ഫോക്കസ്സ്

ഗഗനമിഴികളൊപ്പിയെടുത്ത നിറം മങ്ങിയ ഭൗമ ചിത്രങ്ങളിൽ സായന്തനകിരണങ്ങൾ ആകാശഫലകത്തിലെ നിറക്കൂട്ടിൽ നിന്നുമെടുത്ത വർണ്ണങ്ങൾ തൂകി മനോഹരമാക്കി, ആകാശമേഘങ്ങളിൽ പ്രദർശനത്തിനു വെച്ചിരുന്നു. കൃത്രിമ ചായങ്ങളുടെ മിനുമിനുപ്പില്ലാത്ത ഭംഗിയാർന്ന ചിത്രങ്ങൾ. പച്ച കുരുത്തോലക്കീറുകളുടേയും മഞ്ഞ ജമന്തിപ്പൂക്കളുടെയുമിടയിൽ തൂങ്ങിയാടുന്ന ബഹുവർണ്ണ ഉത്സവക്കൊടികളാലലങ്കരിച്ച ക്ഷേത്രനടയിലെ തിരക്കിലൂടെ ഒരമ്മയും മകളും നടന്നു വരുന്നുണ്ടായിരുന്നു.

ഇലപ്പച്ച ബോർഡറുതുന്നിയ കരിനീല പട്ടുസാരിയും നെറ്റിയിൽ ചന്ദനപ്പൊട്ടുമണിഞ്ഞ അമ്മയുടെ ചാരുതയാർന്ന മുഖം ശാന്തമായിരുന്നു. വെള്ളഫ്രോക്കണിഞ്ഞ മകളുടെ കൈയ്യിൽ ആകാശത്തേക്ക് പറക്കാൻ വെമ്പുന്ന ഹൃദയാകൃതിയിലുള്ള ചുവന്ന ബലൂണുണ്ടായിരുന്നു. ക്ഷേത്രനടയുടെ ഇരുവശത്തുമുയർന്ന കടകളിൽ നിരനിരയായി വെച്ച കളിപ്പാട്ടങ്ങളെ ചൂണ്ടി അമ്മയോടെന്തൊക്കയോ കൊഞ്ചിപ്പറയുന്നുണ്ടവൾ. തിരിഞ്ഞു നിന്നു ഒന്നുകൂടെ തൊഴുതവർ, ക്ഷേത്രമതിലിനരികെ നിർത്തിയിട്ടിരിക്കുന്ന കാറിന്നടുത്തേക്ക് നടന്നു.

തന്നോളമെത്തുന്ന സഞ്ചിയുമായി ഒരു പയ്യനോടി അവർക്കരികിലെത്തി.
“അമ്മാ, കടല വേണോ? നല്ല ചൂടുണ്ട്”. അവൻ കടലപ്പൊതി അവർക്കു നേരെ നീട്ടി നിന്നു.

ദാരിദ്രത്തിന്റെ അടയാളങ്ങൾ സന്നിവേശിപ്പിച്ച ക്രമം തെറ്റി ബട്ടണിട്ട പിഞ്ഞിയ കുപ്പായം, ചിതറി നിൽക്കുന്ന എണ്ണമയമില്ലാത്ത മുടി. ഇളം കാപ്പി നിറമുള്ള കണ്ണുകളവൻ ചുവന്ന ബലൂണിലൊട്ടിച്ചു നിന്നു. അമ്മ ബാഗിൽ നിന്ന്‌ പണമെടുത്തവനു നേരെ നീട്ടുമ്പോഴും ഇമ മുറിയാതെ അവന്റെ നോട്ടം ബലൂണിലൊട്ടി നിന്നു.

“മോന് ബലൂൺ വേണോ?”
മറുപടിയൊന്നും പറയാതെ നിസ്സംഗതയോടെ പണം വാങ്ങി കടലപ്പൊതി കൈമാറി അവൻ തിരിഞ്ഞു നടന്നു.

അമ്മ കുനിഞ്ഞിരുന്നു മകളുടെ ചെവിയിലെന്തോ പറഞ്ഞതിനുശേഷം അവളുടെ ബലൂൺ വാങ്ങി അവനു പിന്നാലെ വേഗം നടന്നെത്തി. ബലൂൺ അവനുകൊടുത്തു, സ്നേഹത്തോടെ അവന്റെ തലയിലൊന്നു തലോടി.

