പ്രണയം കൊണ്ടു മാത്രം ഉണങ്ങുന്ന മുറിവുകൾ

ഈ പ്രേമിക്കുന്നവർക്കൊക്കെ ഒരു പ്രത്യേകതയുണ്ട്. തുടക്കകാലത്ത് അവർ വളരെ ശ്രദ്ധാലുക്കളായിരിക്കും. ആവശ്യത്തിലേറെ ചിന്തിക്കും, സമൂഹത്തെ ഭയപ്പെടും,വാക്കുകൾ സൂക്ഷ്മമായി പ്രയോഗിക്കും. നിയന്ത്രണങ്ങളുടെ ലക്ഷ്മണരേഖ നാലു വശത്തും വരയ്ക്കും.

പക്ഷെ പ്രേമം മനസ്സിൽ നിറഞ്ഞു തുടങ്ങിയാൽ, പിന്നെയവർക്ക് കണ്ണു കാണില്ല.! ഭയമില്ല, നിയന്ത്രണങ്ങളില്ല, അവർക്കു മുൻപിൽ സമയം പോലുമില്ല ! അവർ രണ്ടുപേർ മാത്രമുള്ള ഒരു പുതിയ ലോകം സൃഷ്ടിക്കും. പ്രണയത്തിന്റെ നിലാവു പെയ്യുന്ന ഒരു നിശ്ശബ്ദ ലോകം.

അങ്ങനെയൊരിക്കൽ…
അവരുടേതു മാത്രമായ ആ ലോകത്ത്, അവർക്കു വേണ്ടി മാത്രമുദിക്കുന്ന സൂര്യനെ കാണാൻ രണ്ട് കൈകൾ കാത്തിരുന്നു. അവരുടെ സംസാരം മേഘങ്ങൾക്കിടയിൽ മറഞ്ഞിരുന്ന് കേൾക്കുന്ന സൂര്യന്റെ മുഖം നാണത്താൽ അപ്പോൾ  തുടുത്തിരുന്നു. സൂര്യന്റെ ഇത്തരം കുസൃതികളറിയാവുന്ന മേഘക്കൂട്ടം  കടുംചുവപ്പിൽ ചാലിച്ച പൊൻപ്രഭ മറയ്ക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു.

മേഘങ്ങൾക്കിടയിൽ മറഞ്ഞിരിയ്ക്കുന്ന സൂര്യനെ നോക്കിക്കൊണ്ട് നിഷ്കളങ്കമായ നീരസത്തോടെ അവൾ പറഞ്ഞു.

“എന്തോ, നിങ്ങളുടെയീ തത്ത്വശാസ്ത്രം എനിക്ക് മനസ്സിലാക്കാനാവുന്നില്ല!”

അവളുടെ സ്വരത്തിലെ ആ നീരസച്ചുവ തിരിച്ചാറിയാത്തതുപോലെ അവൻ സംസാരിച്ചുകൊണ്ടേയിരുന്നു.

“കഴിഞ്ഞ 28 വർഷങ്ങളായി എന്റെ മനസ്സിനെ ഉരുക്കിയ വേദനകൾ, എന്നെ അപകർഷതാബോധത്തിൽ മുക്കിത്താഴ്ത്തിയിരുന്ന വാക്കുകൾ, പ്രവർത്തികൾ… ഇതൊന്നും നിനക്ക് ചിലപ്പോൾ മനസ്സിലായെന്നുവരില്ല. ഞാൻ നിന്നെ കുറ്റപ്പെടുത്തുകയല്ല. അത് നമ്മൾ രണ്ടുപേരും വളർന്ന സാഹചര്യങ്ങളുടെ വ്യത്യാസം കൊണ്ടാണ്.”
“എന്തു വ്യത്യാസം”? അവൾ ചൊടിച്ചു.
“നമ്മൾ രണ്ടുപേരും ശരീരമെന്ന വലിയ തറവാട്ടിലെ “കൈ” എന്ന അവയവ താവഴിയിലെ സന്തതികൾ. സ്ഥിതി ചെയ്യുന്ന വശങ്ങളനുസരിച്ച് നമുക്ക് പേരിടുന്നു. ഞാനൊരു സ്ത്രീയുടെ വലതുവശത്തായതിനാൽ എന്നെ ‘സ്ത്രീയുടെ വലതു കൈ’ എന്നും, ഒരു പുരുഷന്റെ ഇടതുവശത്തായതിനാൽ നിന്നെ ‘പുരുഷന്റെ ഇടത് കൈ’ എന്നും വിളിക്കുന്നു. നമ്മുടേതല്ലാത്ത ഒരു തീരുമാനത്താൽ ജനിച്ച നമ്മൾ, മറ്റുളളവരുമായി സഹവർത്തിത്വത്തിൽ ജീവിച്ച്, നമ്മുടെ കാലം കഴിയുമ്പോൾ ഒരിക്കൽ മരിക്കും. ഇതിൽ നിനക്ക് മാത്രമെന്താണീ വ്യത്യാസം?”

