മരംകൊത്തി

ഒരു മരംകൊത്തി കാരണം നാട്ടുകാർക്ക് കിടക്കപ്പൊറുതിയില്ലാതായിരിക്കുകയാണ്. കരീമിക്കയുടെ ചായപ്പീടികയിലെ ആക്രി വിലമാത്രമുള്ള ആ ചെറിയ ടിവിയില്‍ മരംകൊത്തിയുടെ ചിത്രം തെളിഞ്ഞു. പ്രാദേശിക ചാനലിലെ വാര്‍ത്ത കേട്ട് കേശവേട്ടന്‍ ചോദിച്ചു.
ഈ മരംകൊത്തി എന്തിനാ മനുഷ്യന്‍മാരുടെ മണ്ടകൊത്തണേ.. ?

മരംകൊത്തി ഒരുത്തനേയും വെറുതെവിടുന്നില്ല. പുറത്ത് ഇറങ്ങി നടക്കുന്നവരുടെയെല്ലാം തലയില്‍ തന്നെ കൊത്തുന്നു. അല്ലെങ്കില്‍ കാലിലെ കൂര്‍ത്ത നഖങ്ങള്‍ ഉപയോഗിച്ച് തലമാന്തുന്നു.

കൊത്തുകൊണ്ട പലരും ആശുപത്രിയിലെത്തി മുറിവുകള്‍ തുന്നിക്കെട്ടി. ചിലര്‍ സ്വയം ചികിത്സതേടി. ഗുരുതരമായ പരിക്കുകള്‍ ആര്‍ക്കും ഉണ്ടായില്ല. എന്നാലും ആളുകളെ കൊത്തിക്കീറുന്ന മരംകൊത്തിയെ പൊതുശല്യമായി പ്രഖ്യാപിച്ച പഞ്ചായത്ത് പിന്നീട് അപകടകാരിയായി മുദ്രകുത്തി.

പ്രാദേശിക ടിവി ചാനലുകളില്‍ നിറയെ മരംകൊത്തിയുടെ വാര്‍ത്തകളായിരുന്നു. കൊത്തുകിട്ടിയ പലരും ശല്യം സഹിക്കാനാവാതേ ജില്ലാ കലക്ടര്‍ക്കും പോലീസ് മേധാവിക്കും പരാതി നല്‍കി.

ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ച് പോകുന്നവര്‍മാത്രമാണ് മരംകൊത്തിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സ്‌കൂളിലേക്ക് കുട്ടികള്‍ നടന്നു പോകുമ്പോള്‍ തലയില്‍ കുടയോ, ബാഗോ വെയ്ക്കും.

കുട്ടികള്‍ പരസ്പരം കാണുമ്പോള്‍ ചോദിക്കും
നിന്നേ കൊത്തിയോ ?

അങ്ങാടിയില്‍ ആരു വന്നാലും ഉടന്‍ ചോദ്യം ഉയരും കൊത്തുകിട്ടിയോ ?.

നമസ്‌കാരപ്പള്ളിക്ക് മുന്നിലെ റോഡിലൂടെ ആരു പോയാലും മരംകൊത്തി വന്ന് കൊത്തും. വഴിയിലാരേയും കണ്ടില്ലെങ്കില്‍ സമീപമുള്ള വീടുകളുടെയും കടമുറികളുടേയും വാതിലും ജനാലകളുമൊക്കെ മരംകൊത്തി നശിപ്പിക്കും. പള്ളിയുടെ ജനാലയിലും കൊത്തിയിട്ടുണ്ട്. ആഞ്ഞിലിയുടെയും തെങ്ങിന്റേയും തടികൊണ്ടുണ്ടാക്കിയ ജനാലകളിലും വാതിലുകളിലും പഞ്ചായത്തിന്റെ മുദ്ര പോലെ മരംകൊത്തിയുടെ മൂര്‍ച്ചയേറിയ കൊക്കുകോറിയിട്ട പോറലും പോടുകളും മാത്രം.

ഉള്ള് പൊള്ളയായതും അല്ലാത്തതുമായ മരങ്ങളെല്ലാം ഉളിവെച്ച് ഒരു തച്ചന്‍ കൊത്തുന്നതു പോലെ പകല്‍മുഴുവന്‍ കൊത്തി നടന്നിരുന്ന മരംകൊത്തിയെന്താ ഇപ്പോള്‍ ആളുകളുടെ തലമണ്ട കൊത്തുന്നതെന്ന് ചിന്തിക്കാന്‍ ആരും മെനക്കെട്ടില്ല.

