
ഇന്നലെ എൻ്റെ ഉടപ്പിറന്നോളുടെ പിറന്നാളായിരുന്നു. ആശംസകൾ നേരാൻ തിരക്കിനിടയിൽ വിട്ടുപോയി.
പോരേ പൂരം!
ഒപ്പം, മുമ്പും ഇതേ തെറ്റുകൾ ഞാൻ ചെയ്തിട്ടുണ്ടെന്ന ആരോപണങ്ങളും കാളമൂത്രം പോലെ വന്നുകൊണ്ടേയിരിക്കുന്നു!
കടൽക്കരയിലെ മണൽത്തരികളോളമുണ്ട് സഹോദരങ്ങളുടെയും ബന്ധുക്കളുടെയും എണ്ണം! അപ്പൻ വകയിലും അമ്മ വകയിലും പത്ത് വീതം സഹോദരങ്ങൾ! മ്മടെ വീട്ടിലും പത്ത്! കുടുംബാംഗങ്ങളും സഹോദരങ്ങളും ബന്ധുക്കളുമെല്ലാം ഇന്ത്യയുടെ ജനസംഖ്യ കൂട്ടാൻ ത്രാണിയുള്ള മഹാമനുഷ്യർ! അദ്ധ്വാനശീലർ! ഈ ആയിരങ്ങളിൽ വെറും ഒരാൾക്ക് മാത്രമാണ് സന്താനഭാഗ്യമില്ലാതെ പരലോകം പൂകേണ്ടി വന്നത്. കുടുംബത്തിൽ, “നാമൊന്ന് നമുക്കൊന്ന്” എന്ന മുദ്രാവാക്യം മുറുകെ പിടിച്ച ഒരേയൊരാൾ ഈ ഞാൻ മാത്രം!
ദാ! ഇപ്പോ ആകെയുള്ള മകളും കുടുംബവും ഓസ്ട്രേലിയയിലേക്ക് ചേക്കേറാനുള്ള അവസാന സ്റ്റേജിലാണ്. ജാതകവശാൽ രണ്ടുമൂന്നു ദിവസം ഐസുപെട്ടിയിൽ കിടക്കാനുള്ള എൻ്റെ യോഗം തെളിഞ്ഞു തെളിഞ്ഞു വരുന്നു. നമ്മുടെ ഫ്രീസറിൽ നിന്നെടുക്കുന്ന, നെടുനെടാ കിടക്കുന്ന അയലയും ചാളയും നത്തോലിയുമെല്ലാം കൺമുന്നിൽ തെളിഞ്ഞു വരുന്നു. 50 വർഷം മുമ്പ് ഹിമാലയത്തിലെ മഞ്ഞിൽ പുതഞ്ഞു പോയ ഒരു പർവ്വതാരോഹകൻ്റെ മൃതദേഹം അടുത്തിടെ, പോയപരുവത്തിൽ തന്നെ കണ്ടെടുത്തത് വാർത്തയായിരുന്നു. പക്ഷെ, അതിന് ഒരന്തസ്സൊക്കെയുണ്ടായിരുന്നു. നമ്മുടെ മൊബൈൽ മോർച്ചറിയിലും മോർച്ചറിയിലെ ട്രേയിൽ വലിച്ചെടുക്കുന്ന വോൾട്ടിലും ആംബുലൻസിലുമൊക്കെയായി കൊടുംശൈത്യത്തിൽ രണ്ടുമൂന്ന് ദിവസം കിടക്കുന്നത് ഓർക്കാൻ പോലുമാവുന്നില്ല! വരുന്നത് അനുഭവിക്ക തന്നെ.
ഞാൻ പറഞ്ഞുവന്നത് എൻ്റെ മറവിയേക്കുറിച്ചായിരുന്നു. എൻ്റെ അപ്പൻ്റെ ഓർമ്മശക്തിയിൽ ഞാൻ അത്ഭുതപരതന്ത്രനായി വായപൊളിച്ച് നിന്നു പോയിട്ടുണ്ട്. നാട്ടിലുള്ള സകലമാന ആളുകളുടെയും പിറന്നാളുകളും വിവാഹവാർഷികവുമൊക്കെ കമ്പ്യൂട്ടറിൽ നിന്നും തോണ്ടിയെടുക്കുന്നതുപോലെ നിമിഷങ്ങൾക്കുള്ളിൽ അപ്പൻ തൻ്റെ സ്വന്തം തലച്ചോറിൽ നിന്നും പ്രത്യേകമായ സ്വന്തം ശൈലിയിൽ തോണ്ടിപ്പെറുക്കിയെടുക്കുന്ന ആ വിരുത് നാടിനെത്തന്നെ അമ്പരപ്പിച്ചിരുന്നു. ആ അപ്പൻ്റെ മകനായ ഞാനാണ്, ഇന്നലെ ആസ്വദിച്ചു കണ്ട സിനിമ ഇന്ന് വീണ്ടുമിരുന്ന് ഫ്രഷായി പുതിയ സിനിമ കാണുംപോലെ കാണുന്നത്. അത്ര വെടിപ്പോർമ്മ!