“കട്ട്, കട്ട് സീൻ ഓക്കെ.” സംവിധായകൻ അടുത്തേക്ക് വന്നു.

“ബാനി നന്നായി അഭിനയിച്ചു. ടേക്കൊന്നും വേണ്ട. അടുത്ത സീനിന്റെ സെറ്റിടാൻ സമയമെടുക്കും. ആൽമരച്ചോട്ടിൽ ഇരിപ്പിടം സെറ്റ് ചെയ്തിട്ടുണ്ട്.”

സംവിധായകനോട് നന്ദി പറഞ്ഞു ബാനി ബലൂൺ പിടിച്ചു നിൽക്കുന്ന പയ്യെന്റെ അരികിലെത്തി.

“വിഷ്ണൂ, മോൻ നന്നായി അഭിനയിച്ചു.” അവന്റെ തലപിടിച്ചൊന്നു കുലുക്കി.

“ബലൂൺ, ചേച്ചിക്കു തരുമോ?” അവൻ ചിരിച്ചോണ്ട് ബലൂണവൾക്കു നല്കി. ആൽമരച്ചോട്ടിലിട്ട കസേരയിൽ ചാഞ്ഞിരുന്നു ബാനി. ഹൃദയാകൃതിയിലുള്ള ബലൂൺ അവൾ നെഞ്ചോട് ചേർത്തു. ചിന്തകൾ മേച്ചെത്തിയ സായന്തനക്കാറ്റ് അവളുടെ കണ്ണുകളെ തടവി.

ചിന്തകളുടെ വഴിയിൽ നിന്നൊരു ചെമ്പൻ മുടിയും നീലകണ്ണുകളുമായി കണ്ണാടി തുന്നിയ നിറം മങ്ങിയ പൂക്കൾ പ്രിന്റു ചെയ്ത പാവാടയണിഞ്ഞൊരു പത്തുവയസ്സുകാരി, ബാനിയിൽ നിന്നിറങ്ങി ഉത്സവത്തിരക്കുള്ളൊരു അമ്പലനടയിലേക്ക് നടന്നു.

ഉത്സവത്തിരക്കിന്റെ ധൂമപടലങ്ങളുയരാൻ തുടങ്ങിയ അമ്പലനടയിലെ കാണിക്ക വഞ്ചിയിൽ, പാവാടത്തുമ്പിൽ തിരുകിവെച്ചിരിക്കുന്ന ചുവന്ന തുണിസഞ്ചിയിൽ നിന്നും ഒരു രൂപ നാണയമെടുത്തുവൾ നിക്ഷേപിച്ചു.

കിലുക്കം നിന്നു പോയ തുണിസഞ്ചി പരിഭവത്തോടെ ഒച്ചയില്ലാതെ ചിണുങ്ങി. കൈകൂപ്പി പ്രാർത്ഥിക്കാനായില്ലെങ്കിലും കൊടിമരത്തിനരികെ മാറിനിന്നു പെരുവിരലൂന്നി ഉയർന്നു ശ്രീകോവിലിനുള്ളിലേക്ക് ഏന്തി നോക്കി.

അമ്മമാരുടെ മാറിലിരുന്നു അവളിലേക്ക് നീളുന്ന പിഞ്ചുകൈകളെ പുന്നാരം കൊഞ്ചിയോ തുടയിലൊന്നു പിഞ്ചിയോ വഴിതെറ്റിച്ചു കൊണ്ടുപോകുന്ന അമ്മച്ചിത്രങ്ങളവളുടെ കവിളുകളിൽ നിരാശയുടെ ചുട്ടി കുത്തി.

വാശിപിടിച്ചു അവൾക്കുനേരെ ചൂണ്ടുന്ന പിഞ്ചുകൈകൾ കാണുമ്പോൾ ഒടിഞ്ഞൊട്ടിയ വയറൊന്നു വീർത്തുതാഴും. അമ്മമാരുടെ ചേലത്തുമ്പിൽ തൂങ്ങി നടന്നു നീങ്ങുന്ന വാലിട്ടെഴുതിയ മിഴികളും കൈ നിറഞ്ഞു ചിരിക്കുന്ന കുപ്പിവളകളും കാണുമ്പോൾ മനസ്സിനുള്ളിലെവിടെയോ ഒരു നുള്ള് സങ്കടം പതയും. അവൾക്കു തെരുപ്പിടിച്ചു കൊണ്ടു നടക്കാനുള്ള ചേലത്തുമ്പിന്നറ്റം എന്നേ പിഞ്ഞിപ്പോയിരുന്നു.