തന്റെ ഹൃദയ വ്യഥ അവൾ മനസ്സിലാക്കുന്നില്ലല്ലോ എന്ന വേദനയോടെ, തന്റെയരികിലേയ്ക്ക് മെല്ലെയവളെ വലിച്ചടുപ്പിച്ചുകൊണ്ട് ഇടതു കൈ തുടർന്നു.

“ഇരുട്ടിലായിരുന്നു ഞാൻ ! മന:സംഘർഷങ്ങളുടെ തടവറയിൽ! ഒരു നെരിപ്പോടു പോലെ എരിയുകയായിരുന്നു എന്റെ മനസ്സ്. നിന്നെ കണ്ടുമുട്ടിയതിനുശേഷമാണ് ജീവിതത്തിൽ സന്തോഷമെന്തെന്ന് ഞാനറിഞ്ഞത്. നിന്റെ സ്പർശനമാണ് എന്റെ ആത്മാവിനു ജീവനുണ്ടെന്ന യാഥാർത്ഥ്യമെനിക്ക് മനസ്സിലാക്കിത്തന്നത്. നീ ചോദിക്കാറില്ലേ മനസ്സു തുറന്ന് ഉറക്കെ ചിരിക്കാൻ എനിക്കെന്താണെപ്പോഴും വൈമുഖ്യമെന്ന് ? എന്റെ മനസ്സിലെ ഇരുട്ടു കണ്ടാൽ മാത്രമേ നിനക്കതു മനസ്സിലാകൂ”

എന്തോ പറയാൻ വന്ന അവളെ അവൻ തടഞ്ഞു. തന്റെ ബലിഷ്ഠമായ വിരലുകളാൽ മൃദുവായവളെ തഴുകിക്കൊണ്ടവൻ തുടർന്നു.

“ഒന്നും പറഞ്ഞെന്നെ തടയരുത്. ഇന്ന്, എനിക്ക് പറയാനുള്ളത് മുഴുവൻ നീ കേൾക്കണം. എന്നിട്ടു പറയൂ.. എല്ലാം എന്റെ വെറും തോന്നലുകൾ മാത്രമായിരുന്നോയെന്ന് “

ഒരു കൂട്ടിനെന്നപോലെ വലതു കൈ ഇടതുകൈയെ തന്നോടു ചേർത്തു പിടിച്ചു.

“നീ പറഞ്ഞല്ലോ, നമ്മളൊക്കെ ശരീരമെന്ന തറവാട്ടിലെ കൈ എന്ന താവഴിയിലെ അംഗങ്ങളാണെന്നും, വശങ്ങളനുസരിച്ച് പേരിടപ്പെടുന്നുവെന്നും. ശരിയാണ്. നമ്മൾ കുറെ നാൾ ജീവിച്ച് ശരീരത്തിനൊപ്പം മരിക്കും. എത്ര നിസ്സാരം ! പക്ഷെ ഒന്നോർത്തു നോക്കൂ. ജനനം, ജീവിതം, മരണം എന്നീ മൂന്നു വാക്കുകളിൽ മാത്രമൊതുങ്ങുന്നതാണോ ഒരായുസ്സ്?  ഈ മൂന്നിനുമിടയിൽ അനുഭവങ്ങൾ എന്ന വലിയ യാഥാർത്ഥ്യത്തെ നീ മറന്നു. അനുഭവങ്ങളാണ് നമ്മെ നാമാക്കി മാറ്റുന്നത്. ചിന്തിപ്പിക്കുകയും, ചിരിപ്പിക്കുകയും, ദു:ഖിപ്പിക്കുകയും, ഉദ്ദീപിപ്പിക്കുകയും ചെയ്യുന്ന അനുഭവങ്ങൾ. അവയില്ലാതെ നിനക്കും എനിക്കും എന്തസ്ഥിത്വം, എന്തു പൂർണ്ണത?”

“നമ്മൾ സ്ഥിതി ചെയ്യുന്ന ഈ ശരീരത്തെ പറ്റിത്തന്നെ നീയൊന്നാലോചിച്ചു നോക്കൂ. നിന്റെ ഭാഷയിൽ പറഞ്ഞാൽ, മനുഷ്യരെന്ന വലിയ തറവാട്ടിലെ, തന്റേതല്ലാത്ത ഒരു തീരുമാനത്താൽ പിറന്ന്.. തന്റെ കർത്തവ്യങ്ങൾ പാലിച്ച് ജീവിച്ചു മരിക്കേണ്ട സ്ത്രീ, പുരുഷൻ എന്നീ രണ്ടു ഗണങ്ങൾ മാത്രമല്ലേ അവരും? എന്നാലതു മാത്രമാണോ സത്യം? ഒരാൾ മറ്റൊരാളിൽ നിന്നും എത്രയോ വ്യത്യസ്ഥരാണ് ?