മലയോര ജില്ലകളില്‍ വന്യമൃഗങ്ങളുടെ ശല്യം സഹിക്കുന്നില്ല എന്ന പരാതി വ്യാപകമായതിന്റെ പ്രശ്‌നപരിഹാരം തേടുന്നതിന്നിടെയാണ് ഭരണനിര്‍വ്വഹണക്കാരെ അലോസരപ്പെടുത്തി മരംകൊത്തിയുടെ ആക്രമണങ്ങളുടെ പരാതിയെത്തുന്നത്.

പഞ്ചായത്ത് പലവട്ടം യോഗം കൂടി , നിരവധി പ്രമേയങ്ങള്‍ ഏകകണ്ഠമായി പാസാക്കി. ഒടുവില്‍ ശല്യക്കാരനായ മരംകൊത്തിയെ ഇല്ലാതാക്കണമെന്ന തീരുമാനത്തിലെത്തി. വെടിവെച്ചോ, വലവിരിച്ചോ പിടികൂടണം. യോഗം തീരുമാനിച്ചു.

ഏക്കറുകണക്കിന് കാപ്പിത്തോട്ടവും റബ്ബറുമെല്ലാം ഉള്ള പഞ്ചായത്ത് പ്രസിഡന്റിന് ലൈസന്‍സുള്ള തോക്കുണ്ട്. നിയമമെല്ലാം എതിരായതുകൊണ്ട് അപ്പനപ്പൂപ്പന്‍മാരുടെ പാരമ്പര്യമായ മൃഗയാ വിനോദം നടക്കാത്തതിനാല്‍ നീളന്‍ ഇരട്ടക്കുഴല്‍ത്തോക്ക് അയാളുടെ തോട്ടത്തിലെ ബംഗ്ലാവിന്റെ ഭിത്തിയ്ക്ക് അലങ്കാരമായി വെച്ചിരിക്കുകയാണ്.

ഉണ്ടയിട്ടാല്‍ മാത്രം മതി, പണി പഞ്ചായത്ത് പ്രസിഡന്റിന് അറിയാം.- ഭരണകക്ഷിയിലെ ഒരു മെമ്പര്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞു. പ്രതിപക്ഷനേതാവിനും കൊത്തുകിട്ടിയതിനാല്‍ പ്രമേയത്തെ അനുകൂലിക്കാന്‍ സര്‍വ്വകക്ഷികളും തീരുമാനിച്ചു.

അക്രമകാരിയായ മരംകൊത്തിയെ പിടിക്കാന്‍ ആഗോള ടെണ്ടര്‍ വിളിക്കാന്‍ പഞ്ചായത്ത് സമിതിയില്‍ തീരുമാനമായത് വാര്‍ത്താസമ്മേളനം വിളിച്ചാണ് പ്രസിഡന്റാണ് മാലോകരെ അറിയിച്ചത്.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ചുമതല നിര്‍വഹിക്കുന്നതില്‍ പ്രസിഡന്റെന്ന നിലയില്‍ തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും അതിവിദഗ്ദ്ധ സംഘത്തിനായിരിക്കും മരംകൊത്തിയെ പിടിക്കുന്നതിനുള്ള ചുമതല നല്‍കുകയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തുടര്‍ന്ന് ടെണ്ടര്‍ വിളിക്കുന്നതിനും മരംകൊത്തിയെ പിടികൂടുന്നതിനുമായി ഒരു കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചു. ഇവരുടെ വിദഗ്ദ്ധാഭിപ്രായം പരിഗണിച്ചാണ് ആഗോള ടെണ്ടർ നടപടികളാരംഭിച്ചത്.

അമേരിക്കയിലെ ഫ്‌ളോറിഡ ആസ്ഥാനമായുള്ള ആര്‍സിഡബ്ല്യൂ എന്ന കമ്പനിമാത്രമാണ് ടെണ്ടറില്‍ പങ്കെടുത്തത്. അവര്‍ക്ക് കരാറും നല്‍കി. ഒരു ഡീറ്റെയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ടാണ് ആദ്യം കമ്പനി നല്‍കിയത്.

