ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയിലാണ്. ഷാർജയിൽ നിന്ന് ദുബായിലേക്ക് രാവിലെയും തിരിച്ച് വൈകുന്നേരവും കാളവണ്ടിയിലെന്ന പോലെ പതിയെ മാത്രമേ ട്രാഫിക്കിലൂടെ യാത്ര ചെയ്യാനാവുകയുള്ളൂ. എങ്കിലും റും വാടക ആലോചിക്കുമ്പോൾ ഈ ബുദ്ധിമുട്ട് ഒരു പ്രശ്നമേ അകാറില്ല. കഴിഞ്ഞ ആറ് വർഷമായ് ഞാനീ യുദ്ധം തുടങ്ങിയിട്ട്.
മൊബൈൽ റിങ്ങ് ചെയ്തു. നിവ… നിവേദിത.
“എന്താഡി?”
“നീ എവിടെ എത്തി”
“തുഴച്ചിലിലാ നാഷണൽ പെയിന്റ് വരെ. എന്താ അസമയത്തൊര് വിളി”.
“നിന്നെ വിളിക്കാനിനി സമയവും കാലവും നോക്കണോ. നിന്നെ കൊണ്ടൊരു ആവശ്യമുണ്ട്”.
“അത് വിളിച്ചപ്പോഴേ തോന്നി”
“ഒന്ന് അജ്‌മാൻ വരെ പോകണം”
“ഇപ്പൊഴോ. നിന്റെ കെട്ടിയോനെത്തീല്ലെ. അങ്ങേരോട് പറഞ്ഞൂടേ”
“നീ അധികം വിസ്താരത്തിന് നിൽക്കാതെ ഒന്ന് പെട്ടെന്ന് എത്താൻ നോക്ക്. അങ്ങേര്ക്ക് മോളെ നോക്കണം. ഒപ്പം കൂട്ടിയാൽ മോളുടെ ഹോം വർക്ക് പെന്റിങ്ങാകും”
“പണ്ടാരടങ്ങാൻ, ഞാനിന്ന് ടോട്ടലീ ടയേഡാണ്”
“നീ അധികം ജാഡ ഇറക്കാതെ പെട്ടെന്ന് എത്താൻ നോക്ക്. ഞാൻ റെഡിയാണ്. താഴെ എത്തിയാൽ മിസ്
കാൾ അടിച്ചാൽ മതി”
ഫോൺ കട്ടായ്… നിവേദിത… എനിക്ക് രണ്ടാം ജന്മം തന്നവൾ. കോളേജ് പഠനം കഴിഞ്ഞ് പിരിഞ്ഞതാണ്. ബിരുദം കഴിഞ്ഞപോൾ അവൾ ജേർണലിസത്തിന് പോയ്. ഞാൻ ലിറ്ററേച്ചറിനും ചേർന്നു. എം എ കഴിഞ്ഞപ്പോൾ കുറച്ച് നാൾ ട്യൂട്ടോറിയലിൽ ക്ലാസെടുത്തു. വീട്ടിലെ കഷ്ടപ്പാടുകൾ, ജീവിതം രണ്ടറ്റം മുട്ടിക്കാൻ എന്റെ ട്യൂഷൻ ശമ്പളം എവിടെയും എത്തില്ലെന്നായി. ആ ഘട്ടത്തിലാണ് വർഷങ്ങൾക്ക് ശേഷം യാദൃശ്ചികമായ് നിവേദിതയേയും ഭർത്താവിനേയും ടൗണിൽ വെച്ച് കാണുന്നത്. സൗഹൃദ സംഭാഷണങ്ങൾക്കിടയിൽ എന്റെ പ്രാരാബ്ദങ്ങളുടെയും കെട്ട്
തുറന്നു. സതീർത്ഥ്യൻ്റെ കഷ്ടപ്പാടുകൾ കേട്ട് മനമലിഞ്ഞാകണം അവളും ഭർത്താവും ദുബായിൽ എനിക്കൊരു അവസരം കണ്ടെത്തിയത്. അവൾ വർഷങ്ങളായ് ദുബായിൽ മാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. അന്ന് തൊട്ടുള്ള സ്നേഹ ബന്ധമായിരുന്നു ആ കുടുബത്തോട്. വീട്ടിലെ ഒരംഗം പോലെ.
ഞാൻ റൂമിലെത്തി ഓടിപ്പിടഞ്ഞ് ഖിസൈസിലെ നിവയുടെ ഫ്ലാറ്റിനടുത്തെത്തിനാളെ മിസ് കോളടിച്ചതും അവൾ പറന്നിറങ്ങി.
“പെട്ടെന്ന് വിട്ടോ”
“എങ്ങോട്ട്, ഈ നട്ടപ്പാതിരാത്രി”
“എന്ത് പാതിരാ, എട്ട് മണി ആകുന്നതേ ഉള്ളു. നാളെ ഓഫ് അല്ലെ. വ്യാഴാഴ്ച ആളുകൾ പുറത്തിറങ്ങി തുടങ്ങുന്നതേ ഉള്ളു”
ഇരു ദിശയിലേക്കുമുള്ള റോഡുകളിൽ വാഹനങ്ങൾ ഉണ്ട്.
“അല്ല എങ്ങോട്ടാണെന്ന് പറഞ്ഞില്ല”
“നീ അജ്മാനിലേക്ക് വിട്”
“എവിടെ”
“ഹമ്റിയ ഫ്രി സോണിലേക്ക്”
“നിനക്കെന്താ വട്ടായാ, അതങ്ങ് ഉമ് അൽ ഖോയൻ ബോഡരിലാ”
“എനിക്കറിയാഡ, അത് ഷാർജയുടെ ഭാഗമാണെന്നും അറിയാം. നീ ചോദ്യോത്തര പംക്തി ആക്കാതെ. വേണമെങ്കിൽ പെട്രോളടിച്ച് തരാം”
“വെണമെങ്കിലാ. പെട്രോളിലൊതുങ്ങില്ല മോളെ, ഫുഡും വേണം”
“ഉം. നീ യൊന്ന് വേഗം വിട്ടേ”
റോഡരികിലെ പുൽപ്പരപ്പിനും ഈന്തപ്പനകൾക്കും രാവെന്നൊ പകലെന്നോ ഇല്ലാതെ തൊഴിലാളികൾ വെള്ളം ചീറ്റിക്കുകയാണ് മഞ്ഞ വെളിച്ചത്തിൽ തിളങ്ങുന്ന സ്പ്രേയറിലെ ജലകണങ്ങൾ നിറങ്ങൾ തീർത്തു.
എഫ് എം റേഡിയോയിലെ പാട്ടിനൊപ്പം നിവ മൂളുന്നുണ്ടായിരുന്നു. കോളേജിലെ പഠനകാലത്ത് എല്ലാവരുടെയും സ്നേഹഭാജനമായിരുന്നു. കുടുംബവും, ജോലിയും ആയപ്പോൾ അവൾ അറിയാതെ തന്നെ എല്ലാ കലാവാസനയും അവളിൽ നിന്നും മാറ്റി നിർത്തപ്പെട്ടു. എങ്കിലും അവളുടെ സ്വരത്തിന് നല്ല ഇമ്പമായിരുന്നു.
അജ്‌മാൻ ബോഡറിലെത്തിയപ്പോൾ ഞാൻ വേഗത കുറച്ചു. എൺപത് സ്പീഡിന് മുകളിൽ പോയാൽ പണി തരാൻ നിൽക്കുന്ന ക്യാമറാ കണ്ണുകൾ. തിരക്കൽപ്പം കുറവായതിനാൽ പെട്ടെന്ന് നഗരം കടന്നു.
“എവിടെയാ ഇനി”
“അത് വിളിച്ച് ചോദിക്കണം”
“അപ്പോ അതൊന്നുമറിയാതെയാണോ ചാടി പുറപ്പെട്ടത്”
“വെറുപ്പിക്കാതെ ഡാ”
“എന്നാൽ വിളിച്ച് ചോദിക്ക്
“ആ കാണുന്നത് ഫ്രീസോൺ ബ്രിഡ്ജാണ് അത് കഴിഞ്ഞാൽ ഉമ്മൽ ഖുവൈൻ പോയ് മടങ്ങേണ്ടി വരും”
“ഓക്കെ ഓക്കെ നീ ഒന്ന് സ്ലോ ആക്കൂ”
“ഹലോ. ചേച്ചി ഇത് ഞാനാണ് നിവേദിത. രാവിലെ വിളിച്ചിരുന്നു. ജോലി കഴിഞ്ഞ് വരാൻ വൈകിപ്പോയ്. ബുദ്ധിമുട്ടാകില്ലല്ലോ. ഇവിടെ എത്താറായ് ബ്രിഡ്ജിനടുത്തെത്തി”
എനിക്ക് മറുപുറത്തെ സംസാരമൊന്നും കേൾക്കാൻ പറ്റിയിരുന്നില്ല. അത് കൊണ്ട് തന്നെ ഞാൻ അവളോട് സ്പീക്കറിലിടാൻ പറഞ്ഞ് യാത്ര തുടർന്നു.
“ഇതേതാ ഈ പെണ്ണ്”
“ഡാ പ്രായമായ സ്ത്രിയാണ്, നമ്മൾ കാണാൻ പോവുകയല്ലേ പല വിശേഷങ്ങളും അറിയാനുണ്ട്”
“എവിടുന്ന് കിട്ടി പുതിയ ന്യൂസ്”
“നാല് ഭാഗത്തേക്കും വലവീശിയിരിക്കയല്ലേ മോനെ എങ്ങനെയെങ്കിലും ഫീൽഡിൽ പിടിച്ച് നിർക്കണ്ടെ. നിനക്കറിയമല്ലോ മിക്ക മാധ്യമങ്ങളിലും കടുത്ത പിരിച്ച് വിടൽ ഭീഷണിയാ. മുപ്പതും നാൽപ്പതും പേജുകളിൽ വന്നിരുന്ന മുഖ്യധാര പത്രങ്ങളിപ്പോ പത്തും പതിനഞ്ചും പേജുകളിൽ ഒതുങ്ങി. പരസ്യം കിട്ടാനില്ല, വായനക്കാരേയും. ഫ്ലാറ്റിൽ വെള്ളം എത്തിക്കുന്ന പിള്ളേരാണ് പുതിയ ന്യൂസ് തന്നത്. ആരും ഇത് വരെ കൈ വെച്ചിട്ടില്ല. നല്ല റീച്ച് കിട്ടുന്ന സബ്ജക്റ്റാണ്. ഒര് സാമൂഹ്യ പ്രവർത്തനം”
നിവ ഇടയ്ക്കിടയ്ക്ക് അവരെ ബന്ധപ്പെട്ടു.
“ഇവിടെ അടുത്താണെന്ന് തോന്നുന്നു. നിനക്ക് ലൊക്കേഷൻ അയച്ച് തരാൻ പറഞ്ഞാൽ മതിയായിരുന്നു”
“അവർക്ക് സ്വന്തമായ് ഫോൺ ഉണ്ടോ എന്ന് പോലും അറിയില്ല”
“അപ്പോ നീ ദരിദ്രവാസിയെ കാണാനാണോ തിരക്കിട്ട് ഓടി പിടഞ്ഞ് വന്നത്. ഞാൻ കരുതി വല്ല
ഷെയ്ക്കിന്റെ കൊച്ചുമോളെ കാണാനായിരിക്കുമെന്നാ”
“പോടാ പട്ടി”
അവൾ ദൈഷ്യത്തിലെന്നെ അടിച്ചു.
“ആ… എനിക്ക് വേദനിച്ചു”
“കണക്കായ്പോയ്, നാക്കിന് നീളമുണ്ടെന്ന് കരുതി എന്തും വിളിച്ച് പറയരുത്. ഒരു പാവം സ്ത്രിയുടെ ദൈന്യത റിപ്പോർട്ട് ചെയ്യാനാണീ യാത്ര. നമ്മളുടെ ഇന്നത്തെ റിപ്പോട്ട് കൊണ്ട് അവരെ രക്ഷപ്പെടുത്തണം”
ഞാൻ പെട്ടെന്ന് അമ്മയെ ഓർത്തു.
