മരിച്ചവരുടെ ഭാഷ

മരിച്ചവരുടെ ഭാഷ
മന്വന്തരങ്ങൾക്കപ്പുറം
ഏകാന്തതയുടെ
ചേതനകളാൽ
പൊള്ളിപ്പോയ
അക്ഷരങ്ങളായിരിക്കും.

പാപകോശങ്ങൾ നിറയെ
മരവിച്ച കവിതയിലെ
ഉൾത്തേങ്ങലുകൾകൊണ്ടു
തൊങ്ങലുകെട്ടിയിരിക്കും.

അനന്തതയിലലിഞ്ഞ
നെടുവീർപ്പുകളുരുണ്ടുകൂടി
മഴനൂലായിറങ്ങി മണ്ണിൽ
കൂണുകളാകും.

രാത്രിയുടെ നിശബ്ദത
നിറയെ
മറന്നുപോയവരുടെ
മനഃപേടകത്തിന്റെ
ചക്രങ്ങൾ വൃഥാ ഭൂമിയിൽ
ചലനമറ്റു കിടക്കും.

കാടുകളുടെ
കാർകൂന്തലിൽ
അരളിപ്പൂക്കളുടെ
മാദകസുഗന്ധം ഉമ്മവച്ചു
ലോകം
നാലുദിക്കിലേയ്ക്കും
കണ്ണുചിമ്മുന്നുണ്ടാകും.

ശൈത്യമൗനത്തിലൊളിച്ച
രതിഗോത്രങ്ങൾ
തലമുറയുടെ
മുലക്കാമ്പുകളിൽ
പ്രണയത്തിന്റെ
ഒരുൾചിത്രത്തിനു
നിറക്കൂട്ടൊരുക്കും.

അഴുകിത്തീർന്ന
ജനിതകനീലിമകൾ
അരുവിയുടെ പുളകങ്ങളെ
നിർവികാരതയുടെ
കരവലയത്തിലൊതുക്കും.

മരിച്ചവർ ശബ്ദമില്ലാത്ത
ഒച്ചയുണ്ടാക്കി
പ്രിയപ്പെട്ടവരുടെ
ഹൃദയവാതിലിൽ
പുറത്തുനിന്നു ശുഷ്കിച്ച
രൂപങ്ങളായ്
കാഴ്ചയില്ലാത്തവരുടെ
കരുണയ്ക്കായി
ചവർപ്പിന്റെ കവിത
ചൊല്ലിക്കൊണ്ടിരിക്കും.

തൃശൂർ ജില്ലയിലെ താഴെക്കാട് സ്വദേശി. കേരള പോലീസിൽ നിന്ന് സബ് ഇൻസ്‌പെക്ടറായി വിരമിച്ചു. ആനുക്കാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതുന്നു. അഭിനയം, കഥ, തിരക്കഥ എന്നിവയിലും താൽപര്യം. പത്തോളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. ഷോർട്ട്ഫിംലിമുകളിലും 2023ലെ ഇറ്റ്ഫോക്കിന്റെ ഇൻറർനാഷണൽ നാടകോൽസവത്തിലും അഭിനയിച്ചു. രണ്ട് സിനിമയ്ക്ക് വേണ്ടി പാട്ടെഴുതി . ആദ്യ കവിതാസമാഹാരം "ബോധിവൃക്ഷച്ചുവട്ടിൽ വീണ പഴുത്തരണ്ടിലകൾ".