പോരാട്ടത്തിന്റെ ദിനങ്ങൾ

ബുച്ചിബൂബൂ  നോവൽ – അദ്ധ്യായം -14

“ഇത് കൊണ്ടൊന്നും വലിയ ഗുണമുണ്ടാകാന്‍ പോവുന്നില്ല. കാട് മുഴുവന്‍ ഒരുമിച്ചു കൂടിയിട്ടും ചെയ്യാന്‍ പറ്റാത്ത കാര്യമാണോ വെറുമൊരു കാട്ടെലിക്ക് ചെയ്യാന്‍ കഴിയുക? ഞങ്ങളെപ്പോലെയുള്ളവര്‍ തന്നെ അവരെ ഭയക്കുന്നു. കാട്ടില്‍ കാവല്‍ വയ്ക്കണം എന്ന് പറഞ്ഞപ്പോഴും ഞങ്ങള്‍ പറഞ്ഞതാണ്. പിന്നെ ഞങ്ങളുടെ കാലിനടിയില്‍ ഞെരിഞ്ഞമരാന്‍ മാത്രമുള്ള നിങ്ങളൊക്കെ എന്ത് ചെയ്തു കാണിക്കാനാണ്? നിറം മാറുന്നവരുടെ ശല്യം മാറണമെങ്കില്‍ ഈ കാട്ടില്‍ നിന്നും പോകണം. അവര്‍ ഇവിടെ നിന്നും പോവും എന്ന് സ്വപ്നം കാണുന്നത് എന്ത് വിഡ്ഢിത്തമാണ്?” കൊമ്പന്‍ എന്ന കാട്ടുപൂച്ച ചോദിച്ചു.

കടുവ പുച്ഛത്തില്‍ ചിരിച്ചു. ബുച്ചിബൂബുവും ചുരുളനും സികപ്പനും മറ്റു ചെറു മൃഗങ്ങളും ഒരു വശത്തേക്ക് കൂട്ടം കൂടി നില്‍ക്കുകയാണ്. വലിയവര്‍ വരില്ലെന്നറിയാം. എങ്കിലും അവരെ അറിയിക്കേണ്ടതുണ്ട്. കാട്ടില്‍ ഇനി പോരാട്ടത്തിന്റെ ദിവസങ്ങളാണ്. “നിങ്ങള്‍ ഈ കാടിന്റെ രക്ഷകരെന്നു പറഞ്ഞാണ് കാട്ടു കൂട്ടങ്ങളില്‍ വലിയവരായത്. ഈ കാട്ടിലെ എല്ലാവരെയും ഒരുപോലെ കാക്കാം എന്ന് നിങ്ങള്‍ പറഞ്ഞു. പക്ഷെ നിങ്ങള്‍ എന്താണ് ഇത് വരെ ചെയ്തത്? കാലുകള്‍ക്കിടയില്‍ വാലും ചുരുട്ടി ഓരോ പൊത്തുകള്‍ക്കുള്ളില്‍ ഒളിച്ചിരുന്നു. കുറച്ചെങ്കിലും മൃഗങ്ങള്‍ കാട്ടിലെ കാവല്‍ കാരണം നിറംമാറുന്നവരില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. ഒരിക്കലെങ്കിലും നിങ്ങളില്‍ ഒരാള്‍ കാവല്‍ നിന്നിട്ടുണ്ടോ? ചെറിയവരെന്നു നിങ്ങള്‍ വിളിക്കുന്നവരുടെ അത്രയെങ്കിലും ചങ്കുറപ്പ് ഒരിക്കലെങ്കിലും നിങ്ങള്‍ കാണിക്കാന്‍ ധൈര്യപ്പെടൂ. ഞങ്ങള്‍ വന്നത് നിങ്ങളെ ഇക്കാര്യം അറിയിക്കാന്‍ മാത്രമാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഞങ്ങളുടെ കൂടെ കൂടാം. അല്ലെങ്കില്‍ ഒഴിഞ്ഞ് നില്‍ക്കാം.”

“പേ പിടിച്ച നിന്നെ തൊട്ടാല്‍ ഭ്രാന്തിളകും. കാട്ടുകൂട്ടത്തില്‍ വേട്ട പാടില്ലെന്നാണ്. അല്ലെങ്കില്‍ ഒന്നും വകവയ്ക്കാതെ നിന്നെ തീര്‍ത്തേനെ ഞാന്‍.” വീരന്‍ എന്ന നരി മുരണ്ടു. എല്ലാവർക്കും അത് വെറും വാക്കുകള്‍ മാത്രമാണെന്ന് അറിയാമായിരുന്നു. കൊമ്പന്റെ ആശ്രിതനാണ്. അയാള്‍ തിന്നതിന്റെ ബാക്കിയാണ് വീരന്റെ തീറ്റ. അതിന്റെ കൂറ് കാണിച്ചതാണ്. ചെറിയവര്‍ എന്ന് വിളിക്കപ്പെടുന്നവരെ നോക്കാതെ അവര്‍ കാട്ടുകൂട്ടത്തില്‍ നിന്നും ഇറങ്ങിപ്പോയി.