എത്ര മാത്രം കഷ്ടപ്പെട്ടാ എന്നെ വളർത്തിയത്.
“എന്താടാ, നിനക്ക് ശരിക്കും നൊന്തോ.
“ഏയ് ഇല്ല”
“പിന്നെ”
“ഒന്നുമില്ല, ഞാനെന്തോ ഓർത്തു”
“ഇവിടെ അടുത്തെവിടെയോ ആണ്. നീ വണ്ടി സൈഡാക്കിക്കൊള്ളൂ”
വാഹനം ഒതുക്കി ഞങ്ങൾ ഇറങ്ങി.
“ഇവിടെ അടുത്തെവിടെയോ അണ്. അവർ വെളിയിൽ നിൽപ്പുണ്ടാകും”
ഇത്രയേറെ പഴക്കമേറിയ വില്ലകൾ എന്റെ ഇവിടുത്തെ ജീവിത കാലയളവിൽ കണ്ടിട്ടില്ല. പലതിലും ആളനക്കമോ വൈദ്യുതിയോ ഇല്ല. ഓരോ വില്ലകളായ് ഞങ്ങൾ തിരച്ചിലാരംഭിച്ചു. നാരകമരം ഉണ്ടെന്നാണ് ലക്ഷ്യം പറഞ്ഞത്. നാരകമരം കണ്ണിൽപ്പെട്ടപ്പോൾ നിവ അവരെ ഒന്നു കൂടി വിളിച്ചു. അറബ് വേഷധാരിയായ വൃദ്ധയായ സ്ത്രീ വില്ലയിൽ നിന്നും ഇറങ്ങി വന്നു. “മക്കളെ കാത്ത് കുറച്ച് നേരം ഞാനിവിടെ നിന്നു. മഞ്ഞ് പെയ്യ്തതിനാൽ അകത്തേക്ക് കയറിയതേ ഉള്ളൂ”
കാണാൻ ചെന്ന ആളുടെ രൂപം കണ്ട് ഞങ്ങൾ പരസ്പരം നോക്കി. കവിളൊട്ടി കറുത്തു മെലിഞ്ഞ ഒരു സ്ത്രീ. അറുപതിനടുത്ത് പ്രായം തോന്നിക്കും.
“ചേച്ചി അസമയത്ത് വന്നത് ബുദ്ധിമുട്ടായോ”
“ഇല്ല മക്കളെ ഇപ്പോ വന്നത് നന്നായ്. ജോലിയെല്ലാം ഒതുക്കി വെച്ചു. പിന്നെ ഒര് സഹായം ചെയ്യാനെന്നല്ലെ പറഞ്ഞത്.”
അവരുടെ വാക്കുകൾ ഞങ്ങൾക്കൊരാശ്വാസമായ്.
“പുറത്തിവിടെ ഇരിക്കാനായ് കസേരയൊന്നുമില്ലല്ലോ, അകത്തേക്ക് കയറിയിരിക്കാം”
“വേണ്ട ചേച്ചി ഞങ്ങൾ ഇവിടെ നിന്നോളാം. ഞങ്ങൾ ‘ന്യൂസ് വൺ’ പത്രത്തിൽ നിന്നാണ്. ചേച്ചിയുടെ വിഷമങ്ങളറിഞ്ഞ് വന്നതാണ്. ഒരു റിപ്പോർട്ട് പത്രത്തിൽ കൊടുത്താൽ സഹായം ലഭിക്കും എന്ന വിശ്വാസമുണ്ട്.”
“ഞാനിവിടെ ഉള്ള കാര്യം ആരാ പറഞ്ഞേ”
“ഞങ്ങൾക്ക് കുടിവെള്ളം എത്തിച്ച് തരുന്ന പയ്യൻമാർ ഇവിടെ അടുത്ത് താമസിക്കുന്നവരാണെന്നാ പറഞ്ഞെ.”
“അതയോ… അവര് നാരങ്ങ പൊട്ടിക്കാൻ വരും. പറഞ്ഞൽ വരുന്ന വഴി കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി എത്തിച്ച് തരും. നല്ല പിളേളരാ. എനിക്ക് പോയ് വാങ്ങാനൊക്കില്ല മക്കളെ. ഇങ്ങേരിവിടെ ഒറ്റക്കല്ലേ.”
“അരാണകത്ത്.”
അത് വരെ മിണ്ടാതിരുന്ന എന്റെ ഉൽസാഹം വർദ്ധിച്ചു
“എന്റെ അർബാബിന്റെ മോനാ. കണ്ണ്പോട്ടനാ”
“അയ്യോ! അപ്പോ മറ്റാരും ഇവിടില്ലേ”
“മുപ്പത് വർഷമായ് മക്കളെ ഞാനിങ്ങേരുടെ കൂടെ കൂടിയിട്ട്. അങ്ങേരെ പ്രസവിച്ചപ്പോഴേ കണ്ണ് കണ്ടിരുന്നില്ല. ഞാനെത്തിയത് മുതൽ ഞാൻ നോക്കി വളർത്തി. അമ്മയും അനുജന്മാരുമൊക്കെയുണ്ട്. എല്ലാരും ഇവിടെ ഇട്ടേച്ച് പോയ്. എന്നെ വലീയ കാര്യമാ. മേരീന്നാ എന്നെ വിളിക്കുന്നത്.
“ചേച്ചിയുടെ പേരെന്താ”.
“മറിയം, മറിയും മേരിയുമെല്ലാം ഒന്ന് തന്നല്ലേ”
എനിക്കും നിവേദിതയ്ക്കും ആകാംഷയോടെപ്പം ഒരുപാട് ചോദ്യങ്ങളും മനസിൽ പൊന്തി വന്നു. സ്വന്തമെന്ന് പറയെണ്ടവരൊക്കെ ഉപേക്ഷിച്ച് പോയിട്ടും മുപ്പത് വർഷമായ് ഒരു സ്ത്രീ അന്ധനായ ഒരാളെ ശുശ്രൂഷിച്ച് കഴിയുക.
“ചേച്ചിയുടെ ശമ്പളവും ചിലവും എങ്ങിനെ നടക്കുന്നു.”
