ഓരോ തീവണ്ടിയും വന്നുപോകുമ്പോഴും ജനം പ്ലാറ്റുഫോമിൽ ഒഴുകിപ്പരന്ന് അപ്രത്യക്ഷമാകുകയും പിന്നെയും അവിടം നിറയുകയും ചെയ്തു. നീണ്ടുനീണ്ടുപോകുന്ന കാത്തിരിപ്പിന്റെ മുഷിപ്പിൽ നിന്നും മനസ്സും കണ്ണും തിരക്കിൽ അലിഞ്ഞുതീരാത്ത മുഖങ്ങളിൽ വെറുതെ അലഞ്ഞുനടന്നു. രണ്ട് സ്ത്രീകൾ മുന്നിൽ വന്നു നിന്നപ്പോഴാണു കണ്ടത്…
ദൈവമേ … എന്റെ ദൈവമേ … ഇനി ഒരിക്കലും കാണില്ലെന്ന് കരുതിയവൾ … ഉമ!
വിളറി ശോഷിച്ച ഉമയുടെ കണ്ണുകളിൽ ചത്ത നക്ഷത്രങ്ങൾ … എന്നിട്ടും… എന്നിട്ടും ഇപ്പോഴും എന്റെ ഹൃദയം തൊണ്ടയിലേക്ക് കയറിവരുന്നു. പക്ഷേ അവൾ അപരിചിതനെ എന്നപോലെ നോക്കി നിൽക്കുക മാത്രം ചെയ്തു! ഹൃദയം കഠിനമായ വേദനയിൽ വിറങ്ങലിച്ചു. അസ്വസ്ഥതയും നിസ്സഹായതയും എഴുനേറ്റ് നിൽക്കാനാവാത്തവിധം എന്റെ കാലുകളെ ദുർബ്ബലമാക്കി. വരണ്ടുണങ്ങുന്ന തൊണ്ടയിൽ നിന്നും വാക്കുകൾ എങ്ങനെയോ പുറത്തേക്കു വീണു…
‘ഉമ… എന്നേ ഓർക്കുന്നപോലുമില്ലേ ?’
മിന്നിത്തെളിയുന്ന ചുവന്ന അക്ഷരങ്ങളിൽ ശ്രദ്ധിച്ചു നിൽക്കുന്ന ഉമയുടെ തോളിൽ പിടിച്ച് അനിത പറഞ്ഞു…
‘നിന്നേ ഓർമ്മിക്കാതിരിക്കാനാവും രവീ അവൾ എല്ലാ ഓർമ്മകളേയും മായിച്ചുകളഞ്ഞത്. അതോ മറക്കാതിരിക്കാനോ?’
മറവിയുടെ മറവിയിലേക്ക് മാഞ്ഞുപോകുന്നവളെ നോക്കി നിൽക്കെ എന്റെ ഓർമ്മകളിൽ കനലും കണ്ണീരും നിറഞ്ഞു…
ഫേസ്‌ബുക്ക് ഗ്രൂപ്പിലെ സാഹിത്യ ചർച്ചകൾക്കിടയിലാണ് ഉമയെ പരിചയപ്പെടുന്നത്. വഴക്കുകളുടെയും വെല്ലുവിളികളുടെയും ഒക്കെയിടയിൽ യുക്തിബോധത്തോടെ സംസാരിക്കുന്ന പെണ്ണിനെ ശ്രദ്ധിച്ചു. ഓരോ വിഷയങ്ങളിലുമുള്ള അറിവും അതവതരിപ്പിക്കുന്ന രീതിയുമൊക്കെ അവളോട് ഒരു ആദരവ് എപ്പോഴൊക്കെയോ മനസ്സിലുണ്ടാക്കിയിരുന്നു.
