മലമുകളിലെ പക്ഷി

മലമുകളിലെ പക്ഷി
ചിറകു കുടഞ്ഞു തൂകി കളയുന്ന മഴ
പറന്നു വരുന്ന ശബ്ദം കേൾക്കെ
നിന്നോട് ചേർന്നിരുന്നു കണ്ട
അസ്തമയങ്ങൾ വിടർന്നു വന്നു.

നർത്തകനും കവിയുമായിരുന്ന
നിന്റെ ചുവട് പിഴച്ചതിനെ
ചൊല്ലി പതം പറഞ്ഞും നൊന്തും
അസ്തമനത്തിന്റെ നിറത്തെ
വാരിയണിഞ്ഞു
പാടത്തിന്റെയോരത്തു മറവിൽ
മറഞ്ഞിരുന്നു നമ്മൾ .

വരയ്ക്കുന്നതെല്ലാം തെറ്റിപ്പോകുന്നുവെന്നു
നിന്റെ രാത്രിപോലുള്ള കാലടികളിലേക്കു നോക്കി
തുളുമ്പി വിതുമ്പി,
ഞാൻ വ്രണപ്പെട്ടു കൊണ്ടേയിരുന്നു .
കണ്ണുകളുയർത്തി നിന്നെ നോക്കാൻ
കെല്പില്ലാത്തവളായിരുന്നു ഞാൻ.

മലമുകളിലെ പക്ഷി
തൂവൽ കൊഴിഞ്ഞവശയായിട്ടുണ്ടാവണം
മഴ ആനന്ദത്താൽ പറന്നു വരുന്നില്ല.
അസ്തമനങ്ങൾക്കു മെലിഞ്ഞ നിറം
പാടത്തിനു കടുത്ത വെയിലിന്റെ മഞ്ഞളിപ്പ് .

സാരിയിലെ ജമന്തി നിറം
വിരലുകളിൽ ചുഴറ്റി വലിച്ച്‌
കാലത്തെ കടന്നു പിടിയ്ക്കാനൊരു ശ്രമം നടത്തി,
നെടുകെ പിളർന്ന പൂക്കൾ നിലവിളിച്ചു.

നീയും ഞാനുമിപ്പോൾ കരയാറില്ല ,
നൃത്തമാടാറില്ല, എഴുതാറില്ല, വരയ്ക്കാറില്ല
സ്നേഹം വിണ്ടു കീറിയിരിക്കുന്നു.

കോട്ടയം സ്വദേശി. ആനുകാലികങ്ങളിലും സമൂഹമാധ്യമങ്ങളിലും എഴുതാറുണ്ട്.