വലിയവര്‍ പോയിക്കഴിഞ്ഞപ്പോള്‍ അവിടെ ബഹളമായി. കടുവ നിലത്തടിച്ചു. അയാള്‍ക്കെന്താണ് പറയാനുള്ളത് എന്നറിയാന്‍ എല്ലാവരും നോക്കി. “വിഷപ്പല്ലില്‍ നിന്നും രക്ഷപ്പെട്ടപ്പോള്‍ എനിക്ക് മനസ്സിലായിരുന്നു നിറംമാറുന്നവരെ ഈ കാട്ടില്‍ നിന്നും പുറത്താക്കാന്‍ എന്തെങ്കിലും ഒരു വഴി തെളിഞ്ഞു വരുമെന്ന്. പക്ഷെ അതിനു സാധ്യമാവുക എങ്ങിനെയെന്ന് അറിയില്ലായിരുന്നു. നിറം മാറുന്നവരുടെ ഇടയില്‍ നിന്നും സികപ്പന്‍ രക്ഷപ്പെട്ടപ്പോള്‍ മറ്റാര്‍ക്കും തോന്നാത്ത ഒന്നാണ് ബുച്ചി ചെയ്തത്. സികപ്പനോട് കരുണ കാണിച്ച ആ നിറം മാറുന്നയാളെ സ്വന്തം ജീവന്‍ പോലും പണയം വച്ചു കണ്ടെത്തി. അയാളാണ് നമ്മളെ സഹായിക്കാന്‍ കൂടെ നില്‍ക്കുന്നത്. വലിപ്പം കുറഞ്ഞ മറ്റു രണ്ടു നിറം മാറുന്നവരും അവരുടെ കൂടെയുണ്ട്. ഇനി കുറച്ചു പകലുകള്‍ കൂടി കഴിഞ്ഞാല്‍ പോരാട്ടം തുടങ്ങുകയാണ്. നിങ്ങളില്‍ ആരാണ് കൂടെയുള്ളത്?”

“നമ്മളെ സഹായിക്കാനെന്നു പറയുന്ന നിറം മാറുന്നവര്‍ നമ്മളെ കബളിപ്പിക്കുമോ? നമ്മുടെ താവളങ്ങളും ഒളി സ്ഥലങ്ങളും കണ്ടെത്തിക്കഴിഞ്ഞാല്‍ അവര്‍ നമ്മളെ വേട്ടയാടില്ലെന്നു എന്താണുറപ്പ്? “ പലരില്‍ നിന്നും ചോദ്യമുയര്‍ന്നു.

“ മുഴുവനായും അവരെ വിശ്വസിക്കണമെന്ന് ഞങ്ങളും പറയുന്നില്ല. പക്ഷെ ഇപ്പോഴത്തെ അവസ്ഥയില്‍ അവരാണ് നമുക്കുള്ള പ്രതീക്ഷ. അവരുടെ സഹായമുണ്ടെങ്കില്‍ നമുക്ക് ഈ കാടിനെ രക്ഷിക്കാന്‍ കഴിഞ്ഞേക്കും. ആരുടേയും ഒളിത്താവളങ്ങള്‍  അവര്‍ കണ്ടെത്താന്‍ ശ്രമിക്കില്ലെന്ന് വാക്ക് തന്നിട്ടുണ്ട്. അവരുടെ ലക്ഷ്യവും അതല്ല. പക്ഷെ, നമ്മുടെ സഹായമില്ലാതെ അവര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. നിറം മാറുന്നയാള്‍ക്ക് മറന്ന പേച്ച് അറിയാം. ആമക്കിളവനില്‍ നിന്ന് ഞാനും കടുവയും അത് പഠിച്ചിട്ടുണ്ട്. നിറം മാറുന്നവരുടെ നീക്കം അറിഞ്ഞാലെ നമുക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റൂ. അവരുടെയിടയില്‍ നിന്നൊരാള്‍ നമ്മുടെ കൂടെയുണ്ടാവുമെങ്കില്‍ നല്ലതാണ്.” ബുച്ചി അവരെ ആശ്വസിപ്പിച്ചു.

