അതെ, മരിക്കേണ്ട സമയം എന്നൊന്നുണ്ടോ? ചില സമയത്ത്, ജീവിതത്തിൻ്റെ ചില പ്രത്യേക ഘട്ടത്തിൽ മരിക്കേണ്ട സമയം എന്നൊരു ചിന്തയ്ക്ക് അർത്ഥമുണ്ടാകുന്നു. ഇത്രയും എഴുതിയത് നെതർലണ്ട് എന്ന രാജ്യത്തുനിന്നും ഉയർന്നുകേട്ട രണ്ടു വാർത്തകളിൽ നിന്നാണ്. ദയാവധം എന്ന വാക്ക് ഏറ്റവും ചേർന്നു നിൽക്കുന്നതും നെതർലണ്ടിലെ നിയമത്തോടാണ്. ജീവിതം ഒന്നവസാനിച്ചെങ്കിലെന്നു ചിന്തിച്ച് ജീവിക്കേണ്ടിവരുന്ന അവസ്ഥയുണ്ട്. അതു നമ്മൾ പറയുന്ന ആത്മഹത്യകളുടെ പിന്നാമ്പുറകഥകളുടേതിനു സമാനമല്ല. ഭൂരിപക്ഷ ആത്മഹത്യകളും ഒരു നിമിഷത്തെ അതിവൈകാരികതയെ അതിജീവിക്കാനാകാതെ മരണത്തെ വരിക്കുന്നതാണ്. അതിൻ്റെ കാരണങ്ങളിൽ സാമ്പത്തികം, വിശ്വാസവഞ്ചന, അപമാനം തുടങ്ങിയവ മുന്നിട്ടു നിൽക്കുന്നു. അവ, ആ ഒരു പ്രത്യേക നിമിഷത്തിൽ ഒരു ഇടപെടലുണ്ടായാൽ ഒഴിവാക്കാനാകുമായിരുന്നവയുമാകും. ഒരാളെങ്കിലും തിരിച്ചറിഞ്ഞിരുന്നെങ്കിൽ, ചേർത്തു പിടിച്ചിരുന്നെങ്കിൽ അവർ മരിക്കില്ല. അവർ കൂടുതൽ ഭ്രാന്തമായി ജീവിതത്തിലേക്കു മടങ്ങിവന്നേനെ.
എന്നാൽ ദയാവധം ഇതല്ല. ഇവിടെ പ്രായാധിക്യം കൊണ്ട് ശയ്യാവലംബിയായിക്കഴിഞ്ഞ്, ഒരു ജീവിതത്തിൻ്റെ കാഴ്ചകളും അനുഭൂതികളും ആസ്വദിച്ച്, മതി ഇനി സന്തോഷത്തോടെ മടങ്ങാം എന്നു നിശ്ചയിക്കുന്ന ഒരു ഘട്ടമുണ്ട്. അവർക്ക് ആത്മഹത്യ ചെയ്യാനാകില്ല. അങ്ങനെ ചെയ്യാൻ തക്കവിധം ഒരു നിരാശാബോധവും അവരെ അലട്ടുന്നുമില്ല. ഈ ഘട്ടത്തിൽ വേദനാരഹിതമായി ഒരു കടന്നുപോക്ക്. ഒരു പക്ഷേ, ഈ ഭൂമിയിലെ മനോഹരമെന്നു വിശേഷിപ്പിക്കാവുന്ന ഏക മരണനിമിഷവും അതുമാത്രമാകാം. ഇനി ഒരു കൂട്ടർ കൂടിയുണ്ട്, മാറാവ്യാധിയിൽ നരകവേദന അനുഭവിച്ച് ദിവസങ്ങൾ എണ്ണിക്കഴിയുന്നവർ. പ്രാണൻ ഒഴിഞ്ഞു പോകുന്നില്ല, വേദനയും. ഈ മനുഷ്യർ ഭരണകൂടത്തോടും നീതിന്യായ വ്യവസ്ഥയോടും വൈദ്യശാസ്ത്രത്തോടും കെഞ്ചുകയാണ്, ദയവു കാട്ടൂ എന്ന്. അവർക്കും സ്വയംഹത്യ വയ്യ. പ്രിയപ്പെട്ടവർ ചുറ്റും നിൽക്കേ, വേദനയറിയാതെ, വേദനകളില്ലാത്ത ലോകത്തേക്കവർ മടങ്ങാൻ ആഗ്രഹിക്കുന്നു. ഈ രണ്ടു കൂട്ടരാണ് ദയാവധം എന്ന നിയമപരമായ മരണം വരിക്കാനുള്ള മാർഗത്തിനു കീഴിൽ വരിക.
