മമ്മുട്ടി @ 74

മമ്മൂട്ടി എന്ന മലയാള സിനിമയുടെ മഹാനടൻ മെത്തേഡ് ആക്ടിങ്ങിന്റെ മികച്ച ഉദാഹരണമാണ്. കഥാപാത്രത്തിലേക്ക് പൂർണമായി പ്രവേശിക്കുകയും, അതിനായി തീവ്രമായ തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ശൈലി, റോബർട്ട് ഡി നീറോ, മർലിൻ ബ്രാൻഡോ, ക്ളോസ് കിൻസ്കി, അൽ പാച്ചീനോ, ഡാനിയൽ ഡേ-ലൂയിസ് തുടങ്ങിയ ലോകപ്രശസ്ത മെത്തേഡ് ആക്ടർമാരോട് ചേർത്തുവെക്കാവുന്നതാണ്. മെത്തേഡ് ആക്ടിങ്ങിൽ, നടൻ കഥാപാത്രത്തിന്റെ മനസ്സിലേക്കും ശരീരത്തിലേക്കും പ്രവേശിച്ച്, അതിന്റെ വികാരങ്ങൾ, പെരുമാറ്റം, ഭാഷ എന്നിവ സ്വാഭാവികമായി അവതരിപ്പിക്കുന്നു. മമ്മൂട്ടിയുടെ അഭിനയത്തിൽ ഇത് വ്യക്തമായി കാണാം.

മമ്മൂട്ടി തന്റെ കഥാപാത്രങ്ങൾക്കായി തീവ്രമായ തയ്യാറെടുപ്പുകൾ നടത്തുന്ന നടനാണ്. അതിലൂടെ ഡയലോഗുകൾ, ശരീരഭാഷ, മാനറിസങ്ങൾ, ഡയലക്ടുകൾ എന്നിവയിലൂടെ കഥാപാത്രത്തെ പൂർണമായി ഉൾക്കൊള്ളുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹത്തിന്റെ അഭിനയം സ്വാഭാവിക നടന്മാരുടെതിനെക്കാൾ സൃഷ്ടിപരമാണ്. ഓരോ കഥാപാത്രവും വ്യത്യസ്തമായി രൂപപ്പെടുന്നത് അതിനാലാണ്. കഥാപാത്രത്തിന്റെ വേദനയും വികാരങ്ങളും പ്രേക്ഷകനെ അനുഭവിപ്പിക്കുന്ന രീതിയിലേക്ക് ശരീരഭാഷയെയും ശബ്ദത്തെയും ഭാഷയെയും ഭാഷാ ശൈലിയെയും അദ്ദേഹം മാറ്റിഎടുക്കുന്നു. ശബ്ദം, മുഖഭാവങ്ങൾ, പെരുമാറ്റം എന്നിവയിലൂടെ കഥാപാത്രത്തെ ജീവസുറ്റതാക്കുന്നു. മമ്മൂട്ടിയുടെ മെത്തേഡ് ആക്ടിങ് പുതിയ നടന്മാർക്ക് പഠനവിധേയമാകാൻ ഏറ്റവും മികച്ചതായി പ്രകടമാകുന്ന മികച്ച ധാരാളം കഥാപാത്രങ്ങളുണ്ട്.

Image credit : Mammootty official social media platform

1993 ൽ ഇറങ്ങിയ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത വിധേയനിൽ : ഭാസ്കര പട്ടേലാർ എന്ന അധികാരവാദിയായ ഭൂപ്രഭുവിനെയാണ് മമ്മുട്ടി അവതരിപ്പിച്ചത് സക്കറിയയുടെ ഭാസ്കരപട്ടേലരും എന്റെ ജീവിതവും എന്ന നോവലിനെ ആസ്പദമാക്കി എടുത്ത ഈ സിനിമയിലെ കഥാപാത്രത്തിന്റെ മനശാസ്ത്രം പഠിച്ചും കഥാപാത്രത്തിനനുസരിച്ചു ശബ്ദമാറ്റം വരുത്തിയും, വെത്യസ്തമായ കൽപ്പനാശൈലിസ്വീകരിച്ചും വേറിട്ട ഒരനുഭവമാക്കിയ ഈ പരിവർത്തനം അദ്ദേഹത്തിന്റെ മെത്തേഡ് ആക്ടിങ് മികവ് വെളിപ്പെടുത്തുന്നു.

