പ്രേതവനത്തിൻ തീക്കടവിൽ ഗരുഡായോഗം കാക്കുന്നു

ചിതാഭസ്മ വിഭൂഷിത
ചേലയ്ക്കുള്ളിൽ
ആവിപിടിക്കും മൂവന്തിയവൻ,
രാവേറെയടുക്കുംകാലം
ആറടിനീളും
പ്രേതവനത്തിൻ തീക്കടവിൽ
ചന്ദ്രികതേച്ചു കുളിക്കുന്നു.

രാ,ക്കുതിര
കുതിക്കുംനേരം, വാനിലെ
നീളൻപാതയിലാകെ
മുതിര കണക്കെ വിതച്ചൂ
നുരയും പതയും
വെയിലാറിയ ചെഞ്ചോരച്ചോപ്പും.

നട്ടപ്പാതിരകാലം
ആകാശച്ചെരുവിൽ കായ്ക്കും
പഞ്ഞിമരക്കാട്ടിന്നുള്ളിൽ
പാർക്കും ഞാനൊരു
ഇണയില്ലാ,ത്തിഴജന്തു
ദാസ്യത്താൽ ഫണമമ്പേ
താഴ്ത്തിക്കെട്ടിയ വിഷമില്ലാ നീർക്കോലി.

സ്വപ്നത്തിൽ ഞാൻ
തിരയും നിൻ-
നെഞ്ചറയാമൊരു മൺപുറ്റിൽ
ഒരുതിരി വയ്ക്കട്ടെ
ഒരു പുള്ളോർക്കുടം മീട്ടട്ടെ.

കടിച്ചുതുപ്പീ ഞാൻ
ഒരിക്കലെന്നെ
ഞാൻ കടിച്ച പ്രേമവിഷത്തെ.

ഈ രാവിൽ
ചങ്കിൽ നീ
പ്രേമത്തിൻ കരിനീലവിഷക്കടലേറ്റി
വന്നുവിളിക്കും പോലൊരു തോന്നൽ,
തൊട്ടുമായ്ച്ചതോ മുഖത്തെഴുത്ത്
കൊടുംപുരികം വച്ചെഴുത്ത്
കലക്കവെള്ളം നിറഞ്ഞ പൊയ്‌ക്കണ്ണ്
അരക്കുപ്പി നിലാവിൻ
മണ്ണെണ്ണ മണം തുളുമ്പും
മൃതദേഹം.

പ്രേതവനത്തിൽ ദൂരെ
വിരലൊരു
ചെറുചൂട്ടു കണക്കെയുയർത്തി
പ്രേമത്തിൻ തോറ്റംപാടി
വിളിക്കും നീയൊരു
പൂമാരുതനാകുന്നു.

കുന്നിന് മീതെ
പുലരിവെട്ടത്തിൻ ഉച്ചൈശ്രവസ്സ്
കുതിച്ചുയരവേ
കാക്കപ്പുള്ളി കണക്കെ
ആറടിനീളും പ്രേതവനവുമേന്തി
ആകാശച്ചെരുവിനറ്റം വിറച്ചു
കുതിരവാലായ്.

വീണ്ടും, വീണ്ടും വിനതയായ് ഞാൻ
ദാസ്യത്താൽ
ഫണമമ്പേ താഴ്ത്തിക്കെട്ടിയ
വിഷമില്ലാ നീർക്കോലി.

ദാസ്യം ചെയ്തു മടുത്തൊരു
കാത്തിരിപ്പിൻ വിനതാഗർഭം പോലെ
രാപ്പകലിൻ ഗ്രഹചക്രത്തിൽ ഞാൻ
ഗരുഡായോഗം കാക്കുന്നു.

കണ്ണൂർ സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്.