പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട്! – 5

ഇന്ന് കാര്യമായ ദൂരത്തിൽ കറങ്ങാനുണ്ടായിരുന്നില്ല. ചെറുതായി മഴ പെയ്തതൊഴിച്ചാൽ മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമുണ്ടായതുമില്ല. ലഗേജ് മാർട്ടിന്റെ ഫ്ലാറ്റിൽ വച്ചിട്ട് പോരാൻ കഴിഞ്ഞതിനാൽ ഭാരങ്ങളില്ലാത്ത യാത്ര !

ഗോവയുടെ പ്രധാന ആകർഷണം മനോഹരമായ നിരവധി ബീച്ചുകളും ഫുഡ് കോർട്ടുകളും ഇന്ത്യയിൽ മറ്റെങ്ങുമില്ലാത്ത കാസിനോകളും മറ്റുമാണ്. അതെല്ലാം അവർ ഭംഗിയായി മാനേജ്‌ ചെയ്യുകയും പരിപാലിക്കയും ചെയ്യുന്നു. നല്ലൊരു ഭരണം ഇവിടെ നടക്കുന്നുണ്ടെന്ന് ഉറപ്പ്! വ്യവസായങ്ങൾക്ക് ഏറ്റവും ഉചിതമായ മണ്ണാണിത്. നമ്മുടെ നാട്ടിലേപ്പോലെ, ഔദ്യോഗികമായി ഒരിടത്തുനിന്നും ഒരു തലവേദനയുമില്ലാതെ, മാർട്ടിനെപ്പോലെ നിരവിധി മലയാളികൾ ഇവിടെ വ്യവസായങ്ങൾ ചെയ്ത് ആത്മാഭിമാനത്തോടെ ജീവിക്കുന്നു. നല്ല പ്രൊജക്ടുകളുമായി വരുന്ന ആർക്കും ഇവിടെ സ്വാഗതം! ടൂറിസം, ലിക്വർ മാനുഫാക്ച്വറിംഗ്, കശുവണ്ടി പ്രോസസിംഗ്, ഫാർമസ്യൂട്ടിക്കൽ, കേബിൾ, ഇലക്ട്രോണിക്സ്, ഹോട്ടൽ വ്യവസായങ്ങൾ എല്ലാം നന്നായിത്തന്നെ നടന്നു പോകുന്നു. കശുമാങ്ങയിൽ നിന്നുണ്ടാക്കുന്ന പാവങ്ങളുടെ മദ്യമെന്ന് പറയാവുന്ന ഗോവ ഫെനി ഇവിടുത്തെ ഒരാകർഷണമാണ്. നിരവധി ബാർജുകൾ, വാഹനങ്ങളും ആളുകളുമായി കടത്തുകളിൽ പോകുന്നതും നമുക്ക് കൗതുകമുണർത്തുന്ന കാഴ്ചയാണ്. ബാർജുകളിൽ ഇതിനായി പ്രത്യേക ചാർജുകളൊന്നും കൊടുക്കേണ്ട എന്നതും എന്നെ അത്ഭുതപ്പെടുത്തി.

നിരവധി മൾട്ടിനാഷണൽ കമ്പനികൾ യാതൊരു തൊഴിൽ പ്രശ്നങ്ങളുമില്ലാതെ സ്മൂത്തായി നടന്നു പോകുന്നു. അന്തരീക്ഷ മലിനീകരണമില്ല. വൃത്തിയായ റോഡുകളും അതിലെ മാർക്കിംഗുകളും സ്ഥലസൂചികകളും എല്ലാം അനുകരണീയം! ബമ്പുകൾ അടയാളപ്പെടുത്തിയിരിക്കുന്നത് കണ്ടപ്പോൾ നാട്ടിലെ ബമ്പുകളിൽ പല വട്ടം ഉയർന്ന് ചാടേണ്ടി വന്നിട്ടുള്ളത് ഓർത്തു പോയി. അപ്പോഴാണ് വഴിയിൽ ബമ്പുള്ള വിവരം നാം അറിയുന്നത് തന്നെ!

ചുരുക്കത്തിൽ, അദ്ധ്വാനിക്കാൻ മനസുള്ളവന്റെ സ്വർഗ്ഗരാജ്യം എന്ന് ഗോവയെ വിശേഷിപ്പിക്കാം. ഏത് തരത്തിലും സുഖിക്കേണ്ടവർക്ക് സുഖിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഗോവ കരുതി വച്ചിരിക്കുന്നു.

