എനിക്കൊപ്പം ജനിച്ചൊരീ പുതുമഴ
ചിണുങ്ങി പിണങ്ങി ചിരിച്ചൂ മഴ,
ഇടിവെട്ടിൻ കടുംതുടി
പെരുമ്പറ മുഴക്കത്തിൽ വരുംമഴ,
മിന്നൽത്തരി വെളിച്ചമിറ്റിച്ചെന്നെ
ഭയപ്പുതപ്പിലൊളിപ്പിച്ചു മഴ,
ഇറമ്പിൽ പെയ്യുമ്പോളൊന്നിളകി
ചിരിക്കും മഴക്കൂട്ടായെങ്കിലും
കുതിർന്ന പുസ്തകക്കെട്ടിൽ
മഴമണം തന്നൊരീ തണുപ്പുമാറാ മഴ.
കരളിൽ കൗമാരപ്പീലികൾവിടർത്തി
കുളിരു കോരിച്ചൊരു
വിഷുമഴത്തെന്നലാം പുതുമഴ,
പ്രണയമെത്രയോ പകുത്തു
ഞാനീ മുകിലിൻ മകൾക്കായി,
പിന്നെയെൻ കൈക്കുടന്നയിലെടുത്തുമ്മ
വച്ചോമനിച്ചീ പ്രിയമഴ.
ഇടയ്ക്കെപ്പോഴോ വിഷാദ –
നീർത്തുള്ളികൾ കുടഞ്ഞവൾ,
പിന്നെയലച്ചാർത്തുറഞ്ഞു വീഴുമ്പോളെന്നിൽ
ഇരുളു കൂടുവച്ചതിലാത്മപീഡയേറ്റു ഞാൻ വലയവേ ,
തളരരുതെന്നു ചൊല്ലി
മൃദുകരം നീട്ടിയെന്നെത്തലോടിയീ മഴ.
പരിഭവത്തുഴയെറിഞ്ഞു ഞാനവൾക്കൊപ്പം
പുഴക്കരെക്കഥകൾ ചൊല്ലി
കണ്ണീർ ചുഴികളിലൂടെ പരസ്പരം
പുണർന്നുമാശ്വസിപ്പിച്ചും
പിരിഞ്ഞു പോരാറുണ്ടിടയ്ക്കൊക്കെ തമ്മിൽ.
എനിക്കൊപ്പം വളർന്ന മഴ
അഴകെഴും മഴവിൽച്ചേല
ഞൊറിഞ്ഞുടുത്തൊരുങ്ങിയോൾ
മതിമറന്നാനന്ദനൃത്തം തുടരവേ..
ഞാനുമാമഴപ്പെയ്ത്തിലാറാടി ചുവടു വച്ചു.
വെയിൽത്തിളക്കങ്ങളണിഞ്ഞവൾ
പെയ്തുണരവേ അണമുറിയാതെ
താളം ചവിട്ടിയതു താണ്ഡവമായതും,
ദുശ്ശകുനം, വറുതിയാം പിഴയെന്നു
പഴിച്ചവളെയാട്ടിയകറ്റുന്ന നേരം,
എനിക്കൊപ്പം ജനിച്ചൊപ്പം വളർന്ന മഴ
നേർത്തു നരച്ചിന്നു വിതുമ്പി നിൽക്കുന്നു.
പെയ്തൊഴിയാപ്പെരും സങ്കടം കാക്കുന്നു.
കരിവാളിപ്പാകെയൊഴിഞ്ഞു-
തെളിഞ്ഞൊരാകാശപ്പുതുക്കം കാണവേ,
മഴനൂലിഴകൾ മരിച്ചു വീഴുമ്പോലെ
പതിയെ ഭൂമി മേൽപതിക്കുമീനേരം
മഴ രുചിയണയ്ക്കാതെ
മൃതിതൻ മരവിച്ച കൈകളെന്നെ
ആ കരിമ്പടം മൂടി
ഉണരാതുറങ്ങാനൊരുക്കുന്നുവെന്നോ??