“പേ പിടിച്ച ഒരു മൃഗവും നിറം മാറുന്നവരില്‍ നിന്നും കാര്യമായ അപകടമൊന്നുമില്ലാത്ത ഒരു മൃഗവും പറയുന്നത് കേട്ട് ഉള്ള ജീവന്‍ പണയം വക്കാന്‍ ഞങ്ങളില്ല. വേണമെങ്കില്‍ നിങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്തു കൊള്ളൂ. ഭയത്തിലാനെങ്കിലും സ്വന്തം കാട്ടില്‍ ഒളിച്ചിരുന്നാണെങ്കിലും ഞങ്ങള്‍ എങ്ങിനെയെങ്കിലും കഴിഞ്ഞു കൊള്ളാം. അവര്‍ക്കെതിരെ കുറെ കുഞ്ഞു മൃഗങ്ങള്‍ പോരാടിയാല്‍ അവര്‍ക്കെന്താണ്‌? കുറെ കഴിയുമ്പോള്‍ എല്ലാവരെയും അവര്‍ കൊല്ലും. നിങ്ങള്‍ ഇല്ലാതാവും. പഴയ പോലെ ഈ കാട്ടില്‍ അവര്‍ വേട്ടയാടും. ഈ കാട് ഇല്ലാതാകും വരെ.” കുമ്പന്‍ എന്ന പന്നി കിതച്ചു നിര്‍ത്തി.

“ഒളിച്ചിരുന്നോ. ഭയം എന്തെന്നറിയാതെ ജീവിക്കാന്‍ നിങ്ങള്‍ക്ക് തോന്നുന്നില്ലേ?നിങ്ങളുടെ അത്ര പോലുമില്ലാത്ത ഒരാളാണ് ഞാന്‍. ഇതിനിറങ്ങിത്തിരിച്ചിരിക്കുന്ന പലരും. പക്ഷെ ഞങ്ങള്‍ അത് ചെയ്യുന്നത് സ്വയം രക്ഷപ്പെടാനല്ല. ഈ കാട് രക്ഷപ്പെടണം എന്ന ആഗ്രഹമുള്ളതുകൊണ്ടാണ്. ഉറക്കെയുള്ള ഒരു ശബ്ദം കേട്ടാല്‍ പോലും ഭയക്കുന്ന ഞാന്‍ നിങ്ങള്‍ പറയുന്ന ‘പേ പിടിച്ച’ ഈ മൃഗങ്ങളുടെ കൂടെ നില്‍ക്കുന്നത് അവരുടെ തീറ്റയാവാനും നിറം മാറുന്നവർക്ക്‌ തോലാവാനുമുള്ള ആഗ്രഹത്തിലല്ല. ഇവിടുത്തെ കുഞ്ഞുങ്ങളെങ്കിലും പോരാടി ജീവിക്കാന്‍ പഠിക്കട്ടെ എന്ന് സ്വപ്നം കാണുന്നത് കൊണ്ടാണ്. കടുവ എപ്പോഴും പറയും ഭയത്തില്‍ ജീവിക്കുന്നതിലും ഭേദം ശവമായി എവിടെയെങ്കിലും കിടന്നു ചീയുന്നതാനെന്നാണ്. കാടിനെങ്കിലും ഒരു ഉപകാരമുണ്ടാവുമല്ലോ? ജയിച്ചാലും തോറ്റാലും പോരാടി മരിച്ചെന്ന പേര് എനിക്കുണ്ടാവും. ഭീരു എന്ന പേരണിയാന്‍ എനിക്കിനി വയ്യ.” ബൂബൂ പറഞ്ഞു നിര്‍ത്തുമ്പോള്‍ അവളുടെ രണ്ടു ചെവികളും ഉയര്‍ന്നു നിന്ന് വിറക്കുന്നുണ്ടായിരുന്നു.

പോകാനാഞ്ഞ കുറെ പേര്‍ തിരിച്ചു വന്നു.

“കൂടെ നില്‍ക്കാം. കാടിനെങ്കിലും ഒരുപകാരമാവട്ടെ.” അടുത്തുള്ള മരത്തിലേക്ക് പറക്കുന്നതിനിടായി കോങ്കണ്ണന്‍ മയില്‍ പറഞ്ഞു.

പോരാട്ടത്തിന്റെ ആദ്യത്തെ കടമ്പ കടന്നതായി ബുച്ചിക്ക് തോന്നി.

അടുത്ത തിങ്കളാഴ്ച്ച അദ്ധ്യായം 15 :

കാട്ടുകറുവത്തോലും തേനടയും

ഷെയർഅനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. നിയമ ബിരുദധാരിയാണ്. ബുച്ചിബൂബൂ ആദ്യത്തെ നോവൽ. തൃശ്ശൂർ സ്വദേശി. ഇപ്പോൽ കൊച്ചിയിൽ താമസം.