പ്രണയത്തിന്റെ ശബ്ദപ്പകർച്ചകൾ

അവനോടൊത്തുള്ള
ഒരു തീവണ്ടിയാത്രയ്ക്കൊടുവിൽ
അവൾ പറഞ്ഞത്
അവന്റെ ശബ്ദത്തിന്
തീവണ്ടിവേഗമാണെന്നായിരുന്നു

കാത്തിരിപ്പിന്റെ
അവസാനത്തെ പ്ലാറ്റ്ഫോമിലേക്ക്
കുതിച്ചെത്തുന്ന തീവണ്ടിയുടെ
അതേ വേഗം

കാല്പനികതയുടെ മഴരാത്രികളിൽ
അവന്റെ ശബ്ദത്തിൽ
അവൾ കണ്ടത്
ഒരു മഴച്ഛായ

പെയ്തിട്ടും നിറയാത്ത
പറഞ്ഞിട്ടും തോരാത്ത
മഴയുടെ അതേ ഛായ

കലമ്പലുകളുടെ കടൽസന്ധ്യകളിൽ
അവന്റെ ശബ്ദത്തിൽ
അവൾ രുചിച്ചത്
കടലുപ്പിന്റെ കയ്പ്പ്

കരയോട് പിണങ്ങിയിട്ടും
തിരിച്ചെത്തുന്ന കടൽത്തിരയിലെ
ഉപ്പുപരലുകളുടെ
അതേ കയ്പ്പ്

വിശപ്പും വിയർപ്പും
വെളിച്ചപ്പെടുന്ന നട്ടുച്ചനേരങ്ങളിൽ
അവന്റെ ശബ്ദത്തിൽ
അവൾ മണത്തത്
ലാവാസദൃശമായ അത്യുഷ്ണം

പൊട്ടിത്തെറിച്ചിട്ടും
അടങ്ങാതെ പുകയുന്ന
അഗ്നിപർവ്വതത്തിൽ നിന്നൂറുന്ന
ലാവയുടെ അതേ ചൂട്

കൈപ്പേച്ചുനേരങ്ങളിലെ മൂളലുകളിൽ
അവൾ കേട്ട
അവന്റെ ശബ്ദത്തിന്
ഒരു പ്രാവിന്റെ മട്ട്

കുറുകിയിട്ടും മതിവരാത്ത
പ്രാവിന്റെ അതേ മട്ട്

ശബ്ദമില്ലായ്മയുടെ
മൺപുറ്റുകളിലേക്ക്
പൊടുന്നനെ ഒരു ദിവസം
അവൻ അടഞ്ഞിരിക്കാൻ
തുടങ്ങിയപ്പോഴാണ്
ആദ്യമായി അവൾക്ക്
അവന്റെ ശബ്ദത്തെ
തൊട്ടെടുത്തു വയ്ക്കണമെന്ന്
തോന്നിയത്

അന്നു മുതലാണ്
ഒട്ടുമേ തുറസ്സല്ലാത്ത
ആ ശബ്ദം അടർത്തി നോക്കാൻ
അവൾ ശ്രമം തുടങ്ങിയത്

അന്നു മുതലാണ്
തൊടാനാവാത്ത
അവന്റെ ശബ്ദത്തിലേക്ക്
അവൾ കയ്യെത്തിച്ചു തുടങ്ങിയത്

റയിൽവേ പ്ലാറ്റ്ഫോമിലെ
തൊട്ടുതൊട്ടിരിക്കുന്ന
ഇരുമ്പുകസേരകളിൽ
തൊടാതെ തൊട്ടിരുന്ന്
അന്നുവരേക്കും തൊടാനാവാത്ത
അവന്റെ ശബ്ദത്തെക്കുറിച്ച്
പരാതിപ്പെട്ടപ്പോഴാണ്
അവൻ അവളുടെ കയ്യെടുത്ത്
കസേരക്കയ്യിൽ ഇറുക്കിപ്പിടിപ്പിച്ചതും
എന്നിട്ട് ചാഞ്ഞിരുന്ന്
കുറച്ചുറക്കെ മിണ്ടിയതും

അന്നായിരുന്നു
അവന്റെ ശബ്ദതരംഗങ്ങൾ
അവളുടെ സ്പർശമാപിനികളെ
സ്പന്ദിപ്പിച്ചതും
അവന്റെ ശബ്ദത്തെ അവൾ തൊട്ടതും

അന്നായിരുന്നു
സമാനതരംഗദൈർഘ്യമുള്ള
രണ്ടു മനുഷ്യർക്കിടയിൽ
പ്രണയത്തിന്റെ
കൊള്ളിയാൻ മിന്നിയത്

ആയുർവേദ ഡോക്ടർ ആണ്. പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശി. ഓൺലൈൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും എഴുതുന്നു.