എന്‍. പ്രദീപ് കുമാർ
1974 നവംബർ ഏഴിന് പട്ടാമ്പിക്കടുത്ത് പള്ളിപ്പുറത്ത് ജനിച്ചു. അച്ഛന് എൻ. നാരായണന് നമ്പൂതിരി, അമ്മ ശ്രീദേവി. കൊമേഴ്സിൽ ബിരുദം. ഇപ്പോൾ പാലക്കാട് ജില്ലയിലെ വട്ടേനാട് ഗവൺ മെന്റെ ഹൈസ്കൂളിൽ അദ്ധ്യാപകൻ. പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ: ഒരു നിരൂപകന്റെ മരണവും അനുബന്ധ സാഹിത്യ സമീപനങ്ങളും, പൂച്ച, കടൽ ഒരു കരയെടുക്കുന്നു, കൊങ്കൺ കന്യ എക്സ്പ്രസ്, അത്രയൊന്നും സ്വാഭാവികമല്ലാത്ത ഒരു ദാമ്പത്യത്തെക്കുറിച്ച്, ലോട്ടസ് ലാന്‍ഡ് (കഥകൾ).
ഒരു നോവലിനുള്ളിലെ മറ്റൊരു നോവല്‍. വായനക്കാരന് സ്വയം കഥാപാത്രമോ, നോവലിസ്റ്റോ ഒക്കയായി മാറുന്ന വായനാനുഭവം. എഴുത്തുകാരന് ഭാവിയുടെ പ്രവചനക്കാരനാവുന്ന കഥാസന്ദര്‍ഭങ്ങള്‍. അതിദ്രുതം, നിരന്തരം ചലിക്കുന്നതിനെയാണ് ജീവിതം എന്നു പറയുന്നതെങ്കില്‍ ജീവിതത്തെ എഴുതുന്ന പുസ്തകം. അതെ, പരിമിതമായ നോവല്‍ വായനയുടെ അനുഭവങ്ങള്‍ വച്ച്, മലയാളത്തിലെ ഏറ്റവും മികച്ച മെറ്റാഫിക്ഷന്‍ നോവല്‍ എന്ന് പറയാനാകും എന്‍. പ്രദീപ് കുമാറിന്റെ അച്യുതം.
യഥാര്‍ത്ഥ ജീവിതത്തിന് മേല്‍ സര്‍ഗാത്മകത കൊണ്ട് സ്നാനം ചെയ്യപ്പെട്ട ആഖ്യായികയാണ് നിലാച്ചോറ്. തേച്ച് മിനിക്കിയപ്പോള് ഉമാ പ്രേമന് എന്ന മനുഷ്യസ്നേഹിയുടെ ജീവിതം മലയാളികള്‍ക്ക് മുന്നില്‍ അനാവൃതമായി. നഗ്നമായ ആ ജീവിതം കണ്ട് വായനക്കാരന് അന്ധാളിച്ച് നില്‍ക്കാനേ കഴിയൂ. ജീവിതം തന്നെ അതിശയോക്തിപരമായപ്പോള് ആഖ്യാതാവ് നിസ്സഹായനാകുന്ന അവസ്ഥയാണ് ഈ നോവലില്‍. സ്ത്രീ ജډങ്ങളുടെ ഉള്‍ക്കാഴ്ചകള്‍ ഏറെ ഭീതിജനകമാണെന്ന സത്യം വായനക്കാരന്റെ ബോധമണ്ഢലങ്ങളിലേക്ക് എയ്ത് വീഴ്ത്താന്‍ എഴുത്തുകാരന് കഴിഞ്ഞു.
