പോരാട്ടം ഇനിയും ബാക്കി

ബുച്ചിബൂബൂ  നോവൽ – അദ്ധ്യായം 31

നിറം മാറുന്നവര്‍ വന്നതും തീറ്റക്ക്‌ മാത്രമുള്ളത് വേട്ടയാടി കൊണ്ട് പോകുന്നതും കാട്ടിലുള്ളവര്‍ അറിയുന്നുണ്ടായിരുന്നു. മഴകൂടിയതുകൊണ്ട് മൃഗങ്ങള്‍ അധികം പുറത്തിറങ്ങുന്നുണ്ടായിരുന്നില്ല. വല്ലപ്പോഴും മഴയൊന്നു ശമിച്ചാല്‍ തീറ്റ തേടി ചിലരിറങ്ങും. മൃഗങ്ങളെക്കാള്‍  ഈ കാടിനേക്കാള്‍ മുന്‍പുണ്ടായ കാട്ടുനീതിയില്‍ അവര്‍ വേട്ടക്കാരനും ഇരയുമാകും. ഒന്നിന്റെ ചാവ് മറ്റൊന്നിനു ജീവനാകും.

കടുവ ഉറക്കത്തില്‍ നിന്നുമെഴുന്നേറ്റു. മഴ ഒന്നടങ്ങിയിട്ടുണ്ട്. നല്ല തണുപ്പുണ്ട്. വിശക്കുന്നു. കടുവ പുറത്തേക്കിറങ്ങി. നിലത്തു വീണു കിടന്ന കുറെ പഴങ്ങള്‍ തിന്നു. കരിയിലകള്‍ക്കിടയിലൂടെ ഓടിയ ഒരു കുഞ്ഞു മരയെലിയെ പിടിച്ചു തിന്നു. മരയെലിയോടു തന്റെ ജീവന്‍ നില നിര്‍ത്താന്‍ സഹായിച്ചതിന് നന്ദി പറഞ്ഞു.

മഴയുടെ മണം മാറിപ്പോകുന്നു. ഇനി കുറച്ചു പകലും രാത്രിയും പെയ്യില്ല. നിറം മാറുന്നവര്‍ ഇനിയും കാട്ടിലേക്ക് വരാന്‍ സാധ്യതയുണ്ടെന്നാണ് കതിര്‍ പറഞ്ഞത്. കുറെ നാളുകള്‍ക്കു ശേഷം തരക്കേടില്ലാത്ത വേട്ട കിട്ടി. അതുകൊണ്ട് മറ്റുള്ളവരും എല്ലാം പഴയ പോലെ ആയി എന്ന് കരുതുന്നു. മൃഗങ്ങളോട് ജാഗ്രതയോടെ ഇരിക്കണമെന്ന് പറയണം. കാട്ട് കാവല്‍ക്കാര്‍ കുറച്ചു പേര്‍ മരപ്പൊത്തുകളിലും മറ്റും ഇരിക്കുന്നുണ്ട്. മഴയുള്ളപ്പോള്‍ നിറം മാറുന്നവരുടെ വരവ് കുറവായതുകൊണ്ട് കാവല്‍ക്കാരും കുറവാണ്. കാട്ടതിരുകളില്‍ മാത്രം കുറച്ചു പേരെ നിര്‍ത്തിയിട്ടുണ്ട്.

കടുവ സിങ്കീരി എന്ന കുരങ്ങനെ അന്വേഷിച്ചു പാറയിടുക്കിലേക്ക് നടന്നു. കുരങ്ങുകളുടെ നേതാവാണ്‌. കാടിന്റെ ഏതറ്റത്താണെങ്കിലും അയാള്‍ എല്ലാ വിവരങ്ങളുമറിയും. വഴിയിൽ പെരിയപന്നിയെ കണ്ടു മുട്ടി. വീണു കിടന്ന ഒരു മരത്തിന്റെ ചുറ്റും വളര്‍ന്നു വരുന്ന കൂണുകള്‍ തിന്നുന്നു. ഇടയ്ക്കു മരത്തില്‍ നിന്നും വീഴുന്ന വെള്ളത്തുള്ളികള്‍ കുടഞ്ഞു കളയുന്നുണ്ട്. കടുവ അടുത്തെത്തിയപ്പോള്‍ പെരിയപന്നി ഒന്ന് നിര്‍ത്തി, “മഴ” എന്ന് പറഞ്ഞു വീണ്ടും കൂണുകളിലേക്ക് തന്നെ തന്റെ ശ്രദ്ധ തിരച്ചു.