പെണ്ണേ…ഭാഗ്യം, നിർഭാഗ്യം, സ്ഥിതി, കർമ്മം ഇവയിലൂന്നിയ നിരവധിയനുഭവങ്ങൾ ഒരാളെ മറ്റൊരാളിൽ നിന്നും തികച്ചും വ്യത്യസ്ഥമാക്കും. വ്യത്യസ്തതകളുടെ ഈ കൂരിരുട്ടിൽ തപ്പിത്തടയുന്നവരിൽ ചിലർ ചില അനുഭവസമാനതകളുടെ വെളിച്ചത്തിൽ തമ്മിൽ കണ്ടുമുട്ടിയേക്കാം. ഈ വെളിച്ചത്തിന്റെ തീവ്രതയനുസരിച്ചാണ് അവർ തമ്മിൽ കാണുന്നതും, അറിയുന്നതും. പിന്നീട് അവരിൽ ചില അടുപ്പം, ഇഷ്ടം, സ്നേഹം, പ്രണയം എന്നീ വികാരങ്ങൾ ഉടലെടുക്കുന്നതും. ഇത് പ്രകൃതിയുടെ നിയമമാണ്. നൂറ്റാണ്ടുകളായി അനുവർത്തിച്ചുവരുന്ന അലിഖിത നിയമം”. ഒരു തത്ത്വജ്ഞാനിയുടെ സ്വരത്തിൽ ഇടതു കൈ പറഞ്ഞുകൊണ്ടേയിരുന്നു.

“28 വർഷങ്ങൾക്ക് മുൻപ് അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽ ഞാനുടലെടുത്ത ആ ദിവസം! ഞരമ്പുകളും, മജ്ജയും, മാംസവും, രക്തവും നിറഞ്ഞ് ഞാനായി വളർന്നുകൊണ്ടിരുന്നപ്പോൾ എന്തൊരാഗ്രഹമായിരുന്നു ഈ ലോകമൊന്നു കാണുവാൻ ! എന്നോടും, എന്റെ സഹോദരൻ വലതുകൈയോടും എന്തെല്ലാം കഥകളാണ് ലോകത്തെ പറ്റി അമ്മയുടെ ശരീരം പറഞ്ഞു തന്നിരുന്നതെന്ന് നിനക്കറിയാമോ? കാണാൻ പോകുന്ന ആ മനോഹരലോകത്തെപ്പറ്റി എന്തെല്ലാം സ്വപ്നങ്ങളാണ് ഞങ്ങൾ സഹോദരന്മാർ നെയ്തു കൂട്ടിയതെന്നോ? ലോകം കാണാനുള്ള വെമ്പലിൽ തിരക്കിട്ട് യാത്ര പറഞ്ഞിറങ്ങിയപ്പോൾ ഉറക്കെ കരഞ്ഞ അമ്മയുടെ ദുഃഖം , അതിനാൽ തന്നെ മനസ്സിലാക്കുവാൻ അന്ന് കഴിഞ്ഞില്ല. സുഖസമ്പുഷ്ടമായ ലോകത്തിലേക്കുള്ള യാത്രയിൽ, കരയുന്ന അമ്മയുടെ കണ്ണീരിനെന്തു വില? ” സ്വയം പുച്ഛിച്ചു കൊണ്ട് ഇടതു കൈ പറഞ്ഞു. വിരലുകൾ ചുരുക്കുകയും, നിവർത്തുകയും ചെയ്ത് തള്ളി വന്ന ഗദ്ഗദത്തെ അവൾ കാണാതെ നിയന്ത്രിക്കാൻ അവനൊരു വിഫലശ്രമം നടത്തി നോക്കി.

“ജീവിതത്തിന്റെ തുടക്കം, അമ്മ പ്രവചിച്ചതുപോലെതന്നെ സുഖസമ്പുഷ്ടമായിരുന്നു. ഞങ്ങളുടെ വളർച്ചയിൽ എല്ലാവരും അഭിമാനിച്ചു. ലോകത്തുള്ള മറ്റെല്ലാ കൈകളേക്കാളും സുന്ദരന്മാരും, സാമർത്ഥ്യക്കാരുമാണ് ഞങ്ങളെന്ന് അവർ ഊറ്റം കൊണ്ടു. ഞങ്ങളുടെ അനുസരണക്കേടിനെ കുസൃതികളെന്നു വിളിച്ചു പ്രോത്സാഹിപ്പിച്ചു. ഞങ്ങളുടെ തെറ്റുകൾക്ക് അവർ മറ്റുകൈകളെ കുറ്റം പറഞ്ഞു. എന്തും ചെയ്യാം, ചെയ്യാതിരിക്കാം.. എല്ലാം നല്ലത്, എല്ലാം ശരി. ജീവിതമെന്തു സുന്ദരം!”

