അകലെയെങ്ങോ പൂക്കുന്നരളിതൻ
ഗന്ധമെന്നിൽ കുളിർ നിറയ്ക്കുന്നതും
ചോന്നവറ്റൽമുളകിന്റെ നീരിലും
മധുരമൂറി നുണഞ്ഞിരിക്കുന്നതും
വിജനമാമൊരു പാതയെന്നുള്ളിലേ
ക്കൊരു നിഴൽത്തണുപ്പായി നിറയവേ
ഓർത്തു കൈവിരൽ കോർത്തു നടന്നതും
പ്രണയമുണ്ടായിരിക്കയാലാവണം
തുള്ളി പോലും പൊഴിയാതിരിക്കവേ
കണ്ണടച്ചു നനയാൻ കഴിവതും
പാതി ചാരിയ വാതിൽപ്പഴുതിലൂ –
ടോർമ്മയിൽ പദനിസ്വനം കേട്ടതും
കുഞ്ഞു കാറ്റിലുലയുന്നയില്ലിതൻ
ചോട്ടിലീയുഷ്ണ സായന്തനങ്ങളിൽ
ഓർത്തു ചാരിയിരിക്കുവാനായതും
പ്രണയമുണ്ടായിരിക്കയാലാവണം
കാത്തുവച്ചൊരു കുന്നിക്കുരുമണി
കാറ്റിനോട് കഥ പറയുന്നതും
ചുണ്ടിലൂറിയ പൂവിന്റെ പുഞ്ചിരി
കണ്ടു നന്നായ് മനം കുളിർക്കുന്നതും
തൊട്ടുനോക്കാതെ കുങ്കുമച്ചോപ്പിനെ
മൊത്തമായി പകർന്നെടുക്കുന്നതും
ഉള്ളിലൂറുന്ന കൊച്ചു നീർച്ചാലുപോൽ
പ്രണയമുണ്ടായിരിക്കയാലാവണം