ങളിൽ ‘ഞങ്ങൾ വാക്കുകൾക്ക് പരതി മഴയിൽ ഞങ്ങളുടെ വാക്കുകൾ പുതഞ്ഞ് പോയി …. …. സുഖം.’. ഞങ്ങളുടെ ചുണ്ടുകളുടെ അനക്കം ഒപ്പമായിരുന്നു .. അത് ചോദ്യമാണോ ഉത്തരമാണോ എന്ന് വേർതിരിച്ചറിയാൻ ഞങ്ങൾക്കായില്ല
അകലെ പാടത്തിന് നിറം ചാർത്തിയ മഴവില്ല് വല്ലാതെ പടർന്ന് പോയിരിക്കുന്നു വർഷങ്ങൾക്ക് ശേഷം ഞങ്ങൾ ഒരുമിച്ചു നടന്നു രണ്ട് കുടകളിൽ പൊതിഞ്ഞ് ആത്മാവ് നഷ്ടമായ രണ്ട് ശരീരങ്ങളായി ഞങ്ങൾ നടന്നു ജീവനൊഴുകിപ്പോയ കാൽപ്പാദങ്ങൾക്ക് ശരീരത്തെ താങ്ങാനാവാത്തതുപോലെ ഞങ്ങൾ ഇരുവരും ദൂരെയാണെന്ന് തോന്നി അപരിചതത്ത്വത്തിൽ അകന്ന് ഞങ്ങൾ നടന്നു…. ഞങ്ങൾക്കിടയിലെ വർത്തമാനങ്ങൾ വെറും വാക്കുകളായി മഴത്തുള്ളികൾ പോലെ ചിതറി വീണു