മാർട്ടിൻ ചാർട്ട് ചെയ്ത് തന്ന പ്രകാരം ഏറ്റവും ദൂരെയുള്ള Anjuna Beach ൽ തുടങ്ങി ബാഗാ ബീച്ച്, തൊട്ട് ചേർന്ന് കിടക്കുന്ന Chulangath Beach, Candolim Beach, Agoda Fort തുടങ്ങിയവയാണ് കണ്ടത്. പൊതുവെ, ബീച്ചുകൾ എന്നെ അധികം ആകർഷിക്കാത്ത ഇടമാണ്. അതുകൊണ്ട് തന്നെ സത്യത്തിൽ എനിക്ക് ബോറഡിക്കാൻ തുടങ്ങിയിരിക്കുന്നു.

എന്നെ ഏറ്റവും ആകർഷിച്ചത്, പുതുതലമുറക്കായി കാലം കാത്തു വച്ചിരിക്കുന്ന അഗോഡാ ഫോർട്ടാണ്. അതിന്റെ നിർമ്മാണത്തിലെ അതിശയങ്ങൾ കണ്ട് കണ്ണ് മിഴിക്കാതിരിക്കാൻ കഴിഞ്ഞില്ല. വലിയൊരു വാട്ടർ ടാങ്കാണതിന് അടിയിൽ. 2376000 ഗ്യാലൻ മഴവെള്ളം അതിൽ ശേഖരിക്കാൻ കഴിയും. പഴയ കാലത്ത് അവിടെ ഒരു സൈനികാക്രമണമുണ്ടായിൽ പ്രതിരോധിക്കാനും പിടിച്ചു നിൽക്കാനുമൊക്കെയുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഇത്രയും മനോഹരമായ ഒരിടത്തേക്ക് ചെന്നു കയറുന്നതിന് മുമ്പ്, വഴിയിൽ വെട്ടുക്കിളികളേപ്പോലെ ഒരു സംഘം വണ്ടികൾ തടഞ്ഞു നിറുത്തുന്നു. പാർക്കിംഗ് ഫീസ്, (ബൈക്കിന് 50 രൂപ) ഒട്ടും സുഖകരമല്ലാത്ത രീതിയിൽ പിടിച്ചു പറിക്കുന്നതു പോലത്തെ അനുഭവം കല്ലുകടിയായി.

പിന്നെ കണ്ടത്, നമ്മുടെ കിംഗ്ഫിഷർ ഭീമൻ, വിജയ് മല്യയുടെ കിംഗ്സ് മാൻഷൻ (പഴയ കിംഗ് ഫിഷർ ഹൗസ്) എന്ന കൊട്ടാരമാണ്. കടൽക്കര വരെ ഏക്കർ കണക്കിന് സ്ഥലങ്ങളിലായി പരന്നുകിടക്കുന്ന മല്യയുടെ കുറേ വിശ്രമകേന്ദ്രങ്ങൾ! പക്ഷെ അതിനു ചുറ്റും പുറത്തു കൂടെ കറങ്ങാമെന്നല്ലാതെ, അതിന്റെ പ്രവേശന കവാടം കാണാമെന്നല്ലാതെ മറ്റൊന്നും നടക്കില്ല. ബാങ്ക് ഏറ്റെടുത്ത ആ സ്ഥലം ഇന്ന് സുരക്ഷാ ജീവനക്കാരുടെ നിയന്ത്രണത്തിലാണ്.

രാവിലെ എഴുന്നേൽക്കാൻ വൈകിയതിനാൽ വിശദമായ കുറിപ്പിന് സമയം കിട്ടിയില്ല. ഇറങ്ങാൻ സമയമായി.

നാളെ പ്ലാൻ B യിലേക്ക്!

എറണാകുളം ജില്ലയിൽ കൂത്താട്ടുകുളം സ്വദേശിയെങ്കിലും ഇപ്പോൾ തിരുവനന്തപുരം പേരൂർക്കട വഴയിലയിൽ താമസിക്കുന്നു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് റാപ്പിഡ് റസ്പോണ്ട്സ് ആന്റ് റസ്ക്യൂ ഫോഴ്സിൽ (RRRF) നിന്നും അസിസ്റ്റന്റ് കമാണ്ടന്റ് (ഡി വൈ എസ് പി) ആയി 2017 ൽ വിരമിച്ചു. 2011- 16 ൽ തിരുവനന്തപുരം ഗവ. സെക്രട്ടറിയേറ്റിന്റെ സെക്യൂരിറ്റി ഇൻസ്പെക്ടർ ആയിരുന്നു. ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച "സാർത്തോവിന്റെ സുവിശേഷം" എന്നൊരു ഓർമ്മക്കുറിപ്പ് എഴുതിയിട്ടുണ്ട്.