ഭ്രമിപ്പിക്കുന്ന സ്വപ്നങ്ങൾ

മറുകരയെത്താൻ ആറ്റുവക്കിലെ വഞ്ചിയിലേറി തോണിക്കാരനെത്താതെ വഞ്ചിയിൽ തന്നെ അവൻഇരുന്നു . ചില്ലിക്കാടിനിടയിലൂടെ അയാൾ പടർപ്പുകൾ നീക്കി എത്തുമെന്ന കണ്ണുകളുടെ പ്രതീക്ഷ ആ കാഴ്ച്ചയ്ക്കായ് അവിടേയ്ക്ക് തന്നെ ലക്ഷ്യമുറപ്പിച്ചിരുന്നു. പകല് മയങ്ങുന്നു ഇരുട്ട് ആവേശം പൂണ്ട് ഓടിയെത്തുന്നു ആളാരവമോ ഉരിയാടാനാരുമോ ഇല്ലാതെ തനിച്ചിരുന്ന് ഉറക്കെ വിളിച്ചു തോണിക്കാരാ …

വിളികേൾക്കാനാരുമില്ല.

ഈ കരയെ വെറുത്തുതുടങ്ങിയിരു നാളേറെയായിട്ട് . മറുകരയിലേക്ക്കൈപിടിക്കാൻ ആരുമെത്തില്ലേ ? പരവശത കൂടുന്നു.

ഈ ഇരുട്ടിനെ ഭയന്നു തുടങ്ങിയിരിക്കുന്നു . ആഴമറിയാത്ത പുഴ നീന്താനാവില്ല. ഈ ജന്മം മുഴുവൻ ഈ കരയുടെ മടുപ്പിക്കുന്ന ഗന്ധവും ചിന്തയും പേറി ഒടുങ്ങുകയോ വയ്യ. വിരഹത്തിന്റെചൂടുപോലെ കണ്ണുകൾ നിറഞ്ഞൊഴുകി. ഉമിനീര് വിക്കി ഇടറിയ ശബ്ദ്ദം വീണ്ടും ഉയർത്താൻ ശ്രമിച്ചു

ആരും കേൾക്കുന്നില്ല, ആളറിയുന്നില്ല. വെളിച്ചത്തിന്റെ കണികപോലുമില്ല. മൂകമായ അന്തകാരം ചുറ്റും എനി വയ്യ എന്റെ മരണമേ നീ വന്ന് കൂട്ടൂ എന്നെ ഒരു പഴുതുമില്ലാതെ . പുറത്തേക്ക് വരാത്ത ശബ്ദ്ദത്തെ ഉച്ചകൂട്ടി അവൻ. ഇല്ല ശബ്ദ്ദമില്ല, ആരും കേൾക്കുന്നില്ല .

ഇരുട്ടിന്റെ ഇടവഴിയിൽ നിന്ന് അവന്റെ ചുമലിലേക്ക് നീണ്ട കൈ അവനെ തട്ടിവിളിച്ചു ‘സിദ്ധാർത്ഥ’ .

കൂരിരുട്ടിന്റെ വിജനതയിൽ ആര് …..?

ഭയം ബോധത്തെ മറയ്ക്കുന്നു. തനിച്ചായി പോയവന് പൊരുത്തപ്പെടൽ അസാധ്യമാണ് എന്നു തോന്നുന്നു. ഇറുക്കിയടച്ച കണ്ണുകൾ തുറക്കാതെ അവൻ തിരക്കി ആരാണ് നിങ്ങൾ .

ചോദ്യോത്തരം പോലെ ഞാൻ നിന്നെ മറുകരയ്ക്ക് കൈപിടിക്കാൻ വന്നവളാണ് .

ആരാണ് നീ …?

ഞാൻ അജാന …

അജാനയോ നിങ്ങൾക്ക് എങ്ങനെ എന്നെ അറിയാം , ഞാൻ ആദ്യമായി കേൾക്കുന്ന പേരാണ് .

സിദ്ധാർത്ഥ നിന്നെ പോലെ മറുകരയെത്താൻ കൊതിച്ചവളാണ് ഞാൻ. മൂടിക്കെട്ടിയ അന്ധകാരത്തിൽ സ്വയം അവസാനിച്ചവൾ. ഈ കരയിൽ നീ നെയ്ത സ്വപ്നങ്ങൾ ഒരിക്കലും തീർന്നുപോകുന്നില്ല . സ്വയം അറിയാൻ ശ്രമിക്കൂ ….

അജാനയുടെ വാക്കുകൾ ബോധമണ്ഡലം തുറന്നതുപോലെ. അവസാനിക്കും എന്നുകരുതിയിടത്തുനിന്നും പുതിയ വെളിച്ചം കിട്ടിയ ഒരു തോന്നൽ. എവിടെയെന്നില്ലാതെ അലഞ്ഞ മനസ്സ് പെട്ടന്ന് കൂടടഞ്ഞു.

പാതിവഴിൽ ഇറങ്ങേണ്ടിവരിക. വയ്യ എങ്കിലും തിരികെ ഒന്നു ചിന്തിച്ചു തന്റെ വരവും കാത്ത് ഉമ്മറത്ത് മണ്ണെണ്ണവിളക്കിന്റെ വെട്ടവുമായി കാത്തിരിക്കുന്ന അമ്മയുടെ മുഖം തെളിഞ്ഞുവന്നു. ഓലമിടഞ്ഞും, തുണിയലക്കിയും ഒരായുസ്സിൽ ചെയ്യാവുന്ന എല്ലാ ജോലിയുമെടുത്ത് തന്നെവളർത്തിയ അമ്മ ഇന്ന് അവശയായി തൊലിചുളുങ്ങിയ ശരീരശേഷി കുറഞ്ഞ് രോഗിയായി മാറി. തനിക്ക് ഈ ഭൂമിയിൽ സ്വന്തമെന്ന് പറയാൻ വേറെ ആരുണ്ട് ആ കൈകൾകൊണ്ട് ഒന്ന് തലോടുമ്പോൾ തനിക്കുണ്ടാകുന്ന ആശ്വാസം എല്ലാം ഓർമ്മിച്ചെടുത്തു.

കണ്ണുകൾ മെല്ലെതുറന്ന് സിദ്ധാർത്ഥൻ അവളോട് പറഞ്ഞുതുടങ്ങി സമൂഹ വ്യവഹാരങ്ങളോട് തോറ്റുപോയവനാണ് ഞാൻ, ചുറ്റുമുള്ള എല്ലാവരും സ്വന്തമാണെന്ന് കരുതിയവൻ.. എന്റെ അമ്മയെപ്പോലെ എല്ലാവരെയും വിശ്വസിച്ചു

ഞാൻ എല്ലായിടത്തും ചതിക്കപ്പെടുകയായിരുന്നു. ആരെയും പറ്റിക്കാൻ എനിക്ക് അറിയില്ല അജാനാ. സങ്കടം തിങ്ങുമ്പോൾ ഞാൻ കരഞ്ഞുപോകും ഇപ്പോഴും നിന്നെയും ഞാൻ വിശ്വസിച്ചുപോകുന്നു .

നിറഞ്ഞ കണ്ണുകളെ തുടച്ചുകൊണ്ട് അവൻ തുടർന്നു. കണ്ണുനിറഞ്ഞാൽ ഇമോഷൽ ഡ്രാമയെന്ന് ഉറ്റവർവരെ കുറ്റപ്പെടുത്തുന്നു. ആണല്ലേ നാണമില്ലേ …..

പലരുടെയും വാക്കുകൾ. ആണായതുകൊണ്ട് മനസ്സുണ്ടാവല്ലെന്നോ വേദനവന്നാൽ കരയരുതെന്നോ … ഏത് ലോകത്തിന്റെ കാഴ്ച്ചപ്പാടാണ് മനസ്സിലാവുന്നില്ല. അവൻ വീണ്ടും വിതുമ്പി വാക്കുകൾ മുറിഞ്ഞുതുടങ്ങിയിരിക്കുന്നു .

അവൾ മെല്ലെ അവന്റെ അരികിലെത്തി ചുമലിൽ പിടിച്ച് കണ്ണുനീരൊപ്പി അവന്റെ മുടിയിഴകളിൽ വിരലുകളോടിച്ച് പറഞ്ഞുതുടങ്ങി .

സിദ്ധാർത്ഥ… നീ ഇനിയും ഈ കരയുടെ കരമായി നിറഞ്ഞ മനസ്സോടെ ആകാശത്തോളം ഉയരത്തിൽ പറക്കണം. നിന്റെ ചിറകുകളായി ഞാനുണ്ടാകും എന്നും കൂടെ. വരൂ നമ്മുക്ക് വീട്ടിലേക്ക് മടങ്ങാം ചിന്തകളിലെ ഇരുട്ടിനെ മാറ്റി സ്വന്തമായുള്ളതെല്ലാം ചേർത്ത് പിടിക്കൂ .

അവന്റെ ആശ്വാസത്തിന് അതിർവരമ്പുകളില്ലാത്ത വാക്കുകളായിരുന്നു അത്. ജീവിതത്തിൽ പരാജയങ്ങൾ മാത്രം എന്നും എല്ലാം ഒന്നിനൊന്ന് കാഠിന്യം കൂടിയവ പരാജയങ്ങളിൽ നിന്നും പരാജയങ്ങളിലേക്കുള്ള പോകുമ്പോൾ കരുത്ത് കൂടും എന്നത് വെറുതെയാണ്. അങ്ങനെ യാത്രചെയ്തവർക്കേ അതിന്റെ ശരിയായ കയ്പ്പ് രുചിക്കാനാകൂ .

