മനുഷ്യരെല്ലാം യുദ്ധത്തിലാണ്

വേദന പെരുകുമ്പോൾ,
കാൻസർ ബെഡിൽ ചിരി പടർത്തുന്ന
മറിയുമ്മയെ ഓർമ്മ വരും

വിശക്കുമ്പോൾ,
കടംകേറി
ആറുമക്കളെയും കയ്യിൽ കൊടുത്തു നാടുവിട്ട
ഖാദറൂട്ടിയെയും
പകച്ചു നിന്ന ബിയ്യാത്തുമ്മയെയും
മുന്നിലിരുത്തും .

അവള് മിണ്ടാതായപ്പോൾ,
ചുംബിച്ചു കൊണ്ടിരിക്കുമ്പോൾ
ചൂണ്ടയിൽ കുരുങ്ങിയ മീനുകളെ വരച്ചു കൊണ്ട്
ഒരുമിച്ചൊരു വീടായിട്ടും
മറ്റൊരാളുടെ സ്വന്തമാകേണ്ടി വന്ന
വിശുദ്ധ പ്രണയകഥ വായിക്കും.

നാട് വിടുമ്പോൾ
കുടുംബത്തേയോർത്ത്
മരുഭൂമിയിൽ അടക്കം ചെയ്ത ജീവനുകളുടെ
മണമറിയും.

അവിടെ,
ഒറ്റക്കാവുമ്പോൾ
തണുത്തുറഞ്ഞു
കരക്കടിഞ്ഞ ഐലൻ കുർദി വരും..
വിവേചനത്തിനെതിരെ ശബ്ദിക്കുമ്പോൾ
രോഹിത് വെമുലയെ കാണും..
വർഗ്ഗീയതയുടെ ചിത്രങ്ങളിൽ
ഗുജറാത്ത് തെളിയും
പീഡനങ്ങളെഴുതുമ്പോൾ
കത്വയിലെ ആസിഫയും
ഗസ്സയിലെ കുരുന്നുകളും
ചേർന്ന് നിൽക്കും.

ഒരർത്ഥത്തിൽ
നാളിത് വരെയെണ്ണുമ്പോൾ
ഭൂമിയിലെല്ലാവരും യുദ്ധത്തിലാണ്…
സ്നേഹം വറ്റിക്കൊണ്ടിരിക്കുന്ന മണ്ണിൽ
അനീതിക്കും അക്രങ്ങൾക്കുമിടയിൽ
ജീവിതത്തോടും വിധിയോടുമുള്ള
വലിയൊരു ഏറ്റുമുട്ടലിലാണ്
എല്ലാ മനുഷ്യരും.

കണ്ണൂർ മാണിയൂർ സ്വദേശി, ആനുകാലികങ്ങളിലും, ഓൺലൈനിലും എഴുതുന്നു. ബിരുദാനന്തര വിദ്യാർത്ഥിയാണ്.