മനസ്സൊന്നു സങ്കടക്കടലിൽ തെന്നിവീണതും അമ്മമാരുടെ ചൂണ്ടുവിരൽ കൊളുത്തഴിച്ചോടുന്ന വികൃതിക്കൈകൾ അവളെ പേടിപ്പിച്ചു.

‘തൊടല്ലേ, തൊടല്ലേ’ എന്നുൾവിളിയോടെ കയ്യകലം മാറി നിന്നവൾ.

കുഞ്ഞു ബ്ലൗസിൽ തൂങ്ങി വീഴാൻ നില്ക്കുന്ന കണ്ണാടിവട്ടത്തിൽ, മേൽച്ചുണ്ടിനു മീതെ പറ്റിയ വിയർപ്പ് ബ്ലൗസിൽ തുടച്ചു, അമ്പലക്കരി തോണ്ടി തൊട്ട കണ്ണുകളെ നോക്കി. കൺമഷിയും കരിവളയും, നഖമണിയുന്ന ചാന്തും തൊട്ടടുത്ത കണ്ണാടിക്കൂട്ടിൽ നിന്നവളെ നോക്കി പരിഹസിച്ചു.

പരിഹാസ ശരങ്ങളേറ്റു പിടഞ്ഞ കണ്ണുകളാശ്വാസം തേടി ആകാശത്തെത്തി. കാഴ്ചക്കപ്പുറം നിന്നാരോ നിയന്ത്രിക്കുന്ന വർണ്ണപ്പട്ടത്തിന്റെ വാലുകൾ മാടി വിളിക്കുന്നതു പോലെ തോന്നി. പട്ടത്തിൻ മേലേറിയ അവളുടെ ആശകൾ ആകാശത്തിൽ പറന്നു. അവളിതുവരെ തൊടാത്ത പുസ്തകവും മഷിയും മണക്കുന്ന സഞ്ചി നെഞ്ചോട് ചേർത്ത്, ചാറി വീഴുന്ന മഴയിൽ കുട ചൂടി നടക്കുന്നതും കുടത്തുമ്പിലൂടെയുറ്റി വീഴുന്ന മഴത്തുള്ളിയെ കൈയേന്തി തൊടാനുമുള്ള ആശ പട്ടത്തിനോടൊപ്പം ഹൃദയത്തിൽ കോർത്തിട്ട നൂലിൽ കുരുങ്ങിപ്പറന്നു.

ചൂളമടിച്ചെത്തിയ കാറ്റ് പട്ടത്തോടൊപ്പം അവളുടെ ആശകളേയും മറിച്ചിട്ടു. അവൾ മുന്നോട്ട് നടന്നു. പീപ്പിയൂതി നിൽക്കുന്ന തൊപ്പിക്കാരന്റെ തോളിൽ തൂക്കിയിട്ടിരിക്കുന്ന ലോഹത്തട്ടിൽ വരിവരിയായി വെച്ചിരിക്കുന്ന നിലാവിന്റെ നിറമുള്ള മുത്തുമാലകൾ മനസ്സുകൊണ്ടവൾ തൊട്ടു നോക്കി. പിന്നെ ആശകൾ കഴുത്തിലണിഞ്ഞു, പൊട്ടിയ കണ്ണാടിച്ചില്ലിൽ ചേലുനോക്കിയൊന്നു ചിരിച്ചു.

പീപ്പിക്കാരന്റെ കട്ടിപ്പുരികം ബണ്ടുകെട്ടിയ കണ്ണിൽ അവതരിക്കപ്പെട്ട ഭാവത്തിലെ സുഖമില്ലായ്മ കണ്ടു, അവൾ വേഗം അവിടെ നിന്നു ഉത്സവക്കൊടികൾ തൂങ്ങി നിൽക്കുന്ന ആൽമരത്തിന്റെ ചുവട്ടിൽ മാറിനിന്നു.