“അങ്ങേർക്ക് കണ്ണ് കാണില്ലല്ലോ മക്കളേ. പെൻഷൻ കിട്ടും. അത് കൊണ്ട് ജീവിച്ച് പോകും. ഇങ്ങേർക്ക് കരണ്ടിനും, വെള്ളത്തിനും പൈസ വേണ്ട. സഹോദരങ്ങൾ വരുമ്പോ എന്തേങ്കിലും കൊടുക്കും.
ഇറാനികളാ. പണ്ടേങ്ങോ വന്ന് ഇവിടുത്ത്കാരായതാ.”
“നിങ്ങളെങ്ങനെ ഇവിടെ വന്ന് പെട്ടു”
“അതൊക്കെ വലീയ കഥയാ മക്കളെ. എന്റെ കെട്ടിയോൻ മാധവൻ, അങ്ങേര് ക്യാൻസർ വന്നാ ചത്തത്. അങ്ങേര് ഹിന്ദുവാ. നല്ലൊര് മനുഷ്യനായിരുന്ന്. അങ്ങേരെ കെട്ടിയത് കോണ്ട് വീട്ട്കാര് എന്നെ കയറ്റത്തില്ല. അങ്ങേര് ചത്താലും ജീവിക്കേണ്ടേ മക്കളെ, പെങ്കുട്ടിയല്ലേ എനിക്ക്. വളന്ന് വരുമ്പോ കെട്ടിക്കേണ്ടതല്ലേ. റോളയിലെ സൂപ്പർ മാർക്കറ്റ് നടത്തുന്ന കോയയില്ലേ അങ്ങേരാ എന്നെ ഇവിടെ എത്തിച്ചത്. അങ്ങേരുടെ കടയിൽ ചെല്ലാറുള്ള ഈ കണ്ണ് പൊട്ടന്റെ ചേട്ടൻ ആളെ ആവശ്യമുണ്ടെന്ന് തിരക്കി. കോയ എന്റെ നാട്ട്കാരനാ, അവധിക്ക് നാട്ടിൽ വന്നപ്പോ എന്നെ ഇവിടെ എത്തിച്ചു. കോയ ഇപ്പോ വലീയ നിലയിലാന്നാ കേട്ടത്.”
“അപ്പോ നിങ്ങളുടെ മകളോ”
“അവള് കല്യാണം കഴിഞ്ഞ് രണ്ട് പിള്ളേരായ്”
“കിളവന് വയസെത്രയായ്ക്കാണും”
“അത്രയൊന്നുമായില്ല. ഏറിയാ നാൽപ്പത്. കണ്ണ് കാണില്ലല്ലോ. അകത്ത് തന്നെ ഇരിന്ന് മുരടിച്ചതാ.
പുറത്തിറങ്ങീട്ടെന്തിനാ കണ്ണിന് തീരെ കാഴ്ചയില്ലല്ലോ.”
“മറിയ ചേട്ടത്തിയുടെ ഇപ്പോഴത്തെ പ്രശ്നമെന്താ”
“എനിക്ക് നാട്ടിലൊര് വീട് വേണം. കെട്ടിയോന് വീടുണ്ടായതാ മക്കളേ അങ്ങേര് പോയപ്പോ പെങ്ങമാര് തട്ടി എടുത്ത്. എനിക്കവകാശപ്പെട്ടതാ, എന്ത് ചെയ്യാൻ ചോദിക്കാൻ എനിക്കാരും കൂടെ ഉണ്ടായില്ല.”
“ചേച്ചി നാട്ടിൽ പോകാറില്ലെ”
“ഇക്കഴിഞ്ഞ ഡിസമ്പറിൽ പോയതാ. മൂത്രത്തിൽ കല്ലിന്റെ ഓപ്പറേഷന്. നിങ്ങൾക്കറിയോ ഒരു ദിവസം പോലും നാട്ടി നിക്കാനൊത്തില്ല. പെങ്ങടെ മോള് രാക്ഷസി, എന്റെ ചികിത്സക്കുള്ള പണം അവൾക്ക് അയച്ച് കൊടുത്തിട്ടാ ഞാനിവിടുന്ന് പോയത്. അവിടെ എത്തി ഓപ്പറേഷന് പണം ചോദിച്ചപ്പോ എന്നെ അട്ടി ഇറക്കി. മടക്കടിക്കറ്റ് കഷ്ട്ടപ്പെട്ടെടുത്ത് അടുത്ത ദിവസം തന്നെ ഇവിടേക്ക് വരണ്ടി വന്നു.”
“നിങ്ങളുടെ മകളുടെ പേരിൽ അയക്കാമായിരുന്നില്ലേ.”
“അവളുടെ കെട്ടിയോൻ കുടിയനാ. മോള് തന്നെ പറഞ്ഞിട്ടാ അവളുടെ പേരിൽ അയച്ചത്. പണ്ട് തെറ്റിലായിരുന്നെങ്കിലും ഞാനിവിടെ വന്നതിപ്പിന്നെ എല്ലാവരും ഒരുമിച്ചു. ഇതെല്ലാം എന്റെ പൈസയ്ക്ക് വേണ്ടി ആയിരുന്നു”
അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“ചേച്ചി വിഷമിക്കേണ്ട എല്ലാറ്റിനും പരിഹാരമുണ്ടാകും”
“ഒര് തുണ്ട് ഇടവും ഒര് കൂരയും, അത്രേ ഉള്ളു ആഗ്രഹം. മരിക്കുന്നത് സ്വന്തം പുരയിടത്തിലാവണം എന്നേ ഉള്ളു. നിങ്ങളെ കൊണ്ട് നടക്കുമോ മക്കളെ.”
