ഫിർ വഹീ ശാം, വഹീ ഗം…

“തങ്കനിലാവിൻ്റെ തട്ടമിട്ട രാത്രിയും,
വെളുക്കനെ ചിരിക്കുന്ന മുല്ലച്ചെടിയും”
ക്ലീഷേ ആയിരിക്കാം;
എങ്കിലും, ഈ രാത്രിയെ
സത്യമായും ഇങ്ങനെത്തന്നെ ഓർത്തുവയ്ക്കും ഞാൻ!

പൂത്ത മാവ്
കാറ്റ്
പൊഴിയുന്ന മാമ്പു
പതിഞ്ഞ ശബ്ദത്തിൽ
ഖുർആൻ ഓതുന്ന ഉമ്മ !
മൈലാഞ്ചിച്ചെടിക്കിടയിൽ,
അയലത്തെ കണ്ടനോട്
പ്രണയം പറയുന്ന
എൻ്റെ പേർഷ്യൻ പെണ്ണ്!

ഞാൻ എൻ്റെ
റോയൽ എൻഫീൽഡ്
തുടച്ചു തുടച്ച്
വെള്ളിപോലെ മിനുക്കുന്നു.
ബുള്ളറ്റിൻ്റെ തുകൽ സീറ്റിൽ
ഏകാന്തതയുടെ തഴമ്പ് !

എന്നിട്ടും
എന്നിട്ടും
എന്തോ ഒരു കുറവ്;
എന്തിൻ്റെയോ ഒരു അഭാവം !

തട്ടിൻപുറത്ത്
വിരഹിയായ വൃദ്ധകാമുകൻ
നസറുമാമ പാടുന്നു:
“ഫിർ വഹീ ശാം
വഹീ ഗം
വഹീ തൻഹായീ ഹേ…”*

ബുള്ളറ്റിൻ്റെ റിയർ ഗ്ലാസ്സിൽ
ഒട്ടിപ്പിടിച്ചൊരു നീണ്ട പെൺമുടി!
അതിൽ വിരൽ കൊണ്ടു
തൊടും നേരം, ‘കസ്തൂരിത്തൈ-
ലമിട്ട് മുടി മിനുക്കി‘യെന്ന പാട്ട്
എന്തേ ഓർത്തുപോയി, ഞാൻ ?

ഇടയ്ക്കിടയ്ക്ക്
ഒരു വവ്വാലിൻ്റെ ചിറകിൻ നിഴൽ
വീടിനെ തഴുകുന്നു.

ഭൂമിയിൽ നിന്ന്
പറന്നു പൊന്തിയൊരു പച്ചക്കുതിര
എൻ്റെ തോളത്തു വന്നിരിക്കുന്നു.
ഞങ്ങൾ മുഖാമുഖം നോക്കുന്നു.

കാലദേശങ്ങളെ താണ്ടുന്നൊര-
ശ്വത്തെപ്പോലെ,യവൾ
മുല്ലയെ തൊട്ട്,
മാവിനെ തൊട്ട്,
ബുള്ളറ്റിനെ തൊട്ട്
വീണ്ടും എൻ്റെ
തോളത്തു വന്നിരിക്കുന്നു.

അരപ്രൈസിൽ,
ഒരു തുണ്ടു വാഴയിലയിൽ
ഉമ്മ എടുത്തു വച്ചിരിക്കുന്നു,
രാവിൻ്റെ പാൽപ്പുഞ്ചിരി!
അതിൻ നറുമണത്തിലേക്ക്
ചായാൻ കുതിക്കുന്നു, പച്ചക്കുതിര!

മുല്ലപ്പൂക്കൾക്ക് മേലെയിരുന്ന്
ആ പച്ചപ്രാണി
എന്നെ ‘ഹഗ്ഗു’ ചെയ്യാൻ
കൈകളുയർത്തുന്നു!
അത് സ്വീകരിക്കാൻ തുനിയവെ,
വാഴയിലയിൽ,
മുല്ലപ്പൂക്കൾക്കു മീതെ,യാപെൺമുടി
വീണ്ടും കണ്ടു ഞാൻ നടുങ്ങുന്നു!

*തലത്ത് മഹ്മൂദിൻ്റെ ഗാനം – അതേ സന്ധ്യ ….. അതേ വേദന … അതേ ഏകാന്തത…

കൊച്ചി ബ്രഹ്മപുരം സ്വദേശി. പാചകക്കാരൻ (chef ) ആയി ജോലി ചെയ്യുന്നു.