അമ്മയുടെ കാലിൽ പിണങ്ങി കിടക്കുന്ന ഞരമ്പുകൾ പോലെയുള്ള ആൽമരത്തിന്റെ വേരുകളിൽ സങ്കടത്തോടെ തൊട്ടു. എത്ര വേദനകൾ ആണ് ഈ വേരുകൾനിശബ്ദമായി തിന്നുന്നത്. ഇളകിയാടുന്ന ആൽമരത്തിന്റെ ഓരോ സന്തോഷച്ചില്ലയിലുമുണ്ട് വേരുകളുടെ ആരുമറിയാത്ത സഹനം.

ചെറിയ പ്ലാസ്റ്റിക് കൂടയിൽ വട്ടത്തിലടുക്കിവെച്ച നിലക്കടലപ്പൊതിയുമായി വന്ന ഒരു കൊച്ചു പയ്യൻ, കുപ്പായത്തിന്റെ കോളർത്തുമ്പ് കടിച്ചു കൊണ്ട് അവളുടെ കൈകളിലേക്കും പിന്നെ മുഖത്തേക്കും നോക്കി.

‘കടലേ..നിലക്കടലേ…’ ഉപ്പുചേർത്തൊട്ടി നിൽക്കുന്ന ചൂടുള്ള മോഹമണികളുമായ് ‘കടലപ്പൊതി’ അവളിൽ കടലമണപ്പിച്ചകന്നു പോയി.

പെട്ടന്ന് അവളുടെ മനസ്സ് തന്നെയും കാത്തിരിക്കുന്ന കൊച്ചനുജനിലേക്ക് ഓടിച്ചെന്നുനിന്നു. കൊച്ചരിപ്പല്ലുകൾ കാട്ടി പാവാടയിൽ കെട്ടിപ്പിടിച്ച് ‘ദീദീ’ എന്നുള്ള വിളി അവളുടെ ചെവിയിൽ വന്നിടിച്ചു. അവൾ വേഗം ആൽമരച്ചുവട്ടിൽ നിന്നും ഉത്സവ മൈതാനത്തിലേയ്ക്ക് നടന്നു.

മുളങ്കൊമ്പിലും മരത്തിലും വരിവരിയായി കെട്ടി വെച്ചിരിക്കുന്ന ട്യൂബ് ലൈറ്റുകൾ. വിദ്യുത്പ്രഭയിൽ സ്വർണ്ണ നിറം പുരളുന്ന മൈതാന മണലിൽ നിറം മങ്ങിയ അഴുക്കു പുരണ്ട പാദസരങ്ങളാഴ്ത്തി മിന്നിച്ചു നടക്കാനവൾക്ക് വലിയ ഇഷ്ടമാണ്. പൂഴിമണലിലൂന്നി അമ്മയുടെയും കൈയ്യറ്റത്ത് തൂങ്ങി വർണ്ണ ബലൂണും പിടിച്ച് ഉത്സവപ്പറമ്പിലൂടെ ഓടുന്നത് സ്വപ്നം കാണുമ്പോൾ കാറ്റിനെ കൂടെ കൂട്ടാൻ അവൾക്കിഷ്ടമായിരുന്നു.

പക്ഷേ അവൾക്കിന്ന് കാറ്റിനെ വലിയ പേടിയാണ്. കുസൃതിപുരണ്ട മകരക്കാറ്റ് അവളുടെ കുഞ്ഞുകൈകളിലെ കരുത്ത് പരീക്ഷിച്ച് അലറിച്ചിരിക്കും. ഊഞ്ഞാലാടി ഉലഞ്ഞുവന്ന കാറ്റിനെ പേടിച്ചവൾ അമ്പലത്തിന്റെ ചുറ്റുമതിലിനരികിലേക്ക് മാറി നടന്നപ്പോഴാണ് സായന്തനച്ചോപ്പിനെ കീറിയൊരു വെട്ടം കണ്ണിൽ വീണത്. അകമ്പടിയായി ചെവിയടച്ചൊരു ശബ്ദവും. കതിന വെടി ശബ്ദത്തെ അവൾക്കെന്നും പേടിയാണ്.

ഇരവു പടർന്ന ടാർപോളിൻ ഷീറ്റിനുള്ളിലെ ഒറ്റമുറിയിലെത്തുന്ന ഇടിയേയും മിന്നലിനെയും അവൾക്കു ഭയമമാണ്. അന്നൊരു പെരുമഴയിൽ, ഇടിമുഴക്കം വിഴുങ്ങിയ അമ്മയുടെ ആർത്തനാദത്തിൽ വെള്ളപൊതിത്ത അച്ഛനെ തോളിലേറ്റി കൊണ്ടുപോയത്, മാനം പിളർന്നെത്തിയ മിന്നലിന്റെ വെട്ടത്തിലാണവൾ കണ്ടത്. മിന്നലിന്റെ വെട്ടം അവൾക്ക് സമ്മാനിച്ചത് വെള്ളപുതച്ച ഓർമ്മകളാണ്.

ക്ഷേത്രങ്ങളിലെ കതിനവെടി ശബ്ദം മിണ്ടാതെപോയ അച്ഛന്റെ ഓർമ്മകൾ വീണ്ടുമുണർത്തി. ചില ശബ്ദങ്ങളങ്ങിനെയാണ്, ചിരപ്രതിഷ്ഠ നേടിയ ഓർമ്മകളെ ഉണർത്തും.

സായന്തനാകാശത്ത് കരിനീലകൊമ്പൻമാർ താരകങ്ങളുടെ കാഴ്ച വരവിനുള്ള ശീവേലിക്കൊരുങ്ങാൻ തുടങ്ങിയിരുന്നു. അമ്പലമുറ്റത്ത് ചെണ്ടമേളങ്ങൾ കൊട്ടിയുയർന്നു. കാഴ്ച വരവുകളമ്പലനടയിലേക്ക് കയറി. പുരുഷാരം തിങ്ങി വളർന്നു. മേളപ്പെരുക്കത്തിന്റെ ഭാവഭേദങ്ങളിലാറാടി ആരവങ്ങൾ വാനോളമുയർന്നു. തീപ്പന്തങ്ങൾ കാറ്റിനോടൊപ്പം ലാസ്യ നൃത്തം ചവിട്ടി. വെടിക്കെട്ടു വെട്ടത്തിനു നിലമൊരുക്കി റ്റ്യൂബ് ലൈറ്റുകൾ കണ്ണടച്ചു. ഭ്രമണം ചെയ്ത ശബ്ദച്ചീളുകൾ കാതുകൾ കൊട്ടിയടച്ചു. പൂത്തിരികൾ മാനത്ത് വെള്ളിത്തിളക്കങ്ങളുടെ വർണ്ണമഴ പെയ്യിച്ചു. കണ്ണുകളെല്ലാം വാനത്തിലേക്കുയർത്തി വിസ്മയ പൂത്തിരിയിലേക്ക് നോട്ടമെത്താൽ ആൾക്കൂട്ടം ശരീരം പലദിശകളിലേക്ക് മാറ്റി പരീക്ഷച്ചത് തിക്കും തിരക്കും വർദ്ധിച്ചു.

വെടിക്കെട്ടിന്റെ പ്രകമ്പനങ്ങളിൽ ഞെട്ടി മാറിയവൾ ആൾക്കൂടത്തിനിടയിൽ ശ്വാസം മുട്ടി ഞെങ്ങി ഞെരുങ്ങുമ്പോഴും കൈകൾ മേല്പോട്ടുയർത്തിപ്പിടിക്കാൻ ശ്രമിച്ചു. ആരവങ്ങളുടെ കുത്തിയൊഴുക്ക് നേർത്തുതുടങ്ങി. കരിനിറമുടുത്ത പുകപടലങ്ങൾ ഗന്ധകം മണക്കുന്ന കാറ്റിലിറങ്ങിപ്പോയി. നിർവൃതിയിൽ അടഞ്ഞു നിന്ന കണ്ണുകളുടെ ഇടയിൽ അവളുടെ കണ്ണുകൾ മാത്രം നഗ്‌നമാക്കപ്പെട്ട നൂലറ്റങ്ങളിലേക്ക് വ്യസനത്തോടെ തുറന്നുവെച്ചു. അവളുടെ ഉള്ളിൽ വേദന തീപ്പൊള്ളലുപോലെ തിണർത്തു ആകാശത്തിന്നുയരങ്ങൾ താണ്ടിപ്പോയ ഹൈഡ്രജൻ ബലൂണുകളുപേക്ഷിച്ച നൂലറ്റങ്ങളെ അവൾ തേങ്ങലോടെ ചുരുട്ടിയെടുത്തു.

ഉള്ളിലിനിയും കെട്ടുപോകാത്ത തീയൊച്ചയുടെ പകപ്പിലവൾ, സ്വതന്ത്രമാക്കപ്പെട്ട കൈകൾ ക്ഷേത്രത്തിനു നേരെ കൈകൂപ്പി, ചുണ്ടുകളുടെ കോണുകൾ താഴോട്ടിറങ്ങി എന്തോ പതം പറഞ്ഞു. അവളുടെ ബലൂണകൾ പറത്തിവിട്ട കൈകൾ ആരുടേതായിരിക്കാം. ഒരാൾക്കു മാത്രമതറിയാം.! വേദന ഒലിച്ചിറങ്ങിയ മിഴികൾ ബ്ലൗസിന്റെ കൈയ്യിൽ തുടച്ചു നടന്നു പോകുമ്പോൾ നേരത്തെ കണ്ട കടലക്കാരൻ പയ്യൻ ഓടിവന്നവൾക്കൊരു കടലപ്പൊതി സമ്മാനിച്ചു.

സഞ്ചിയിലവശേഷിച്ചൊരു ബലൂണെടുത്ത് അവളുടെ ശ്വാസം നിറച്ചവന് കൊടുത്തു. നിർജീവമായ ഫുട്പാത്തിലൂടെ കണ്ണടച്ചിരിക്കുന്ന തെരുവ് വിളക്കിന്റ നെറുകയിൽ തട്ടി വീഴുന്ന നിലാത്തുള്ളികളെ പിൻതള്ളി കാലുകൾ അവളാലാവുന്ന വിധം നീട്ടിവെച്ചു.

പനിച്ചൂടിൽ മുറിഞ്ഞുവീഴുന്ന ശ്വാസതന്മാത്രകളേങ്ങിപ്പിടിച്ചു. അമ്മ പല പ്രാവിശ്യം അടുപ്പിൽ വെച്ച തവ മാറ്റിവെച്ചു കാണും. സോമു അമ്മയുടെ മാറിലെ അവസാനത്തുള്ളി പാലും മൊത്തി ഒട്ടിയ വയറുമായി തളർന്നു കിടക്കുന്നുണ്ടാവും. നെഞ്ചുരുമ്മി അമ്മ ശബ്ദമില്ലാതെ തേങ്ങുന്നുണ്ടാവും. വെറും കൈയ്യോടെ കയറിച്ചെല്ലുന്നതോർത്തതും അവൾ കാലുകളുടെ അകലം കുറച്ചു.

ബലൂണുകൾ വിറ്റവകയിൽ കിട്ടിയ നാണയത്തുട്ടുകൾ ഒരുമിച്ചു നിന്നാലും ഒരു പിടി ഗോതമ്പിന്റെ കനം താങ്ങില്ല. ഉമിനീരിറക്കിയതു മുഴവനും വരണ്ട തൊണ്ടയിലാവിയായി. ‘ദീദി’ എന്നു വിളിച്ചു വരുന്ന സോനുവിനെന്തു കൊടുക്കുമെന്നു ആലോചിച്ചവൾ നീലവെളിച്ചം തങ്ങി നിൽക്കുന്ന പാതയോരത്തെ ടാർപോളിൻ ഷെഡിനു മുന്നിൽ നിശബ്ദയായി നിന്നു.

പിന്നെ കാലൊച്ച കേൾപ്പിക്കാതെ, നിശബ്ദതയെ നോവിക്കാതെ നുഴഞ്ഞുള്ളിൽ കയറി. മങ്ങിയ നീലവെളിച്ചത്തിലവൾ എന്തോ തെറ്റുചെയ്തതു പോലെ അമ്മയുടേയും തീ കത്തിക്കെടുത്തി വെച്ച ചുള്ളിക്കമ്പുകളുടെയും ഇടയിൽ മുട്ടുകുത്തി.

“മാജീ”

അവളുടെ തൊണ്ടയ്ക്കകത്തു നിന്നുമേങ്ങി വീണ വാക്കുകൾ ശ്രദ്ധിക്കാതെ, അമ്മ അവളെ പനി മണക്കുന്ന ചുണ്ടടുപ്പിച്ചു നെറ്റിയിൽ മുത്തി തണുപ്പിച്ചു.

മനസ്സിനുള്ളിൽ കോർത്ത സങ്കടമുത്തുകൾ കെട്ടഴിഞ്ഞു ചിതറി വീണു. ചാക്കിനുമേൽ വിരിച്ച മുഷിത്ത ഒറ്റമുണ്ടിൽ നിന്നും ഉറക്കമുണർന്ന സോനു മുട്ടിലിഴഞ്ഞു വന്നു ‘ദീദി’ എന്നു വിളിച്ചവളെ കെട്ടിപിടിച്ചു. അവൾ കടലപ്പൊതി അവനു കൊടുത്തു. അവളുടെ കവിളിൽ മുത്തിയവൻ പൊതിയഴിച്ചു ഓരോ മണി കടല അവളുടേയും അമ്മയുടേയും വായിൽ വെച്ചു കൊടുത്തു.

“ഹലോ, ഹലോ”

പുറത്തൊരു ശബ്ദം മുളച്ചുപൊങ്ങി. കുമിഞ്ഞുകൂടുന്ന ഇരുട്ടിൽ മധുരം തേടിയിറങ്ങുന്ന ഞരമ്പനുറുമ്പുകളാണെന്നു കരുതി അവഗണിച്ചെങ്കിലും തുടർച്ചയായ വിളിയൊച്ചക്കൊടുവിൽ അവർ പുറത്തുപോയി നോക്കി.

“ഇത് വാങ്ങിച്ചോളൂ” സാധനങ്ങൾ നിറച്ച സഞ്ചി നീട്ടി വെള്ളക്കട്ടിക്കണ്ണട ഫ്രയിമിനുള്ളിലൂടെ നോട്ടമെറിഞ്ഞൊരാൾ. ഇരുട്ടിൽ നീണ്ടു വരുന്ന കാരുണ്യഹസ്തങ്ങളുടെ രേഖകൾ മന:പാഠമായതിനാൽ അമ്മ അതു തിരസ്കരിച്ചു.

“ഞങ്ങൾക്കിതു വേണ്ട, ഞങ്ങളെ വിട്ടേരെ” അയാൾ സഞ്ചി താഴ്ത്തിവെച്ചു.

“ഇതിവൾക്കർഹതപ്പെട്ടതാണെന്നു കരുതിക്കോളൂ” അയാൾ തോൾബാഗിൽ നിന്നൊരു ചെറുപൊതിയെടുത്തു, അമ്മയ്ക്കു നേരെ നീട്ടി.

“ഒന്നു തുറന്നു നോക്കൂ” അയാളുടെ മുഖം സൂക്ഷമതയോടൊന്നുകൂടെ നിരീക്ഷിച്ചു അമ്മ കവർ തുറന്നു. അവൾ കാണിക്കവഞ്ചിയിൽ പണമിടുന്നത്, കണ്ണാടി നോക്കുന്നത്, ആകാശത്ത് പറക്കുന്ന പട്ടം നോക്കുന്നത്, ചുറ്റുമതിലിനരികൽ ഞെട്ടി നില്ക്കുന്നത്, ബലൂൺ നഷ്ടപ്പെട്ടു നില്ക്കുന്നത്.

ചേതനമുറ്റിയ ഭാവങ്ങൾ സൂക്ഷ്മതയോടെ ഒപ്പിയെടുത്ത ഫോട്ടോകൾ, മങ്ങിയ തെരവു വെട്ടത്തിൽ തെളിഞ്ഞു നിന്നു.

“ഇവളറിയാതെ പിൻതുടർന്നു ഫോട്ടോ എടുക്കുകയായിരുന്നു ഞാൻ. അമ്പലത്തിനരികിലെ ‘ഭാമി’ സ്റ്റുഡിയോ നടത്തുന്നു പേര് സുബോദ്.”

അമ്മ ഫോട്ടോകൾ മാറി മാറി നോക്കി പിന്നലമ്പരപ്പോടെ അവളും നിന്നു.

“ഞാനൊരു മ്യൂസിക് ആൽബം ചെയ്യുന്നുണ്ട്. ഇവളെ അതിലഭിനയിക്കാൻ വിടാമോ?”

അമ്മ മറുപടി പറയുന്നതിനുമുമ്പേ സഞ്ചി മുന്നിലേക്ക് നീക്കിവെച്ചു, കൈയ്യിൽ ആയിരം രൂപ വെച്ചു.

“അഡ്വാൻസായി കരുതിയാൽ മതി. അമ്പലത്തിനടുത്തുവെച്ചു തന്നെയാണ് ഷൂട്ട്. പേടിക്കാനൊന്നുമില്ല.”

“ഇവൾക്ക് അഭിനായിക്കാനൊന്നുമറിയില്ല.”

“അതൊക്കെ ഞാൻ നോക്കികൊള്ളാം.”

അയാൾ ബൈക്കിനരികിലേക്ക് നടന്നു. അവളുടെ നേരെ കൈവീശി പുഞ്ചിരിച്ചു.

“ഹലോ, വൈകുന്നേരം ഉറങ്ങുന്നോ”

ശബ്ദം കേട്ടു ബാനി ഞെട്ടി കണ്ണുതുറന്നു “ഷൂട്ടൊക്കെ എങ്ങിനെ?” അവൾ കവിളിളക്കിയൊന്നു ചിരിച്ചു

“ഉറങ്ങുകയൊന്നുമായിരുന്നില്ല. ബലൂൺ കിട്ടിയപ്പോൾ പഴയ ബലൂൺ വില്പനക്കാരിയും അവളുടെ രക്ഷകനും വീണ്ടും മനസ്സിലേക്കോടിവന്നു.”

“പ്രശസ്ത സീരിയൽ താരം ബാനി കൗസിക്ക് പഴയതൊക്കെ ഇപ്പോഴും ഓർക്കുന്നുവോ”

ബാനി മൊബൈൽ ഫോണിൽ നിന്നും ഒരു ഫോട്ടോ സെർച്ചു ചെയ്തെടുത്തു.

“സുബേദേട്ടാ ഇതൊന്നു നോക്കിക്കോ” മൊബൈലിലെ പത്രക്കട്ടിങ്ങയാൾ ഒച്ചത്തിൽ വായിച്ചു

“ഉത്സവപ്പറമ്പിൽ ബലൂൺ വിറ്റു നടന്ന ഉത്തരേന്ത്യൻ പെൺകുട്ടി മോഡലായി മാറിയപ്പോൾ”

“സുബോദേട്ടൻ ഫോട്ടോ എടുത്തില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഞാൻ. എന്നെ ആദ്യമായി ഒരു ക്യാമറക്കുള്ളിലാക്കിയത് സുബോദേട്ടനാണ്.” ബാനി ഒന്നും പറയാനാവാതെ സുബോദിനെ നോക്കി.

“ബാനി ക്യാമറഫോക്കസ്, അതൊരു സത്യമാണ്.”

“സുബോദേട്ടാ, അന്നെന്റെ ബലൂണുകളെ പൊട്ടിച്ചുവിട്ട കൈകൾ ക്യാമറയിൽ പതിഞ്ഞില്ലായിരുന്നല്ലോ.”

“ചില കൈകൾ ക്യാമറഫോക്കസ്സിനപ്പുറമാണ്. ആ കൈകളായിരിക്കാം ബാനിയുടെ ഉയർച്ചക്കുള്ള നിമിത്തമെന്നു വിശ്വസിച്ചോളൂ”

“എന്റെ ഭാവമൊപ്പിയെടുക്കാൻ സുബോദേട്ടാനൊപ്പിച്ച പണിയാണോ?” ചുണ്ടിൽ പൊട്ടി വീണ ചെറുചിരിയോടെ ബാനിയുടെ ചോദ്യത്തെ ചെവിപുറത്ത് തടത്തുവെച്ചു.

”ബാനി നിന്റെ കുറച്ച് സ്റ്റിൽസ് വേണമെന്നു സംവിധായകൻ വിളിച്ചു പറഞ്ഞിട്ടാ വന്നത്. വേഗം വാ ലൈറ്റ് പോകുന്നതിനു മുമ്പ് എടുക്കാം”

മുകളിലേക്ക് പറന്നുയുരാൻ നിൽക്കുന്ന കുറേ ചുവന്ന ബലൂണകൾ പിന്നിൽ വെച്ചു സുബോദ്, ബാനിയെ ഫോക്കസ്സുചെയ്യുമ്പോൾ താരങ്ങൾ മാനത്ത്, ഭൂമിയിലില്ലാത്ത ചില നിറക്കൂട്ടുകൾ വാരി വിതറന്നുണ്ടായിരുന്നു.