പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട്! – 9

09/08/2022

രാവിലെ കുറച്ച് നേരം മടി പിടിച്ച് കിടന്നു. 7 മണിക്ക് മുമ്പേ തന്നെ എണ്ണ മസാജ് ചെയ്യുന്നതിനായി, അപ്പോഴേക്കും ഞാനുമായി നല്ല സൗഹൃദത്തിലായിക്കഴിഞ്ഞ ആന്റണി എത്തി. ഒരു മണിക്കൂർ കൊണ്ട് എന്നെ ചവിട്ടിപ്പിഴിഞ്ഞെടുത്തു. ആന്റണിയുടെ കൈക്രിയയുടെ കാഠിന്യത്തിൽ, ഒട്ടും വഴങ്ങാത്ത ശരീരത്തിനുടമയായ എന്റെ ദീനരോദനം വെളിയിൽ വന്നു പോയി.
അത്ര കട്ടിയിലായിരുന്നു ക്രിയകൾ! ഏറെക്കാലത്തിന് ശേഷം ശരീരത്താകമാനം എണ്ണ പുരണ്ടു. സർക്കസ് എല്ലാം കഴിഞ്ഞ് ആന്റണി തന്നെ കുളിപ്പിച്ചും തന്നു. പത്തമ്പത്തഞ്ച് വർഷങ്ങൾക്ക് മുമ്പ് അമ്മയും പെങ്ങന്മാരുമൊക്കെ കുളിപ്പിച്ചു തന്നത് ഓർമ്മയിലൂടെ കടന്നുപോയി.


ഒരുന്മേഷമൊക്കെ വന്ന പോലെ! ശരീരം ഒന്ന് നന്നായി കശക്കിയിരിക്കുന്നു! നല്ല പൈസയും വസൂലാക്കി ആന്റണിയും കുപ്പി തേടി സ്ഥലം വിട്ടു. എങ്കിലും ആ നഷ്ടം ഒരു കഷ്ടമായി തോന്നിയില്ല.

രാവിലെ ശിവയെ കൂട്ടി ഞങ്ങൾ മുതല പാർക്ക് കാണാൻ പോയി. പ്രതിമ പോലെ കുറേ നിർജ്ജീവമായ ചലനമില്ലാത്ത ഭീമാകാരൻ മുതലകൾ! ചിലത് വായ് പിളർന്ന് കിടന്ന് ഉറങ്ങുന്നു. കാണികളെ കാണിക്കാൻ മുതലയെ പരിപാലിക്കുന്നയാൾ ഒരു കമ്പെടുത്ത് കുത്തി അവയെ ഒന്നിളക്കിയപ്പോഴാണ് മുതലകളുടെ ഓട്ടവും വെപ്രാളവും കാണാൻ കഴിഞ്ഞത്. മുതലകൾക്ക് നല്ല വേഗതയുണ്ട്.

പിന്നെ കൂലംകുത്തിയൊഴുകുന്ന പുഴയ്ക്കരികിൽ പോയി ഒന്നുകൂടി പരിസരമൊക്കെ വീക്ഷിച്ചു. കണ്ടാലും കണ്ടാലും മതിവരാത്ത പുഴയുടെ മാസ്മരിക സൗന്ദര്യം നോക്കി നിന്നു പോകും. വെള്ളച്ചാട്ടം നേരിട്ട് കാണാൻ കഴിയില്ലെങ്കിലും ഇന്ന് അത്യാവശ്യം സന്ദർശകരുണ്ടായിരുന്നു. കുട്ട വഞ്ചിയിലും ആരൊക്കെയോ കയറുന്നുമുണ്ടായിരുന്നു. അവിടം വീണ്ടും ചലിച്ചു തുടങ്ങിയിരിക്കുന്നു എന്ന് സാരം!

മീൻ ചന്തയിലെ മീനുകളുടെ ബാഹുല്യവും പുഴയിൽ നിന്നുള്ള അവയുടെ ലഭ്യതയും അതിശയിപ്പിക്കും. പലതരത്തിലും വലുപ്പത്തിലുമുള്ള മീനുകൾ നിരത്തി വച്ച് കച്ചവടം ചെയ്യുന്ന സ്ത്രീകൾ! മീൻ ആവശ്യമനുസരിച്ച് വറുത്ത് കൊടുക്കുന്ന നാട്ടുകാരായ സ്ത്രീകളും സാധാരണ കാഴ്ചയാണ്. കുറച്ച് ചെതുമ്പൽ മാറുമെന്നതൊഴിച്ചാൽ ബാക്കി തലയും വാലും ഉള്ളിലെ വേസ്റ്റുമെല്ലാം ഭദ്രം!

