മണ്മറഞ്ഞുപോയവരുടെ മേൽവിലാസങ്ങൾ

അപ്രതീക്ഷിതമായി
മൺമറഞ്ഞു പോയ
ഒരു ചെറുപ്പക്കാരനോ ചെറുപ്പക്കാരിക്കോ
അപൂർവമായി മുഴുവൻ
മേൽവിലാസവും ലഭിക്കുമ്പോൾ
ഒരു വീടിനെ മൊത്തമായവർ വിഴുങ്ങിക്കളയും.
ഒരായിരം പേരുടെ ഹൃദയത്തെ
അവനവനിൽ തന്നെ കടപുഴക്കിയെറിയും.
വഴിയിലാകെയപ്പോൾ അവരുടെ
കാലടികളെ മാത്രമേ കാണാനാകൂ.

ലോകം അവരുടെ നിഴലിൽ
പൂണ്ടു കിടക്കുമ്പോൾ ദിശ തെറ്റി നമ്മൾ
ദൈവത്തെയെന്ന പോലെ
അവരുടെ നാമമുരുവിടും .
വീടാകെ അവരുടെ ശബ്ദം മുഴക്കിക്കൊണ്ട്
നിറഞ്ഞു കവിഞ്ഞ്
പ്രപഞ്ചത്തോളം വളർന്നിട്ടുണ്ടെന്ന് തോന്നും.

ഒരു നാടാകെ ജീവിച്ചിരുന്നത്
അവരുടെ ഹൃദയമിടിപ്പിലായിരുന്നു എന്ന്
തോന്നിപ്പിക്കും വിധം ജനം മരിച്ചവരാകും.
പലരും പാതി നിർത്തിയ അവരുടെ
ജീവചരിത്രത്തെ അന്നാദ്യമായി വായിക്കും.
അന്നേ ദിവസം ശ്മശാന മൂകതയുടെ
അർത്ഥമെന്തെന്നറിയും .
ആൾക്കൂട്ട വിജനത എന്നത്
മൺമറഞ്ഞു പോയവർ വിഹരിക്കുന്ന
ജന്മഭൂമിയാണെന്ന വിധി പിറക്കുമ്പോൾ
ഓർമയിലൊരു സ്മൃതിമണ്ഡപമുയരും.

അപ്രതീക്ഷിതമായി മണ്മറഞ്ഞു പോയ
ചെറുപ്പക്കാരനോ ചെറുപ്പക്കാരിയോ
മണ്ണിലുറങ്ങുന്നതിനാൽ
ഭൂമിയും വാനവും അവരുടെ
പാട്ടഭൂമിയാണോ എന്ന്
നമ്മൾ സന്ദേഹിക്കുന്ന
സ്വപ്നങ്ങളുള്ള രാത്രികൾ പിറക്കും.
ഉറക്കം കണ്ണിലൂടെ മുറിവിട്ടിറങ്ങി
മണ്മറഞ്ഞവരുടെ ഓർമകളിലൂടെ
അരിച്ചരിച്ചു സഞ്ചരിക്കാൻ തുടങ്ങും.
മരണ ശേഷം അവരുടെ മേൽവിലാസം
പതിഞ്ഞിരിപ്പുള്ള സകലതുമപ്പോൾ
പലകഥകൾ പറയുവാൻ തുടങ്ങും.

ഇതവളുടെ /അവന്റെ
പ്രിയമേറിയ ഉടുപ്പുടവയായിരുന്നു എന്ന്
പതം പറഞ്ഞു കരഞ്ഞവർ
നിഷ്കരുണമവ കരിച്ചു കളയും.
ആർക്കാവും
മണ്മറഞ്ഞു പോയൊരുവളുടെ/ഒരുവന്റെ
ഉടുപ്പുടവയുടുത്ത്
ഉത്സവത്തിന് പോകാൻ കഴിയുക?
അവളുടെ നിറം മങ്ങിയ
ചാന്ത് കൊണ്ട് മറ്റൊരു നെറ്റിയിൽ
വീണ്ടുമൊരു സൂര്യനെ
ഉദിപ്പിക്കാൻ കഴിയുക?
കരിഞ്ഞു ചാമ്പലായ അവളുടെ
കിനാക്കൾ കൊണ്ട്
കൂട്ടിക്കുഴച്ച കണ്മഷിയെഴുതി
സ്വപ്നങ്ങളെ ഫലിപ്പിക്കാൻ കഴിയുക?
വളകളുടെയും കൊലുസിന്റെയും
താളത്തിനൊത്ത് ചുവട് വെച്ച്
പൊട്ടാതവ സൂക്ഷിക്കുവാൻ കഴിയുക?

ആരെടുക്കും,
അപ്രതീക്ഷിതമായി മണ്മറഞ്ഞു പോയ
ചെറുക്കാരന്റെയോ ചെറുപ്പക്കാരിയുടെയോ
അവയങ്ങളെപ്പോലെ അത്രവേഗമൊന്നും
വിൽക്കപ്പെടാത്ത മേൽവിലാസമില്ലാത്ത
അചേതന വസ്തുക്കളെ ?

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു