ഗുരുദേവൻ

നിങ്ങളുടെ പാണന്മാർ
പാടിനടക്കുമ്പോലെ,
അവഗണനയുടെ ചളിക്കുണ്ടിൽവീണ
ജനതയ്ക്ക്
നവോത്ഥാനത്തിന്റെ
മൃതസഞ്ജീവനിയേകിയ
വിപ്ലവകാരിയോ,
അവനവനെ കാട്ടിത്തരാൻ
കണ്ണാടി പ്രതിഷ്ഠിച്ച,
അനുയായികളിൽ
അനുക്രമം വളരുന്ന
ഫാഷിസത്തിന്റെ കാൻസർ കണ്ട്
മനംനൊന്ത് എല്ലാമുപേക്ഷിച്ച
സർവ്വസംഗപരിത്യാഗിയോ,
വഴിയോരങ്ങളിലെ സിമന്റ്പ്രതിമകളോ,
തെരഞ്ഞെടുപ്പിലെ
തുറുപ്പുചീട്ടുകളോ
ഞങ്ങള്ക്ക് ഗുരുദേവനല്ല !

ചതയം പിറക്കുന്ന നേരം
മതിലുകളിൽ
നിരനിരയായി കത്തിച്ചുനിർത്തുന്ന
നൂറുകണക്കിന് മെഴുകുതിരികളാണ്,
നാട്ടിലെമ്പാടുമുള്ള
ഗുരുമഠങ്ങളിലെ ചതയദിനാഘോഷത്തിന്
നാക്കിലയിൽ വിളമ്പിത്തരുന്ന
ശർക്കരപ്പായസ മധുരമാണ്
ഞങ്ങള്ക്ക് ഗുരുദേവൻ

അതുമാത്രമാണിന്ന്
ഞങ്ങളുടെ ഗുരുദേവൻ !

കോഴിക്കോട് ജില്ലയിലെ മൊകേരി സ്വദേശി. ഇപ്പോള്‍ ചൊക്ലിയിൽ താമസിക്കുന്നു. നരിപ്പറ്റ, രാമർനമ്പ്യാർസ്മാരക ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപകനായിരുന്നു. ആനുകാലികങ്ങളിലും,നവമാധ്യമങ്ങളിലും എഴുതുന്നു. കന്യാസ്ത്രീകള്‍,ഓർമ്മമരം എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.