“ഏകദേശം 3 വയസ്സുള്ളപ്പോഴാണ് ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളുമായുള്ള എന്റെ ആദ്യത്തെ മുഖാമുഖമുണ്ടാകുന്നത്.

അന്ന് വീട്ടിൽ നിറയെ ആളുകളുണ്ടായിരുന്നു. പ്രഭാതത്തിൽ തന്നെ ഞങ്ങളെ കുളിപ്പിച്ച് വൃത്തിയാക്കി പുതുവസ്ത്രങ്ങൾ അണിയിച്ചൊരുക്കി.

അന്നാണ് വിദ്യാരംഭം… അക്ഷര ലോകത്തേക്കുള്ള വരവേല്‍പ്. ജീവിതത്തിലെ പ്രധാന വഴിത്തിരിവിന്റെ ദിവസം.

‘വിളക്കെടുത്തില്ലെ ഇതുവരെ ?

ചെക്കന്റെ ഒരു നിഗളം കണ്ടില്ലെ ?

ഇതാ ആശാൻ വന്നല്ലോ…

സ്വരങ്ങളുടെ ഒരു കലപില. പൊട്ടിച്ചിരികൾ, കുശുകുശുക്കലുകൾ, തിരക്കോടു തിരക്ക് … ഞങ്ങൾ കൈകൾ രണ്ടുപേരും ഉത്സാഹത്തിമിർപ്പിലായിരുന്നു.

“മോനെ,നീ ആശാന്റെ മടിയിലിരിക്കൂ.” അച്ഛൻ  പറയുന്നതു കേട്ടു.

ഐശ്വര്യത്തിന്റെ നിറപറ. അജ്ഞതയുടെ അന്ധകാരമകാറ്റാൻ നിലവിളക്കിന്റെ ദിവ്യ പ്രകാശം. ‘ഹരിശ്രീ’ കുറിച്ച് വിദ്യയുടെ ലോകത്തേക്ക് ഓടിച്ചെല്ലാൻ ഞാൻ തിടുക്കംകൂട്ടി. ആദ്യം ഉയർന്ന എന്നെ മെല്ലെ പിടിച്ചു മാറ്റിക്കൊണ്ട് അച്ഛൻ പറഞ്ഞു.

“മോനെ, ഇടതു കൈയ്യല്ല, വലതു കൈ നീട്ടൂ”.

ഞാൻ തിടുക്കം കൂട്ടിയതിനാൽ അഛന് ദേഷ്യം വന്നതായിരിക്കുമെന്നുകരുതി ഞാൻ, ആദ്യമൊന്ന് ചിണുങ്ങിയെങ്കിലും എന്റെ അവസരത്തിനായി ക്ഷമയോടെ കാത്തിരുന്നു.

അതൊരിക്കലും ഉണ്ടായില്ല ! ഞാനൊരിക്കലും ‘ഹരിശ്രീ’ കുറിച്ചില്ല !

മറന്നുപോയതായിരിക്കുമെന്നു കരുതി കരഞ്ഞു കൊണ്ട്  അഛനെ തോണ്ടിവിളിക്കുന്ന എന്റെ കുഞ്ഞു കൈ ഞാനിന്നുമോർക്കുന്നു. ആരും ആ വിളി കേട്ടില്ല ! ആ കരച്ചിൽ ആരും കണ്ടില്ല !

പിന്നെപ്പിന്നെ എന്റെ തകർച്ച പെട്ടെന്നായിരുന്നു.

എല്ലാവർക്കും, എന്തിനും വലതു കൈ മാത്രം മതി! കൈനീട്ടം കൊടുക്കാൻ, സാധനങ്ങൾ വാങ്ങാൻ, എന്നുവേണ്ട ഒരു ഷർട്ടിടണമെങ്കിൽപോലും വലതു കൈ ആദ്യം കയറ്റണമെന്നായി സ്ഥിതി! അവൻ വളരെ ഭാഗ്യമുള്ള കൈയാണത്രെ! എന്നെക്കൊണ്ട് കൊടുപ്പിക്കുകയോ വാങ്ങിപ്പിക്കുകയോ ചെയ്യാതെ തന്നെ, അവരെന്നെ നിർഭാഗ്യവാനെന്ന് വിധിയെഴുതി!”