വാക്കിന്റെ മധുരത്തിൽ അജാനയെക്കൂട്ടി ആ ഇരുട്ടിനെ വകഞ്ഞു മാറ്റി പ്രതീക്ഷയുടെ പുതിയ പ്രകാശത്തോടെ അവൻ നടന്നു. അവളപ്പോഴും പറഞ്ഞുകൊണ്ടെയിരുന്നു ”നീ ആകാശത്തോളം പറന്നുയരും ഭൂമി നിന്നെ പ്രാണനായി ചേർത്തുവയ്ക്കും ”

ഒരു കഥവായിച്ചുതീരും സന്തോഷത്തോടെ വീടിന്റെ പടികൾ കയറിയ അവൻ തിരിഞ്ഞുനിന്ന് അജാനയെ നോക്കി

പിന്നിലാരുമില്ല .

ആ ഇരുട്ടിലേക്ക് നോക്കി അവൻ വിളിച്ചു അജാനാ …

ആരും വിളികേട്ടില്ല …

ഇടറിയ ശബ്ദത്തിൽ വീണ്ടും ഉച്ചത്തിൽ വിളിച്ചു അജാനാ …

ആരും വിളികേൾക്കാനില്ല . ശബ്ദം ഇനിയും പൊന്തുന്നില്ല വെട്ടിവിയർക്കുന്നു ചുണ്ടുകൾ ഉണങ്ങി വരണ്ട് ദാഹം അധികരിക്കുന്നു.

എവിടേയ്ക്കോ താൻ തെറിച്ചു വീഴുന്നപോലെ വീഴ്ച്ചയുടെ വേദനയിൽ ഞെട്ടിയുണർന്നപ്പോഴാണ് അവന്റെ സ്വപ്നസഞ്ചാരത്തിന്റെ തീവ്രത അറിഞ്ഞത്. എഴുന്നേറ്റ് വെള്ളം കുടിച്ച് രാത്രിയിൽ എഴുതിക്കൂട്ടിയ ആത്മഹത്യാ കുറിപ്പിനെ വലിച്ചുകീറി ….

ആരുമില്ലാത്തവർ വീണുപോകുന്നിടത്ത് ആരെങ്കിലും ഒക്കെ എത്തുമായിരിക്കും. ദൈവമോ, സാത്താനോ ആരെങ്കിലും. തുഴയില്ലാത്ത വഞ്ചിതന്നെയാണ് ജീവിതം. തുഴഞാൻ തന്നെ കണ്ടെത്തണം. മനസ്സിൽ അജാനയെ പതിപ്പിച്ച് നേരം പുലർത്തി.

പുതിയപ്രഭാതം കണ്ടപ്പോൾ അവന് അവന്റെ വഴികളെ ഓർത്തെടുക്കാനായി ഒടുങ്ങിപ്പോവാൻ ആർക്കുമാകും. ഒടുങ്ങേണ്ടി വന്നാലും ഒരൊറ്റ ചിന്തകൊണ്ട് ജീവിക്കാൻ അവൻ തീരുമാനിച്ചു .

പലകുറി താൻ കണ്ട സ്വപ്നങ്ങളല്ല യാഥാർത്ഥ്യങ്ങൾ, സ്വപ്നങ്ങൾ ഭ്രമമാണ്, അതേപോലെ ഭ്രമിപ്പിക്കാലാണ് വാക്കുകളും. ജീവിതത്തിൽ എല്ലാവരും സ്വാർത്ഥരും നിലനില്പ്പിന് വേണ്ടി പലരും ഇടവേളകളിൽ കയറിവന്ന് ഇറങ്ങിപ്പോകും. അപ്പോഴും ഒരേപോലെ നില്ക്കാനാകണം പണ്ടെന്നോ പഠിച്ച കുട്ടിക്കവിതപോലെ ”കാക്ക പാറിവന്നു പാറമേലിരുന്നു കാക്ക പാറിപ്പോയി പാറ ബാക്കിയായി ”. അവിടെ ആർക്കും നഷ്ടങ്ങളില്ല ….

ഈശ്വരാ, ഈ കൊച്ചു വരികൾ ഇത്ര അർത്ഥവത്തായിരുന്നോ സിദ്ധാർത്ഥൻ നെടുവീർപ്പിട്ടു. പുതിയ ജീവശ്വാസത്തെ ആവാഹിച്ച് പുഞ്ചിരിയോടെ അമ്മയെ അടക്കിപിച്ച് ഒരു ഉമ്മകൊടുത്തു . ത്യാഗം കൊണ്ട് ഉറച്ച, വാത്സല്യം കൊണ്ട് ആകാശമായ അമ്മയുടെ തണലിലാണ് ഞാൻ ഞാനാകുന്നത്. മറ്റെല്ലാം വെറും സ്വപ്നം മാത്രം.

പത്തനംതിട്ട ജില്ലയിൽ റാന്നി സ്വദേശി. ഒരു ആയുർവ്വേദ സ്ഥാപനത്തിൽ ഓഫീസ് ജോലി ചെയ്യുന്നു .