താമസിയാതെ പഞ്ചായത്തും അമേരിക്കന്‍ കമ്പനിയും ചേര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി എംഒയുവും ഒപ്പിട്ടു. മരംകൊത്തിയെ പിടികൂടുന്നതിന് വിദേശത്തുനിന്നും വിദഗ്ദ്ധ സംഘമെത്തുന്നതും നോക്കി പഞ്ചായത്ത് ഭരണ സമിതിയും നാട്ടുകാരും കാത്തിരുന്നു.

ഇതൊന്നുമറിയാതെ മരംകൊത്തി പഞ്ചായത്താകെ പാറിനടന്നു കൊത്തുകയായിരുന്നു. മുറിവുകളും തുന്നിക്കെട്ടലുകളും പതിവു പോലെ തുടര്‍ന്നു. നാലാളുകൂടുന്നിടത്തെല്ലാം മരംകൊത്തി മാത്രമായി സംസാരവിഷയം.

ചുവന്ന തലപ്പാവും കറുത്ത് നീണ്ട കൊക്കുമായി തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന മരംകൊത്തിയെ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ബൊളീവിയന്‍ കാടുകളില്‍ ഒളിപ്പോര് നടത്തിയ കമ്യൂണിസ്റ്റ് വിപ്ലവകാരി ചെ ഗുവേരയെ ഓര്‍മവരുമെന്ന് പഴയ സഖാവ് കേശവേട്ടന്‍ കരീമിക്കയുടെ ചായപ്പീടികയിലിരുന്ന് പറഞ്ഞു. തൊപ്പിയില്‍ ചെന്താരകവും ചുണ്ടില്‍ എരിയുന്ന കറുത്ത തടിച്ച ചുരുട്ടുമുള്ള ചെ ഗുവേര.

ചെ ഗുവേരയെ കൊന്നതുപോലെ അമേരിക്കയില്‍ നിന്ന് സായിപ്പിനെ ഇറക്കി മരംകൊത്തിയെ കൊല്ലുന്നു.. കേശവേട്ടന്റെ മനസ്സില്‍ പഴയ വിപ്ലവവീര്യം തികട്ടിവന്നു.

എന്ത് തെറ്റാടോ കൊല്ലാന്‍ മാത്രം ഉണ്ടായത്. .? .ന്നലെ എന്റെ തലയ്ക്ക് പാഞ്ഞുവന്നപ്പോള്‍ കുടവീശി ഞാന്‍ ഓടിച്ചു. അതു പറന്നു പോയി. മുറിവേല്‍പ്പിച്ചവനെയൊക്കെ തൂക്കിലിടാന്‍ ഇന്നാട്ടില്‍ നിയമമുണ്ടോടോ..? മരംകൊത്തിയും ഇന്നാട്ടുകാരന്‍ തന്നെയാ..

കേശവേട്ടന്റെ വാദങ്ങളോട് യോജിച്ചവര്‍ അധികമാരും ഉണ്ടായിരുന്നില്ല. കട്ടന്‍ചായയുടെ കടുപ്പം കുറയാതിരിക്കാന്‍ ചായപ്പൊടിവെള്ളം തുണിയരിപ്പയില്‍ നിന്നും ഞെക്കിപ്പിഴിയുന്നതിന്നിടെ കരീമിക്ക കേശവേട്ടനെ പിന്തുണച്ചു.

കൊല്ലാണ്ടാടോ.. പിടിച്ച് കാട്ടിലെവിടെയെങ്കിലും കൊണ്ടക്കളഞ്ഞൂടെ ഇവറ്റകള്‍ക്ക്. വലവെയ്ക്കാമെന്നല്ലേ ആദ്യം കേട്ടത്. പിന്നെന്താപ്പം കൊല്ലല്‍. ?

ഇല്ലടോ, കൊല്ലും. പക്ഷിപ്പനി വന്നപ്പോ താറാവിനേം കോഴീനേം കൂട്ടിയിട്ട് കത്തിച്ചതല്ലേ ഈ പഞ്ചായത്ത് ഭരണകൂടം.. കൊറോണ വന്നപ്പോ മനുഷന്‍മാരെയെല്ലാം കൂട്ടിയിട്ട് തീകൊളുത്തി കൊന്നൂടായിരുന്നോ..? ഇല്ലേ.. പറ്റില്ലേ..? പക്ഷിക്കും പാമ്പിനുമില്ലാത്ത അവകാശമാണല്ലോ ഈടേ മനുഷേര്‍ക്ക്.