പിന്നെ, സൗഹൃദം ഫോൺകോളുകളായി മാറിയപ്പോഴാണ് പരസ്പരം കൂടുതൽ അറിഞ്ഞത്. വേറിട്ട ചിന്താഗതികൾക്കും ജീവിതസമീപനങ്ങൾക്കുമിടയിലും എവിടൊക്കെയോ സമാനതകൾ. ഒറ്റപ്പെടലിന്റെ ഇരുളിൽ പുസ്തകങ്ങളുടെ വെളിച്ചത്തിൽ സ്വയം മറക്കുന്നവർ… മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു സ്വയം ജീവിക്കാൻ മറന്നുപോയവർ… കഥയുടെയും കവിതയുടെയും വരികൾക്കിടയിൽ മുറിഞ്ഞുപോയ ജീവിത സ്വപ്നങ്ങൾക്ക് വർണക്കാഴ്ച നൽകാൻ ശ്രമിക്കുന്നവർ… മരണത്തിന്റെ തണുത്ത കരങ്ങളെ എപ്പോഴൊക്കെയോ എത്തിപ്പിടിക്കാൻ ശ്രമിച്ചവർ…
പുലരുവോളം കഥ പറഞ്ഞിരുന്ന രാവുകൾ… കാണാൻ മറന്ന സ്വപ്‌നങ്ങൾ, കാണാനുള്ള സ്വപ്‌നങ്ങൾ ഒക്കെ കഥകളായി, കവിതകളായി പെയ്തൊഴിഞ്ഞ പകലുകൾ. ഒടുവിൽ ഏതു ദുഖത്തിലും പരസ്പരം കൂട്ടായി എന്നുമുണ്ടാകും എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും രണ്ട് ഭൂഖണ്ഡങ്ങൾക്കിടയിൽ മുങ്ങിമരിച്ചത് രണ്ട് വർഷങ്ങൾ!
ജീവിതം കൈവിട്ടുപോകാതിരിക്കാൻ എല്ലാവരിൽ നിന്നും, എല്ലാത്തിൽ നിന്നും അകന്ന് ഒരു യാത്ര ഒഴിവാക്കാനാവില്ല എന്ന് തോന്നിയപ്പോഴാണ് അവളോട് ചോദിച്ചത്,
‘നീ വരുന്നോ എന്നോടൊപ്പം ഒരു യാത്രക്ക്?’
അവൾക്കും രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല.
‘ഞാൻ വരാം രവീ, എനിക്കും ഒരു യാത്ര ആവിശ്യമാണ്. പക്ഷേ നീ എനിക്കൊരുറപ്പ് തരണം, എന്നോ ഉപേക്ഷിച്ചുകഴിഞ്ഞ എഴുത്ത് നീ അവിടെവെച്ച് തുടങ്ങണം.’
‘നീ കൂടെയുള്ളപ്പോൾ ഒരുപക്ഷെ എനിക്ക് കഴിയുമായിരിക്കും.’
വർഷം മുഴുവൻ മഴ പെയ്യുന്ന ആ മഴക്കാട്ടിലേക്കുള്ള യാത്ര പലപ്പോഴും മാറ്റിവെച്ച ഒരു സ്വപ്നമായിരുന്നു.
മഴക്കാടിനു നടുവിലെ റിസോർട്ടിൽ അവളെ നെഞ്ചോട് ചേർക്കുമ്പോൾ മലമടക്കുകൾക്കിടയിൽ ഒളിച്ചിരുന്ന കാറ്റ് ജനാലവിരിക്കിടയിലൂടെ അകത്തേക്ക് കടക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. മരച്ചില്ലകൾക്കിടയിൽ ചീവീടുകൾ എപ്പോഴും ചിലച്ചുകൊണ്ടേയിരുന്നു. പുറത്ത് ഇരമ്പിയാർക്കുന്ന മഴയിൽ അകത്ത് ഞങ്ങളും പെയ്തു നിറഞ്ഞു!
പിന്നെ ലോകം രണ്ട് പേരിലേക്ക് മാത്രം ഒതുങ്ങിപ്പോയ ദിവസങ്ങൾ… വർഷങ്ങളുടെ ജീവിതം തന്ന കരിപ്പാടുകൾ അവിടുത്തെ മഴക്കാറ്റിൽ അലിഞ്ഞുപോയി. മടങ്ങിപ്പോരുമ്പോൾ, മഴക്കാടിനു നടുവിലെ റോഡിലൂടെ ടാക്സിയിൽ, നെഞ്ചിൽ ചാരിയിരുന്നു അവൾ പറഞ്ഞു, ‘രവീ, നീ ഏഴുതണം. ഇവിടുത്തെ ചീവീടുകളും ഇലഞ്ഞിപ്പൂമണമുള്ള രാവുകളും നിന്നെ എഴുതിപ്പിക്കും, എനിക്കുറപ്പുണ്ട്.’
പിന്നീട് അവളുടെ ഫോൺ കോളുകൾ കുറഞ്ഞുവന്നു. മെയിലുകൾ അപൂർവ്വമായി. ഫോൺ വിളികൾ അവൾ ഒഴിവാക്കുവാൻ തുടങ്ങി.
‘നിനക്കെന്തു പറ്റി’ എന്ന ചോദ്യത്തിന് അവൾ ചിരിക്കുക മാത്രം ചെയ്തു.
പിന്നെ, അടുത്ത അവധിക്കാലത്താണ് അവളോട് ചോദിച്ചത് ‘ഇത്ര അടുത്തുണ്ടായിട്ടും നീയെന്താണ് ഉമാ ഇങ്ങനെ പെരുമാറുന്നത്?’