കവുങ്ങിൻപാള കൊണ്ടുള്ള ആഹാരം കഴിക്കാൻ പറ്റുന്നത്ര വലിപ്പത്തിലുള്ള പാത്രങ്ങൾ കടകളിൽ 8 രൂപക്ക് സുലഭമായി ലഭിക്കും. സന്ദർശകർക്ക് കുളിക്കാനുളള വസ്ത്രങ്ങൾ കച്ചവടം ചെയ്യുന്ന മറ്റൊരു വിഭാഗം! മസാജിനുളള പൗഡറും എണ്ണയും കടകളിൽ കാണാം. ഓപ്പൺ മാർക്കറ്റിൽ മദ്യം ലഭ്യമല്ലെങ്കിലും പിൻവാതിലിൽ കൂടി കൊള്ളവിലയ്ക്ക് അതും യഥേഷ്ടം ലഭിക്കും.

11 മണിയോടെ ഹൊഗെനക്കൽ വിട്ടു.
വഴിയിൽ ഇരുവശങ്ങളിലും കൃഷിയിടങ്ങൾ ധാരാളം! കാളകളെ നുകം വച്ച് കെട്ടി നിലം ഉഴുന്ന കാഴ്ചകൾ അവിടെ കാണാം. ട്രാക്ടറുകളും ചിലയിടങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ഏറുമാടം കെട്ടി കൃഷിയിടം നോക്കുന്ന കൃഷിക്കാർ! നിലക്കടല കൃഷിയാണ് കൂടുതലും! പുരുഷമാരും സ്ത്രീകളും ഒരുപോലെ പാടങ്ങളിൽ അദ്ധ്വാനിക്കുന്നു. സഹായിക്കാൻ കുട്ടികളുമുണ്ട്.

വഴി നിറയെ ചാണകം മെഴുകിയ പഴയ വീടുകളെ അനുസ്മരിപ്പിക്കുന്ന വിധം ചാണകവും ആട്ടിൻ കാട്ടവും നിറഞ്ഞിരിക്കുന്നു. ആനയിറങ്ങുന്ന കാട്ടുവഴികളിൽ, ഫ്രഷ് ആനപ്പിണ്ടവും ആനച്ചൂരും ഇന്ദ്രിയങ്ങൾ തിരിച്ചറിഞ്ഞു. മിക്ക വീടുകളുടെയും മുൻവശം തൊഴുത്ത് തന്നെ! ആടുകളും പശുക്കളും വാത്തകളും പട്ടികളും റോഡുകൾ കീഴടക്കി വിശ്രമിക്കുന്നു. വാഹനങ്ങൾ വേണമെങ്കിൽ വഴിമാറി പോയ്ക്കൊള്ളുക! ആളുകളേപ്പോലെ തന്നെ ജന്തുക്കൾക്കും ചെറിയ അഹങ്കാരമില്ലേയെന്ന് തോന്നിപ്പിക്കുന്ന ഭാവങ്ങൾ! ചാണകവും മൂത്രവും എല്ലാം ചേർന്ന സമ്മിശ്രഗന്ധം ഗ്രാമവഴികളിലുടനീളം മുക്കിൽ അടിച്ചു കയറുന്നു.

TVS 50 യിൽ 3 പേർ വരെ സുഖമായി യാത്ര ചെയ്യുന്നു. ബസ് സ്റ്റോപ്പുകളിൽ ബസുകൾ കൃത്യമായി നിറുത്തി ആളെ എടുക്കുകയും ഇറക്കുകയും ചെയ്യുന്നു. മതിലിലെഴുത്തോ നോക്കുകൂലിയോ പിടിച്ചുപറിയോ വായിൽ നോക്കിയിരുപ്പോ സമരമോ മുദ്രാവാക്യമോ വഴിതടയലോ പോലീസിന്റെ എസ്കോർട്ടിലുള്ള ജാഥകളോ നേതാക്കളുടെ ബഡായിയോ റോഡുകളിൽ പോലീസിന്റെ തന്നെ നിറസാന്നിദ്ധ്യമോ ഒന്നും തന്നെ കാണാനില്ല. എല്ലാവരും അവരവരുടെ ജോലി ചെയ്ത് അന്തസ്സായി ജീവിക്കുന്നു. ഏറ്റവും ദരിദ്രനെന്ന് തോന്നിക്കുന്ന കൃഷിക്കാരന്റെ മുഖത്തെ നിറവ് കണ്ടാൽപ്പോലും അസൂയ തോന്നിപ്പോകും. അവൻ പൂർണ്ണതൃപ്തൻ! പാളത്താറും ചുറ്റി ഒരു വടിയോ പണിയായുധങ്ങളുമായോ അവനെ വഴിയോരങ്ങളിലോ കൃഷിയിടങ്ങളിലോ കാണാം!