കേശേട്ടാ.. കാലം മാറി. എല്ലാ ജീവികള്‍ക്കും തുല്യത കൊടുക്കാന്‍ ഇതെന്താ. പഴയ ഗുഹായുഗമോ. ശിലായുഗമോ. പാല്‍ച്ചായക്കൊപ്പം പത്തിരിയും പഴവും തിന്നുകൊണ്ടിരുന്ന പഞ്ചായത്താപ്പീസിലെ ക്ലാര്‍ക്ക് പറഞ്ഞു.

മരംകൊത്തിയെ പിടിക്കാന്‍ ഈ ഇന്ത്യാ മഹാരാജ്യത്ത് ആരുമില്ലാഞ്ഞിട്ടാണോ ഈ പഞ്ചായത്ത് ഭരണസമിതി അമേരിക്കയില്‍ നിന്ന് സായിപ്പിനെ കെട്ടിയെഴുന്നള്ളിക്കുന്നത്. ഇതിന്റെയൊക്കെ പേരില്‍ ജനങ്ങളുടെ പണമല്ലേ ചെലവഴിക്കുന്നത്. ?

കേശവേട്ടന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള നേരമില്ലെന്നും നമ്മള്‍ക്ക് പിന്നെ സംസാരിക്കാമെന്ന് പറഞ്ഞ് പണം പറ്റിലെഴുതിച്ച് ക്ലാര്‍ക്ക് ബൈക്കിനടുത്തേക്ക് പോയി. അവന്റെ കൊത്ത് കൊണ്ട് ഇനിയൊരു തുന്നിക്കെട്ടുകൂടെ വേണ്ട – ഹെല്‍മെറ്റ് തലയില്‍ ഫിറ്റ് ചെയ്യുന്നതിന്നിടെ അയാള്‍ ആരോടെന്നില്ലാതെ പറഞ്ഞു.

അന്നും പഞ്ചായത്തിലാരേയൊക്കേയോ മരംകൊത്തി മുറിവേല്‍പ്പിച്ചതായി വാര്‍ത്ത പരന്നു.

മരംകൊത്തിയെ കൊല്ലരുതെന്നും അതിനെ ട്രാന്‍സ് ലൊക്കേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഏതാനും പരിസ്ഥിതി പ്രവര്‍ത്തകര്‍ പഞ്ചായത്തിനു മുന്നില്‍ ധര്‍ണ നടത്തുന്നുണ്ടായിരുന്നു. ഭരണകൂടത്തിന്റെ കണ്ണെത്താത്ത ഏതെങ്കിലും വിദൂരവനമേഖലയില്‍ മരംകൊത്തിയെ സ്വൈര്യ വിഹാരത്തിനായി തുറന്നു വിടണമെന്നും ആവാസ വ്യവസ്ഥയില്‍ വന്ന മാറ്റങ്ങളാകാം മരംകൊത്തിയെ ആക്രമണ സ്വഭാവമുള്ളതാക്കിയതെന്നും ധര്‍ണയില്‍ പ്രസംഗിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ പറയുന്നുണ്ടായിരുന്നു.

ആനയ്ക്ക് മദമിളകുന്നതു പോലെ, പട്ടിക്ക് പേ പിടിക്കുന്നതു പോലെ പക്ഷികള്‍ക്ക് ഇത്തരമൊരു വിഭ്രാന്തിയുണ്ടാവുന്നതിന് സാധ്യതയുണ്ടെന്നും മരംകൊത്തിയുടെ ആക്രമണ സ്വഭാവത്തിന് സവിശേഷമായ കാരണം ഉണ്ടാവുമെന്നും ഇന്ന് ഒരു മരംകൊത്തിയാണെങ്കില്‍ നാളെ മറ്റൊരു മരംകൊത്തിക്ക് സമാനമായ സ്വഭാവസവിശേഷത വന്നേക്കാമെന്നും മറ്റു പക്ഷികൾക്കും ഇത് സംഭവിക്കാമെന്നും ഇതിനേക്കുറിച്ച് വിദഗ്ദ്ധരോ സര്‍വ്വകലാശാലകളോ പഠനം നടത്തട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ധര്‍ണ്ണ നടത്തുന്നവരുടെ മുന്നിലൂടെ ജീപ്പില്‍ പോയ പഞ്ചായത്ത് പ്രസിഡന്റ് പരിസ്ഥിതി പ്രവര്‍ത്തകരെ നോക്കി അഭിവാദ്യം ചെയ്യുമ്പോലെ കൈയുയര്‍ത്തി കാണിച്ചെങ്കിലും വാഹനം ഓടിച്ചിരുന്ന ഡ്രൈവറോടായി ഇവരെക്കുറിച്ച് പറഞ്ഞത് കേട്ടാല്‍ അറയ്ക്കുന്ന തെറിയാണ്. ഈ ധര്‍ണ്ണനടത്തുന്നവര്‍ മരംകൊത്തിയുടെ കുടുംബക്കാരാണ്. ഇവന്‍മാരുടെ തലയിലൊന്നും മരംകൊത്തി വന്ന് കൊത്തിപ്പറിക്കില്ല.. അവന്റെയൊക്കെ… എന്നു തുടങ്ങി മുഴുനീളെ തെറിവിളി..

പഞ്ചായത്ത് സമിതി യോഗം ചേര്‍ന്നപ്പോള്‍ ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിലടിയാരംഭിച്ചിരുന്നു.’ കരാറുകിട്ടിയ അമേരിക്കന്‍ സംഘം എത്താതിനെതിരെ പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്റെ മറുപടിയെ തുടര്‍ന്ന് ഇതിനുള്ള അവസരം നിരസിച്ചു.

അമേരിക്കന്‍ സംഘത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നും ഇതിനായി വിദേശകാര്യ മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തിവരുകയാണെന്നും വിശദീകരണം വന്നു.

മരംകൊത്തിയെ കല്ലും കവണയും ഉപയോഗിച്ച് കൊല്ലാനാകുമെന്ന് ഒരു സ്വതന്ത്ര അംഗം സമിതിയില്‍ നിര്‍ദ്ദേശം വെച്ചു. അമേരിക്കന്‍ സംഘത്തിന് കൊടുക്കുന്ന പണം തന്റെ വാര്‍ഡിലെ പത്തു പതിനഞ്ചു പേര്‍ക്ക് വീടുനിര്‍മിച്ച് കൊടുക്കാന്‍ ഉപയോഗിക്കാമെന്നും പണ്ട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ കല്ലും കവണയും ഉപയോഗിച്ച് മാടത്തയെ കൊന്ന സംഭവം വിവരിച്ച് അയാള്‍ നിർദ്ദേശിച്ചു. ഇതു പറയുമ്പോൾ കല്ലും കവണയും അയാള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.

പ്രാകൃതമായ രീതിയില്‍ പക്ഷികളെയും മൃഗങ്ങളേയും കൊല്ലരുതെന്നും മയക്കുവെടിവെച്ച് പിടികൂടി മാരകവിഷം കുത്തിവെച്ച് കൊല്ലുകയാണ് വേണ്ടതെന്നും സ്വതന്ത്ര അംഗത്തെ ഖണ്ഡിച്ചുകൊണ്ട് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചൂടേറിയ ചര്‍ച്ചകള്‍ നടന്നു. തന്റെ നിര്‍ദ്ദേശം തള്ളിയതില്‍ പ്രതിഷേധിച്ച് സ്വതന്ത്ര അംഗം യോഗം ബഹിഷ്‌കരിച്ച് പുറത്തേക്ക് പോയി.

അതിന്നിടെ പഞ്ചായത്തിന് മുന്നിലെ ബഹളം കേട്ടപ്പോള്‍ അംഗങ്ങള്‍ പലരും വിചാരിച്ചത് പരിസ്ഥിതി പ്രവര്‍ത്തകരുടെ ധര്‍ണ അക്രമാസക്തമായെന്നായിരുന്നു. സംഭവമെന്തെന്ന് അറിയാനെത്തിയവര്‍ കണ്ടത് നിലത്തു വീണു കിടക്കുന്ന മരംകൊത്തിയെ ഒരാള്‍ക്കൂട്ടം തല്ലിച്ചതയ്ക്കുന്നതാണ്.