തന്റെ സഹോദരനായ വലതു കൈയെ വിരലുകളാൽ ഇടതു കൈ ഒന്ന് പാളി നോക്കി.
“എന്തൊരു തിരക്കായിരുന്നു എല്ലാവർക്കും എന്നെ താഴ്ത്തിക്കെട്ടാൻ ! വിദ്യയോട് താൽപ്പര്യമുള്ള എന്നെയവർ നിരക്ഷരനാക്കി. ഒരു പേന നേരെ പിടിക്കാൻ പോലുമറിയാത്ത വലതു കൈയെ അവർ എഴുതാനും, വരക്കാനും പഠിപ്പിച്ചു. ഒരു സൗഹൃദത്തിനായുള്ള എന്റെ ദാഹം മനസ്സിലാകാത്തതുപോലെ ഹസ്തദാനത്തിനായി വലതുകൈയെ മാത്രം പ്രേരിപ്പിച്ചു. സ്നേഹത്തിനായി കൊതിക്കുന്ന എന്നെ കാണാത്തതുപോലെയവർ വലതു കൈയ്ക്ക് സ്നേഹം വാരിക്കോരി നല്കി. വിശക്കാത്ത വിഗ്രഹത്തിന്‌ പാലും, പഴവും. വിശക്കുന്ന കുഞ്ഞിന് കണ്ണീരും നിരാശയും!

ജീവിതമങ്ങനെ മുന്നോട്ടു പൊയ്ക്കൊണ്ടേയിരുന്നു.

ഒരു ദിവസം…..

വികാരത്തള്ളലിൽ വാക്കുകൾക്കായ് ഇടതു കൈ പരതി. അമർഷവും വേദനയും കൊണ്ട് അവന്റെ തൊലിയാകെ ഇരുണ്ട് വലിഞ്ഞു മുറുകി. ഞരമ്പുകൾ എഴുന്നുനിന്നു. മനസ്സിനെ നിയന്ത്രിക്കാനവൻ മുഷ്ടി മുറുകെ ചുരുട്ടിപ്പിടിച്ചു. മനസ്സൊന്നു ശാന്തമായപ്പോൾ ഒരു കുമ്പസാരകൂട്ടിലെന്നപോലെ അവൻ മന്ത്രിച്ചു.

“അന്ന് എനിക്കൊരു ജോലി കിട്ടി. എനിക്ക് മാത്രമായ് തന്ന ആദ്യത്തെ ജോലി! ശരീരത്തിൽ എന്റെ സ്ഥാനം ഞാനിനിയും മനസ്സിലാക്കിയിട്ടില്ലെങ്കിൽ മനസ്സിലാക്കി തരുവാനെന്നവണ്ണമുള്ള ഉദ്യോഗം. ദിവസേനയുള്ള ‘പൃഷ്ടം കഴുകൽ’! ഞാനന്നനുഭവിച്ച ആന്മനിന്ദ! ഓരോ പ്രാവശ്യം അത് ചെയ്യുമ്പോഴും തകരുന്ന മനസ്സിലെ അഴുകുന്ന വ്യക്തിത്വത്തിന്റെ ദുർഗന്ധം എത്ര സോപ്പിട്ട് കഴുകിയാലും മാറുമോ? എനിക്ക് മാത്രമറിയാവുന്ന, എന്നെ ചൂഴ്ന്നു നിൽക്കുന്ന ആ ദുർഗന്ധം, എന്നെ, എനിക്ക് തന്നെ നികൃഷ്ടനാക്കിത്തീർത്തു.”
അവനൊന്ന് ദീർഘമായി നിശ്വസിച്ചു.

“അപമാനങ്ങളുടെയും,തിരസ്കരണങ്ങളുടെയും വർഷങ്ങൾ ഓരോന്നായി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. ഇടക്കെപ്പോഴൊ കാളയുടെ കഴുത്തിലെ നുകമെന്നപോലെ ഘനമുള്ള ഒരു വാച്ച് എന്നെയണിയിച്ചു. സമയമറിയണമെങ്കിൽ ഞാനത് ഉയർത്തി കാണിക്കണം. വിലയില്ലാത്ത ഞാൻ വിലപിടിപ്പുള്ള സമയമറിയിക്കുക ! എന്തൊരു വിരോധാഭാസം അല്ലെ?” അവനൊന്നു ചിരിക്കാൻ ശ്രമിച്ചു.

