കാശി – സന്ദർശകരെ തിരിച്ചു വിളിക്കുന്ന മൃത്യുവിന്റെ നഗരി

ബോസ്, കാശി നൂറ്റാണ്ടുകളായി അഞ്ചു കാര്യങ്ങൾക്ക് ഏറെ പ്രശസ്തമാണ്. എൻ്റെ മുതുമുത്തച്ഛന്മാർ പറഞ്ഞു തന്നിട്ടുണ്ട് ആ അഞ്ചു വിശേഷങ്ങൾ. അവ അനുഭവിക്കാതെ പോയാൽ നിങ്ങളുടെ കാശിയിലേക്കുള്ള വരവ് അപൂർണ്ണമെന്നേ പറയാനാവൂ.

ഒന്ന് – കാശി വിശ്വനാഥൻ, അതായത് ഭോലെനാഥന്റെ ക്ഷേത്രം. അത് കാണാതെ പോയാൽ നിങ്ങൾ കാശിയിൽ എന്തു കണ്ടു?

രണ്ട് – ബനാറസി പട്ടു സാരികൾ. നിങ്ങളുടെ അമ്മയ്ക്കോ ഭാര്യയ്‌ക്കോ സഹോദരിക്കോ ഒരു സാരി വാങ്ങി സമ്മാനിക്കൂ. നിങ്ങൾ യാത്രയിൽ ആനന്ദം അനുഭവിച്ചതുപോലെ അവരും സന്തോഷിക്കട്ടെ.

മൂന്ന് – ബനാറസി മീഠ പാൻ. നിങ്ങൾതൊന്നു രുചിച്ചു നോക്കൂ. ലോകത്ത് മറ്റൊരിടത്തും ഈ രുചി നിങ്ങൾക്ക് കിട്ടില്ല.

നാല് ബനാറസി ലസ്സി. ഏതെല്ലാം വ്യത്യസ്ത രുചികളിലാണ് ശുദ്ധമായ പാലിൽ ആ ലസ്സിയിവിടെ നിർമ്മിക്കപ്പെടുന്നത്.

അഞ്ചാമത്തേത് ബനാസറി പണ്ഡിത്തുമാരുടെ സംഭാഷണ ചാതുരി. അവർ നിങ്ങളെ വാക്കുകൾ കൊണ്ട് വിസ്മയിപ്പിക്കും. ഉടലോടെ സ്വർഗം കാണിക്കും. വാക്കുകൾ കൊണ്ട് വഞ്ചിക്കും.

ആദ്യത്തെ നാലെണ്ണം പഴയ പ്രൗഢിയിൽ ഇപ്പോഴുമുണ്ട്.

അഞ്ചാമത്തേതിന്റെ മൂർച്ച കുറച്ചു കുറഞ്ഞിട്ടുണ്ട്. സാരാനാഥിൽ വച്ച് പരിചയപ്പെട്ട സുനിൽ പാണ്ഡെ പറഞ്ഞു നിർത്തി.

ശരിയാവണം, കാശിയിൽ വന്നാൽ വിശ്വനാഥ ക്ഷേത്രം കണ്ടില്ലെങ്കിൽ നിങ്ങൾ വേറെ എന്ത് കണ്ടു വാരണാസി / കാശിയിൽ? കൂട്ടത്തിൽ ഭാംഗും കഞ്ചാവും ഇതുവരെ രുചിച്ചില്ലെങ്കിൽ ? ഒരു പൂജപോലെ, അനുഷ്ഠാനം പോലെ അവയും ചെയ്യാമല്ലോ, സൂക്ഷിച്ച്, ഏറെ കരുതലോടെ.



ലോകത്തിൽ ഏത് ദേശത്തിനും ഒരു കഥ പറയാനുണ്ടാവും. ചിലപ്പോൾ ചില ദേശത്തിന് ഒന്നിലധികം കഥകൾ. വാരണാസിയിൽ, അതിനു മൂന്നു പേരുകൾ ഉള്ളത് പോലെ ഈ ദേശത്തിന് അതിന്റെ ഓരോ മൺതരിയിലും ഒരു കഥ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.

വാരാണസി എന്ന പേരിനു കാരണമായി പറയുന്നത്, അത് വരുണ, അസി എന്നീ രണ്ടു നദികളുടെ ഗംഗാസംഗമങ്ങൾക്ക് ഇടയിലെ ഭൂമിയായതു കൊണ്ടാണെന്നാണ്. രണ്ടു നദികളുടെയും പേരുകൾ ചേർത്ത് വാര-ണാസിയായി മാറി.

