ബുദ്ധന്‍റെ കലാപം

കയത്തോളമാഴമുള്ള തൊണ്ടയിലൂടെ
ബുദ്ധൻ യുദ്ധം പ്രഖ്യാപിക്കുകയാണുണ്ടായത്.
അതിൽ നിന്ന് വാക്കുകളുടെ
മഞ്ഞയും പച്ചയും മണ്ണിന്‍റെ നിറവുമുള്ള
തവളകൾ വെളിയിലേക്ക് ചാടി.
അത്രത്തോളമാഴമുള്ള കണ്ണുകൾ
അദൃശ്യമായി നിറയൊഴിക്കുകയും
ആറടി നീളവും വീതിയുമുള്ള
ഭംഗിയാർന്ന കുഴികളിലേക്ക് സാകൂതം
ആളുകളെ കിടത്തിയുറക്കുകയും ചെയ്തു.

ബുദ്ധൻ വളർത്തിയ താടിയിൽ
യൂദാസിനു തീകൊളുത്താൻ
കഴിഞ്ഞിരുന്നില്ല.
അവരന്നെത്ര അകലെയായിരുന്നു.
എ.ഡി ക്കും ബി. സിക്കുമപ്പുറമിരുന്നു
ആകാശത്തിനും ഭൂമിക്കുമിടയിലുള്ള
വെളിച്ചത്തിനും ഇരുട്ടിനും മധ്യേ
കണ്ണിൽ കണ്ണു നോക്കുമായിരുന്നു.
യൂദാസ് അയാളെ കൗശലക്കാരനായ
‘ചാണക്യ’നെന്ന് വിളിച്ചു.

ഒരു പക്ഷെ ഇതിഹാസങ്ങൾക്കും
അപ്പുറമായിരിക്കാമാവർ…
ഖസാഖിലെ ചേട്ടത്തിയും അനുജത്തിയും
ജനിക്കും മുന്നേ..
അവിടെ ‘മന്ദാരത്തിന്‍റെ ഇലകൾ
തുന്നിച്ചേർത്ത സന്ധ്യ’യണയും മുൻപേ…
ചിലപ്പോളൊരു പ്രകാശവർഷമകലെ.
അല്ലെങ്കിൽചുണ്ടിനും കപ്പിനുമിടയിലുള്ള
ഒരു മാത്രയുടെ അളവ്.
ചിലപ്പോൾ നിന്നെ ഞാൻ നേരത്തെ
കണ്ടുമുട്ടിയിരുന്നെങ്കിലെന്ന
നഷ്ടബോധത്തിന്‍റെ ആന വലിച്ചാലും
വരാത്ത സമയത്തിന്‍റെ വിടവ്.

രാത്രിയിലെ അത്താഴത്തിൽ
ഒറ്റുകൊടുക്കൽ കണ്ടെത്തിയ പൂച്ച
ബുദ്ധന്‍റെ ഭക്ഷണം കട്ടു തിന്ന ശേഷം
അയാളുടെ ആഴമുള്ള കണ്ണിൽ കിടന്നുറങ്ങി.
ബുദ്ധൻ യേശുവിന്‍റെ കൂടെ
കടൽ ദൂരം നടന്നവനായിരുന്നുവെന്ന്
യൂദാസിനോട് നടിച്ചിരുന്നു.

ബുദ്ധന്‍റെ കലാപം
അങ്ങനെയൊക്കെയായിരുന്നു.
അയാൾ മുപ്പതു വെള്ളിക്കാശിന് പകരം
യൂദാസിനു അതിന്‍റെ ഇരട്ടി
കൊടുക്കുകയാണുണ്ടായത്.
അയാൾ താൻ രാഷ്ട്രതന്ത്രത്തിന്‍റെ
അവാസന വാക്കെന്ന് തിരിച്ചെഴുതി.
ബോധി വൃക്ഷച്ചുവട്ടിൽ നിന്ന്
ഇറങ്ങി നടന്ന അഭിനവ ബുദ്ധൻ
കസേരയിലിരുന്നു .