“കാലത്തിന്റെ മുന്നേറ്റത്തിൽ ഞങ്ങൾ രണ്ടു കൈകൾക്കും പല വിധ മാറ്റങ്ങളും വന്നു ചേർന്നു. മിനുസമുള്ള ഞങ്ങളുടെ തൊലി പരുക്കനും, മുദുലമായ ഞങ്ങളുടെ മാംസപേശികൾ ദൃഢവുമായിത്തീർന്നു. ഭംഗിയുള്ള കറുത്ത രോമങ്ങൾ ഞങ്ങളെ പൊതിഞ്ഞു. കാഴ്ചയിലെ ഈ മാറ്റങ്ങളെല്ലാം ഞങ്ങൾക്കിരുവർക്കും ഒരുപോലെയാണ് വന്നു കൊണ്ടിരുന്നതെങ്കിലും കൈവെള്ളയിലെ രേഖകളുടെ വ്യത്യാസം കൊണ്ടാവാം അറിവിലും, ജ്ഞാനത്തിലും, സൗഹൃദങ്ങളുടെ എണ്ണത്തിലും ഞാനേറെ പിന്നോക്കമായിരുന്നു. നന്നായി എഴുതാനും, വരയ്ക്കാനുമറിയാവുന്ന വലതു കൈ, ഞാൻ ചുമന്നിരുന്ന വാച്ച് നോക്കി കാര്യങ്ങൾ ചിട്ടയായും, ഭംഗിയായും ചെയ്തു കൊണ്ടിരുന്നു.”

ഇടതു കൈ ദീർഘമായൊന്നു നെടുവീർപ്പിട്ടു. നിശ്ശബ്ദയായിരുന്ന അവളെ പതുക്കെ തോണ്ടിവിളിച്ച് അവൻ ചോദിച്ചു.

“എന്താ എന്റെ കഥകൾ കേട്ട് നിനക്ക് മുഷിഞ്ഞോ” ?

“ഇല്ല”  നിഷേധാർത്ഥത്തിൽ അവൾ വിരലുകൾ ചലിപ്പിച്ചു.

“ഞാനിതൊന്നും ആരോടും ഇതുവരെ  പറഞ്ഞിട്ടില്ല. വർഷങ്ങളുടെ പഴക്കം കൊണ്ട് ഇത്രയും ദു:ഖങ്ങളും, പരിഭവങ്ങളും എന്നിൽ ഉറഞ്ഞുകൂടിക്കിടപ്പുണ്ടെന്ന് ഞാൻ തന്നെ മറന്നുതുടങ്ങിയിരുന്നു!”

അവന്റെ ദുഃഖം മുഴുവനും തന്റെ നെഞ്ചിലേറ്റിയ അവളുടെ ഹൃദയം വേദനയാൽ തേങ്ങി. കണ്ണുനീർ നനുത്ത വിയർപ്പുതുള്ളികളായി പൊടിച്ചു വന്നു.

“എങ്ങതെയാണ് ഇത്രയും നാൾ  ഈ വേദന  മുഴുവനും സഹിച്ചത്? ഈ മനസ്സിൽ ഇത്രയുംദുഖങ്ങളുണ്ടെന്ന് ഒരു സൂചന പോലും തന്നില്ലല്ലോ ഇതുവരെ ?”അവൾ വിതുമ്പി.

“വർഷങ്ങളായി മൂടപ്പെട്ടിരുന്ന ഒരു അഗ്നിപർവ്വതം പോലെയായിരുന്നു ഞാൻ”. ഇടതു കൈ വീണ്ടും വാചാലനായി.

“പുറമെ നിന്നു നോക്കുന്നവർ ഉള്ളിലെ തീ കണ്ടെന്നു വരില്ല. ഉള്ളിലേക്കാഴ്ന്നിറങ്ങുന്ന ഒരു വിടവുണ്ടാകുമ്പോഴാണ് ആ തീയും, ഗന്ധകവും പുറത്തുവരികയുള്ളു.”

തുളുമ്പുന്ന സ്നേഹത്തോടെ അവളെ ഒരു നിമിഷം നോക്കിനിന്നിട്ട്, അയാൾ തുടർന്നു.

“അതെ, അതു തന്നെ. ഉള്ളിലേക്കിറങ്ങുന്ന ഒരു വിടവാണ് പ്രേമം! മനസ്സിന്റെ ഉള്ളറകളെ ഉണർത്തുന്ന സ്നേഹമെന്ന വികാരം ആ വിടവിലൂടെ ഉള്ളിലേക്ക് കിനിഞ്ഞിറങ്ങും. സ്നേഹത്തിന്റെ സ്പർശനം ഉണർത്തുന്നത് മനസ്സിന്റെ അഗാധതയിലെ നമ്മെയാണ്. ശരിയും തെറ്റുമുള്ള… നീതിമാനും ദുഷ്ടനുമായ… ശക്തനും അശക്തനുമായ യഥാർത്ഥ നമ്മെ ! പലപ്പോഴും നാം പോലും തിരിച്ചറിയാതിരുന്ന യഥാർത്ഥ നമ്മെ!”

ചിന്തകളുടെ വേലിയേറ്റത്തിൽ അയാൾ വീണ്ടും നിശ്ശബ്ദനായി. പിന്നെ ഉള്ളുനിറഞ്ഞ ഒരു ചിരിയുമായി വീണ്ടും തുടർന്നു.