“എല്ലാം ശരിയാകും ചേച്ചി. പിന്നിട് ഓപ്പറേഷൻ നടന്നോ”
“ഇല്ല മക്കളെ.. വേദനയുടെ ഗുളിക കഴിക്കുന്ന്. റോളയിൽ പോയ് ഡോക്ടറെ കാണിച്ചതാ പതിനായിരം വേണമെന്നാ പറയുന്നത്. എന്റെ കൈയ്യിലെ വിടുന്നാ മക്കളെ ഇത്രയും കാശ് പൊടിച്ച് കളയും എന്നൊക്കെയാ പറയുന്നത്”
“കിളവന് എന്റെ വിഷമമെല്ലാമറിയാ. എന്നെ വലിയ കാര്യമാ കിട്ടുന്ന പൈസ എനിക്കാ തരുന്നത്. ശമ്പളമായിട്ടല്ല, വലീയ സ്നേഹമാ. വീട് ശരിയായാൽ നാട്ടിലേക്ക് പോകാനാ പറയുന്നത്. ഇങ്ങേര് ചാവുന്നത് വരെ എനിക്കിങ്ങേരെ നോക്കണം. പാവമാ മക്കളെ”
എനിക്കൽഭുതം തോന്നി. സ്വന്തം കുടുംബക്കാർ ഉപേക്ഷിച്ചു പോയ ഇതര രാജ്യക്കാരനായ അന്ധനെ കൂടപ്പിറപ്പിന്നെ പോലെ ശുശ്രൂഷിക്കുന്നു. ഇവരാണ് യഥാർത്ഥ മാലാഖ. അവരോട് വല്ലാത്തൊരു ബഹുമാനവും ഒപ്പം സങ്കടവും തോന്നി.
“ ചേച്ചി അപ്പോൾ ശമ്പളമായൊന്നും കിട്ടുന്നില്ലേ”
“തരും മക്കളെ ഇങ്ങേരുടെ പെൻഷൻ വരുമ്പോ തരും. ഇത്രയും കാലം ഒക്കെ മകൾക്കയച്ച് കൊടുത്തു. അവൾ വീട് വച്ച് മക്കളെ പഠിപ്പിച്ചു. ഇത്തവണ നാട്ടി ചെന്നപ്പോ മനസിലായ് ഓൾടെ കെട്ടിയോന് എന്റെ കാശ് മാത്രമേ വേണ്ടുന്ന്. അവള് പാവമാ. ഒനെ ധിക്കരിച്ചൊന്നും അവൾക്ക് കഴിയാനൊക്കില്ലല്ലോ”
“ഹൊ വല്ലാത്ത ജന്മം തന്നെ. ചേച്ചി ഇത്ര പാവമായതാ എല്ലാം പ്രശ്നമായത്. മുപ്പത് വർഷം ഗൾഫിൽ കഷ്ടപ്പെട്ട് സ്വന്തം ചികിത്സ പോലും നടത്താൻ പറ്റാതെ”
“അതിലൊന്നും എനിക്ക് വിഷമമില്ല മക്കളെ, ചാവാൻ നേരത്ത് നാട്ടിൽ സ്വന്തം പുരയിൽ കിടന്നാവണം എന്ന ചിന്തയാണിപ്പോ”
“എല്ലാം ശരിയാകും ചേച്ചി”
അകത്ത് എന്തോ ശബ്ദം കേട്ടു
“മിൻ ഹാദ ബ൪റ” (ആരാ പുറത്ത്)
“മിൻ ബിലാദ്” (നാട്ടുകാരാ)
“ലേശ് അന്ത ഈജി” (എന്തിനാ വന്നത് )
അവർ അകത്തേക്കു ചേന്നു പുറത്ത് ഉപ്പ് കാറ്റ് വീശി അടിക്കുന്നു. ഫ്രീസോൺ അതിർത്തിയിൽ നങ്കൂരമിട്ട കപ്പലുകളുടെയും, ബോട്ടുകളുടെയും വെളിച്ചം കടലിൽ അങ്ങിങ്ങായ് തെളിഞ്ഞ് കാണാം. നിവേദിതയും ഞാനും വല്ലാത്തൊരു മാനസീകാവസ്ഥയിലായിരുന്നു.
“എന്ത് കഷ്ടാണല്ലേ അവരുടെ കാര്യം, പാവം എന്ന് രക്ഷപ്പെടാനാ. നീ ഏതായാലും നല്ലൊര് സ്റ്റോറി തയ്യാറാക്കൂ. അവരുടെ ഡീറ്റേയ്ൽസ് ബാങ്ക് അക്കൗണ്ട് നമ്പറടക്കം വാങ്ങാൻ മറക്കരുത്”
“മക്കളെ സുലൈയ്മാനി ഉണ്ടാക്കട്ടെ”
“ഇപ്പോ വേണ്ടചേച്ചി കുറച്ച് കാര്യങ്ങൾ കൂടി അറിയാനുണ്ട്. ഞങ്ങൾക്ക് തിരിച്ച് ദുബായ് വരെ എത്താനുള്ളതാ. ഇപ്പോൾ തന്നെ ഒരു പാട് വൈകി. ചേച്ചിയുടെ പാസ്പോർട്ട് കോപ്പിയും ബാങ്ക് അക്കൗണ്ട് നമ്പരും വേണമായിരുന്നു”
“എനിക്ക് അക്കൗണ്ടോന്നും ഇല്ല മക്കളെ, മോളുടെ പേരിലല്ലേ അയച്ചോണ്ടിരുന്നത്”
“എന്റീശ്വരാ! മുപ്പത് വർഷമായ് സ്വന്തം ബാങ്ക് അക്കൗണ്ട് പോലും ഇല്ല. ചേച്ചി ഒര് കാര്യം ചെയ്യൂ… പാസ്പോർട്ട് ഒന്ന് എടുത്ത് കൊണ്ട് വരൂ എല്ലാം ഞങ്ങൾ ശരിയാക്കി തരാം”
അവർ പാസ്പോർട്ടെടുക്കാൻ അകത്ത് ചെന്നു.
“നിവ… നീ കണ്ടോ മുപ്പത് വർഷമായ് സ്വന്തം അക്കൗണ്ട് പോലും ഉണ്ടാക്കാതെ മകളെ വിശ്വസിച്ച് കാശയച്ച് കൊടുത്തു. ഇവരൊക്കെ ശരിക്കും മെഴുകുതിരികളാണ്. ആർക്കോ വേണ്ടി പ്രകാശം ചൊരിഞ്ഞ് സ്വയം ഇല്ലാതാകുന്ന ജന്മങ്ങൾ”
അവർ പാസ്പോർട്ടുമായ് വന്നു.
