പ്രണയപൂർവം

ഗിരിനിരകളെ മുകരാതെ
ഒരു മേഘവും കടന്നു പോകാറില്ല
കാറ്റിൽ പെട്ടു
ശിഥിലമാകുന്ന
ഓരോ മേഘവും
തനിക്കു മാത്രമായ്
ഒരു കൂടാരം
പണിയണമെന്ന്
മോഹിക്കുന്നുണ്ടാകും.

ഭൂമിയിലേക്ക് തുറക്കുന്ന
മേഘജാലകത്തിലൂടെ
പ്രണയപൂർവം
പ്രപഞ്ചമാകെ
മിഴികളാൽ
ഉഴിയണം
എന്ന് കിനാവ്
കാണുന്നുണ്ടാകും.

എന്നിട്ടും മേഘങ്ങൾ
ശിഥിലമാകുന്നു
ഞാനും ഇന്ന് മേഘം പോലെയാണ്
അത് കൊണ്ടു നീ കാറ്റായി
വന്ന് എന്നെ മുകരേണ്ട
കടലായി വന്ന്
നിരന്തരം എന്റെ ഹൃദയത്തിൽ
തിരകളാൽ
ചുംബിക്കുക.
പിൻവാങ്ങിയാലും
പിന്നീട് തിരകളായി
നീ മടങ്ങി വരുമെന്ന്
മോഹിക്കുന്ന
തീരമാകാം ഞാൻ

നിന്റെ ആലിംഗനങ്ങളാൽ
അധരസ്പർശങ്ങളാൽ
മറ്റെല്ലാ അടയാളങ്ങളും
മായുന്ന തീരം.
ഏതോ ഒരുന്മാദത്തിൽ
എന്നിൽ കാലം
കൊത്തിവെച്ച
നീയാകുന്ന
പ്രണയലിഖിതം
മാത്രം നിറഞ്ഞ തീരം.

കോട്ടയം ജില്ലയിലെ മേവെള്ളുർ സ്വദേശിനി. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്. 'സംശയങ്ങളിൽ ആഞ്ചല മേരി ഇങ്ങനെ' എന്ന ചെറുകഥയ്ക്കു 2014 ലെ വനിത ചെറുകഥ അവാർഡ്, 2017 ലെ കേരള കലാകേന്ദ്രം കമല സുരയ്യ പുരസ്കാരം, 2018.ലെ ദേവകി വാര്യർ സ്മാരക പുരസ്കാരം ഇവ ലഭിച്ചു. വിവിധ പ്രസാധകർക്കായ് പരിഭാഷകൾ ചെയ്യുന്നു.