മനസ്സിൽ ചാരുന്ന കഥകൾ

രേഖ കെ

ചെറുകഥാ സമാഹാരമായ നിന്നിൽ ചാരുന്ന നേരത്ത്, മാലിനി തീയറ്റേഴ്സ്, രേഖയുടെ കഥകൾ, പ്രകാശ് രാജഉം ഞാനും തുടങ്ങിയവയാണ് പ്രധാന കൃതികൾ.

കേരളം സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യൻ അവാർഡ്, അവനീ ബാലാ സാഹിത്യപുരസ്‍കാരം, ടിവി കൊച്ചുവാവ അവാർഡ്, എസ്ബിടി മാധ്യമ പുരസ്ക്കാരം, വനിതാ പത്രപ്രവർത്തകർക്കുള്ള കേരള സോഷ്യൽ സർവീസ് സൊസൈറ്റി അവാർഡ് എന്നിവ നേടിയിട്ടുണ്ട്.


സ്ത്രീകളുടെ സ്വപ്നങ്ങളാണ് രേഖ കെയുടെ പല കഥകളുടെയും അടിസ്ഥാനം. സ്ത്രീകളുടെ സ്വാതന്ത്ര്യം കഥാകാരിയുടെ മുഖ്യ പ്രമേയമാണ്. നിസ്സഹായരായ മനുഷ്യരുടെ ആകുലതകളും വേദനകളും സ്വപ്നങ്ങളും കൈ തൊടാവുന്ന ദൂരത്ത് എന്ന മട്ടിൽ വായനക്കാരുടെ അടുത്തെത്തിക്കുന്ന കഥകളാണ് രേഖ കെ  എഴുതിയ ‘നിന്നിൽ ചാരുന്ന നേരത്ത് ‘ എന്ന സമാഹാരത്തിലേത്.

സ്ത്രീസ്വാതന്ത്ര്യത്തിന്റെ പ്രതീകവും പ്രതീക്ഷയുമായി പൊട്ട് ഈ സമാഹാരത്തിലെ പല കഥകളിലും ഉപയോഗിച്ചു കാണുന്നു.  “ചുവന്ന പൊട്ടുപോലെ പ്രത്യക്ഷനായ സൂര്യനെ മറിയക്കുട്ടി തീവ്രമായ പ്രേമത്തോടെ നോക്കിക്കൊണ്ടിരിക്കുന്ന സുപ്രഭാതം…”, പൊട്ടു വാങ്ങാൻ അധികാരമില്ലാത്തതിനാൽ പഠിച്ചു ജോലി വാങ്ങുന്ന സുഷമ, “ചുവപ്പ്, കറുപ്പ്, പച്ച, നീല…പൊട്ടുകൾ മരിയക്കുട്ടിക്ക് ഭ്രാന്താണ്….ദീപ്തി സിസ്റ്റർ എറണാകുളത്തു പോയി വരുമ്പോൾ അവൾക്ക് പലമാതിരി പൊട്ടുകൾ അവൾക്കു കൊണ്ട് വന്നു കൊടുക്കാറുണ്ട്.” എന്നിങ്ങനെ ഒരു സ്വതന്ത്ര പ്രഭാതത്തിലേക്കുള്ള ഒരുക്കമായി പൊട്ടിനെ കഥാകാരി കാണുന്നത് മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണ്. സ്നേഹിക്കുന്ന സ്ത്രീകളുടെ ശരീരത്തെ മാത്രമല്ല, സ്വപ്നങ്ങളേയും കാണുക എന്ന് എഴുത്തുകാരി പറയാതെ പറയുന്നു.  എത്ര വയസ്സായാലും സ്വപ്നങ്ങളെ പിന്തുടരാൻ മടിക്കരുതെന്നും ഈ കഥകൾ വായനക്കാരോട് പറയുന്നുണ്ട്.