താടിയിൽ തീകൊളുത്തിക്കൊണ്ടായിരുന്നു
ബുദ്ധന്‍റെ ആദ്യത്തെ കലാപം.
പിന്നെ ബോധി വൃക്ഷത്തിന്‍റെ
വേരുകൾ ഓർമകളാക്കി.
അയാൾ വെള്ളം നിറച്ചു വെച്ച
കണ്ണുകൾ കൊണ്ട് പ്രളയം തീർത്തു.
ദാഹം കൊണ്ടയാളൊരു
മുഴുനീള ഭ്രാന്തനെപ്പോലെ
ചുട്ട വേനലായി.

ബുദ്ധന്‍റെ രാജ്യം നിറയെ
യുദ്ധത്തിന്‍റെ വെറി മാത്രമേ
ഉണ്ടായിരുന്നുള്ളു.
അടുക്കളകളിൽ ചോര വെട്ടിത്തിളച്ചു.
മാംസം വെന്തു കരിഞ്ഞു.
വിറകുപുരകളിൽ തോക്കുകളും
പത്തായപ്പുരകളിൽ തിരകളും
നിറഞ്ഞു കവിഞ്ഞു.
ബുദ്ധനങ്ങനെ യുദ്ധത്തിന്‍റെ
ഭ്രാന്തൻ പ്രവാചകനായി.

അയാൾ തോക്ക് കൊണ്ട്
രാജ്യത്തിന്‍റെ ചുവരുകളിൽ
കടുപ്പമുള്ള ചോരയിൽ മുക്കി
ഹിംസയുടെ ചിത്രമെഴുതി.
ഒരു പക്ഷെ, ഹിറ്റ്‌ലറിനും മുസോളിനിക്കും
മുന്നേ വരയ്ക്കപ്പെട്ടതെന്ന്
തോന്നും വിധം പ്രാകൃതമായൊന്ന്.
ചരിത്രം പോലുമൊരിക്കൽ
ഇത് ചരിത്രമല്ലെന്ന് പറഞ്ഞു
വർത്തമാനത്തിൽ നിന്ന് കീറിക്കളഞ്ഞൊരേട്…

ബുദ്ധൻ രണ്ടാമത്തെ കലാപം തുടങ്ങിയത്
അടുക്കളയിൽ നിന്നായിരുന്നു.
ദേശ സ്നേഹം മറന്ന് വിശന്നു
ഭൂപടം കരണ്ട് തിന്ന എലികൾ
വിറകുപുരയിലെ തോക്കിൻ
കുഴലുകൾക്കുള്ളിൽ എണ്ണമറ്റ് പ്രസവിച്ചു.
മൂന്നാമത്തെ കലാപത്തിൽ
അവരുടെ കുഞ്ഞുങ്ങൾ തിരകളായി
ചാവേറുകളായി പൊട്ടിത്തെറിച്ചു.

നാലാമത്തെ കലാപത്തിൽ ബുദ്ധന്‍റെ
വാക്കുകളുടെ പച്ചയും മഞ്ഞയും
മണ്ണിന്‍റെ നിറവുമുള്ള തവളകൾ
മഴക്കോള് കണ്ടത് പോലെ
കിണറാഴമുള്ള തൊണ്ടയിലേക്ക് ഇറങ്ങിപ്പോയി.
അവരെല്ലാം നിങ്ങൾ പോയി വേറെ
പണിനോക്കെന്ന മട്ടിൽ
മഴയ്ക്ക് കരഞ്ഞു.
കണ്ണുകളിൽ അടക്കം ചെയ്ത
ബുദ്ധന്‍റെ സ്വന്തം ശവപ്പെട്ടി
ഒരു ചാവേറായി
ചോളപ്പൊരികൾ പോലെ ചിതറിത്തെറിച്ചു.
അപ്പോൾ മാത്രം അയാളൊന്ന് ചിരിച്ചു.
രാജ്യത്തിന്‍റെ ചുവരിൽ അയാളൊരു
ചരിത്രം പോലുമല്ലാതായി.
രാജ്യം ജനങ്ങൾ ഭരിച്ചു.

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു