മനസ്സിൽ
ഇരുണ്ട
ചാരനിറമുള്ള മേഘക്കൂടുകളിൽ
ചിറകുമുളയ്ക്കുന്ന
മൃദുലമുത്തുകളെ
നനുത്ത നൂലിഴകളിൽ കോർത്ത്,
ആകാശം
ആനന്ദാശ്രുക്കളായ്
ഭൂമിയിലേക്ക് കെട്ടിയിറക്കുന്നു –
‘കൊടുംവേനലിൽ കടംകൊണ്ടത്,
തിരിച്ചുനൽകുന്നപോലെ!’
ആദ്യമെത്താൻ
വഴിയിൽ മത്സരിച്ചും
വാശിയോടെ കെട്ടുപിണഞ്ഞും
കലപിലകൂട്ടി,
താഴേക്കൊഴുകുന്ന നീർമണികൾ
കൂട്ടിൽനിന്നും
സ്വാതന്ത്ര്യം നേടിയ പക്ഷിയെന്നപോൽ
ഓരോ നിമിഷവും
ആഘോഷയാത്രകളാക്കി
താളമോടെ പൊട്ടിച്ചിരിക്കാറുണ്ട്…
കാറ്റിനൊപ്പം നൃത്തംചെയ്ത്
വായുവിൽ ഊഞ്ഞാലാടി
പൂക്കളെ,
ഇലകളെ,
മരങ്ങളെ തഴുകി
മണ്ണിനെ പുണരാനണയുന്ന
ആർദ്രതയുടെ പവിഴനാരുകൾ…
ഓരോ കണവും
മാറിമാറി തഴുകിയൊഴുകുമ്പോഴും
നീർത്തുമ്പുകളാൽ
ഉഷ്ണധൂളികളെ കോർത്തെടുക്കാറുണ്ട് –
‘മണ്ണിന്റെ കഷ്ടതകളെ
ഒപ്പിയെടുക്കാനെന്നപോലെ!’
കുന്നുകളേയും മലകളേയും പുണർന്ന്,
തോടുകളോടും അരുവികളോടും
കിന്നാരമെറിഞ്ഞ്,
മണ്ണിൽ പുതുജീവനുകൾ വിതച്ച്,
മഴയൊരു മാലാഖയായി മാറുന്നു.
മണ്ണിൽ
അന്തമില്ലാത്ത ആകാശക്കാഴ്ചകൾ
മണ്ണിനോട്
ചേർന്നുകിടന്ന്, പങ്കുവയ്ക്കുവാൻ
കൊതിയോടെ
തിരികെയെത്തുന്ന നീർമുത്തുകൾ…
വികസനത്തിന്റെ പണയപ്പണ്ടമായി
ശിരഛേദംചെയ്യപ്പെട്ട കുന്നിൻചെരിവുകളിൽ
ആഞ്ഞിറങ്ങുന്ന മഴത്തുള്ളികൾ
ഉടലറുത്തുകൊണ്ടുപോയപ്പോൾ
വരണ്ടുണങ്ങിപ്പോയ
വേരുവഴികളിൽക്കുരുങ്ങി,
മണ്ണിലേക്ക് പ്രണയം പകരാനാവാതെ
പൊട്ടിക്കരയാറുണ്ട്.
തന്നിലേക്കു പതഞ്ഞൊഴുകുന്ന മഴയെ
മാറോടുചേർത്തുപുണർന്നുറങ്ങി,
കുളങ്ങളെയും
അരുവികളെയും പ്രസവിച്ച്
വേനലിലും പൂത്തുനിൽക്കണമെന്ന്
ഏതു മണ്ണാണ് ആഗ്രഹിക്കാത്തത്?
വന്ധ്യംകരിക്കപ്പെട്ട്
യൗവനംകൊഴിഞ്ഞ മണ്ണ്
മഴവെള്ളത്തിനൊപ്പം
പൊട്ടിയൊഴുകിപ്പോകുന്നത്
പ്രണയത്തിന്റെ അന്ത്യചുംബനങ്ങളാൽ
മതിമറന്നുപോകുന്നതല്ലെന്ന്
കടലിനുമാത്രമറിയുന്ന സത്യം.
പാകമെത്താതെ അലസിപ്പോകുന്ന
ഓരോ ഗർഭവും
വേദനയോടെ അടർന്നൊഴുകുമ്പോൾ,
രൗദ്രഭാവമണിയാറുണ്ട്.
മഴവെള്ളത്തിൽ ചേർന്നൊഴുകുന്ന
ഓരോ മൺതരിയും
മൺപറ്റുന്ന ജീവനുകളിലേക്ക്
രോഷാഗ്നി പടരാതിരിക്കാൻ
കടലിലേക്കു
കുതിച്ചോടുകയാണ്;
അലിഞ്ഞലിഞ്ഞ്
സ്വയം തണുപ്പിക്കുകയാണത്!