“എന്റെ ജീവിതത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നത് നിന്നെ കണ്ടുമുട്ടിയപ്പോൾ മുതലാണ്. എന്റെ ജീവിതത്തിന്റെ ഒരു പുതിയ ഏട്.

നിന്നെ ആദ്യമായി കണ്ട ദിവസം ഞാനിന്നുമോർക്കുന്നു. ചുറ്റുമുള്ള അസംഖ്യം കൈകളിൽ നിന്നും വേറിട്ടുനിൽക്കുന്ന ഒരു മാസ്മരികത നിന്നെ ചൂഴ്ന്നു നിന്നു. പക്ഷെ നിന്നോടുസംസാരിക്കുവാൻ എനിക്ക് ധൈര്യം വന്നില്ല. ദൂരെ നിന്നും കണ്ടാസ്വദിക്കുന്ന ഒരു ആരാധകൻ മാത്രമായിരുന്നു ഞാൻ.” അയാളൊന്ന് ഊറിച്ചിരിച്ചു.

“കടലോരത്ത് ഉപ്പിന്റെ രുചിയുള്ള കാറ്റേറ്റ് നടന്ന ഒരു സായംസന്ധ്യയിലാണ് നമ്മൾ ആദ്യമായി സംസാരിക്കുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും ഭാഗ്യമുളള ഒരു സായാഹ്നം!

പകലത്തെ അധ്വാനം കഴിഞ്ഞ്, കൂടേറാനായി തിരക്കിട്ടു പറക്കുന്ന പക്ഷികൾ. ആഴിയിൽനിന്നും നിറമുള്ള കക്കകളും ശംഖുകളും വാരിക്കൊണ്ടുവന്ന് തീരത്ത് നിക്ഷേപിച്ച കടൽ, ഇണങ്ങിയടുത്തും പിണങ്ങിയകന്നും കരയുമായി വിലപേശുന്നുണ്ടായിരുന്നു” ഒരു ദിവ്യ ദർശനംപങ്കു വയ്ക്കുന്നതുപോലെ അവന്റെ ശബ്ദം സാന്ദ്രമായി.

“പട്ടുപോലെ മൃദുലമായ എന്തിന്റെയോ സ്പർശനമാണ് ചിന്തകളുടെ ലോകത്തു നിന്ന് എന്നെ ഉണർത്തിയത്. ലജ്ജയുടെ ആവരണം തകർത്ത അനുരാഗത്തിന്റെ ആദ്യ സ്പർശനം! അസ്തമയസൂര്യന്റെ ചുമപ്പിൽ അഗ്നി പോലെ നീ ശോഭിച്ചു. നനുത്ത രോമങ്ങൾ കടൽ കാറ്റിന്റെ തണപ്പകറ്റാനെന്നവണ്ണം ആ അഗ്നിയോട് ചേർന്നിരുന്നു. മദിപ്പിക്കുന്ന സുഗന്ധമൊഴുകുന്ന അഞ്ചു വിരലുകൾ ആദ്യമായി എനിക്ക് സ്നേഹമന്ത്രണം ചൊല്ലിത്തന്നു. ഏതോ മുൻജന്മപരിചയമുള്ളതുപോലെ നീ നിറുത്താതെ സംസാരിക്കുന്നുണ്ടായിരുന്നു. നിന്റെ സ്വരം കേട്ട് ഒരു ധ്യാനത്തിലെന്നതുപോലെ നിശ്ശബ്ദനായി ഞാൻ നിന്നു.

‘നിനക്ക് ഓർമ്മയുണ്ടോ ആ ദിവസം” ? അവൻ തിരക്കി.

ആ ദിവസം കൺമുൻപിൽ കാണുന്നതു പോലെ അവൾ നിശ്ശബ്ദയായിരുന്നു. ലജ്ജകൊണ്ട് തുടുത്ത ആ മേനി കൂടുതൽ ദീപ്തമായി.

“ചിരിക്കുന്ന എന്റെ തുടക്കം അവിടെ നിന്നായിരുന്നു “. ഇടതു കൈ പറഞ്ഞു.

ആദ്യമായി ഉൽസവപ്പറമ്പിലെത്തിയ കുട്ടിയെേപ്പോലെയായിരുന്നു ഞാൻ. മനസ്സിലെ വിഷാദത്തിന്റെ ഇരുട്ടൊക്കെ എവിടെയോ പോയൊളിച്ചു. എങ്ങും പ്രകാശം! ആഹ്‌ളാദം ! നൂറു നൂറു നിറങ്ങൾ എന്റെ  മുന്നിൽ നൃത്തം വച്ചു. രാത്രികൾക്ക് ദൈർഘ്യമേറി. നിന്റെ അരികിലിരിക്കുമ്പോൾ സമയത്തിന്‌ വേഗത കൂടി. ഉന്മേഷം എന്റെ സിരകളെ ഉണർത്തി. എന്നോ കൊഴിഞ്ഞുപോയ എന്റെ ശൈശവം തിരികെ കിട്ടിയതു പോലെ!

