മഴയും മണ്ണും

ചിലപ്പോള്‍ നീ,
പൂമഴയായിവന്ന്
മഴവിൽപ്പുഞ്ചിരിതൂകി
കൂടെനിന്നാശ്വസിപ്പിക്കും
പിന്നൊരിക്കൽ,
ഇതാവന്നുവെന്ന പ്രത്യാശയേകി
മുന്നിലെത്താതെ
ഒളിച്ചുപോയ്ക്കളയും.
ചിലനേരം,
കലമ്പൽകൂട്ടി പാഞ്ഞുവന്ന്
ശകാരത്തിന്റെ തീത്തുള്ളികള്‍
വാരിയെറിഞ്ഞ്,
മറുപടികാക്കാതെ പാഞ്ഞുപോകും.
വേറൊരിക്കൽ
മുടിയഴിച്ച് കരാളനൃത്തം ചവിട്ടി
ക്രോധച്ചോരയൊഴുക്കിവന്ന്
ഈടുവെപ്പുകളെല്ലാം വാരിയെടുത്ത്
കടലിലെറിയും
പിന്നീട് കണ്ണീരായിനനഞ്ഞ്
പുളകങ്ങളുടെ പുതുനാമ്പുകള്‍ക്ക്
പിറവിയേകും
പിന്നെയൊരു മേഘസന്ദേശംപോലും തരാതെ
ഏറെക്കാലം വരാതെയാകും

കാത്തിരിപ്പിന്റെ പുഞ്ചപ്പാടം
കിണറോര്‍മ്മയാലെത്ര നനച്ചാലും
മഞ്ഞച്ച് മഞ്ഞച്ച് നെല്ക്കാലുകള്‍
വീണ്ടുകീറിയ വയലിൽ കരിഞ്ഞുപോയാലും
വരാതെ നീ,
പിന്നെയെന്നെങ്കിലും,
ഒരോര്‍മ്മയുടെ ന്യൂനമര്‍ദ്ദത്തിലോടിയെത്തി,
വാരിപ്പുണര്‍ന്ന്
സ്നേഹത്തിന്റെ പ്രളയത്തിലാഴ്ത്തിക്കളയും

പ്രളയാനന്തരം,
വെയിൽവിരിപ്പിൽ
മണ്ണിനൊരു നനവായി പുണര്‍ന്നുകിടക്കും
പറവകളുടെ പശ്ചാത്തലഗാനത്തിൽ
പൂക്കളുടെ വര്‍ണ്ണശയ്യയിൽ
ഇളങ്കാറ്റുപുതച്ച്
അങ്ങനെയങ്ങനെ
നീയും ഞാനുംപോലെ
മഴയും മണ്ണും

കോഴിക്കോട് ജില്ലയിലെ മൊകേരി സ്വദേശി. ഇപ്പോള്‍ ചൊക്ലിയിൽ താമസിക്കുന്നു. നരിപ്പറ്റ, രാമർനമ്പ്യാർസ്മാരക ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപകനായിരുന്നു. ആനുകാലികങ്ങളിലും,നവമാധ്യമങ്ങളിലും എഴുതുന്നു. കന്യാസ്ത്രീകള്‍,ഓർമ്മമരം എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.