പന്ത്രണ്ട് കാണ്ഡമുള്ള ഒരുതരം കാവ്യമാണത്രെ അച്യുതം. അരവിന്ദന് എന്ന മെഡിക്കല്‍ റെപ്പെഴുതിയ പന്ത്രണ്ടു കുറിപ്പുകള്‍. ആദ്യമതിനു ജീവിതത്തിന് ഒരാമുഖം എന്ന് പേരിട്ടു. പിന്നെ, മാര്‍ത്താണ്ഡന്‍ പിള്ളയെന്ന നോവലിസ്റ്റിനെ കണ്ടു മുട്ടുന്നതിലൂടെ ലഭിക്കുന്ന, മനുഷ്യനെ കഥാപാത്രമാക്കി രൂപാന്തരപ്പെടുത്തുമ്പോള്‍ സാഹിത്യത്തില്‍ നിന്ന് ചോര്‍ന്നു പോവുന്നത് ജീവിതം മാത്രമാണെന്ന തിരിച്ചറിവില്‍ അയാള്‍ തന്റെ കുറിപ്പുകള്‍ക്ക് അച്യുതം എന്ന് പേരിടുന്നു. കാരണം ജീവിതത്തിന് ഒരാമുഖം കുറിക്കാന്‍ പോലും നോവലിന് കഴിയില്ല എന്ന് അയാള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. അഗാധതലങ്ങളില്‍ സത്യത്തെ ഒളിപ്പിച്ചു വച്ച് എട്ടുകാലി വല നിര്‍മ്മിക്കുന്നതുപോലെ ഒരു രചനാ തന്ത്രം മാത്രമാണ് നോവല്‍ എന്ന് അയാളും അറിയുന്നു.
അരവിന്ദന്റെ കുറിപ്പുകള്‍ അയാള്‍ എഴുത്തുകാരനായ പി.കെ.പുഷ്പാംഗദനു വായിക്കാന്‍ കൊടുക്കുന്നു. അയാളാണ് അരവിന്ദന്റെ കുറിപ്പുകള്‍ക്ക് പ്രാരംഭവും അനുബന്ധവും ചേര്‍ക്കുന്നത്. കഴുത കാമം കരഞ്ഞു തീര്‍ക്കുന്നതു പോലെ എഴുതിയെഴുതി തീര്‍ക്കേണ്ടതല്ല ജീവിതം എന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്ന പുഷ്പാംഗദന്, പക്ഷെ എഴുതപ്പെട്ട കൃതി വായനക്കാരനില്ലാതെ ഇരിക്കുന്നതിനേക്കാള്‍ ഒരെഴുത്തുകാരനെ പീഡിപ്പിക്കുന്ന മറ്റൊന്നുമില്ല ഈ ലോകത്ത് എന്നുകൂടി അറിയുന്ന ആളാണ്. അയാള്‍ ഈ കുറിപ്പുകള്‍ പ്രസിദ്ധീകരണത്തിനു കൊടുക്കുന്നു. ഒരു പക്ഷെ പ്രസീദ്ധീകരിക്കുമ്പോള് താന്‍ തേടിക്കൊണ്ടിരിക്കുന്ന എഴുത്തുകാരന് തന്നെ തേടി വരും എന്ന പ്രതീക്ഷയയാളില് അപ്പോഴും ബാക്കിയുണ്ട്.
നോവലിനെ സംബന്ധിച്ച വ്യത്യസ്തവും നവവുമായ ചില നിരീക്ഷണങ്ങളെ പങ്കു വെയ്ക്കുന്നുണ്ട് ഈ നോവല്‍. ഒരു മെറ്റാഫിക്ഷന്‍ പങ്കുവേയ്ക്കേണ്ട സ്വാഭാവികധര്മ്മങ്ങളില് എന്നാണത്. എഴുത്തുകാരനോട് നോവലിസ്റ്റ്, നോവലിസ്റ്റ് കണ്ടുമുട്ടുന്ന ചില കഥാപാത്രങ്ങള്‍ അവരുടെ നോവല്‍ ശ്രമങ്ങളെ പറ്റി, അങ്ങനെ വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് വരുന്ന കഥാപാത്രങ്ങള്‍ (വായനക്കാരനും) എങ്ങനെയാണ് നോവലിലെ കാണുന്നത് എന്ന് നോക്കൂ.