ദോഷം പറയരുതല്ലോ! എൻ്റെ മകൾ എങ്ങനെയോ അപ്പൂപ്പൻ്റെ അതേ ഓർമ്മശക്തിയുള്ള തലച്ചോറുമായാണ് പിറന്ന് വീണത്. നമ്പറുകളും പേരുകളും വിശേഷദിവസങ്ങളുമൊക്കെ കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്യും പോലെ അവളുടെ തലയിൽ സുരക്ഷിതമായിരുന്നു. അവൾ വിവാഹിതയായി പോകുംവരെ സർവ്വരുടെയും സർവ്വവിശേഷങ്ങളും എന്നെ ഓർമ്മിപ്പിച്ച് എന്നെക്കൊണ്ട് അവരെ വിളിപ്പിക്കുകയോ മെസേജയപ്പിക്കുകയോ ചെയ്യുന്നത് അവളുടെ ഡ്യൂട്ടിയായിരുന്നു. എല്ലാവരും ഹാപ്പി! കല്യാണം കഴിഞ്ഞ് കുടുംബ പ്രാരാബ്ധങ്ങളിൽ മുങ്ങിപ്പോയ അവൾക്ക് പിന്നെ എന്നെ ഓർമ്മിപ്പിക്കാനൊന്നും സമയം കിട്ടാതായി. അതോടെ എൻ്റെ ശനിദശയും തുടങ്ങി. കൃത്യദിവസം കൃത്യസമയത്ത് കൃത്യമായി ആശംസകൾ അറിയിക്കാത്തതിന് പരാതിയും പരിഭവവുമായി പലരും എന്നോട് കലഹിക്കാൻ തുടങ്ങി. അതിൻ്റെ ക്ലൈമാക്സാണ് ഇന്ന് കണ്ടത്.
ദൈവം സമ്മാനിച്ച ഈ മറവി ഒരു കണക്കിൽ പറഞ്ഞാൽ ഏറ്റവും വലിയ അനുഗ്രഹമായാണ് എനിക്ക് ഭവിച്ചിട്ടുള്ളത്. ഒന്നാമത് തന്നെ പറയട്ടെ, എൻ്റെ അപ്പൻ്റെ ഓർമ്മയായിരുന്നു എനിക്ക് കിട്ടിയിരുന്നതെങ്കിൽ, 99 ശതമാനവും, സ്വതവേ കലുഷിതമായ എൻ്റെ ദാമ്പത്യ ജീവിതം വിവാഹമോചനത്തിലേക്കെത്തുമായിരുന്നു.
വഴിയിൽ എന്നെക്കണ്ട് ഓടി വന്ന് പരിചയം പുതുക്കുന്നവരിലോ ഫോണിലൂടെ ഓർമ്മ പുതുക്കുന്നവരിലോ 50 ശതമാനം പേരെയും എനിക്ക് തിരിച്ചറിയാൻ കഴിയുന്നില്ല എന്ന ദയനീയ സത്യം നിങ്ങളോട് വെളിപ്പെടുത്താതിരിക്കാൻ എനിക്ക് കഴിയുന്നില്ല. ഇന്നലെ കണ്ട് പരിചയപ്പെട്ട ആളേപ്പോലും ഞാൻ പിറ്റേന്ന് മറന്നുപോകുന്നു. ഒരു ചെറിയ വാചകം പോലും മന:പാഠമാക്കാൻ എനിക്കിന്ന് കഴിയില്ല. ഈ അസുഖത്തിന് വൈദ്യശാസ്ത്രത്തിൽ പേരോ ചികിത്സയോ ഇല്ല എന്നാണ് പ്രശസ്ത മന:ശാസ്ത്രജ്ഞരായ ഡോ. സണ്ണി ജോസഫും നമ്മുടെ ബ്രഹ്മദത്തൻ നമ്പുതിരിപ്പാടും പറയുന്നത്!