നഗ്നപാദരായി പുസ്തകക്കെട്ടുമായി കുഞ്ഞുങ്ങൾ സ്ക്കൂളുകളിൽ ഉത്സാഹത്തോടെ നടന്നു പോകുന്നു. പരമശിവൻ, വിജയ്, അജയ് എന്നീ സ്ക്കൂൾ കുട്ടികൾ അടുത്തു വന്നു പരിചയപ്പെട്ടു, സെൽഫിക്ക് ഒപ്പം പോസും ചെയ്തു.

പിന്നെയൊരു കൂട്ടം, പത്ത് വയസ് പരുവം കുട്ടികൾ, സംഘം ചേർന്ന് റോഡിന് കുറകെ കയറി നിന്ന് വാഹനങ്ങൾ തടഞ്ഞ് ഗണേശോത്സവത്തിന്റെ പേരിൽ അത്ര ശരിയെന്ന് തോന്നാത്ത പിരിവുനടത്തുന്നു. വരുന്ന പുതുതലമുറയും രാഷ്ട്രീയ മതപിരിവുകളിൽ വിശ്വസിക്കട്ടെ! രാജ്യമെന്ന വാഹനത്തിന്റെ ചക്രങ്ങൾ പുറകോട്ടു തന്നെ ഇനിയുമുരുളട്ടെ!

പക്ഷെ, എന്റെ ജീവിതത്തിൽ, ഡ്രൈവിംഗിനിടക്ക് എനിക്ക് സ്വയം അപകടഭീതി തോന്നിയ അവസരങ്ങൾ തുലോം വിരളം! ഈ 2300 കിലോമീറ്ററിലധികം കവർ ചെയ്ത യാത്രയിൽ ഒരു നല്ല പണി കിട്ടിയെന്നുറപ്പിച്ച ആദ്യനിമിഷം!
നാലഞ്ചു കിലോമീറ്റർ വളവുകളില്ലാതെ നീണ്ടുനിവർന്നു കിടക്കുന്ന വഴിയിൽ വാഹനങ്ങൾ പറപ്പിക്കുന്നതിനൊപ്പം ഞാനും പറക്കുന്നു. പെട്ടെന്നാണ് മുമ്പിലുള്ള വാഹനങ്ങൾ അപ്രതീക്ഷിതമായി ബ്രേക്കമർത്തിയത്. യാതൊരു സൂചനയുമില്ലാതെ വലിയൊരു ബംബ് കണ്ട് മുമ്പേ പോയ വാഹനം ബ്രേക്കിട്ടതാണ്! എന്റെ ബൈക്കിന് ABS ബ്രേക്കായതിനാൽ മാത്രം മുമ്പിലെ വാഹനത്തിന്റെ തൊട്ടുപിന്നിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഇടിച്ചിടിച്ച് നിന്നു. പക്ഷെ എന്റെ നെഞ്ചിന്റെ ഇടി 10 മിനിറ്റ് കൂടി നീണ്ടു നിന്നു.

യാദൃശ്ചികമായി, അവിടെ അടുത്തു തന്നെയുള്ള, ഒട്ടും ശ്രദ്ധിക്കപ്പെടാത്ത ഒരു ഭക്ഷണശാല, RK ധാബാ ആന്റ് ഫാമിലി റസ്റ്റോറന്റ്, അഗസ്റ്റിന്റെ കണ്ണിലുടക്കി! അപ്പോഴേക്കും വണ്ടി ഏറെ ദൂരം മുന്നോട്ട് പോയിരുന്നു. വണ്ടി പുറകിലേക്ക് തിരികെ പോയി അവിടെക്കയറി. കുറേ ഹട്ടുകൾ അവിടെ ക്രമീകരിച്ചിരിക്കുന്നു. ഒറ്റ മനുഷ്യരില്ല അവിടെ ആഹാരം കഴിക്കാൻ! അഗസ്റ്റിനോട് ദേഷ്യം തോന്നി!
തല്ലിപ്പൊളി ഫുഡ്ഡാണോ എന്ന് ചോദിക്കേണ്ടല്ലോ! എങ്കിലും ഒരു ചേഞ്ചിന് പരിചയമില്ലാത്ത ഗുണ്ടൂർ ചിക്കനും റൊട്ടിയും ഓർഡർ ചെയ്തു. ദൈവമേ! ഒടുക്കത്തെ രുചി!
ആ കുക്കിനേയും സ്റ്റാഫിനെയും കണ്ട് അഭിനന്ദനങ്ങൾ ചൊരിഞ്ഞ്, പടം കൂടി പിടിച്ചിട്ടേ ഞങ്ങൾ പോന്നുള്ളു. അവരുടെ മാർക്കറ്റിംഗ് ദയനീയം എന്ന് പറയാതിരിക്കാനാവുന്നില്ല. ആർക്കും പെട്ടെന്ന് കാണാൻ കഴിയാത്ത വിധത്തിൽ വിജനമായ പാതയിൽ നിന്ന് കുറച്ചകത്തേക്ക് കയറി അനാഥമായി, അനാകർഷകമായി അത് നിലനിൽക്കുന്നു. കുറച്ച് കളർ കൊടികളെങ്കിലും ആളുകളെ ആകർഷിക്കത്തക്ക രീതിയിൽ വഴിയിൽ വച്ചിരുന്നെങ്കിൽ!

