ഭാഷയിൽ വലഞ്ഞ പ്രവാസത്തിന്റെ പ്രാരംഭദശ

‘ഒരു കിഴവന്റെ വായിലെ പല്ലിൻ നിര പോലെയാണു സംസാരഭാഷ. വാചകങ്ങൾക്കിടയിൽ വാക്കുകൾ ചാഞ്ഞും ചരിഞ്ഞും കിടന്ന് വിടവുകളുണ്ടാക്കും.’
-എം മുകുന്ദൻ

‘ഇംഗ്ലീഷ് ഛോടോ, ഹിന്ദി ബോലോ ‘ എന്ന അധികാര രാഷ്ട്രീയത്തിന്റെ അട്ടഹാസം കേട്ടപ്പോഴാണ് പ്രവാസത്തിന്റെ പ്രാരംഭദശയും അന്നനുഭവിച്ച ഭാഷാ പ്രതിസന്ധിയും ഒന്നിച്ച് അണപൊട്ടിയത്.

അറബിഭാഷയിൽ നിന്നല്പം രുചിച്ച് ഗൾഫിൽ വിമാനമിറങ്ങിയപ്പോൾ മുന്നിലുള്ളത് വിസ്മയത്തിന്റെ പുതിയ ലോകമായിരുന്നു.

എങ്ങും അറബിക്കിൽ ഭംഗിയുള്ള കിടിലൻ ബോർഡുകൾ… അറബി അക്ഷരങ്ങളെ താങ്ങി നിറുത്തുന്ന തൂണുപോലെ ഇംഗ്ലീഷിൽ അവയുടെ മൊഴിമാറ്റം!

നാട്ടിൽ അരികുവൽക്കരിക്കപ്പെട്ട ഒരു ഭാഷ അസാധ്യമായ തിളക്കവും തലയെടുപ്പും കാട്ടി ജ്വലിച്ചു നിൽക്കുന്നത് ഉള്ളിലുണ്ടാക്കിയ അമ്പരപ്പ് കുറച്ച് ദൈർഘ്യമുള്ളതായി. പുസ്തകങ്ങളിൽ മാത്രം പതുങ്ങിക്കിടന്നിരുന്ന ഭാഷയ്ക്ക് ജീവൻ വച്ച മരുദേശത്താണ് ജീവിതാനന്ദം തേടിയ വിരുന്നുകാരനായത്.

അറബിക്കിൽ തിളങ്ങുന്ന വലിയ പരസ്യ ബോർഡുകൾ അതിനു മുമ്പ് കണ്ടിട്ടില്ല. രാത്രി കലിഗ്രഫിയുടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചപ്പൂരമാണ്. പളപളപ്പുള്ള പലതും വായിച്ചെടുക്കാൻ കണ്ണും കരളും വട്ടം പിടിക്കേണ്ടി വന്നു.

പണ്ടൊരു കല്യാണ വീടിന്റെ കവാടത്തിൽ ‘ വെൽക്കം ‘ എന്നു അറബ് ലിപിയിൽ എഴുതിയ കഥ ഒരു ഭാഷാധ്യാപകൻ പങ്കുവച്ചിരുന്നു. ഭാഷയറിയുന്നവർ അതു ‘വയ്ലകും’ ( നിങ്ങൾക്കു നാശം) എന്നു വായിച്ച്, ബിരിയാണി തട്ടി വീട്ടുകാർക്ക് സർവനാശമാശംസിച്ചു പോയ രസക്കഥ!

മുന്നിൽ തെളിയുന്ന ബോഡുകളെല്ലാം താളത്തിൽ വായിച്ചാണു ഒന്നര കിലോമീറ്റർ ദൂരമുള്ള ജോലി സ്ഥലത്തേക്ക് നടന്നു പോയിരുന്നത്. കത്തുന്ന വെയിൽ മുഖത്തേക്ക് തട്ടുന്നതു തടയാൻ ഒരു തൊപ്പി ‘സൺ ഷേയ്ഡ്’ ആക്കിയാണ് നടത്തം.

ഐസ് ക്രീം എന്നത് ‘അയ്സുൻ കരീമുൻ ‘ എന്നു പൂർണാശയം കിട്ടുന്ന പോലെ വായിച്ച് സ്വയം ‘സീബവയ്ഹി’യായി ചമയുകയും ചിരിക്കുകയും ചെയ്തിട്ടുണ്ട്.