രേഖയുടെ ചെറുകഥകൾ മലയാളം ഏറെ ആഹ്ലാദത്തോടെ ഏറ്റെടുത്തു കഴിഞ്ഞിട്ടുള്ളതാണ്. ലളിതമായ ഭാഷയും കുറിക്കു കൊള്ളുന്ന നർമ്മവും രചനയിലെ ഒഴുക്കും സചേതനമായ വാക്ചിത്രങ്ങളുണ്ടാക്കുന്നതിലെ മികവും ഈ കഥാകാരിയെ വായനക്കാർക്ക് ഏറെ പ്രിയപ്പെട്ടതാക്കുന്നു.  രേഖയുടെ കഥകൾ മാത്രമല്ല, അനുഭവക്കുറിപ്പുകളും ഒരു കഥ പോലെ തന്നെ വായിച്ചു പോകാവുന്നതാണ്.   ഓരോ കഥകളും കഴിയുമ്പോൾ ഇനിയും ഈ കഥ പറച്ചിൽ തുടർന്നെങ്കിൽ എന്ന് വായനക്കാരെക്കൊണ്ട് ചിന്തിപ്പിക്കും വിധം സമർത്ഥമായാണ് രചന.

‘നിന്നിൽ ചാരുന്ന നേരത്ത് ‘ എന്ന സമാഹാരത്തിലെ പല കുരുക്കുകളിൽ ഒരേ സമയം കുരുങ്ങിയ മരിയക്കുട്ടി എന്ന കന്യാസ്ത്രീ മഠത്തിലെ വേലക്കാരിയുടെ നിസ്സഹായതയുടെ കരളലിയിക്കുന്ന കഥയാണ് ‘ചുവന്ന പൊട്ട്’. കുശുമ്പു നിറഞ്ഞ കന്യാസ്ത്രീ മഠത്തിൽ നിന്ന് മരിയക്കുട്ടി ചാടിപ്പോരുന്നത് അവിടുത്തെ പീഡനം സഹിക്ക വയ്യാതെയൊന്നുമല്ല.  അവൾ സ്നേഹിച്ചിരുന്ന ജോജോ എന്ന ചെറുപ്പക്കാരന്റെ കല്യാണത്തിന്റെ തലേ ദിവസം ആ സ്വപ്നത്തിൽ ഇനിയെങ്കിലും ബാക്കിയുണ്ടോ എന്ന് പൊരുതി നോക്കാനായിരുന്നു. നിർഭാഗ്യം തലയിൽ വെട്ടിയപ്പോൾ ഒരു മാലമോഷണക്കേസിൽ അകപ്പെട്ട് അവൾ പോലീസ് സ്റ്റേഷനിലായി. അവളുടെ ചെറുപ്പമാർന്ന ശരീരം പിച്ചിച്ചീന്താൻ പോലീസുകാർ ക്യൂവിലുണ്ട്.  ഈ രാത്രിയിൽ തന്നെ രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ എന്നവൾ ചിന്തിക്കുന്നു.  പള്ളിയകം തുടക്കുകയും പൂക്കൾ വെക്കുകയും ചെയ്ത ദൈവം തന്നെ രക്ഷിക്കുമോ?  വായനക്കാരുടെ മനസ്സിനെ ആർദ്രമാക്കുന്ന ഈ കഥ മരിയക്കുട്ടിയുടെ നിശബ്ദമായ തേങ്ങലുകൾ അവരുടെ കാതുകളിലേക്കെത്തിക്കുന്നുണ്ട്.  ഉവ്വ്, ഈ മരിയക്കുട്ടിയെ നമ്മളും എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് തോന്നിപ്പിക്കും വിധം സജീവമാക്കിയിട്ടുണ്ട് കഥാകാരി.

“കുടുംബം, കുട്ടികൾ, ഭർത്താവ്, പ്രേമം – എല്ലാം ചിലപ്പോഴെങ്കിലും ചില കുറ്റങ്ങൾക്ക് ലഭിക്കുന്ന ശിക്ഷകളാകുന്നു.”  “ഭാര്യയായതിന്റെ ശിക്ഷയായി ആദ്യം അടുക്കളയും പിന്നെ അടുത്തടുത്ത വർഷങ്ങളിൽ കുട്ടികളുമുണ്ടായി. എന്നൊക്കെ ചിന്തിക്കുന്ന സുജാത എന്ന സ്ത്രീ തന്റെ റിട്ടയര്മെന്റിനു ശേഷം ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തുന്നു.   നാടകമോഹം ഉള്ളിലൊതുക്കിയ അവരുടെ ആത്മാർത്ഥമായ പ്രവൃത്തികളെപ്പോലും നാട്യങ്ങളായേ മറ്റുള്ളവരെടുത്തുള്ളൂ.  തന്റെ സ്വപ്‌നങ്ങൾ ഇപ്പോഴും ബാക്കിയാണെന്നറിയുന്ന അവർ, ആ സ്വപ്നങ്ങളെ പിന്തുടരുന്നതും അതവരെ എവിടെ കൊണ്ടെത്തിക്കും എന്നതുമാണ്  “നടി” എന്ന  സരസമായും അതെ സമയം തീക്ഷ്ണമായും എഴുതിയിരിക്കുന്ന കഥയിൽ നാം കാണുക.

