ഫോക്കസ്

മൊഹ്‌സീന്റെ കണ്ണടയ്ക്ക്
ചതുരഫ്രെയിം ആണ്.
അയാൾ
അതിലൂടെ എപ്പോഴും എല്ലാത്തിനെയും
ഫോക്കസ് ചെയ്തു നോക്കിക്കൊണ്ടിരുന്നു.
സുഹൃത്തുക്കൾ, കുടുംബം ഒക്കെ
ഒരേ ക്ലാരിറ്റിയിൽ.

മുമ്പുണ്ടായിരുന്ന
വലിയ വട്ടക്കണ്ണടയിൽ, അയാളുടെ
ഭൂമി, വാനവട്ടങ്ങൾ ഒക്കെ
വളരെ വലുതായിരുന്നു.
ഒന്നിനേയും
ആ വൃത്തത്തിനകത്തൊതുക്കാൻ
അയാൾ ശ്രമിച്ചില്ല.
അന്നയാൾക്ക്
പ്രണയം ഉണ്ടായിരുന്നില്ല.
അയാൾ രാജാവാണ് എന്ന
തോന്നലിലുമായിരുന്നു.

ഒരിയ്ക്കൽ
മനോരാജ്യത്തിൻ്റെ
തെക്കേ അതിരിൽ
പുതിയ വീടുകെട്ടി താമസം തുടങ്ങി.
പടിയ്ക്കൽ
ആരോ നിൽക്കുന്നതുകണ്ട്
വാതിൽ തുറന്നപ്പോൾ
അറിയാത്തൊരുവൾ വന്ന്
അകത്തുകയറി.

രാവിലെ ഉറക്കമുണർന്നപ്പോൾമുതൽ
അയാൾ
കണ്ണട തപ്പിനടക്കുകയാണ്.
ഇപ്പോൾ മുന്നിൽ
ചെറിയ ഒരു വട്ടംമാത്രം കാണാം.
പെൺസിംഹത്തിൻ്റെ
മുരൾച്ച കേൾക്കാം.

അവളുടെ
ചെറിയ ഫ്രെയിമുള്ള
ഈ കണ്ണടയിലൂടെ
ജീവിതത്തെ
ഒട്ടും
ഫോക്കസ് ചെയ്യാൻ കഴിയുന്നില്ല
എന്ന സത്യമറിയാൻ
അയാൾക്ക് കഴിഞ്ഞില്ല.

അവളുടെ നോട്ടത്തിൽ അയാൾക്ക്
ക്ലാരിറ്റി കൂടിക്കൂടിവന്നു.
എന്നാൽ
അവൾ
ഔട്ട് ഓഫ് ഫോക്കസ് ആയതാണോ,
തൻ്റെ കാഴ്ച മങ്ങിയതാണോ
എന്നയാൾക്ക് തിരിച്ചറിയാൻപോലും
കഴിയാതെയായി.

ഫ്രെയിമിലാക്കുന്നത്,
ഒട്ടും നിസ്സാരമായി കാണരുത്.
അന്ധതയ്ക്ക്
കണ്ണുകളെക്കാൾ ഫ്രെയിമുകളുമായാണ്
എപ്പോഴും
ചാർച്ച കൂടുതൽ എന്നോർക്കണം.

വൈക്കത്തിനടുത്ത് ചെമ്പ് സ്വദേശിനിയാണ്. സർക്കാർസ്കൂൾ അധ്യാപികയായി വിരമിച്ചു. വർഷങ്ങളായി കവിതകളെഴുതുന്നു. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും മാസികകളിലും കവിതകൾ വന്നിട്ടുണ്ട്. 'പെൺമോണോലോഗുകൾ' എന്ന ഒരു കവിതാസമാഹാരം ചെയ്തിട്ടുണ്ട്.