ആദ്യദിവസം ജോലി സ്ഥലത്ത് എത്തിയതു അന്യഗൃഹ ജീവിയെപ്പോലെയായിരുന്നു. നില്പിലും നടപ്പിലുമെല്ലാം നാട്ടുമണം മാറാതെ നിൽക്കുന്ന എന്നെ ഖുബ്ബൂസും ഫ്രീസ്ഡ് ചിക്കനും തിന്നു തടിച്ചു കൊഴുത്തവരും ഇരുത്തം വന്നവരുമായ സീനിയർ സ്റ്റാഫ് കണ്ണു തുറുപ്പിച്ചു നോക്കുന്നുണ്ട്.

ചുണ്ടിൽ എരിയുന്ന സിഗരറ്റും വളച്ചുവച്ച മീശയും അതും തികയാഞ്ഞ് ഗൗരവം കൂട്ടാൻ ഒരു കണ്ണട കൂടി വച്ച വയോധികനായ ഉദ്യോഗസ്ഥൻ ഒച്ചവച്ചാണു ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നത്. കാണുന്നവരോടൊക്കെ കടം വാങ്ങുന്നതു പുകവലി പോലെ അദ്ദേഹത്തിനു ശീലമായിരുന്നു. ഓരോ മാസവും കിട്ടുന്ന വേതനം വായ്പയടച്ച് , അടുത്ത മാസം ആഗതമാകുന്നതു ക്ഷമയോടെ
കാത്തിരിക്കും.

ഭാര്യയുടെ കത്ത് വന്നാൽ അതു തുറന്നു വായിക്കാൻ തുനിയാതെ ഒരു വാനനിരീക്ഷകനെപ്പോലെ സൂര്യപ്രകാശത്തിനു നേർക്ക് ഉയർത്തും. നനഞ്ഞ വസ്ത്രത്തിനുള്ളിൽ നിന്നും അവയവങ്ങൾ പുറത്തേക്ക് തുടിക്കുന്ന പോലെ കത്തിലെ അക്ഷരങ്ങൾ ഒരു കേസന്വേഷകന്റെ ഭാവഹാദികളോടെയാണ് വായിച്ചെടുക്കുക. ഒടുവിൽ കത്ത് ചുരുട്ടിക്കൂട്ടി വായ് തുറന്നു നിൽക്കുന്ന ചവറുപ്പെട്ടിയിലേക്കിടും.

‘ഇതൊക്കെ എന്തോന്ന് വായിക്കാനാ.. 5000 രൂപ അവൾക്കയച്ചുകൊടുക്കുക, അത്ര തന്നെ ‘ ഈ പ്രസ്താവനയോടെയാണ് ആ കർമം നിർവഹിക്കുക. ഭാര്യയുടെ കത്ത് കിട്ടിയാൽ ആർത്തിയോടെ വായിച്ചിരുന്ന ഞങ്ങളുടെ മുൻപിൽ വച്ചുള്ള ആ കൃത്യം ഒരു അരുംകൊല ആയിട്ടാണ് അനുഭവപ്പെട്ടിരുന്നത്. എന്നാൽ, അദ്ദേഹത്തിന് അത് വലിയൊരു വിശുദ്ധ ആചാരം പൂർത്തിയാക്കിയ നിർവൃതി നൽകിയിരുന്നു. ഒന്നും സംഭവിക്കാത്ത പോലെ അടുത്ത സിഗരറ്റിനു തീ കൊളുത്തി പുകച്ചുരുൾ പുറത്ത് വിട്ട് അദ്ദേഹം ഓഫീസ് കവാടത്തിലെ കുന്തിരിക്കമായി പുകയും. പുറന്തള്ളുന്ന ഓരോ പുകച്ചുരുളും ഉള്ളിലെ സമ്മർദങ്ങളുടെ അവശിഷ്ടങ്ങളായിരുന്നു.

പുതിയ ജോലിക്കാരെ സീനിയറായ സ്റ്റാഫുകൾ റാഗിങിനു വിധേയമാക്കുന്ന പതിവുണ്ട്. ചിലപ്പോൾ അതൊരു ഉഴിഞ്ഞ നോട്ടം കൊണ്ടാകാം, അല്ലെങ്കിൽ ചിരി (ഇളി) യാകാം , അതുമല്ലെങ്കിൽ അവഗണനയുമാകാം. ഓരോരുത്തരുടെ സ്വതസിദ്ധ ശൈലിയാണതിനു സൗകര്യപൂർവം എടുത്ത് പ്രയോഗിക്കുക. ജോലി കഴിഞ്ഞ് ബച്ച്ലേഴ്സ് തമ്പിടിച്ച താമസയിടത്തും ഇതേ മാനദണ്ഡത്തിലുള്ള പ്രതിസന്ധികൾ പുത്തൻ പ്രവാസി അനവരതം അഭിമുഖീകരിക്കേണ്ടി വരും.

ജോലി വിധിക്കപ്പെട്ട സ്ഥാപനത്തിന്റെ സ്പോൺസറായ അറബിയായിരുന്നു മറ്റൊരതിശയം. ഏഷ്യൻ രാജ്യക്കാരനാണെന്നു വ്യക്തമായാൽ ആരോടും തനി നാടൻ ഉറുദു മിശ്രിത ഹിന്ദി സംസാരിക്കുന്ന നിർദോഷിയായ ഒരു തദ്ദേശി. തനി ഏറനാടൻ മലയാളം മാത്രം കൈമുതലുള്ള എന്റെ നേർക്കും ഹിന്ദിയിൽ വാചാലാനാകാൻ കച്ചകെട്ടി അദ്ദേഹം ഓഫീസിലെ ഏക ചാരുകസേരയിൽ അമർന്നിരുന്നു.

ഹിന്ദിപദങ്ങൾ പറയുന്നതു കേട്ടാൽ അദ്ദേഹത്തിനു ഇന്ന് മഹാരാഷ്ട്രയിൽ പോയി എംബിബിഎസ് എഴുതാൻ പോലും സാധിക്കും. കമുകിൽ തളപ്പ് കെട്ടി വച്ച പോലുള്ള പാന്റും ബെൽറ്റും കെട്ടി നിൽക്കുന്ന എന്നെ കണ്ട മാത്രയിൽ വടിവൊത്ത ഹിന്ദിയിൽ അദ്ദേഹം ചോദിച്ചു

‘ തുമാരാ നാം ക്യാ ഹെ ‘?

എണ്ണിച്ചുട്ട ഹിന്ദി സിനിമ മാത്രം കണ്ടതിൽ നിന്നാർജിച്ചെടുത്ത ഭാഷാശേഷി മുഴുവൻ ആവാ ഹിച്ചെടുത്ത് ഞാൻ അറബിയുടെ അനറബി ഭാഷയ്ക്ക് ഒറ്റ വാക്യത്തിൽ ഗ്രാമർ കൂർപ്പിച്ച് ഉത്തരം പറഞ്ഞു.

‘മേ രാ നാം മുജീബ് ഹെ ‘

മുജീബ് അറബി പദമാണെങ്കിലും അത്തരം പദങ്ങളൊന്നും അറബ് സമൂഹം കുട്ടികൾക്ക് പേരിടാറില്ല.

ഒരു ഇന്റർവ്യൂ ബോർഡിനു മുന്നിൽ ശരിയുത്തരം പറഞ്ഞ ഗർവോടെ നിൽക്കുന്ന എന്നെ പിടിച്ച് കുലുക്കുന്ന അടുത്ത ചോദ്യം കേട്ട് ആ ടൈപ്പിങ് ഓഫീസ് കിടുങ്ങി.

‘തും കിദർ കാം കിയാ പഹലെ ‘?

എന്റെ പേരിന് ‘ ഉത്തരം പറയുന്നവൻ’ എന്നർഥമുണ്ടെങ്കിലും ഉത്തരം മുട്ടി അക്ഷരാർഥത്തിൽ വെള്ളത്തിനു ദാഹിച്ച അവസ്ഥയിലായി. മരുഭൂമിയിൽ വഴിയറിയാതെ ഉഴറിയ പഥികനെപ്പോലെ നാലു വഴിക്കും പരസഹായത്തിനായി ദയനീയമായി നോക്കി. ആവനാഴിയിൽ ആകെയുണ്ടായിരുന്ന ഭാഷാശകലമാണ് അദ്ദേഹത്തിനു മുന്നിൽ നേരത്തെ ഇട്ടു കൊടുത്തത്. അതിന്മേൽ അവസാനിക്കുമെന്ന് കണക്ക് കൂട്ടിയ എന്റെ മുന്നിലേക്കാണ് അദ്ദേഹം വീണ്ടും വാക്കുകളുടെ നിറയൊഴിച്ചത്.