അവൾ ഉറക്കെ ചിരിച്ചു, ‘രവീ, പ്രവാസിയുടെ ഉത്സവകാലങ്ങളല്ലേ അവധിക്കാലം, അതിൽ ഞാനൊരു അലോസരമാകുന്നില്ല. ഇതൊക്കെ കഴിഞ്ഞു നിന്റെ ഒറ്റമുറിയിൽ നീ ഇനിയും തനിച്ചാവില്ലേ, അപ്പോൾ നിന്റെ ഏകാന്തതകൾക്ക് കൂട്ടിരിക്കാൻ ഞാൻ വരാം.’
അവധി തീരുന്നതിന് രണ്ട് ദിവസം മുമ്പാണ് അവൾ വീണ്ടും വിളിച്ചത്.
‘രവീ, എനിക്ക് നിന്നെ അത്യാവശ്യമായി ഒന്ന് കാണണം. നാളെ അതുവഴി പോകുന്ന ട്രെയിനിൽ ഞാൻ വരുന്നുണ്ട്, നീ റെയിൽവേ സ്റ്റേഷനിൽ വരണം.’
ട്രെയിനിറങ്ങിവന്ന ഉമ ആകെ മാറിയിരുന്നു. ക്ഷീണിച്ച്, കണ്ണുകളൊക്കെ കുഴിഞ്ഞ് ….
സിമിന്റ് ബെഞ്ചിൽ അടുത്തിരുന്ന് ഉമ പറഞ്ഞു, ‘രവീ, എനിക്കെന്തൊക്കെയോ സംഭവിക്കുന്നു. മറവി വല്ലാതെ ബാധിക്കുന്നു. ചെയ്തു തീർക്കാൻ ഒരുപാടുണ്ട്. കളിചിരികളൊക്കെ മാറ്റിവെച്ച് ഇനിയുള്ള കാര്യങ്ങൾക്കായി ജീവിതത്തിന് ഞാനൊരു ഷെഡ്യൂൾ ഉണ്ടാക്കുകയാണ്. കുറെ സീരിയസ് ആകാനാണ് എന്റെ തീരുമാനം. അതിനിടയിൽ നിനക്കായി മാറ്റിവെക്കാൻ എനിക്കിനി സമയം ഉണ്ടാകുമോ എന്നറിയില്ല. നീ ക്ഷമിക്കണം.’
ട്രെയിൻ വിടാനുള്ള അറിയിപ്പ് മുഴങ്ങി. പകച്ച് ഒന്നും മിണ്ടാനാകാതിരുന്ന എന്റെ കൈ പിടിച്ച് അവൾ പറഞ്ഞു, ‘രവീ, ഇനി ഒരു കൂടിക്കാഴ്ച ഉണ്ടായി എന്ന് വരില്ല.’
അകന്നുപോകുന്ന ട്രെയിന് പിന്നിലെ ഗുണനചിഹ്നം!
പിന്നെ ഉമയുടെ ഫോണുകളും മെയിലുകളും അവസാനിച്ചു. വേണ്ടെന്ന് വെച്ചുപോയവൾ മെല്ലെ മെല്ലെ ഓർമ്മകളുടെ പിന്നാമ്പുറങ്ങളിൽ സ്ഥാനം പിടിച്ചു.
‘രവീ, ട്രെയിൻ വരാറായി എന്ന് തോന്നുന്നു.’ അനിതയുടെ ശബ്ദമാണ് ഓർമ്മകളിൽ നിന്നുണർത്തിയത്.
മെല്ലെ ഉമയുടെ അടുത്തേക്ക് ചെന്നു. അവളുടെ വരണ്ട കണ്ണുകൾ ദൂരെ എവിടെയോ തറച്ചു നിൽക്കുന്നു!
അനിതയിൽ നിന്നും ഉമയുടെ വീല്ചെയറിന്റെ ഹാൻഡിൽ കയ്യിൽ വാങ്ങി.
‘അനിതാ, ഉമയുടെ മറഞ്ഞുപോയ ഓർമ്മകൾക്ക് കൂട്ടായി ഇനി ഞാനുണ്ടാകും, എന്നും…’
വീൽചെയറിൽ ഉമയുമായി പുറത്തേക്ക് നടക്കുമ്പോൾ ഓർത്തു, ഇത്രത്തോളം പരസ്പരം മനസ്സിലക്കിയവരായിട്ടും എന്തിനാണ് ഉമേ നിന്റെ ഓർമ്മകളിൽ നിന്നുപോലും എന്നേ പറഞ്ഞയച്ചത് !