“ചേച്ചി ഇത് എക്സ്പയറിയാകാൻ മൂന്ന് മാസമേ ബാക്കിയുള്ളൂ. അസോസിയേഷനിൽ ചെന്ന് പുതുക്കി എടുക്കണം. ആ പയ്യൻമാരോട് ഞാൻ സൂചിപ്പിക്കാം. നീ ആ ഫോണൊന്ന് തന്നെ ഞാനിതൊന്ന് സ്കാൻ ചെയ്യട്ടെ.
“ചേച്ചി ഒന്ന് വെളിച്ചത്ത് നിന്നെ ഒര് ഫോട്ടോ കൂടി എടുക്കാനുണ്ട്”
“മക്കളെ പത്രത്തിലൊന്നും പടമിട്ടേക്കല്ലേ. കെട്ടിയോന്റെ കുടുംബക്കാർ കണ്ടാൽ അവർക്ക് കുറച്ചിലാണ്”
“ഇല്ല ചേച്ചി ബാങ്ക് അകൗണ്ടിന് വേണ്ടിയാണ്. ഈ ഫോട്ടോ ഞങ്ങൾ ശരിയാക്കി കൊടുത്തോളാം.
ബന്ധുക്കൾ ഇവിടെ ഉണ്ടായിട്ടാണോ ചേച്ചി ഇത്രയും കഷ്ടപ്പെടുന്നത്. സഹായിക്കാത്തവരെ ഓർത്താണല്ലോ ചേച്ചിക്കിത്ര വേവലാതി”
“അവരൊക്കെ വലിയ ആൾക്കാരാ മക്കളെ. ഈ പാവത്തിനെയൊക്കെ ആരോർക്കാനാ”
ഞാൻ കുറച്ച് ചിത്രങ്ങൾ പകർത്തി. നിവയും ഞാനും കൂടെ നിന്നും എടുത്തു.
“ചേച്ചി ഞങ്ങൾ ഇപ്പോൾ പോവുകയാണ്. റിപ്പോർട്ട് തയ്യാറാക്കി അറിയിക്കാം. ബാങ്കിന്റെ കാര്യങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ തയ്യാറാക്കാം. ബാങ്കിന്റെ സെയിൽസ്മാൻ ഇവിടേക്ക് വരും. ഒപ്പ് വെക്കേണ്ടതുണ്ട്.”
യാത്ര പറഞ്ഞു.
“ഡാ ആ ലൊക്കേഷൻ ഒന്ന് എന്റെ ഫോണിലേക്കയച്ചേ ഇനി വരുമ്പോ കറങ്ങാതെ എത്താം”
ഞങ്ങൾ അവിടുന്നിറങ്ങി. വരുമ്പോഴുണ്ടായ മൂഡിലല്ല തിരിച്ചിറങ്ങിയത്. മനസ്സ് സങ്കടവും, ആശങ്കകളും കൊണ്ട് നിറഞ്ഞിരുന്നു. വീടെത്തുന്നതു വരെ അവരെക്കുറിച്ച് മാത്രമായിരുന്നു ഞങ്ങളുടെ സംസാരം.
“നാളെ തന്നെ നീ ബാങ്ക് അകൗണ്ടിന്റെ കാര്യം നോക്ക്. ഞാൻ ഉടനെ റിപോർട്ട് തയ്യാറാക്കും. അക്കൗണ്ട് നമ്പർ വച്ച് പത്രത്തിൽ റിപ്പോർട്ട് കൊടുക്കാൻ പറ്റില്ല. ഇവിടെ പണപ്പിരിവ് നിരോധിച്ചതാണല്ലോ.
അന്വേഷിക്കുന്നവർക്ക് അപ്പോൾ നമ്പർ കൊടുക്കാമല്ലോ. ഞാൻ വെള്ളക്കാരൻ പയ്യനെ വിളിച്ച് പാസ്പോർട്ടിന്റെ കാര്യം പറയാം”
രാവിലെ തന്നെ നിവേദിത ന്യൂസ് മാറ്റർ വാട്ട്സാപ്പിൽ എനിക്ക് അയച്ചു തന്നു.
“നീ ഇന്നലെ കുത്തിയിരുന്ന് എല്ലാം ശരിയാക്കീട്ടുണ്ടല്ലോ. മിന്നിച്ചേക്കണം”
“ഓക്കെ ഡാ എന്തായ് ബാങ്ക് അക്കൗണ്ടിന്റെ കാര്യം, നീ ഏറ്റിരുന്നതാണ് മറക്കരുത്”
“ഇല്ലേ, ഓഫീസ് വരെ എത്തേണ്ട ആവശ്യമേയുള്ളു”
ഓഫീസിലെത്തി ആദ്യം തിരഞ്ഞത് ബാങ്കിലെ സെയിൽസ്മാന്റെ നമ്പറാണ്. കാര്യങ്ങൾ ഗൗരവപൂർവ്വം അവനെ വിളിച്ച് പറഞ്ഞു. ഒരു കസ്റ്റമറെ കിട്ടുന്നതിൽ അവനും സന്തോഷത്തിലായിരുന്നു. ലൊക്കേഷൻ മാപ്പ് അവന് അയച്ച് കൊടുത്തതിനാൽ പെട്ടെന്ന് തന്നെ അവൻ മറിയച്ചേട്ടത്തി വീട്ടിലെത്തി കാര്യങ്ങൾ മുന്നോട്ട് നീക്കി. രണ്ട് ദിവസത്തിനുള്ളിൽ തന്നെ നിവേദിതയുടെ റിപ്പോർട്ട് പത്രത്തിൽ വന്നു. പത്രം വായിക്കാത്ത ശീലം ഉള്ളതിനാൽ അവൾ പറയേണ്ടി വന്നു ഓൺലൈനിൽ തപ്പാൻ. അല്ലേങ്കിലും രാവിലെ തന്നെ റേഡിയോയിലൂടെ എല്ലാ പത്രവും വായിച്ച് തരാനാളുള്ളപ്പോൾ ആര് പത്രം വാങ്ങിച്ച് വായിക്കാനാ. റിപ്പോർട്ടിൽ കാര്യങ്ങൾ എല്ലാം നിവേദിത ശ്രദ്ധാപൂർവ്വം ഉൾകൊളളിച്ചിരുന്നു. എനിക്കേറെ സന്തോഷം തോന്നി, അവളെ വിളിച്ചു.