അഞ്ചാം ക്ലാസിൽ പഠിക്കുന്ന അന്ന് ഹിന്ദിയോടുള്ള മടുപ്പ് ഉള്ളിൽ കയറിയവൻ ഒരു സ്വദേശിയുടെ ഹിന്ദിക്കു മുന്നിൽ പകച്ച് പണ്ടാരമടങ്ങി നിന്ന നിമിഷം! ഭൂമി കറക്കം നിറുത്തിയതിനു സമയമായിരുന്നു അത്. ടൈപ്പ് റൈറ്ററുകളുടെ ടക് ടക് സ്വര വിന്യാസത്തിനിടയിൽ അറബിയുടെ രണ്ടാം ചോദ്യം ഉള്ള് പൊള്ളിച്ചു. ഹൃദയമിടിപ്പ് എൽ പി സ്കൂളിലെ ഞങ്ങളുടെ അധ്യാപകനായിരുന്ന ഉണ്ണിക്കുട്ടൻ മാസ്റ്ററുടെ സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത പോലെ കുടുകുടാ മിടിക്കുന്നു. ഇതിനുള്ള ഉത്തരം തെറ്റിയാൽ ഇരിക്കാൻ നേരം തരാതെ അറബി ക്യാൻസലടിക്കുമോ എന്ന ആധിയാണ് ഹൃദയമിടിപ്പിന്റെ മൂലഹേതു. നാട്ടിലേക്ക് ഇത്ര പെട്ടെന്ന് പോയാൽ പ്രാരാബ്ധങ്ങൾ തിരിച്ചടിക്കും. ഇരുത്തം വന്ന പ്രവാസിയായിട്ട് വേണം കരകയറാൻ അവസരം കാത്ത് ക്യൂ വിൽ നിൽക്കുന്ന അനിയനെ കൊണ്ടുവരാൻ. ബ്രൂട്ട് അത്തർ അടിച്ചു പുറത്തിറങ്ങുന്ന ഗൾഫുകാരനാകണം. ഗൾഫുകാരായ പൂർവികർ കൊണ്ടുവന്നതും കിട്ടാൻ കൊതിച്ചതുമായ കൗതുകവസ്തുക്കൾ സ്വന്തമാക്കി സായൂജ്യമടയണം.

ചിന്തകൾ അങ്ങനെ ഹിന്ദി വാക്കുകളുടെ പ്രതിധ്വനിക്കൊപ്പം നാട്ടിലും വീട്ടിലുമെത്തി തിരിച്ചു വന്നു. സിനിമകൾ അലങ്കോലമാക്കിയ അറബ് വേഷത്തിന്റെ തനത് രൂപം ആവോളം നേരിട്ട് കാണാൻ ഒരു അറബി മനുഷ്യൻ ഇതാ മുന്നിൽ നിവർന്ന് നിന്ന് തന്നിരിക്കുന്നു.

തലയിൽ തട്ടവും അതു മരുക്കാറ്റിൽ പറന്നു പോകാതിരിക്കാൻ ബന്ധിച്ച ഒരു കറുത്ത വട്ടും (അഗാൽ ) കണ്ണു തുറന്നു കണ്ടു.

അറബികൾ അരിശം കയറിയാൽ തലയിലെ വട്ടെടുത്ത് അടിക്കുമെന്ന് വിമാനം കയറു മുൻപേ സുഹൃത്ത് അഷ്റഫ് ഭയപ്പെടുത്തിയിരുന്നു. എന്നാൽ പ്രാർഥിക്കുമ്പോൾ തലയിൽ നിന്നെടുത്ത് തറയിൽ വയ്ക്കുകയും പുറത്തിറങ്ങുമ്പോൾ കണ്ണാടി നോക്കി അതു തലയിൽ ഒതുക്കി വയ്ക്കുന്നതും മാത്രമാണ് കണ്ടിട്ടുള്ളത്.

ലോക്ഡൗൺ കാലത്ത് ഒരുപകാരവും ഇല്ലാത്ത പഴയ ആയുധം പോലെ അഗാൽ വീട്ടിൽ തൂങ്ങിക്കിടന്നതു യുഎഇ എഴുത്തുകാരൻ നാസർ അൽ ദാഹിരി കുറിച്ചിരുന്നു. അടച്ചിരിക്കുന്നവനു അഗാൽ ഒരു അധികപ്പറ്റായിരുന്നത്രെ!