തിരുവനന്തപുരം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ പശ്ചാത്തലത്തിലാണ് ഒഴിവുകാലം എന്ന കഥ ചുരുൾ നിവർത്തുന്നത്.   ചലച്ചിത്ര മേളയിൽ വിലസുന്ന ബുദ്ധിജീവിനാട്യങ്ങളെയും പുരോഗമനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും  പേരിൽ വമ്പു നടിക്കുന്ന വിശാലമനസ്കരുടെ തനി നിറങ്ങളെയും എഴുത്തുകാരി കണക്കിന് പരിഹസിക്കുന്നുണ്ട്.    “നിനക്ക് ചാരിത്ര്യത്തെക്കുറിച്ചൊക്കെ വേവലാതിയുണ്ടോ?” എന്ന ചോദ്യത്തിന്,  “വേവലാതിയുണ്ടോ എന്ന് ചോദിച്ചാൽ, പത്തിരുപത്തെട്ടു കൊല്ലമായി അതെന്നോടൊപ്പമുള്ളതല്ലേ…വെറുതെ കളഞ്ഞു കുളിക്കേണ്ടെന്നുണ്ട്” എന്ന മറുപടി വിഷയങ്ങളെ നിസ്സാരവൽക്കരിക്കുന്ന നാട്യക്കാർക്കുള്ളത് തന്നെയാണ്.  “നല്ലതും ചീത്തയും തിരിച്ചറിയാൻ വലിയ ബുദ്ധിജീവി നാട്യങ്ങളൊന്നും വേണ്ട, രണ്ടു കണ്ണുണ്ടായാൽ മതി” എന്ന് രേഖ ശക്തമായ ഭാഷയിൽ രേഖപ്പെടുത്തുന്നുണ്ട് ഈ കഥയിൽ.   അതേസമയം ഈ മായിക വലയത്തിനുള്ളിലകപ്പെടുന്ന ചില നല്ല മനസ്സുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.  സിനിമകളുടെ കഥകളും അതിലും സജീവമായ കാണികളുടെ കഥകളുമെല്ലാമായി ഈ ഉത്സവമേളം വായനക്കാർ ആസ്വദിക്കും എന്നുറപ്പ്.

“എല്ലാ കാഴ്ചകൾക്കും തുടർച്ചയുണ്ട്, അത് കാണാതെ പോകരുത്.” എന്ന് ‘നിന്നിൽ ചാരുന്ന നേരത്ത് ‘ എന്ന കഥയിൽ രേഖ നമ്മോട് പറയുന്നു.  അനുഭവങ്ങളെക്കാൻ നല്ല ഗുരുനാഥന്മാരെവിടെയാണുള്ളത്?     ദില്ലിയിൽ അധികാരത്തിന്റെ ഉന്നതമായ ഇടനാഴികളിൽ യാത്ര ചെയ്യുന്ന അവറാച്ചൻ നീട്ടുന്ന മോഹവലയിൽ വീണ ഒരു സാധു സ്ത്രീയുടെ കരുതലിന്റെ കഥയാണ് ‘നിന്നിൽ ചാരുന്ന നേരത്ത് ‘.    “തന്ത്രജ്ഞനായ കൊറ്റിയെപ്പോലെ ജീവിതത്തിൽ നിന്ന് സുഖം മാത്രം കൊത്തിയെടുത്ത് അചഞ്ചലനായിരുന്നു അവറാച്ചൻ.”   “ഒന്നു തീരുമാനിച്ചാൽ തീരുമാനിച്ചതാണ്.   ആരൊക്കെ ഒറ്റപ്പെടുത്തിയാലും നശിപ്പിക്കാൻ ശ്രമിച്ചാലും തളരുന്നവനല്ല അവറാച്ചൻ.”  “സ്ത്രീലമ്പടരെ തിരിച്ചറിയാനുള്ള സൂസമ്മയുടെ അളവുകോലായിരുന്നു അവറാച്ചൻ.” എന്നിങ്ങനെ ചുരുക്കം വാചകങ്ങളിലൂടെ തന്നെ കഥാപാത്രസ്വഭാവം വായനക്കാരിലേക്കെത്തിക്കുന്നതിനു എഴുത്തുകാരിക്കുള്ള മിടുക്ക് ഈ കഥയിൽ എടുത്ത് കാണാം.    പ്രവാസത്തിന്റെ ചില നേരറിവുകളിലേക്കും എഴുത്തുകാരി സരസമായ ഒരു വഴി വെട്ടിയിട്ടുണ്ട് ഇതിൽ.   “സമയത്തിന് എത്തിയില്ലെങ്കിൽ ബന്ധുക്കൾ പരിഭവിക്കും എന്നതുകൊണ്ട് പോകുന്നു.  ഒരു മാസം കഴിഞ്ഞു മടങ്ങിപ്പോന്നില്ലെങ്കിലും ബന്ധുക്കൾ പരിഭവിക്കും എന്നതു കൊണ്ട് മടങ്ങിപ്പോരുന്നു.” എന്ന് നിസ്സഹായതയുടെ ഈ ബാധ്യതയെ എത്ര ലളിതമായാണ് എഴുതിയിരിക്കുന്നത്.  ഇതിലെ കഥാപാത്രങ്ങൾ നമ്മുടെ ചുറ്റിലും, എല്ലാ പാർട്ടിയിലുമുണ്ട്.  വിവിധ പീഡന കേസുകളിൽ ഈ അവറാച്ചൻമാരുടെ മുഖം നാം ചാനലുകളിൽ കണ്ടതുമാണ്.