“നീ മറിയ ചേടത്തിയുടെ പടവും കൊടുത്തല്ലെ ദുഷ്ടത്തി.
“നീ പോഡെ, നിനക്കെന്തറിയാം വായനക്കാരുടെ പൾസ്. ചിത്രം കണ്ടാലെ വാർത്ത വായനക്കാർ ശ്രദ്ധിക്കൂ. നാലാളുകൾ അറിഞ്ഞാലേ നമ്മൾ എടുത്ത എഫേർട്ടിന് ഫലമുണ്ടാക്കൂ”
“നീ പുലി തന്നെ. ഫോട്ടോയ്ക്ക് താഴെ കടപ്പാട് വെക്കണമായിരുന്നു”
“ഒന്ന് പോഡ ഡ്രൈവറെ”
“അവശ്യം കഴിഞ്ഞാലുള്ള നിന്റെ അഹങ്കാരം. ഞാൻ വന്നില്ലായിരുന്നെങ്കിൽ കാണാമായിരുന്നു റാസൽ ഖയ്മ വഴി ഫുജേറ എത്തിയേനെ”
“നീ എന്റെ വിശ്വസ്ഥനായ സാരഥി അല്ലേഡാ. പിന്നെ നിന്റെ ബാങ്കിലെ സുഹൃത്ത് എല്ലാം ശരിയാക്കി അക്കൗണ്ട് നമ്പർ അയച്ച് തന്നിട്ടുണ്ട്. ഈ ഒറ്റ റിപ്പോർട്ട് കൊണ്ട് ഞാനൊര് കലക്ക് കലക്കും മോനേ.
പിന്നെ എന്റെ റിപ്പോർട്ട് കണ്ട് പല മാധ്യമ പ്രവർത്തകരും എന്നെ വിളിച്ച് അങ്ങോട്ടുള്ള വഴി ചോദിച്ചിട്ടുണ്ട്. ടി വി യിലും പത്രത്തിലുമായ് ചേച്ചി അങ്ങ് വിലസും എന്നാ തോന്നുന്നത്.
രക്ഷപ്പെട്ടാൽ മതിയായിരുന്നു”
“ഇൻഷാ അള്ള.. എല്ലാം ശരിയാകും”
റിപ്പോർട്ട് മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു. മറിയ ചേടത്തി നിവേദിതയ്ക്ക് നല്ല മൈലേജ് കൊടുത്തു. ‘പത്രത്തിലെ ആ കൊച്ച് വന്നിട്ടാണ് എല്ലാം ശരിയാക്കിയത്’ എന്ന് എല്ലാ ടി വി റിപ്പോർട്ടിലും പറയുന്നത് കണ്ടു. ക്ലിപ്പിങ്സ് മുറതെറ്റാതെ അവൾ എനിക്ക് വാട്സ് ആപ്പ് ചെയ്ത് തന്നു.
ഒരാഴ്ച്ച കഴിഞ്ഞില്ല മാസാവസാന തിരക്കിൽ ഓഫീസിൽ തലകുത്തി മറിയുമ്പോൾ നിവയുടെ ഫോൺകോൾ. ഒരു തവണ കട്ട് ചെയ്തപ്പോൾ അവൾ വീണ്ടും വിളിച്ചു.
“ഞാൻ ഒടുക്കത്തെ തിരക്കിലാ. വൈകീട്ട് വിളിക്കാം”
“ഡാ എമർജൻസിയാ. നമ്മുടെ മറിയച്ചെട്ടത്തിക്കൽപ്പം സീരിയസ്സാണ്. ആ വെള്ളക്കാരൻ പയ്യൻ ഇപ്പോ വിളിച്ചറിയിച്ചതാണ്. അജ്‌മാൻ ജി എം സി യിലുണ്ട്. നിനക്കൊന്നു വരാൻ പറ്റ്വോഡാ”
“എന്റെ നിവി… ബോസ് ഓഫീസിലുണ്ട്, അല്ലെങ്കിൽ തന്നെ അങ്ങേര് കലിപ്പിലാ. ഓഫീസ് കാര്യത്തിനല്ലാതെ ഫോൺ പോലും ചെയ്യരുതെന്നാ പുതിയ നിയമം. ക്ലയിന്റ്സ് പൈസ കൊടുക്കാത്ത കലിപ്പെല്ലാം നമ്മുടെ നെഞ്ചത്തിട്ടാ തീർക്കുന്നത്. നീ എങ്ങനെ എങ്കിലും ചെന്ന് കാര്യം തിരക്ക്. ഞാൻ ഓഫീസ് വിട്ട് എത്തിക്കോളാം. ഇനി വിളിക്കല്ലേ, മെസ്സേജിട്ടാൽ മതി”
അവളെന്തെങ്കിലും മൊഴിയുന്നതിന് മുൻപ് ഞാൻ കട്ട് ചെയ്തു. മനസ് അസ്വസ്ഥമായിരുന്നു. വേണ്ടാത്ത ചിന്തകൾ മനസിന്നെ മഥിച്ചു.
‘മറിയച്ചേട്ടത്തിക്ക് ഒന്നും സംഭവിക്കരുതേ’.
ആറ് മണിയാകാൻ കാത്തിരുന്നു. അതിനിടയിൽ നിവ ഒന്ന് രണ്ട് തവണ വിളിച്ചു. വാട്സ് അപ്പിൽ മെസ്സേജുകളും അയച്ചു. ഞാൻ ഒന്നിനും പ്രതികരിച്ചില്ല. ഓഫീസിൽ നിന്നിറങ്ങിയ ഉടനെ ഞാനവളെ വിളിച്ചു.
“ഞാൻ എത്തിയതേ ഉള്ളൂ”
“നീ പെട്ടെന്ന് എത്താൻ നോക്ക്. പ്രശ്നം അൽപ്പം കോംപ്ലിക്കേറ്റ് ആയാണ് ഹോസ്പിറ്റലിൽ എത്തിയതെന്നാണ് അറിയാൻ കഴിഞ്ഞത്”
“വല്ല കുഴപ്പവും”
“ഞാൻ കണ്ടില്ല. നീ പെട്ടെന്നെത്തില്ലെ..?”