ദൈവത്തിൽ എല്ലാം അർപ്പിച്ച് ഒട്ടകത്തെ കെട്ടാതെ മദീനയുടെ പള്ളിപ്പരിസരത്ത് വിട്ട ഗ്രാമീണനായ അറബിയോട് ‘ഒട്ടകത്തെ കെട്ടിയ ശേഷം ദൈവത്തിൽ ഭരമേൽപ്പിക്കൂ’ എന്നു നിർദേശിച്ച തിരുനബിയുടെ വാചകമാണ് ‘അഗാൽ’ എന്ന പദത്തിലേക്ക് പടർന്നതെന്ന ചരിത്രവും മനസ്സിലോളമിട്ടു.

അറബിയെ കൺകുളിർക്കെ കാണണോ, ചാട്ടുളിയായ ചോദ്യത്തിന് മറുപടി പറയണോ എന്നു മനസ്സിൽ വടം വലി നടക്കുകയാണ്.

ഉത്തരം പറയണമെങ്കിൽ എങ്ങനെ?

‘അറ്റുപോയ ഓർമകളിൽ ‘ ജോസഫ് മാഷ് അന്യസംസ്ഥാന തൊഴിലാളിയോട് ‘ഹിന്ദി നഹിം മാലൂം ‘ എന്നു വിലപിച്ച പോലെ വിലപിക്കണോ? പറയുന്നതിൽ വല്ലതും വഴിവിട്ടാൽ ജഗതിക്ക് ഹിന്ദി ഗുണ്ടയോട് കിട്ടിയ ‘ കിലുക്ക’ക്കുത്ത് രീതിയിൽ അറബിഎന്നെ ദുഷ്മനാക്കി കൈകാര്യം ചെയ്യുമോ? ഭാഷ ഊഷരമായാലുണ്ടാകുന്ന അനർഥങ്ങളുടെ പല ദൃശ്യങ്ങളും ഉളളിൽ ഫണം വിടർത്തി.

എന്റെ കൂടെ ഒരേ ബെഞ്ചിൽ അഞ്ചിലുണ്ടായിരുന്ന സക്കീർ പറയുമായിരുന്നു. ‘എനിക്ക് ഹിന്ദിം കണ്ടൂട, ഹിന്ദി മാസ്റ്റിം കണ്ടൂട ‘!

സക്കീറിന്റെ മനോഭാവം തന്നെയായിരുന്നു ഏകദേശം ക്ലാസിലെ മറ്റു മഹാന്മാർക്കും. അതിനു കാരണം ഹിന്ദി അക്ഷരങ്ങൾ അപ്പടി ചൊല്ലിപ്പഠിപ്പിക്കുന്ന പരമ്പരാഗത രീതിയായിരുന്നു. തങ്കപ്പെട്ട മനുഷ്യനാണ് മാഷെങ്കിലും കുട്ടികൾക്ക് വെറുക്കപ്പെട്ടനാകുന്നതു അന്നത്തെ അളിഞ്ഞ മെത്തഡോളജി കൊണ്ട് മാത്രമാണ്. ഹിന്ദി അക്ഷരങ്ങളിൽ ചിലത് ബ്ലാക്ക് ബോഡിൽ നിൽക്കുന്നതു കണ്ടാൽ നീരാളിയാണെന്ന് തോന്നും. വീടിനടുത്തുള്ള ചാലിയാർ പുഴയിൽ നീരാളിയുണ്ടെന്നു കേട്ടാലും തിങ്കളാഴ്ച ഹിന്ദിയുണ്ടെന്നു ടൈം ടേബിളിൽ കണ്ടാലും ഉള്ളിൽ തള്ളി വരുന്ന ഭീതിക്ക് ഒരേ ഭാവമായിരുന്നു.

അക്ഷരം ചൊല്ലിപ്പിക്കുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയ ദിവസം സ്കൂളിലേക്കുള്ള വഴിമധ്യേ വയൽ വരമ്പിലിരുന്ന് ഞങ്ങൾ ഹിന്ദി മാഷ് ക്ലാസിൽ വരാതിരിക്കാൻ കൂട്ടുപ്രാർഥന നടത്തിയിട്ടുണ്ട്. ആവേശത്തോടെ ‘ആമീൻ’ പറഞ്ഞ് ക്ലാസിലെത്തിയപ്പോൾ മാഷ്
അറുത്തിട്ട കോഴിയെപ്പോലെ തലതാഴ്ത്തി ഇരിക്കുന്നു. കള്ളമില്ലാത്ത പിള്ള മനസ്സുകളുടെ മുട്ടിപ്പാപ്രാർഥന അതാ അപ്പടി പുലർന്ന ആഹ്ലാദം ക്ലാസിൽ അലതല്ലി. പളളിയിൽ മാത്രമല്ല പാടവരമ്പിലുന്ന് പ്രാർഥിച്ചാലും കേൾക്കുന്ന പടച്ചോനോട് അതിയായ സ്നേഹം തോന്നി.

