ഭ്രാന്ത്

ഭ്രാന്തനെന്നെന്നെ വിളിക്കുവാൻ മാത്രം
ഭ്രാന്തെനിക്കുണ്ടോ അതാണെൻറ സംശയം
ഭ്രാന്തമായ് തോന്നുമീ ലോകത്തെ നോക്കി
ഭ്രാന്തമായൊന്നു ചിരിച്ചതോ കുറ്റം

ഞാൻ മാത്രം, ഏകനായ് തീർന്നൊരീ ലോകത്ത്
ഏകാകിയായി നടന്നതോ കുറ്റം
അക്ഷരമെല്ലാം പഠിച്ചവൻ ഞാൻ
ഒരക്ഷരം മിണ്ടാതിരുന്നതോ കുറ്റം

മാറിയുടുക്കാൻ വസ്ത്രമില്ലാത്ത ഞാൻ,
വസ്ത്രം മാറാതെ തന്നെ നടന്നതോ കുറ്റം
ഭ്രാന്തനെന്നെന്നെ വിളിക്കുവാൻ മാത്രം
ഭ്രാന്തെനിക്കുണ്ടോ അതാണെൻറ സംശയം

അജ്ഞതപേറും മനുഷൃരെ നോക്കി
അജ്ഞനെന്നുച്ചെ വിളിച്ചതോ കുറ്റം
കുറ്റങ്ങൾ മാത്രം ചെയ്യുന്നൊരുത്തനെ
കുറ്റവാളിയെപ്പോലെ കണ്ടതോ കുറ്റം

അക്രമിക്കാനടുത്തുവരും നേരം
അക്രമാസക്തനായതോ കുറ്റം
കുറ്റങ്ങളേതു മില്ലാത്തവൻ ഞാൻ
അതുച്ചത്തിലൊന്നു പറഞ്ഞതോ കുറ്റം

എന്താണു കുറ്റമെന്നുച്ചെ പറയാൻ
ഉൾക്കരുത്തെന്നിൽ നിറഞ്ഞതോ കുറ്റം
ഭ്രാന്തനെന്നെന്നെ വിളിക്കുവാൻ മാത്രം
ഭ്രാന്തെനിക്കുണ്ടോ അതാണെൻറ സംശയം

വൈക്കം ടിവി പുരം സ്വദേശി. മഹാരാഷ്ട്രയിൽ സ്ഥിരതാമസം .