ഇവരെ തടയാനെത്തിയ ധര്‍ണക്കാരെ ചിലര്‍ കൈകാര്യം ചെയ്തു. ഭരണകക്ഷിയിലെ ചില അംഗങ്ങള്‍ നിലത്തുവീണു പിടയ്ക്കുന്ന മരംകൊത്തിയെ ചവിട്ടുന്നുണ്ടായിരുന്നു.

ആരേയോ കൊത്താനായി പാഞ്ഞുവന്ന മരംകൊത്തി നിലത്തുവീണെന്നാണ് പറഞ്ഞുകേട്ടത്. കിട്ടിയ അവസരം മുതലെടുത്ത് അവിടെയുണ്ടായിരുന്ന പലരും അതിനെ തല്ലിയും ചവിട്ടിയും കൊന്നു. സംഭവമറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ആളുകളെ ശാന്തരാക്കി. ചത്തില്ലേ.. ഇനി അതിനെ വിട്. അയാള്‍ പറഞ്ഞു.

അമേരിക്കന്‍ സംഘത്തിന്റെ കരാറും അതിന്റെ കമ്മീഷനും പോയതിന്റെ ആവലാതി അയാളുടെ മുഖത്ത് പ്രകടമായിരുന്നു. പറന്നുവന്ന മരംകൊത്തിയെ കവണയും കല്ലും ഉപയോഗിച്ച് എറിഞ്ഞുവീഴ്ത്തിയെന്ന് ചിലര്‍ ആരോപിച്ചു.

ധര്‍ണ നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ ചേതനയറ്റ മരംകൊത്തിയെ തങ്ങളുടെ സമരപ്പന്തലില്‍ കൊണ്ടുവന്ന് കിടത്തി. ചിലര്‍ അതിനു മുകളില്‍ ഏതോ പൂ പറിച്ചുവെച്ചു. മരംകൊത്തിയുടെ മരണം സോഷ്യല്‍മീഡിയ വഴി ലോകം അറിഞ്ഞു. വിവരം അറിഞ്ഞെത്തിയ വാര്‍ത്താചാനലുകാര്‍ തത്സമയ സംപ്രേഷണം തുടങ്ങി.

സംഭവസ്ഥലത്തെത്തിയ പോലീസ് മരംകൊത്തിയുടെ ജഡം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. മരംകൊത്തിയുടെ മരണം നാടുമുഴുവന്‍ പടക്കം പൊട്ടിച്ചും മധുരപലഹാരം വിതരണം ചെയ്തും ചിലര്‍ ആഘോഷിച്ചു.

കരീമിക്കയുടെ ചായപ്പീടികയിലെത്തിയ കേശവേട്ടന്‍ കടുപ്പത്തിലൊരു കട്ടന് – ഓര്‍ഡര്‍ കൊടുത്തു. മരംകൊത്തിയുടെ മരണം ആഘോഷിക്കുന്ന ബഡുവകള്‍. കേശവേട്ടൻ പറഞ്ഞു. മരംകൊത്തിയെ കൊന്നശേഷം പഞ്ചായത്തിനു മുന്നില്‍ ആരോ കൊണ്ടിട്ടതായിരിക്കും. കേശവേട്ടന്‍ കരീമിക്കയോടായി പറഞ്ഞു.

പിറ്റേന്നാണ് മരംകൊത്തിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നത്. മരംകൊത്തി ചത്തത് കാര്‍ഡിയാക് അറസ്റ്റ് മൂലമാണെന്ന് റിപ്പോര്‍ട്ടില്‍ എഴുതിവെച്ചിരുന്നു. ആരേയോ ആക്രമിക്കാനായി പറന്നു വന്ന മരംകൊത്തി ചിറകുകുഴഞ്ഞുവീണു. ഓടിയെത്തിയ ആള്‍ക്കൂട്ടത്തെ കണ്ട് ഭയന്ന് കാര്‍ഡിയാക് അറസ്റ്റുണ്ടായത്രേ.