മാഷ്ക്ക് അന്ന് ചെങ്കണ്ണ് രോഗം പിടിപെട്ടിരുന്നു. ഒന്നും ചൊല്ലിപ്പിക്കാനാതെ ഒരു മണവാളനെപ്പോലെ അദ്ദേഹം തൂവാല കൊണ്ട് കണ്ണ് തുടച്ച് ഹിന്ദി പിരേഡ് തള്ളി നീക്കി തടിയെടുത്തു.

ആരോഗ്യവാനായ ദിവസം ആങ്ങിയോങ്ങി മേശയിൽ ആഞ്ഞടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുക മാഷിന്റെ പതിവായിരുന്നു. കാഞ്ചി വലിക്കുന്നതിനു മുമ്പ് ആകാശത്തേക്ക് വെടിയുതിർക്കുന്ന പൊലീസുകാരനെപ്പോലെയാണ് ആ ചൂരൽ ചുഴറ്റൽ.

ഒരു ദിവസം മുൻ ബെഞ്ചിൽ മീഡിയ പ്രതിനിധിയെപ്പോലെ കാതു കൂർപ്പിച്ച് മാഷെ ‘മസ്ക്ക് ‘അടിച്ചിരിക്കുന്ന പഠിപ്പിസ്റ്റ് പദവിയിലെത്തിയ ഹമീദ് ഒറ്റിക്കൊടുത്തതു ഒരു നീർക്കെട്ടായി മനസ്സിൽ ഘനീഭവിച്ചിട്ടുണ്ട്.

‘സർ, ഇവൻ അക്ഷരം പഠിച്ചിട്ടില്ല’ എന്നായിരുന്നു അവന്റെ ഒറ്റ ശ്വാസത്തിലുള്ള ഒറ്റൽ .

നിനക്കറിയില്ലേ?എന്ന ചോദ്യം കൊണ്ട് ഇഷ്ട ശിഷ്യന്റെ ആരോപണത്തെ പരിഗണിക്കാൻ മാത്രം മാഷ് അലസമായൊരു ചോദ്യമെറിഞ്ഞു.

ഒട്ടകം പോലെ തലയാട്ടിയ അവന്റെ സമ്മത സൂചനയിൽ സന്തുഷ്ടനായി മാഷ് ‘മോട്ടേ മോട്ടേ അഞ്ചർ പഞ്ചർ ചൗട്ടീ സീറ്റ് ലഗായി’ എന്ന ഉശിരൻ കവിത പരുക്കൻ സ്വരത്തിൽ പാടാനൊരുങ്ങി.

എന്റെ പരിഭവവും പരവശവും കണ്ടിട്ടെന്നോണം അതുവരെ ഗാലറിയിൽ ഇരുന്നിരുന്ന മാനേജറും സ്ഥാപനത്തിന്റെ സർവാധിപനുമായിരുന്ന ബഷീർക്ക ‘ഉസ് കോ അറബി മാലൂം ‘ എന്ന് അറബിക്കു നേരെ സന്തോഷത്തിന്റെയും പ്രത്യാശയുടെയും പൂത്തിരിയെറിഞ്ഞു എന്റെ രക്ഷകനാകാൻ ശ്രമിച്ചു.

ആലംതമ്പുരാനായോനെ, ആശയ വിനിമയത്തിന് പാകപ്പെടാത്ത, പുസ്തകത്തിലെ അറബിക്കും സ്വാംശീകരിച്ച് കടൽ കടന്നെത്തിയ കന്നിക്കാരനോട് ബഷീർക്ക ഈ കൊടും ചതി ചെയ്യുമെന്ന് തീരെ നിരീക്ഷിച്ചില്ല.

എനിക്ക് വീസയെടുക്കാൻ ബഷീർക്കയുടെ മേൽ സമ്മർദം ചെലുത്തിയ സുഹൃത്ത് നജീബ് ഉൾചിരിയോടെ ഇതെല്ലാം ആസ്വദിക്കുന്നുണ്ടായിരുന്നു. റാഗിങ് അതിജീവിച്ച് രണ്ടാം വർഷ വിദ്യാർഥിയായ ഗർവോടെയാണ് കക്ഷിയുടെ ഇരിപ്പ്.

അറബി ഓഫീസിൽ വന്നാൽ അദ്ദേഹത്തെ പരിചരിക്കാനും പരിഗണിക്കാനും സമയം ചെലവിടണം. ഓരോ മിനിറ്റും’ വിലപ്പെട്ടതിനാൽ ‘
അദ്ദേഹത്തെ നൈസായി ഒഴിവാക്കാൻ ബഷീർക്ക കിണഞ്ഞു ശ്രമിക്കാറുണ്ട്. അർബാബിന്റെ ഇരുത്തം ദീർഘിപ്പിക്കാൻ ഇടവരുത്തുന്ന ഒരു കർമത്തിനും മുതിരുന്ന പ്രകൃതക്കാരനുമായിരുന്നില്ല അദ്ദേഹം.

പിന്നെ എന്തു പറ്റി എന്നു ചിന്തിക്കുന്നതിനിടയ്ക്ക് തന്നെ ചെറിയ ഒരു വാക്യം അന്നനാളത്തിൽ നിന്ന് പൊക്കിയെടുത്ത് അറബിക്ക് മുന്നിൽ ഞാൻ കുടഞ്ഞിട്ടു.

വൈകല്യമുള്ള ആ വാക്ക് എന്താണെന്നോ ഏതു ഭാഷയിലായിരുന്നൂവെന്നോ എനിക്ക് ഓർക്കാനാകുന്നില്ല. കാരണം ആ പ്രഥമദിന ഭാഷാ മന്ദപ്പ് (Hangover) അത്രമേൽ അസ്വസ്ഥാജനകമായിരുന്നു. പറയാൻ നേരത്ത് വ്യാകരണം ഒത്തുവരുമ്പോൾ വാക്കുകളുടെ ക്രമം തെറ്റുന്ന സങ്കീർണത താണ്ഡവമാടിയ ദിനം.

പുതിയ അവതാരം ഹിന്ദിയെങ്കിലും പഠിച്ചാൽ മതിയായിരുന്നു എന്ന ഭാവത്തോടെ തന്റെ പേരിലുള്ള കമ്പനികളുടെ കമ്പ്യൂട്ടർ കാർഡുകൾ തപ്പിയെടുത്ത് സ്വദേശി ഓഫീസിനു മുന്നിൽ പാർക്ക് ചെയ്ത ജി എം സി യിൽ കയറി വെടിച്ചില്ലുപോലെ അവിടെ നിന്നും നിർഗമിച്ചു.

സ്റ്റാർട്ട് ചെയ്ത വാഹനത്തിന്റെ സൈലൻസറിലൂടെ പുക പുറത്തേക്ക് വന്ന അതേ സമയത്ത് എന്റെ നിശ്വാസവും പുറത്തേക്ക് ചാടി.
അനേകം അന്യദേശക്കാർക്കിടയിൽ നിന്ന് ഞാൻ ആദ്യം മുഖാമുഖം കണ്ട തദ്ദേശി അദ്ദേഹമായിരുന്നു. പിന്നീടങ്ങോട്ട് അടിമുടി അറബ് മനുഷ്യരുടെ ചടുല താളത്തിലാണ് പ്രവാസം രജത ജൂബിലിയിൽ നങ്കൂരമിടുന്നത്.

കുറിപ്പ് :
സീബവൈവി : അറബിഭാഷാ വ്യാകരണപണ്ഡിതൻ

മലപ്പുറം ജില്ലയിലെ എടവണ്ണ സ്വദേശി. ആനുകാലികങ്ങളിലും ദിനപ്പത്രങ്ങളിലും എഴുതുന്നു. ' അറബിക് മാഫീ മുശ്കിൽ ' എന്ന പേരിൽ ഡി സി ബുക്ക്സ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 27 വർഷമായി ദുബായിലാണ്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്‌ ബിന്‍ റാഷിദ് അല്‍ മക്തൂമിൻറെ സഅബീൽ ഓഫീസിൽ ഉദ്യോഗസ്ഥന്‍.