നിങ്ങള്‍ കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുക. അത് പകര്‍ത്തുക. അതിനു ക്രമമില്ലെങ്കില് അത് നിങ്ങളുടെ കുറ്റമല്ല. അതിന്റെ യഥാര്‍ത്ഥ ക്രമം അതാകയാലാണ്. എല്ലാവരും ഇക്കാര്യത്തില്‍ നിങ്ങളെ അംഗീകരിച്ചെന്നു വരില്ല. എന്നാല്‍, കുറഞ്ഞ പക്ഷം നിങ്ങള്‍ ഒരാള്‍ക്കെങ്കിലും അതൊരു നോവലാണെന്നു ബോധ്യമുണ്ടെങ്കില്‍ യാഥാര്‍ത്ഥത്തില്‍ നിങ്ങള്‍ വിജയിച്ചു./ ജീവിതത്തില്‍ ഒരാള്‍ക്ക് ആകെ കൂടി രസകരമായി അനുഷ്ടിക്കാവുന്ന രണ്ടേ രണ്ടു കൃത്യങ്ങള്‍ മദ്യപാനവും നോവെലെഴുത്തും മാത്രമാണ്. ഒന്നാമത്തേത് സാമ്പത്തിക നഷ്ടത്തിനുപുറമേ ബന്ധുമിത്രാദികള്‍ക്കും സമൂഹത്തിനും ക്ലേശമുണ്ടാക്കല്, ചീത്തപ്പേരു സമ്പാദിക്കല്‍ , കുടുംബകലഹത്തിനു വഴിയൊരുക്കല് എന്നീ വിധ പാര്‍ശ്വഫലങ്ങള്‍ കൂടി പ്രദാനം ചെയ്യും.എന്നാല്‍ നോവലെഴുത്തില്‍ സാമ്പത്തികനഷ്ടം തുലോം കുറവാണെന്നു മാത്രമല്ല, അച്ചടിച്ചു പൊതുസ്വത്താക്കും വരെ സമൂഹത്തിനു സ്വാസ്ഥ്യവുമുണ്ട്. ചുരുക്കത്തില്‍, ഒരു മനുഷ്യന് സമൂഹത്തിനു ചെയ്യുന്ന നന്മയാണ് – അതിന് ഉപദ്രവമുണ്ടാക്കാതിരിക്കുക എന്ന അര്‍ത്ഥത്തില്‍ – നോവലെഴുത്ത്.
എന്നിങ്ങനെ നോവലെഴുത്ത് അനുഭവങ്ങള്‍ പറയുന്നു കഥാപാത്രങ്ങള്‍. നോവലിനെ പറ്റി മാത്രമല്ല, എഴുത്തിനെ പറ്റിയും ചിലത് പറയാനുണ്ട് ഈ കഥാപാത്രങ്ങള്‍ക്ക്.
ഭൂപടങ്ങളുടെ അതിരുകള്‍ താണ്ടി, മാനവികതയോടുള്ള സ്വതന്ത്രമായ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലാണ് വായനയെങ്കില്‍, അധിനിവേശങ്ങള്‍ക്കെതിരെ യുദ്ധസജ്ജമാകുന്ന സ്വകാര്യ പ്രതിരോധങ്ങളാണ് എഴുത്ത്. / ജീവിതം അതിന്റെ ലക്ഷ്യനിര്‍വഹണം സാധ്യമാക്കുന്നത് എല്ലായ്പ്പോഴും ചിട്ടയില്ലായ്മയിലൂടെ ആണെന്നിരിക്കെ, അതിനെ ചിത്രീകരിക്കുന്ന ഒരാള്‍ എന്തിനാണൊരു ക്രമത്തെപ്പറ്റി ഉത്കണ്ഠപ്പെടുന്നത്.
എഴുത്തില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും ഏതെങ്കിലും സാഹചര്യത്തില്‍ ഇത്തരം നിരീക്ഷണങ്ങളോട് താദാത്മ്യപ്പെടാതെ വയ്യ. തങ്ങളുടെ സ്വകാര്യജീവിതത്തിലെ ചെറിയ അനുഭവങ്ങളില്‍ നിന്ന് വിടുതല്‍ നേടുന്നതിനായി ചെയ്ത വലിയ ത്യാഗങ്ങളെയാണ് പലപ്പോഴും പുതിയ കാലത്തെ എഴുത്തുകാര്‍ തങ്ങളുടെ എഴുത്തിന്റെ മൂല്യനിര്‍ണ്ണയത്തിന്റെ അളവ് കോലാക്കുന്നത്. അവിടെ ഇത്തരം ചിന്തകള്‍ ഏറെ പ്രസക്തമാണ്.