“ചന്ദ്രേട്ടൻ ഇവിടെ നിന്ന് ഒന്ന് പോകണം.  നിങ്ങളിങ്ങനെ കല്ല് പോലെ ഇവിടെയിരുന്നാൽ എനിക്കും നിങ്ങൾക്കും ഭ്രാന്തു പിടിക്കും” എന്നു പറഞ്ഞു കൊണ്ട് മകന്റെ ചികിത്സയ്ക്ക് കൊണ്ടുവന്ന പണത്തിൽ നിന്നെടുത്താണ് മദ്യം വാങ്ങാൻ നൽകിയത്.”   മനുഷ്യന്റെ പ്രതീക്ഷകളെ നിഷ്ക്കരുണം കീറി കുറിക്കുന്ന കാൻസർ എന്ന രോഗത്തിന്റെ അവഗണിക്കാനാവാത്ത ഭീകരമായ സാന്നിധ്യമാണ് രാജാക്കാട് എന്ന കഥയിൽ പറയുന്നത്.    ഹൃദയത്തെ തൊടുന്ന എഴുത്താണ് ഈ കഥയുടെ പ്രത്യേകത.   “വലിയൊരു മരത്തടി നിരങ്ങി നിരങ്ങി വാളിന് കീഴേക്ക് പതുക്കെ എത്തുന്നതുപോലെ പതുക്കെപ്പതുക്കെ വേദനയുടെ മൂർച്ചക്കു കീറാൻ പാകത്തിന് തന്റെ ശരീരത്തെ ചന്ദ്രൻ നീക്കിത്തുടങ്ങി.” എന്ന് എഴുതുന്ന എഴുത്തുകാരിയുടെ അവസാന വരികളുടെ മൂർച്ച വായനക്കാരുടെ ഹൃദയത്തെ കീറി മുറിക്കാനുതകുന്നതാണ്.