ടിവി ചാനലുകളില്‍ ബ്രേക്കിംഗ് ന്യൂസ് വന്നു. മരംകൊത്തിയുടെ മരണത്തിന് കാരണം കാര്‍ഡിയാക് അറസ്റ്റ്.

വിശദമായ വാര്‍ത്ത നല്‍കിയ ആ റിപ്പോര്‍ട്ടര്‍ ചില കാര്യങ്ങള്‍ കൂടി പറഞ്ഞുവെച്ചു. ഈ മരംകൊത്തി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭക്ഷണം ഒന്നും കഴിച്ചിരുന്നില്ലെന്നും’ അതിന്റെ കൊക്കിന് പരിക്കുകള്‍ ഉണ്ടായിരുന്നതായും റബ്ബര്‍ പശപോലെ എന്തോ ചിലത് പറ്റിപ്പിടിച്ച് കൊക്കുകള്‍ തുറക്കാനാവാത്ത നിലയില്‍ ഒട്ടിപ്പിടിച്ചു പോയിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടത്തിലെ വിവരങ്ങള്‍ ഒരോന്നായി വിശദീകരിച്ചു.

സമീപപ്രദേശങ്ങളിലെ പുരയിടങ്ങളിലെല്ലാം തെങ്ങും ആഞ്ഞിലിയും കമുങ്ങും വെട്ടിക്കളഞ്ഞ് റബ്ബര്‍ നട്ടുപിടിപ്പിച്ചതോടെ മരംകൊത്തിക്ക് ഇരതേടാന്‍ കഴിയാതെയായെന്നും റബ്ബര്‍ മരങ്ങളില്‍ കൊത്തിയതിനെ തുടര്‍ന്ന് മരപ്പശ കൊക്കില്‍ കുടുങ്ങി വാതുറക്കാനാവതേ വന്നതാണെന്നും ഈ റിപ്പോര്‍ട്ടര്‍ വാര്‍ത്തനല്‍കി. ഒട്ടിപ്പോയ കൊക്ക് പൂര്‍വ്വസ്ഥിതിയിലെത്താന്‍ അത് കണ്ണില്‍കണ്ട ഇടങ്ങളിലെല്ലാം കൊത്തുകയായിരുന്നുവെന്നും മനുഷ്യന്റെ തലയിലും വീടിന്റെ വാതിലുകളിലും ഭിത്തിയിലുമെല്ലാം മരംകൊത്തി വന്ന് കൊത്തി തന്റെ ഒട്ടിച്ചേര്‍ന്നുപോയ കൊക്ക് തുറക്കാനായി ശ്രമിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടര്‍ പറഞ്ഞു.

കരീമിക്കയുടെ ചായപ്പീടികയിലെ പതിനാലിഞ്ച് ടിവിയിലൂടെ കേശവേട്ടന്‍ ആ വാര്‍ത്തകണ്ടു. അടുക്കളയിലെത്തി അടുപ്പിലെ കത്തിത്തീരാത്ത കനലില്‍നിന്നും ഒരു കരിക്കട്ടയെടുത്ത് കരീമിക്കയുടെ ചായപ്പീടികയുടെ ചുമരില്‍ മരംകൊത്തിയുടെ രൂപം വരച്ചിട്ടു. കറുത്ത മരംകൊത്തി. ചെ ഗുവേരയുടെ ചുണ്ടിലെ ചുരുട്ടുപോലെ കൊക്കും വരച്ചു. പിന്നെ, മാറിനിന്ന് വരച്ചത് ശരിയായോ എന്ന് നോക്കി. അവിടെയുണ്ടായിരുന്ന കറിക്കരിയുന്ന കത്തി ഉപയോഗിച്ച് കേശവേട്ടന്‍ തന്റെ ഇടത്തേ ചൂണ്ടുവിരലില്‍ വരഞ്ഞ് ചോരവീഴ്ത്തി. ആ വിരല്‍ മരംകൊത്തിയുടെ തല തലോടിപ്പോയി .. കേശവേട്ടന്റെ ചോര ഭിത്തിയിലെ കുമ്മായം വലിച്ചെടുത്തു. ചെ ഗുവേരയുടെ ചുവന്ന തൊപ്പി പോലെ, മരംകൊത്തിയുടെ കറുത്ത തലയിൽ ഒരു ചുവന്ന പാട് പതിഞ്ഞു