മനസ്സിൽ നോവ് പടർത്തിയ കഥാപാത്രമായിരുന്നു 1987 ഇറങ്ങിയ സിബി മലയിൽ ലോഹിതദാസ് ടീമിന്റെ തനിയാവർത്തനം. ബാലൻ മാഷിനെ ആർക്കും മറക്കാനാകില്ല. അന്ധവിശ്വാസം മാനസികരോഗിയാക്കി മാറ്റിയ കഥാപാത്രത്തെ അവതരിപ്പിച്ചത് മമ്മൂട്ടിയുടെ അഭിനയമികവിന്റെ ക്ലാസിക് ഉദാഹരണമാണ്. ഈ ചിത്രം അദ്ദേഹത്തിന്റെ മെത്തേഡ് ആക്ടിങ് റഫറൻസായി എടുക്കാം. ഒരു വടക്കൻ വീരഗാഥയിലെ (1989) ചന്തു ചേകവർ എന്ന കഥാപാത്രത്തിനായി മമ്മൂട്ടി ശാരീരികവും മാനസികവുമായ തയ്യാറെടുപ്പ് നടത്തി. ആ കാലഘട്ടത്തിനനുസരിച്ചുള്ള വസ്ത്രധാരണം, അതിനനുസരിച്ച ശരീരഭാഷ എന്നിവ അദ്ദേഹം സ്വീകരിച്ചു. ഈ അഭിനയത്തിലൂടെയാണ് ആദ്യമായി ദേശീയ അവാർഡ് ലഭിച്ചതും. അമരത്തിലെ (1991) മീൻപിടുത്തക്കാരനായ അച്ചൂട്ടിയെ അവതരിപ്പിക്കാൻ, മമ്മൂട്ടി മീൻപിടുത്തക്കാരോടൊപ്പം സമയം ചെലവഴിച്ചു എന്നാണറിഞ്ഞത്. അവരുടെ ജീവിതരീതി, സംസാരം, പെരുമാറ്റം എന്നിവ അവരിൽ നിന്ന് തന്നെ പഠിച്ചുകൊണ്ടാണ് തന്റെ കഥാപാത്രത്തിലേക്ക് ആവാഹിച്ചത്.

പേരമ്പ് എന്ന തമിഴ് സിനിമയിൽ (2018) അമുദവൻ എന്ന പിതാവിന്റെ വേഷത്തിനായി വൈകാരികമായി തയ്യാറെടുത്തു. സമാന സാഹചര്യങ്ങളിലുള്ളവരോട് സംവദിക്കാനും ശ്രമിച്ചു ആ ശ്രമത്തിനു ഫലം കണ്ടു. ഈ തമിഴ് ചിത്രത്തിലെ പക്വതയാർന്ന അഭിനയം അന്താരാഷ്ട്ര ഫെസ്റ്റിവലുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു പ്രശംസ നേടി. ജന്മനാ അടിമത്വം ശീലമാക്കിയ കഥാപാത്രമാണ് പൊന്തൻമാടയിലെ മാട. ഭൂതക്കണ്ണാടിയിലെ വിദ്യാധരൻ വേറിട്ടൊരു കഥാപാത്രമാണ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നവർക്ക് സൂക്ഷ്‌മമായി പഠിക്കേണ്ട കഥാപാത്രം മമ്മുട്ടിയുടെ കഥാപാത്ര വൈവിധ്യത്തിന്റെ മറ്റൊരു ഉദാഹരണം.

Image credit : Mammootty official social media platform

പിന്നെയും പറയാൻ ഏറെ കഥാ പാത്രങ്ങളുണ്ട്. മതിലുകളിൽ ബഷീർ, യവനികയിലെ ജേക്കബ് ഈരാളി, ബാബാസാഹേബ് അംബേദ്കറിലേ അംബേദ്‌കർ, യാത്രയിലെ ഉണ്ണികൃഷ്ണൻ, മൃഗയയിലെ വാറുണ്ണി, മഹായാനത്തിലെ ചന്ദ്രൻ, അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ സക്കറിയ, അനുബന്ധത്തിന്റെ മുരളീധരൻ മാസ്റ്റർ, കൊച്ചുതെമ്മാടിയിലെ ശേഖരൻ മാഷ്, അടിയൊഴുക്കുകളിലെ കരുണൻ, കുട്ടിസ്രാങ്കിന്റെ സ്രാങ്ക്, യുഗപുരുഷനിലെ കെസി കുട്ടൻ, ലൗഡ് സ്പീക്കറിൽഡ ഫീലിപ്പോസ്, കാഴ്ചയിലെ മാധവൻ, സുകൃതത്തിലെ രവിശങ്കർ, ന്യൂ ഡൽഹിയിലെ ജികെ, നൻപകൽ നേരത്ത് മയക്കത്തിലെ സുന്ദരമായി മാറിയ ജെയിംസ്, പുഴുവിലെ കുട്ടൻ, ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി തുടങ്ങി നിരവധി കഥാപാത്രങ്ങൾ ഇനിയും ധാരാളം നാനൂറിലധികം സിനിമകിലെ ഒട്ടു മിക്ക കഥാപാത്രങ്ങളും സിനിമയേക്കാൾ മികച്ചു നിൽക്കുന്നു.

ഒരു നിമിഷത്തെ നോട്ടം ശബ്ദമിടറി ഒരു പറച്ചിൽ, രൂക്ഷമായ നോട്ടം ഇങ്ങനെ ഓരോ സിനിമയിലും എക്കാലത്തെയും ഓർമ്മയിലേക്ക് എന്തെങ്കിലും ബാക്കി വെച്ചിരിക്കും മലയാളം അടക്കം ആറുഭാഷകളിൽ കയ്യൊപ്പ് പതിപ്പിച്ച അതുല്യ നടൻ എഴുപത്തിനാലിലും ഇന്ത്യൻ സിനിമയിലെ പ്രധാന സാന്നിധ്യമായി നിറഞ്ഞാടുന്നു.

മലപ്പുറം ജില്ലയിൽ ആമയം എന്ന ഗ്രാമത്തിൽ ജനനം 1990 മുതൽ ആനുകാലികങ്ങളിൽ എഴുതുന്നു ഏറെ കാലം പ്രവാസി ആയിരുന്നു. ഇപ്പോൾ വെളിയങ്കോട് എം ടി എം കോളേജിൽ ലൈബ്രേറിയൻ.