കഴിച്ചു കൊണ്ടിരുന്നപ്പോൾ പ്രതീക്ഷിക്കാത്ത ഒരു വിളി തേടിയെത്തി. എന്റെ പഴയ ശിഷ്യനും കൊല്ലം ACP യുമായിരുന്ന പ്രദീപായിരുന്നു ലൈനിൽ!
ഇപ്പോഴും സർവ്വീസിൽ തന്നെ! കക്ഷി, നമ്മുടെ കാസർഗോഡ് DySP ബാബു പെരിങ്ങോത്തിന്റെ ബാച്ച് മേറ്റാണ്. ബാബു പറഞ്ഞറിഞ്ഞ് വിളിച്ചതാണ്. അപ്പോഴാണ് ബൈക്ക് റൈഡേഴ്സിനെ കോരിത്തരിപ്പിക്കുന്ന, രാജ്യം മുഴുവൻ അറിയേണ്ടതും, എന്നാൽ ആരും തന്നെ അറിയാത്തതുമായ ഒരു വാർത്ത കേട്ടത്. പ്രദീപ്, ഭാര്യയും കുറേ കൂട്ടുകാരും മറ്റ് റൈഡേഴ്സും സർവ്വ സന്നാഹങ്ങളുമായി ലോകത്തിന്റെ നിറുകയിൽ എന്ന് വിശേഷിപ്പിക്കാവുന്ന ലഡാക്കിലെ Mighty Khardungla യിൽ അടുത്തയിട പോയത്രെ! 12000 കിലോമീറ്ററോളം നീണ്ട ആ യാത്രയിൽ 50 വയസ് കഴിഞ്ഞ വരായിരുന്നു അധികവും! 67 വയസ് കഴിഞ്ഞൊരാളും വേറൊരു സ്ത്രീയും കൂടി ഒപ്പമുണ്ടായിരുന്നുവത്രെ! എല്ലാവരും റോയൽ എൻഫീൽഡിൽ!

200 കിലോമീറ്ററോളം ഓടിയപ്പോൾ മൈസൂറിൽ എത്തി. പ്ലാൻ C യും പിന്നിട്ടിരിക്കുന്നു. ഇനി D യും E യും ബാക്കി!

ആദ്യമായി നല്ല നിലവാരമുള്ളൊരു ഹോട്ടലിൽ – ഷൈൻ റസിഡൻസിയിൽ – മുറിയെടുത്തു. വാടക 1400 രൂപ മാത്രം! ഫ്രീ വൈ ഫൈ വരെയുണ്ട്. വിശാലമായ പാർക്കിംഗ് സൗകര്യങ്ങളും നല്ല അന്തരീക്ഷവും!

നാളെ മൈസൂർ കറങ്ങിക്കാണാൻ, ഒരു ഏജൻസിയുടെ ടൂർ പാക്കേജിന്റെ ഭാഗമായി. രാവിലെ 9 മുതൽ വൈകിട്ട് 9 മണി വരെ ഇഷ്ട സ്ഥലങ്ങൾ ഗൈഡുകളുടെ സഹായത്തോടെ കറങ്ങിക്കണ്ടു മനസിലാക്കാൻ അവസരമൊരുങ്ങി!