അതുകൊണ്ട് തന്നെ ഒടുവിൽ, ഞാനൊരു ഉറച്ച തീരുമാനമെടുത്തിരിക്കയാണ്. അതിൻ്റെ സംക്ഷിപ്ത രൂപം താഴെ കൊടുത്തിരിക്കുന്നു. ഇതുകൊണ്ടൊക്കെ നിങ്ങളൊന്ന് അഡ്ജസ്റ്റ് ചെയ്യണം, പ്ലീസ് !!!
എനിക്കേറ്റം പ്രിയമുള്ളവരേ!
എൻ്റെ ബർത്ത് ഡേ, മാർച്ച് 27 ഉം വെഡ്ഡിംഗ് ആനിവേഴ്സറി മെയ് 26 ഉം ആണ്. ദയവ് ചെയ്ത് ഈ ദിവസങ്ങളിൽ, ഞാൻ തിരിച്ച് വിഷ് ചെയ്യും എന്ന് വിചാരിച്ച് ആരും എന്നെ വിഷ് ചെയ്യരുത്. എൻ്റെ മകളുടെ പിറന്നാൾ പോലും മറക്കുന്ന ആളാണ് ഞാൻ! എൻ്റെ മറവി നന്നായി അറിയാവുന്ന മകൾ, നാളെ എൻ്റെ ബർത്ത് ഡേയാണെന്ന് തലേദിവസം തന്നെ എന്നെ വിളിച്ച് ഓർമ്മിപ്പിക്കാറാണ് പതിവ്. ഞാനും ഇനി മുതൽ വിശേഷദിവസങ്ങളിൽ ആരെയും വിഷ് ചെയ്യുന്നതല്ല. ഓർത്താൽ, അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ എൻ്റെ ശ്രദ്ധയിൽപെട്ടാൽ മാത്രം നേരിൽ വിളിക്കുന്നതായിരിക്കും.
മാസത്തിൽ 30 ദിവസവും എന്തെങ്കിലും വിശേഷങ്ങളുള്ള നിങ്ങളെ ഓരോരുത്തരെയും ഓർത്തിരുന്ന് വിഷ് ചെയ്യാൻ എൻ്റെ പരിമിതമായ ഓർമ്മശക്തിയിൽ സാധിച്ചെന്ന് വരില്ല. സദയം ക്ഷമിക്കുക….
അത്കൊണ്ട് എൻ്റെ സഹോദരങ്ങളുടെയും അവരുടെ സന്തതിപരമ്പരകളുടെയും ബന്ധുമിത്രാദികളുടെയും സുഹൃത്തുക്കളുടെയും ഗേൾഫ്രണ്ട്സിൻ്റെയുമെല്ലാം വരുംനാളുകളിലെ എല്ലാ വിശേഷങ്ങൾക്കും നിങ്ങളോരോരുത്തരും മരിക്കുംവരെയുള്ള അല്ലെങ്കിൽ ഞാൻ മരിക്കും വരെയുള്ള എല്ലാ ആശംസകളും ഞാനിന്നുതന്നെ മുൻകൂറായി നേർന്നുകൊള്ളുന്നു. അത് സ്വീകരിച്ച് എന്നോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുക. എൻ്റെ സ്നേഹം എല്ലാവരോടും എന്നും ഒരേപോലെ തന്നെയാണ്. ഒരാൾക്കും എന്നെ വെറുപ്പിക്കാനാവില്ല, ഒരാളോടും പ്രത്യേക പ്രേമമോ വിരോധമോ എനിക്കില്ലെന്നു കൂടി ഇത്തരുണത്തിൽ അറിയിച്ചുകൊള്ളട്ടെ !
ഞാൻ മരിക്കുമ്പോൾ വാട്ട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയുമൊന്നും എനിക്കാരും റോസപ്പൂ സമർപ്പിച്ചുകൊണ്ടുള്ള ആദരാഞ്ജലികൾ നേരരുതെന്നും കർച്ചീഫിൽ മൂക്കു ചീറ്റി മൃതശരീരം കിടത്തിയിരിക്കുന്ന പരിസരങ്ങളിൽ അണുപ്രസരണം നടത്തി വൃത്തികേടാക്കരുതെന്നും പ്രത്യേകം അപേക്ഷിക്കുകയും ഓർമ്മിപ്പിക്കുകയും ചെയ്തുകൊള്ളുന്നു.
എന്ന്,
നിങ്ങളുടെ വിശ്വസ്തൻ,
ഒപ്പ്
അന്ത്രയോസ്, ആഞ്ഞിലിമൂട്