“നിനക്കറിയില്ലേ ഈ സമയത്തെ റോഡിലെ അവസ്ഥ. സാലിക്ക് കൊടുത്താലും വേണ്ടില്ല അൽമുല്ലാ പ്ലാസ വഴി ട്രൈ ചെയ്യാം”
മനസ് കലുഷിതമായിരുന്നു. അവർക്ക് ആപത്തൊന്നും വരുത്തരുതേ എന്ന പ്രാർത്ഥന മാത്രമായിരുന്നു മനസിൽ. നമ്മൾ കഷ്ടപ്പെട്ടതെല്ലാം വെറുതെ ആകുമോ എന്ന വേവലാതി വേറെയും.
വൈകുന്നേരം ദുബായ് ഏർപോർട്ടിൽ പക്ഷികളെ പോലെ ഓരോ മിനുട്ടിലും ഫ്ലൈറ്റുകൾ ഇറങ്ങുന്ന കാണാം, കാറിന് തൊട്ടുരുമി ഇറങ്ങുന്നതായ് അനുഭവപ്പെടും. ലോകത്തെവിടെയും ടൗണിന്റെ മധ്യഭാഗത്തായ് ഏർപോർട്ടുണ്ടാകുമെന്ന് തോന്നുന്നില്ല. ഷാർജ സഫീർ മാൾ കഴിഞ്ഞതിന് ശേഷം ട്രാഫിക്കിനൽപ്പം ശമനമുണ്ടായി. അത് കൊണ്ട് തന്നെ പെട്ടെന്ന് അജ്മാനിൽ എത്താൻ കഴിഞ്ഞു. നിവയെ വിളിച്ചു.
“ഡാ ഞാൻ ഇവിടെ സർജറി വാർഡിന് മുന്നിലുണ്ട്. നീ റിസപ്ഷനിൽ ചോദിച്ചാൽ കൃത്യമായ് പറഞ്ഞ് തരും”
അപ്രതീക്ഷിത കാഴ്ചയായിരുന്നു അവിടെ. നിറയേ മലയാളികൾ തടിച്ച് കൂടി നിൽക്കുന്നു. നിവയെ തിരഞ്ഞ് പിടിച്ചു.
“എന്താഡി… പൂരത്തിനുള്ള ആളുണ്ടല്ലോ ഇവിടെ”
“അതാരെന്ന് നോക്കിയേ”
എനിക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല പ്രമുഖ മലയാളി വ്യവസായി സിപിൾ ഫ്രഷ് ഗ്രൂപ്പ് ഉടമ കോയ.
“നമ്മുടെ പ്രവൃത്തി ക്ലൈമാക്സിലെത്തി മോനെ… എന്റെ റിപ്പോർട്ട് ഫലംകണ്ടു എന്ന് പറഞ്ഞാൽ മതിയല്ലോ. പത്രവാർത്ത ആരോ കോയ ഹാജിയുടെ കണ്ണിൽപ്പെടുത്തി. കേട്ടപാതി കേൾക്കാത്ത പാതി അങ്ങേര് ഫുൾ സെറ്റപ്പോടെ മറിയ ചേടത്തിയെ പൊക്കി ഇവിടെ എത്തിച്ചു. അദ്ദേഹത്തിനും പേരെടുക്കാൻ പറ്റിയ അവസരമല്ലേ. ഈ കണുന്നവരിൽ പകുതിയും പത്രക്കാരാ. മറിയ ചേടത്തിയുടെ രാശി തെളിഞ്ഞൂ എന്ന് പറഞ്ഞാൽ പോരെ. സ്ഥലവും വീടും അങ്ങേരുടെ വക. ഇപ്പോ ഇവിടെ വച്ച് പ്രഖ്യാപനവും കഴിഞ്ഞു” അന്തം വിട്ട് വാ പിളർന്ന് നിന്നു പോയ്
“എന്താ നിനക്ക് വിശ്വാസമായില്ലേ. ഇനിയുമുണ്ട് നിനക്ക് വിശ്വസിക്കാൻ പറ്റാത്തതായ്. എന്നെ നാലാളുകളുടെ മുന്നിൽ നിർത്തി തോളിൽ തട്ടി കോയ ഹാജി അഭിനന്ദിച്ചെഡാ.
“വല്ല അവർഡും കിട്ട്വോ”
“പറയാൻ പറ്റില്ല. എന്തും സംഭവിക്കാം”
നിവേദിതയുടെ മുഖം അഭിമാനം കൊണ്ട് തുടുത്തിരുന്നു.
“അപ്പോ.. ഇനി അവരായ്, അവരുടെ പാടായ്. സാരഥി വണ്ടി വിട്ടോ”
“അപ്പോ നീ”
“ഞാനും നിന്റെ കൂടെ. ഇനിയും ടാക്സിക്ക് കാശ് കൊടുക്കാനോ. നമ്മുടെ കർമ്മം ഇവിടെ അവസാനിച്ചു. ഇനി വല്ല ഗ്രോസറിക്കാരോ, സെക്യൂരിറ്റിക്കാരൊ ഇതുപോലെ വല്ല ന്യൂസും കൊണ്ടുവരുന്നതും കാത്തിരിക്കാം”
“നീ ആ വെള്ളക്കാരനെ വിളിച്ച് നന്ദി അറിയിച്ചോ”
“അവനിവിടെ ഉണ്ടായിരുന്നു. പുള്ളിയും ഏറെ സന്തോഷത്തിലായിരുന്നു”
തിരികെ വരുമ്പോൾ മനസ് ഏറെ ശാന്തമായിരുന്നു. കാറിൽ റേഡിയോ ഗാനങ്ങൾ- കൊപ്പം നിവേദിത മൂളി…..
‘മഞ്ഞിൻ വിലോലമാം യവനികയ്ക്കുള്ളിലൊരു.. മഞ്ഞക്കിളിത്തൂവൽ പോലെ’.