വൈകിട്ട് ഒന്ന് പുറത്തിറങ്ങി. ഭക്ഷണം കഴിക്കണം, നാളെ ബസ് കയറേണ്ട സ്പോട്ട് ഒന്ന് നോക്കി വയ്ക്കണം. അങ്ങോട്ടേക്ക് 3.5 കി.മീ. ഉണ്ട്. റെയിൽവേ സ്റ്റേഷന്റെ തൊട്ടടുത്തുള്ള A2B ആനന്ദഭവൻ എന്ന ബ്രഹ്മാണ്ഡ വെജ് റസ്റ്റോറന്റിന്റെ മുമ്പിലാണ് ബോർഡിംഗ് പറഞ്ഞിരിക്കുന്നത്. അവിടെത്തന്നെ കയറി അത്താഴം കഴിച്ചു. മഞ്ചൂരിയൻ ഗോപിയും വെജിറ്റബിൾ പുലാവും പൊറോട്ടയും! നല്ല ഒന്നാം തരം രുചികരമായ ഫുഡ്! ആർക്കും ധൈര്യമായി കയറാം!

രാത്രി ലൈറ്റുകളിൽ തിളങ്ങുന്ന മൈസൂർ കൊട്ടാരത്തിന്റെ പുറംകാഴ്ച മനോഹരമെന്ന് കേട്ടതിനാൽ ആ വഴി പോയെങ്കിലും ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല. പഴയ രാജഭരണത്തിന്റെ പ്രൗഢി വിളിച്ചോതുന്ന ഒരു കുതിര വണ്ടി സഞ്ചാരികൾക്കായി കാത്ത് നിൽക്കുന്നത് കാണേണ്ട ഒരു കാഴ്ച തന്നെയായിരുന്നു!

കൊട്ടാരത്തിനടുത്തു തന്നെ മൈസൂർ സാൻഡലിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഒരു ഷോറൂമിൽ കയറി. രാജാവിന്റെ കുടുംബത്തിലെ അവസാന തലമുറയിലുള്ള ഏതോ കുഞ്ഞിന്റെ പിറന്നാളുമായി ബന്ധപ്പെട്ട് ഇന്ന് ടാക്സ് ഒഴിവാണ്. ചന്ദനത്തിൽ തീർത്തതും ചന്ദനവുമായി ബന്ധപ്പെട്ടതുമായ ഇനങ്ങളുടെ ഒരു ഭീകര കളക്ഷൻ അവിടെ കാണാനായി. മൈസൂർ സാൻഡലിന്റെ 6 സോപ്പുകളുടെ ഒരു പാക്കിന് 750 രൂപ! “ത്തിപ്പോലുമുള്ള” സാൻഡൽ അത്തറിന്റെ വില 300 രൂപ! അത്രയും വാങ്ങി. ഈട്ടിയിൽ തീർത്ത ഭീമൻ ഒടുക്കത്തെ അത്താഴത്തിന് 45000 രൂപ! ലക്ഷങ്ങൾ വിലയുള്ള നിരവധി അതിശയിപ്പിക്കുന്ന ശേഖരങ്ങൾ!

ഒപ്പം നന്നായി മലയാളം പറയുന്ന പണ്ടത്തെ തൃശൂർ കണക്ഷനുള്ള ഒരു ശകുന്തളയേയും പരിചയപ്പെട്ടു. കൊഞ്ചിക്കൊഞ്ചിയുള്ള അവരുടെ മലയാളം കേട്ടപ്പോൾ ഒരു സുഖം! മലയാളമേ! എന്റെ മലയാളമേ!

നാളെ ബസിലെ മൈസൂർക്കാഴ്ചകൾ!

എറണാകുളം ജില്ലയിൽ കൂത്താട്ടുകുളം സ്വദേശിയെങ്കിലും ഇപ്പോൾ തിരുവനന്തപുരം പേരൂർക്കട വഴയിലയിൽ താമസിക്കുന്നു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് റാപ്പിഡ് റസ്പോണ്ട്സ് ആന്റ് റസ്ക്യൂ ഫോഴ്സിൽ (RRRF) നിന്നും അസിസ്റ്റന്റ് കമാണ്ടന്റ് (ഡി വൈ എസ് പി) ആയി 2017 ൽ വിരമിച്ചു. 2011- 16 ൽ തിരുവനന്തപുരം ഗവ. സെക്രട്ടറിയേറ്റിന്റെ സെക്യൂരിറ്റി ഇൻസ്പെക്ടർ ആയിരുന്നു. ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച "സാർത്തോവിന്റെ സുവിശേഷം" എന്നൊരു ഓർമ്മക്കുറിപ്പ് എഴുതിയിട്ടുണ്ട്.