മാര്ത്താണ്ടന് പിള്ളയെന്ന വിരമിച്ച പഞ്ചായത്ത് എക്സിക്യൂട്ടിവും ഇപ്പോഴത്തെ നോവലിസ്റ്റുമായ കഥാപാത്രം ഇരുപത്തിമൂന്നു നോവലുകള്‍ എഴുതിയിട്ടുണ്ട്. അയാള്‍ ഉള്‍പ്പെടുന്ന നോവലിസ്റ്റുകളുടെ കൂട്ടായ്മയിലെ പലരും അത്ര തന്നെ നോവലുകള്‍ എഴുതിയവരാണ്. അവരാരും തങ്ങളുടെ നോവലുകള്‍ പ്രസിദ്ധീകരിച്ചു സമൂഹത്തെ കഷ്ടപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല. അവരുടെ കൂട്ടായ്മ തങ്ങളുടെ സൃഷ്ടികള്‍ പരസ്പരം വായനയ്ക്ക് പങ്കു വെയ്ക്കുന്നു. കൃത്യമായ ഇടവേളകളില്‍ അവര്‍ കണ്ടുമുട്ടുന്നു. നിയതവും എന്നാല്‍ അലിഖിതവുമായ ചില നിയമങ്ങളെ പിന്തുടരുന്നുണ്ട് അവരുടെ സംഘം. ഓരോ ജന്മവും ഓരോ ജീവിതമാണ്. . വാട്സ്അപ് ഗ്രൂപ്പ് മാതൃകയിലുള്ള ഈ നോവലിസ്റ്റുകളുടെ നോവല്‍ പങ്കുവയ്ക്കലും കൂടിചേരലും 2003ലെഴുതിയ ഒരു നോവലില്‍ വായിക്കാനാവുന്നത് ഈ നോവല്‍ കാലത്തിനു മുന്നേ പിറന്നതാണ് എന്നൊരു വായനക്കാരനെ കൊണ്ട് പറയിപ്പിക്കുന്നുണ്ട്.
മാര്ത്താണ്ടന് പിള്ള പറയുന്നത്, ഓരോ ജീവിതവും ഓരോ കഥയും. നേരാം വണ്ണം ജീവിതത്തെ നോക്കിക്കാണാനുള്ള ക്ഷമയില്ലായ്മയാണ് ആഖ്യായികകള്‍ പരിമിതപ്പെടാന്‍ കാരണം. പിന്നെ മറ്റൊരാള്‍ ചെയ്യുന്നതിനെ കഴിയുന്നത്ര ഇകഴത്താനും സ്വന്തം സാന്നിധ്യം അതിനും മേലെ ഉറപ്പിക്കാനുമുള്ള യശ:പ്രാര്ഥികളുടെ യാതൊരു വ്യവസ്ഥയും വെള്ളിയാഴ്ചയുമില്ലാത്ത ഖണ്ഡനകര്മ്മങ്ങളുമെന്നാണ് അയാള്‍ പറയുന്നത്,
സൌഹൃദഭാവമുള്ള ഒരു മനസിനെ സ്വച്ഛമായി കൃത്രിമമില്ലാതെ എഴുതാനാവൂ. കാരണം എഴുത്തെന്നാല്‍ , ആത്യന്തികമായി അത്, സമാനഹൃദയരുമായി ഒരു ചങ്ങാത്തം സ്ഥാപിക്കലാണ്. അതിനപ്പുറം അതിനൊരു ലക്ഷ്യവും നിറവെറ്റാനില്ല എന്നും കൂടിയാണ്. അവരുടെ കൂട്ടത്തില്‍ എഴുതപ്പെട്ട ചില നോവലുകളുടെ പേരുകളും അവയുടെ പ്ലോട്ടും മലയാള സാഹിത്യത്തില്‍ നോവല്‍ രചനാരീതികളിലുള്ള ചില പ്രവണതകളെ ഫലിത രസത്തോടെ, വിമര്‍ശനാത്മകമായി കാണുക എന്നൊരു ലക്ഷ്യത്തോടെയാണ്. “ബിരിയാണി നിര്‍മ്മാണത്തിന്റെ വിവിധ വശങ്ങള് എന്നൊരു നോവല്‍ പിള്ളയുടെതായിയുണ്ട്. അത് മലയാളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു നോവലിലെ ഭക്ഷണനിര്മ്മാണതത്തെ പറ്റിയുള്ള ചര്‍ച്ചകളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതെ നോവലിന് സമാനമായ മെക്സിക്കന്‍ നോവലിന്റെ പരാമര്‍ശം ഒരു സിനിമാറ്റിക് സ്പ്പൂഫിനു സമാനമായ വായനയുണ്ടാക്കുന്നുണ്ട്.
ജീവിതത്തിന്റെ ചാക്രികസഞ്ചാരത്തില് വീണ്ടും വീണ്ടും കണ്ടുമുട്ടുന്നവരാണ് പല കഥാപാത്രങ്ങളും. അവര്‍ പങ്കുവയ്ക്കുന്ന അനുഭവങ്ങള്‍ പലപ്പോഴും പ്രവചനസ്വഭാവമുള്ളതും സമകാലികജീവിതവുമായി സാമ്യമുള്ളതുമാണ്. 2004-ല്‍ എഴുതി 2007-ല്‍ ആദ്യ പതിപ്പ് പുറത്തുവന്ന നോവല്‍ എന്ന നിലയില്‍ അതിശയിപ്പിക്കുന്ന ചിലതുണ്ട്. സന്ദീപ് കെ.പി എന്നയാളുടെ സന്ദീപ് ഈഴവനിലേക്കുള്ള കൂടുമാറ്റം അങ്ങനെ പലതുമുണ്ട് എടുത്തുപറയാന്‍. ഈ കൂടുമാറ്റത്തെ പറ്റി പറയുന്നിടത്തെ ആശയ സംവാദം രണ്ടു പക്ഷത്തിന്റെയും മനോ വ്യാപാരങ്ങളെ ഉള്‍ക്കൊള്ളുന്നുണ്ട്.
കാലത്തെ ക്രമം ചേര്‍ത്താണല്ലോ നാം പറയാറ്. ചക്രമാകുമ്പോള് കറങ്ങിത്തിരിഞ്ഞ് അത് ഒരിക്കല്‍ തുടങ്ങിയ ഇടത്തുതന്നെ ചെന്നുപറ്റണം. ഇപ്പോള്‍ ഏതാണ്ട് ആരംഭബിന്ദുവിനോട് അടുക്കുകയാണ് കാലം. ഔട്ട്ഓഫ് ഫാഷനെന്നു എഴുതിത്തള്ളിയാതൊക്കെ വീണ്ടും ഫാഷനാവുന്നു. വര്‍ഗ്ഗബോധം എന്ന ആശയം കാലഹരണപ്പെട്ടുവെന്നു തിരിച്ചറിഞ്ഞ പുത്തന്‍ നാഗരികത വരാനിരിക്കുന്ന കാലം ജാതിബോധത്തിന്റെതാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നും മാനവികത/ഹ്യൂമനിസം എന്നത് ലോകം മുഴുവന്‍ നറുനിലാവ് പെയ്യിക്കാനാവുമെന്നു വിശ്വസിക്കുന്നില്ല. ശരിക്കും പറഞ്ഞാല്‍ ഒരു സാധാരണ മനുഷ്യന്റെ അതിസാധാരണമായ സ്വകാര്യത മാത്രമാണത്. രതിമൂര്ച്ചയുടെ ആലസ്യത്തില്‍ തന്നെ ചുറ്റിവലയുന്ന ഇണയുടെ കൈ തട്ടിയകറ്റാത്ത സാനുഭാവം, നന്ദിപൂര്‍വ്വം അത് ഉള്‍ക്കൊള്ളുന്ന ഒരു മാനസികാവസ്ഥയിലുപരിയൊന്നും ഞാനതിനെ നിര്‍വ്വചിക്കുന്നില്ല. പക്ഷെ, അത്രെയെങ്കിലും വേണമെന്ന് നിഷ്കര്‍ഷിക്കുന്നു. പറയുന്നുണ്ട് രണ്ടു കഥാപാത്രങ്ങള്‍. ആശയങ്ങള്‍ സ്വയമേ ചേതനയുള്ളതല്ല. പ്രവര്ത്തികതലത്തില് എത്തുമ്പോഴേ – ആശയം എന്ന സ്ഥിതികോര്‍ജ്ജം പ്രവര്‍ത്തിക ഗതികോര്ജ്ജത്തിലേക്ക് വ്യതിയാനപ്പെടുമ്പോഴേ – അതിനു ചേതന കൈവരുന്നുള്ളൂ. നോവലിലെ ഈ വാക്യങ്ങള്‍ കടമെടുത്തു പറഞ്ഞാല്‍ സചേതനങ്ങളായ ഒരു കൂട്ടം ആശയങ്ങളുടെ, അപൂര്‍ണ്ണങ്ങളായ നോവലുകളുടെ (പതിനാലു നോവലുകള്‍ എന്ന് പറയാം) സംഗ്രഹമാണ് അച്യുതം എന്ന നോവല്‍.