പാറമടയില്‍ എത്തുമ്പോള്‍ പല ഗുഹകള്‍ക്കുള്ളില്‍ നിന്നും കുരങ്ങന്മാരുടെ കുടുംബങ്ങള്‍ പുറത്ത് വന്നിരിക്കുന്നുണ്ടായിരുന്നു. അവര്‍  മഴയില്ലായ്മ ആസ്വദിക്കുന്നത് കണ്ടു. അവര്‍ക്ക് നിറം മാറുന്നവരുടെ സ്വഭാവവുമായി നല്ല സാമ്യമുണ്ട്. കൂട്ടം കൂടിയുള്ള ജീവിതവും തമ്മില്‍ തമ്മില്‍ ചെറിയ കാര്യങ്ങള്‍ക്കുള്ള വഴക്കും.

സെങ്കീരി ഒരു പാറയുടെ മുകളില്‍ ഇരിക്കുന്നുണ്ട്. കടുവ അങ്ങോട്ട്‌ നടന്നു. “മഴ മാറിയ സ്ഥിതിക്ക്, നിറം മാറുന്നവര്‍ കാട്ടില്‍ വരാന്‍ സാധ്യതയുണ്ട്. എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്ന് കാട്ടിലറിയിക്കണം. മഴ കഴിഞ്ഞതിന്റെയും അവര്‍ കാട്ടില്‍ ഇല്ലാത്തതിന്റെയും ആശ്വാസത്തില്‍ മൃഗങ്ങള്‍ക്കിടയില്‍ ഒരു ചെറിയ ശ്രദ്ധക്കുറവു മതി കാര്യങ്ങള്‍ പഴയ പടിയിലാവാന്‍. നിറം മാറുന്നവര്‍ കാട്ടുനീതിയനുസരിക്കുന്ന വേട്ടക്കാരാവണമെങ്കില്‍ ഇനിയും കാലം പിടിക്കും. ആര്‍ത്തി അവരുടെ സ്വഭാവമാണ്. കുറെ കാലത്തേക്ക് ഒന്നും കിട്ടാതായവര്‍ക്കാണ് വിശപ്പടക്കാന്‍ ഒരു മാനെ കിട്ടിയിരിക്കുന്നത്. ഇത് കണ്ട് ഇനിയും കൂടുതല്‍ പേര്‍ കാട്ടിലേക്ക് വരാന്‍ സാധ്യതയുണ്ടെന്നാണ് കതിര്‍ പറയുന്നത്.” നേതാവിനെ അനുകരിക്കുന്ന സ്വഭാവം കുരങ്ങന്മാര്‍ക്കുമുണ്ടല്ലോ, കടുവ ഓര്‍ത്തു.

അടിയന്തിരമായി കാട്ടുകൂട്ടം കൂടാനുള്ള സന്ദേശം കാട്ടുകാവല്‍ക്കാര്‍ എല്ലായിടത്തും എത്തിച്ചു. കതിരിനെയും മേഘത്തെയും വിവരങ്ങള്‍ അറിയിക്കാനായി സികപ്പന്‍ പുറപ്പെട്ടു. അടുത്തതായി എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കെണ്ടതുണ്ടായിരുന്നു.

ബുച്ചിക്കും ബൂബുവിനും സികപ്പനുമെല്ലാം ഉത്തരവാദിത്വം കൂടിയിരിക്കുകയാണ്. അവര്‍ക്കും കുഞ്ഞുങ്ങളുണ്ടായിരിക്കുന്നു. കാടിന്റെ ജീവന്‍ ആണ് ആ കുഞ്ഞുങ്ങള്‍. സ്വന്തം ജീവന്‍ കൊടുത്തും കാടിന്റെ ജീവന്‍ നിലനിര്‍ത്തുമെന്നു അവര്‍ തങ്ങളോടു തന്നെ പ്രതിജ്ഞയെടുത്തതാണ്.

“നിറംമാറുന്നവര്‍ കുറച്ചു കാലങ്ങളായി പതിവ് ഉപദ്രവങ്ങളില്ല. പക്ഷെ അവര്‍ അതെല്ലാം നിര്‍ത്തി എന്ന് തീര്‍ത്തും വിശ്വസിച്ചിട്ടില്ല. വേട്ടക്കാര്‍ ഇപ്പോഴും ഇര അശ്രദ്ധരാകുന്നത് വരെ കാക്കും. എപ്പോഴും പിന്നിലേക്ക്‌ തിരിഞ്ഞു നോക്കുന്നതാണ് ഇപ്പോള്‍ തങ്ങളുടെ ജീവന് നല്ലത്. പോരാട്ടം ഇനിയും ബാക്കിയാണ്. അടുത്ത തലമുറയെങ്കിലും ഭയമില്ലാതെ വളരണമെങ്കില്‍ ഇപ്പോഴിവിടെയുള്ളവര്‍ പോരാടിയെ പറ്റൂ. മരങ്ങളില്‍ നിന്നും പതുക്കെ ഇലകള്‍ പൊഴിയുന്ന കാലമാണ്. എല്ലാ മരങ്ങളില്‍ നിന്നും ഒരുമിച്ചു പോഴിയില്ലെങ്കിലും ഇലകളുള്ളപ്പോഴത്തെ സുരക്ഷയില്ല. കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും വലിപ്പം കൂടുതലുള്ളവര്‍. ആഹാരം കുറഞ്ഞു തുടങ്ങുന്നതുകൊണ്ട് പലരും പുഴക്കരയിലുണ്ടാവും. പച്ചപ്പുല്ലോ, അത് തിന്നുന്നവരെയോ അന്വേഷിച്ച് വേട്ടക്കാരും പതിയിരിക്കുന്നുണ്ടാവും . വെള്ളം കുടിക്കുമ്പോള്‍ കൊല്ലരുതെന്ന കാട്ടുനീതി മൃഗങ്ങള്‍ പാലിക്കാറുണ്ടെങ്കിലും നിറംമാറുന്നവര്‍ അതിനെ ഒരു അവസരമായിട്ടാണ് കണ്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇക്കാലത്ത് വിശപ്പ്‌ മൂലം ശ്രദ്ധ കുറഞ്ഞ മൃഗങ്ങള്‍ക്കാണ് ജീവന്‍ വരെ നഷ്ടപ്പെടുക.” കടുവ പറഞ്ഞു നിര്‍ത്തി. കാട്ടുകൂട്ടത്തില്‍ എല്ലാവരുമുണ്ടായിരുന്നു.

കതിരിനെയും മേഘത്തെയും ഇപ്പോള്‍ കാട്ടിലുള്ളവരായി തന്നെയാണ് കണക്കാക്കുന്നതെങ്കിലും അവര്‍ കാട്ടുകൂട്ടങ്ങളിലേക്ക് വരാറില്ല. തങ്ങളെ അംഗീകരിക്കാത്തവര്‍ കുറഞ്ഞു വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും മൃഗങ്ങള്‍ക്കിടയില്‍ പൂര്‍ണ്ണമായും തങ്ങളെ വിശ്വസിക്കാത്തവര്‍ ഉള്ള  സ്ഥിതിക്ക്, അവര്‍ക്ക് അപകട ഭീഷണിയുണ്ടാക്കാനും അവരെ ഭയത്തിലാഴ്ത്താനും കാര്‍മേഘം താല്പര്യപ്പെട്ടില്ല. സികപ്പനോട് അടുത്ത ഘട്ടം മേഘം പറഞ്ഞു കൊടുത്തിരുന്നു. വരള്‍ച്ചക്കാലമാണെങ്കിലും കുറച്ചു ദിവസമായി പെയ്ത മഴയില്‍ പുതു നാമ്പുകള്‍ മുളച്ചിട്ടുണ്ട്. ക്ഷാമക്കാലത്ത് പ്രതീക്ഷിക്കാതെ കിട്ടുന്ന തീറ്റ തേടി വരുന്നവരെക്കുറിച്ചു നിറംമാറുന്നവര്‍ക്കുമറിയാം. കുറച്ചു നാള്‍ കാട്ടില്‍ വേട്ടസംഘങ്ങളുണ്ടാവും. ഇര തേടുന്നവര്‍ ശ്രദ്ധിച്ചു വേണം. വേട്ടക്കാരുടെ ശ്രദ്ധ തിരിക്കാനുള്ള വഴികളാണ് അടുത്തതായി ആലോചിക്കേണ്ടത്.

കാട്ടുകൂട്ടത്തില്‍ നിറംമാറുന്നവരില്‍ നിന്നും സ്വയം രക്ഷിക്കേണ്ട വഴികളെക്കുറിച്ച് മൃഗങ്ങള്‍ വ്യാകുലരാകുമ്പോള്‍ നെടുമാന്റെ വേട്ടയില്‍ നിന്നും ലഭിച്ച ആത്മവിശ്വാസത്തില്‍ അടുത്ത വേട്ട സംഘം കാട് കയറുകയായിരുന്നു.

അടുത്ത തിങ്കളാഴ്ച്ച

അദ്ധ്യായം 32  : ദേശാടനം പോയ മൃഗങ്ങൾ തിരിച്ചെത്തുന്നതും കാത്ത്

ഷെയർഅനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. നിയമ ബിരുദധാരിയാണ്. ബുച്ചിബൂബൂ ആദ്യത്തെ നോവൽ. തൃശ്ശൂർ സ്വദേശി. ഇപ്പോൽ കൊച്ചിയിൽ താമസം.