ഇവിടെ വാർത്തയാകുന്നത്, ദമ്പതികൾ വയസ്സുകാലത്ത് കൈകോർത്തു പിടിച്ച് ദയാവധത്തിന് വിധേയമാകുന്നുവെന്നതാണ്. തൊണ്ണൂറ്റിമൂന്നു വയസ്സുള്ള മുൻ ഡച്ച് പ്രധാനമന്ത്രി ഡ്രൈസ് വാൻ ആഗ്റ്റ്, ഭാര്യ യൂജെനി എന്നിവരാണ് ഒന്നിച്ചു ദയാവധത്തിലൂടെ മരണത്തിലേക്കു കടന്നത്. ഇവർ രണ്ടുപേരും വാർദ്ധക്യസഹജമായ അസുഖങ്ങൾ ഉള്ളവരായിരുന്നു. വാൻ ആഗ്റ്റ് സ്ട്രോക്ക് വന്നതിൽ നിന്നും മുക്തനായിരുന്നുമില്ല. ഒരു സ്വാഭാവിക മരണത്തിനായി കാത്തുനിന്നാൽ ആരെങ്കിലും ഒരാൾക്ക് ആദ്യം മടങ്ങേണ്ടി വരും. ഈ ദമ്പതികൾ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ ആഗ്രഹിച്ചതുമില്ല. സത്യമല്ലേ രോഗം പിടിമുറുക്കുന്ന വാർദ്ധക്യത്തിൽ പരസ്പരം താങ്ങായി ജീവിക്കുന്നവരിൽ ഒരാൾ ഇല്ലാതായാൽ, ആ അവസ്ഥയുടെ ഭീകരത മരണത്തിനു പോലും ഉണ്ടാകില്ല. അങ്ങനെയാണവർ ഒന്നിച്ചു ദയാവധത്തിനായി അപേക്ഷിച്ചതും ഒന്നിച്ചു മരണം വരിച്ചതും.
ഡെൻമാർക്കിൽ പ്രതിവർഷം 1000 ദയാവധങ്ങൾക്ക് നിയമപരമായി അനുമതിയുണ്ട്. പ്രായം കുറഞ്ഞവരുടെ അപേക്ഷ സ്വീകരിച്ചുകിട്ടാനുള്ള സാധ്യത തുലോം കുറവാണ്. കൃത്യമായി സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ദയാവധം അനുവദിക്കുന്നത്.
ഇനി ദയാവധത്തെക്കുറിച്ച് ഒരു വാർത്ത കൂടി സൂചിപ്പിക്കാം. 2024 ജനുവരി 27ന് ഒരു ഇരുപത്തെട്ടുകാരിയാണ് ഇവിടെ ദയാവധത്തിലൂടെ ജീവിതം അവസാനിപ്പിച്ചത്. ലോറൻഹോവ് എന്നായിരുന്നു അവളുടെ പേര്. എന്തിനാവും ഇത്ര ചെറുപ്പത്തിൽ ഒരു യുവതി മരണം സ്വീകരിക്കുന്നത് എന്നു നമുക്കു തോന്നാം. അവൾക്ക്, തന്നെ ബാധിച്ച അസുഖമാണ് ദയാവധത്തിന്നപേക്ഷിക്കാൻ തീരുമാനമെടുപ്പിച്ചത്. 2019 ലാണ് അവൾക്ക് ക്രോണിക് ഫാൽറ്റിക് സിൻഡ്രം ബാധിച്ചത്. അതികഠിനമായ ക്ഷീണമാണ് ഈ രോഗത്തിന്, ഒപ്പം ആഴ്ചകളോളം മസ്തിഷ്കവീക്കവും തുടർന്നുള്ള കഠിനവേദനയും അവൾ നേരിട്ടു. ഒരാളുടെ സഹായമില്ലാതെ കിടക്കയിൽ നിന്നും എഴുന്നേൽക്കാനാകില്ല എന്നുവന്നപ്പോഴാണ് 2022 ൽ അവൾ ദയാവധത്തിന് അപേക്ഷിച്ചത്. തീരുമാനം, അവളുടെ പ്രായത്തെപ്രതി നീണ്ടുപോയി. ഒടുവിൽ രണ്ടു വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ നിയമം കനിവു കാട്ടി. അച്ഛനും അമ്മയ്ക്കും അരികിൽ, പ്രിയ സുഹൃത്തിൻ്റെ മുന്നിൽ വെച്ച് മെല്ലെ അവൾ ഉറക്കത്തിലേക്കു വഴുതി, ഒരിക്കലും ഉണരേണ്ടതില്ലാത്ത ഉറക്കത്തിലേക്ക്.
പുതിയ വാർത്തകൾ പറയുന്നത് നെതർലണ്ട്, ഗുരുതരരോഗം ബാധിച്ച പന്ത്രണ്ടു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ ദയാവധത്തെക്കുറിച്ചും ചിന്തിക്കുന്നുവെന്നാണ്.
ദയാവധം എന്നു വിളിക്കാറില്ലെങ്കിലും ദീർഘദിവസങ്ങൾ വെൻ്റിലേറ്ററിൽ കിടക്കുന്ന, മരുന്നുകളോടും ഉപകരണങ്ങളോടും പ്രതികരിക്കാത്തവരുടെയും മസ്തിഷ്കമരണം സംഭവിക്കുന്ന സന്ദർഭങ്ങളിലും ജീവൻ രക്ഷാഉപകരണങ്ങൾ ഊരിമാറ്റി മരണം സ്ഥിരീകരിക്കാരുണ്ടല്ലോ.
വൃദ്ധസദനങ്ങളും ഡേ കെയർ സെൻ്ററുകളും, കെയർ ഹോമുകളും കേരളത്തിലും വ്യാപകമാകുമ്പോൾ, ക്രമേണ ഇവിടെയും ഉയർന്നു വന്നേക്കാം ദയാവധം എന്ന ആവശ്യം. മരണം എന്നാൽ അവിചാരിതം എന്നും ചേർത്തുവായിക്കേണ്ടതുണ്ട്. അതിനാൽത്തന്നെ, ചെയ്തു തീർക്കാനുള്ളവയും സ്വപ്നങ്ങളും ഒക്കെ യാഥാർത്ഥ്യമാക്കാൻ നമുക്കു മുന്നിൽ സമയം തീരെ കുറവാണെന്നത് മറക്കാതിരിക്കാം.