
അവർ
രണ്ടുപേരാണ്,
ഒരാൾക്ക് സ്ഥിരതയില്ല,
മറ്റൊരാൾക്ക് ഭാരം സഹിക്കാനാവില്ല.
ഒരാൾക്ക്
ഡാറ്റ തീരുന്ന ഫോണും,
മറ്റൊരാൾക്ക്
ചാർജർ പോലുമില്ലാത്ത സ്വപ്നങ്ങളും.
കാറ്റ് വന്നു,
മണ്ണാങ്കട്ട പറഞ്ഞു:
ട്രോളുകളും
ട്രെൻഡുകളുംകൊണ്ട്
നിനക്ക് ഇവിടെ
നിലനിൽപ്പില്ലെന്നറിഞ്ഞപ്പോൾ
ഞാൻ
നിന്റെ മുകളിൽ
നിശ്ശബ്ദമായി ഇരുന്നു,
നീ വൈറലാകാതിരിക്കാൻ.
മഴ വന്നു,
കരിയില പറഞ്ഞു:
EMIകളും
നേരംതെറ്റിയ
ജീവിത തീരുമാനങ്ങളും
അലിഞ്ഞുപോകാൻ
തുടങ്ങുമ്പോൾ
നീ എന്നെ
നിന്റെ ചുളിവുള്ള ശരീരത്തിൽ
മൂടിപ്പിടിച്ചു;
തകരാതിരിക്കാൻ.
നമ്മൾ വലിയവരല്ല.
ബ്രാൻഡുകളില്ല,
ബ്ലൂപ്രിന്റുകളില്ല,
ബയോയിൽ
തിളങ്ങുന്ന വാക്കുകളില്ല.
പക്ഷേ
ഒരാൾ വീഴുമ്പോൾ
മറ്റൊരാൾ “seen” ചെയ്ത്
നടന്നുപോകാത്തത്ര മനുഷ്യരാണ്.
കാശി എത്തണോ,
ഇല്ലയോ;
അത് വേറെ വിഷയം.
ഇവിടെ,
ഈ റോഡിൽ,
കാറ്റിലും മഴയിലും
പരസ്പരം
ഒരാൾ മറ്റൊരാളായി
നിൽക്കുന്നതാണ്
ഇന്നത്തെ
ഏറ്റവും വലിയ
റാഡിക്കൽ രാഷ്ട്രീയം.