അസംതൃപ്തമായ ദാമ്പത്യത്തിനൊടുവിൽ കാമുകനെ തേടിയെത്തിയ ഒരു യുവതിയുടെ കഥയാണ് ഭൂതത്താൻ കോട്ടയിലുള്ളത്.   സുഷമ സ്വപ്നം കാണുന്നത് പലതും നടക്കുന്നു.   ശരീരത്തോട് പ്രണയം തോന്നിയ കാമുകൻ അവളുടെ സ്വപ്നങ്ങളെ വക വെച്ചില്ല.   ഭർത്താവാകട്ടെ അത് അവളെ പീഡിപ്പിക്കാനുള്ള ഉപാധിയുമാക്കി.  ആദ്യമൊക്കെ അടി കൊണ്ടിരുന്ന അവൾ ഇപ്പോൾ തിരിച്ചടിക്കും.   നീട്ടി വളർത്തിയ നഖം കൊണ്ട് അയാളെ നുള്ളി മുറിവേല്പിക്കും.   അവളുടെ സ്വപ്‌നങ്ങൾ പിന്നെയും ബാക്കിയായിരുന്നു.   അവൾക്ക് മറ്റു വഴിയുണ്ടായിരുന്നില്ല.     തീർത്തും വ്യത്യസ്തമായ ഒരു എഴുത്തു ശൈലി രേഖയ്ക്കുണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കഥ.  സ്വപ്നവും യാഥാർഥ്യവും ഇട കലർത്തി മികച്ച നർമത്തിന്റെ മേമ്പൊടി ചാലിച്ച്, പലരും പറയാൻ മടിക്കുന്ന  കാര്യങ്ങൾ സധൈര്യം പറഞ്ഞാണ് ഈ കഥ മുന്നോട്ട് നീങ്ങുന്നത്.

കവിതാത്മകമായി എഴുതിയിരിക്കുന്ന മുരാരി തൃക്കങ്ങോട് – സാഹിത്യനഭസ്സിലെ ഒറ്റക്കിളി, നഷ്ടപ്രായത്തെയും പ്രണയത്തെയും വീണ്ടെടുക്കാൻ ശ്രമിച്ചു പരാജയപ്പെടുന്ന ജമുനയുടെ കഥ പറയുന്ന ‘പ്രണയപരവശേ ശുഭം’ എന്നീ തരക്കേടില്ലാത്ത കഥകളും ഈ സമാഹാരത്തിലുണ്ട്.

ഭാഷയുടെ സൗകുമാര്യവും ലാളിത്യവും ഈ കഥാ സമാഹാരത്തെ വായനക്കാർക്ക് എളുപ്പത്തിൽ വായിക്കാൻ സഹായകമാകുന്നു.   പറയാനുള്ള കാര്യങ്ങൾ ഒട്ടും വളച്ചു കെട്ടലില്ലാതെ കഥാകാരി പറയുന്നു.  മനുഷ്യജീവിതങ്ങളാണ് കഥാനിർമ്മാണത്തിൽ എഴുതുകാരിയുടെ അസംസ്കൃതവസ്തു എന്നതിനാൽ തന്നെ അത് വായനക്കാർക്ക് നെഞ്ചോട് ചേർക്കാവുന്നവയാണ്.   പലയിടത്തും എഴുത്തുകാരി എയ്യുന്ന ഒറ്റ വരികൾ ലക്‌ഷ്യം  ഭേദിക്കുന്ന മൂർച്ചയുള്ള അമ്പുകൾ തന്നെയാണ്.  “കുടുംബം എന്നൊരു ഉണക്കമരത്തിൽ എളുപ്പം ചാരി വെക്കാവുന്ന ഏണി മാത്രമാണ് പെണ്ണുങ്ങളെന്നു വരുത്തിത്തീർത്താൽ എല്ലാമായി.”,  ജോലിയില്ലാത്ത പെണ്ണിന് ഒരു പൊട്ടു പോലും വാങ്ങാൻ അധികാരമില്ലെന്ന് തോന്നിയപ്പോൾ സുജാത ഉറക്കമൊളിച്ചിരുന്നു പഠിച്ച് ഒരു ജോലിയും വാങ്ങി.”  “ചില പെണ്ണുങ്ങൾ കല്യാണമൊക്കെ കഴിഞ്ഞു കാണുമ്പോൾ ഒരു വല്ലാത്ത സദാചാരക്കളിയുണ്ട്.  ഒന്ന് തൊട്ടാൽ ചിലപ്പോൾ പാതിവ്രത്യപ്രതാപമൊക്കെ പറഞ്ഞു ഒന്നടിക്കാനും മതി.”  “അരുതാത്ത പ്രായത്തിൽ താളത്തിൽ കമ്പം കയറിയാല്പിന്നെ താളമേ ഉണ്ടാവില്ല ജീവിതത്തിൽ.” എന്നിങ്ങനെ രചനയുടെ മികവ് വിളിച്ചോതുന്നവയാണ് ഈ ഒറ്റ വരികൾ.

പ്രായത്തിന്റെ കടന്നുപോക്കിൽ ആകുലപ്പെടുന്ന സ്ത്രീയുടെ ആകുലതകൾ ഈ കഥകളിൽ ശക്തമാണ്.  അവർ ഈ പുസ്തകത്തിലെ പല കഥകളിലും വന്നു പോകുന്നുണ്ട്.   “ശരീരം മുപ്പത്തെട്ടിലും മനസ്സ് ഇരുപത്തിലും പ്രദക്ഷിണം വെക്കുന്നതിന്റെ തിക്കുമുട്ടൽ.  ഒന്നും പഴയ പോലെയാകില്ല.” എന്ന് ജമുനയുടെ ശരീരം നെടുവീർപ്പിടുന്നുണ്ട്.    ചെറുപ്പത്തിന്റെ ചൊറുചൊറുക്കും ചൈതന്യവും കഥാകാരിയെ മോഹിപ്പിക്കുന്നുണ്ട്.  “ചാടിവീണു സീറ്റു പിടിക്കാൻ കഴിയാത്ത വിധം പ്രായം അവരെ വരിഞ്ഞുമുറുക്കിയതിന്റെ കെറുവി”നെപ്പറ്റി മരിയക്കുട്ടി അടക്കിച്ചിരിക്കുന്നുണ്ട്.   “ഒന്നു പെറ്റു തീരുമ്പോഴേക്കും ഈ പെണ്ണുങ്ങൾ അഴകിന്റെ സുന്ദരമെത്തയിൽനിന്ന് കൂപ്പു കുത്തുന്നതെന്താവും?”, “ആരും അത്ര സുന്ദരിമാരൊന്നുമല്ലെങ്കിലും ചെറുപ്പത്തിന്റെ ഒരു കരുത്തും ഭംഗിയും അവർക്കുണ്ടായിരുന്നു.   പെൺകുട്ടികളുടെ ഈ ചൈതന്യത്തിന് തീരെ ആയുസ്സില്ല.  അഞ്ചോ പത്തോ കൊല്ലം കൊണ്ട് അതങ്ങു തീരും.”എന്ന് സുഷമ ചിന്തിക്കുന്നുണ്ട്.

എല്ലാ മനുഷ്യരിലുമുള്ള നന്മയുടെ ഒരു ചെറിയ പ്രതീക്ഷയെ രേഖ ചിത്രീകരിക്കുന്നുണ്ട്.  വെട്ടാൻ കൊണ്ടു പോകുന്ന പോത്തിന്റ കണ്ണിലുമുണ്ടാകും പ്രതീക്ഷയുടെ ഒരിറ്റു ജലം എന്ന് പറയുമ്പോൾ ഈ പ്രതീക്ഷ കൊണ്ട് കാര്യമില്ല എന്ന് സൂചന തരുമ്പോഴും അടിസ്ഥാനപരമായി എല്ലാവരിലും ഒരു നന്മയുണ്ട് എന്നു തന്നെയാണ് എഴുത്തുകാരി വിശ്വസിക്കുന്നതെന്ന് തോന്നുന്നു.  സ്വപ്നം കൊണ്ട് സങ്കടങ്ങൾ മാത്രമാണ് കാണാനാവുക എന്നാണോ നീ ചിന്തിക്കുന്നത് എന്ന് കഥാകാരി ചോദിക്കുന്നുണ്ട്.

നിസ്സഹായതയുടെ കോട്ടകൾക്കകത്തും സ്വപ്നങ്ങളും പ്രതീക്ഷകളും നിറയ്ക്കുവാൻ ആഹ്വനം ചെയ്യുന്ന ഈ കഥകൾ ചുവന്ന പൊട്ടു പോലെ പ്രതീക്ഷയുമായി വരുന്ന ഒരു സൂര്യോദയം മുന്നിൽ കാണുന്നുണ്ട്.  ജീവിതത്തിന്റെ നേർചിത്രങ്ങളെ ചിന്തനീയമായും അനുഭവവേദ്യമായും  അവതരിപ്പിക്കുന്ന ‘നിന്നിൽ ചാരുന്ന നേരത്ത്’ വായനക്കാരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുമെന്നുറപ്പ്.

 
 
നിഴൽ യുദ്ധങ്ങൾ, ആ മൺസൂൺ രാത്രിയിൽ എന്നീ നോവലുകളടക്കം നിരവധി പുസ്തകങ്ങളുടെ രചയിതാവ്. 23 വർഷമായി ദുബായിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു.