പൗർണമിയിൽ നിന്നും അമാവാസിയിലേക്ക് ഒരുവൾ നടന്നു നീങ്ങും വിധം

അമ്മയൊക്കത്തിരുന്ന്
മാമുണ്ണും കാലം
അന്നവൾക്ക് അമ്പിളിമാമ
തേങ്ങാപ്പൂളു പോലെ

“ക്ഷീരസാഗരസമ്പന്ന…”
ചൊല്ലാൻ നാവു വഴങ്ങും നേരം
അമ്പിളിക്കൊരു
പപ്പടവലിപ്പം

അമ്മമടിയിൽ
കഥ കേട്ടിരിക്കെ
അമ്പിളിമാമന്റെ മടിയിലും
ഒരു കഥക്കുട്ടി
ചാഞ്ഞിരിക്കുന്നത് പോലെ

ആകാശക്കടലിലെ
വേലിയേറ്റ വേലിയിറക്കങ്ങളിൽ
അമ്പിളിത്തോണിയൊഴുക്കം
ചാഞ്ഞും ചെരിഞ്ഞും
മാഞ്ഞും തെളിഞ്ഞും

കാലം പോകെ,
വാതിലിനു പുറകിൽ
പേടിച്ചൊളിച്ചിരിക്കെ
ആകാശത്തും
പേടിച്ചരണ്ട രണ്ട്
തിങ്കൾക്കലമാൻകണ്ണുകൾ

കരഞ്ഞുറഞ്ഞ ഉയിരും
നീലച്ചയുടലുമായ്
മുയൽക്കുഞ്ഞിനെ പോലെ
കിടക്കയിലൊരോരത്ത്
ചുരുളുമ്പോൾ
തലയ്ക്കു മീതെയൊരു
കരിനീലശശാങ്കബിംബം

കരിനിഴലുകൾ
കാലടി തൊടുമ്പോൾ
ഉയരെ നിന്നും
കരിമങ്ങലം പടർന്ന
ഒരു ചാന്ദ്രനോട്ടം
അന്നേരം, അവളുടെ
മനസ്സിലും കരിമംഗലം

മുടിയിഴകളൊന്നിൽ മാത്രം
തിരിച്ചറിവിൻ്റെ നിലാവെള്ളിവര.
ഏതിരുട്ടിലും വെളിച്ചം നീട്ടുന്ന
ഒരു നീലനിലാവെള്ളിവര.

ആയുർവേദ ഡോക്ടർ ആണ്. പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശി. ഓൺലൈൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും എഴുതുന്നു.