വരണ്ട നദിയിലെ, വെള്ളം കെട്ടി കിടക്കുന്ന ഒരു ചെറുകുഴി പോലെയായിരുന്നു ഞാൻ. തിരസ്കാരങ്ങളുടെ കണ്ണുനീർ നിറഞ്ഞ ആ കുഴിയുടെ അടിത്തട്ടിൽ ദു:ഖവും വേദനയും ഉറഞ്ഞ് കട്ടിയുള്ള ചെളിയായിക്കിടന്നിരുന്നു. അനുരാഗത്തിന്റെ മഴയിൽ ഒഴുകി വന്ന സ്നേഹത്തിന്റെ തെളിനീരുറവ ഉള്ളിൽ നിറഞ്ഞപ്പോൾ നിശ്ചലതയുടെ ദുർഗന്ധമുള്ള ആ ചെളി ഉയർന്നു പൊങ്ങി. പക്ഷെ ഉദിച്ചുയർന്നു വരുന്ന സൂര്യന് മുൻപിൽ ഇരുട്ടെന്നപോലെ അത് ഉടൻ തന്നെ കീഴടങ്ങി. വരണ്ട ആ നദിയിൽ സ്നേഹത്തിന്റെ നീരുറവ ഒഴുകിക്കൊണ്ടേയിരുന്നു. കുഴിയെ ജീവയോഗ്യമാക്കി മാറ്റിയ ഒഴുക്ക്.”
സ്നേഹവായ്പ്പോടെ ഇടതുകൈ പറഞ്ഞു നിറുത്തി.

അവൾ ഒന്നും മിണ്ടിയില്ല. ഓരോ  രോമകൂപങ്ങളിലും നിറഞ്ഞ സ്നേഹത്തോടെ നിശ്ശബ്ദയായവൾ അവനെത്തന്നെ നോക്കിയിരുന്നു.

രണ്ട് മനസ്സുകൾ പൂർണ്ണമായും പരസ്പരം മനസ്സിലാക്കുമ്പോൾ ഉളവാകുന്ന ആർദ്രമായ നിശ്ശബ്ദത. അവിടെ വാക്കുകൾക്ക് പ്രസക്തിയില്ല. തിരിച്ചറിവിന്റെ വെളിച്ചത്തിൽ മനസ്സിന്റെ അഗാധതകളെ ഉണർത്തുന്ന നിശ്ശബ്ദത.

‘ഞാനും നീയും എന്ന അപരത്വം മാറി, ‘നമ്മൾ എന്ന ഏകത്വത്തിലെത്തുന്ന ദിവ്യ നിമിഷം.”

പരസ്പരാനുരാഗത്തിന്റെ പൂർണ്ണതയിൽ അപൂർവമായുണ്ടാകുന്ന ആ നിമിഷങ്ങളുടെ തേജസ്സു മുഴുവനും ശബ്ദത്തിലാവാഹിച്ചുകൊണ്ട് അവൻ ആ മൗനം ദേദിച്ചു.

“എന്റെ പെണ്ണേ…..”

ആ ദിവ്യ മുഹൂർത്തത്തിന് സാക്ഷിയാകാനെന്നവണ്ണം സൂര്യൻ മേഘങ്ങൾ നീക്കി പുറത്തു വന്നു.

എല്ലാ ചോദ്യങ്ങൾക്കും ഉത്തരമായി….. എല്ല ദുഖങ്ങൾക്കും സാന്ത്വനമായി.

അവന്റെ വിരലിനോടുചേർന്നു കിടക്കുന്ന, അവളുടെ സ്നേഹ സമ്മാനം… ആ വിവാഹമോതിരം. സൂര്യപ്രഭയിൽ വെട്ടിത്തിളങ്ങി.

മനസ്സിൽ ഇപ്പോൾ തിരകളില്ല.
വാക്കുകളിൽ അഗ്നിയില്ല.
മനസ്സിനെ പൊതിയുന്ന തണുപ്പ് ..
സ്നേഹത്തിന്റെ സുഖം നിറഞ്ഞ കുളിര് !

തൊടുപുഴയിൽ ജനിച്ചു. ഡൽഹിയിൽ താമസം. ഇൻഷുറൻസ് കമ്പിനിയിൽ സീനിയർ വൈസ് പ്രസിഡന്റ് ആയി ജോലി നോക്കുന്നു.