വാരാണസി ഹിന്ദുക്കൾക്ക് ഭൂമിയിലെ ഏറ്റവും പ്രാക്തന നാഗരികതകളിൽ ഒന്നാണ്. അതുകൊണ്ടു തന്നെ അത് ഹൈന്ദവീയതയുടെ ആത്‌മീയ സഞ്ചാരത്തിന്റെ എപിക് സെന്ററാണ്. ഒരു ഹിന്ദു തന്റെ ജീവിതകാലത്ത് ഒരിക്കലെങ്കിലും എത്തിച്ചേരേണ്ട സ്ഥലമാണതത്രെ. കാശിയിൽ നിങ്ങളുടെ കാലടികൾ സ്പർശിക്കുന്ന ഓരോ കല്ലിലും ശിവനുണ്ട്. അത്രയ്ക്ക് പാവനമാണ് ഈ ഭൂമിയിലെ മണ്ണും കല്ലും – എന്നാവും ഹിന്ദി ഹൃദയ ഭൂമിയിലുള്ളവർ നിങ്ങളോടു പറയുക.

മോക്ഷപ്രാപ്‍തി സാധ്യമാക്കുന്ന തീർത്ഥമാണ് ജലമാണ് ഗംഗയിലൂടെ ഒഴുകുന്നത്,ഗംഗാ തീർത്ഥം.

മുഗൾ ചക്രവർത്തിമാർ പോലും കുടിക്കാനും തങ്ങളുടെ ഭക്ഷണം പാകം ചെയ്യാനും ഉപയോഗിച്ചിരുന്നത് ഈ നദിയിലെ ജലമാണ്. രോഗങ്ങളെ അകറ്റി നിർത്താൻ പോന്നതാണ് ഈ ജലമെന്നവർ വിശ്വസിച്ചിരുന്നു.

കാശി ഹൈന്ദവീയതയുടെ മാത്രം ഇടമല്ല, അത് ജൈനമതത്തിലെ നാല് തീർത്ഥങ്കരനന്മാരുടെ ജന്മസ്ഥലമാണ്. ബി.സി ആറാം നൂറ്റാണ്ടിൽ ബുദ്ധൻ മുപ്പത്തിയഞ്ചാമത്തെ വയസിൽ ബോധോദയാനന്തരം തന്റെ ആദ്യത്തെ പ്രഭാഷണം നടത്തിയതെന്നു കരുതപ്പെടുന്ന സാരാനാഥ് കാശിയ്ക്കടുത്താണ്.

നാല് മണിക്കൂറോളം യാത്ര ചെയ്‌താൽ ബുദ്ധന് ധ്യാനോദയമുണ്ടായ ഗയയിലെത്താം. ആദിശങ്കരൻ ഇവിടെ വന്നുവെന്നും പരമശിവനാൽ പരീക്ഷിക്കപ്പെട്ടു എന്നും വിശ്വാസമുണ്ട്. കബീർ ദാസിന്റെയും തുളസി ദാസിന്റെയും നാടുകൂടിയാണ് ഇത്. പ്രശസ്തരായ നിരവധി സംഗീതജ്ഞർ ജനിച്ച നാട്, ജാൻസിയിലെ ലക്ഷ്മി ഭായിയുടെ ജന്മസ്ഥലം.

കാശിയ്ക്ക് ഇനിയും പറയാൻ ഏറെയുണ്ട്.


മണികർണ്ണിക ഘാട്ടിൽ നിൽക്കുമ്പോൾ തുടർച്ചായി ശവസംസ്‌കാരം കാണാം. നാൽപ്പതോളം ശവസംസ്കാരങ്ങൾ ഒരേ നേരം നടക്കുന്നുണ്ടവിടെ. എവിടെനിന്നാണ് ഇത്രയും ജഡങ്ങൾ വരുന്നത് എന്ന് സംശയിപ്പിക്കുന്ന തരത്തിൽ ആളുകൾ ജഡങ്ങൾ ചുമന്നു കൊണ്ട് രാം നാം സത്യ ഹൈ എന്നുച്ചരിച്ചു കൊണ്ട് വരുന്നത് കാണാം.

ചിലർ മരിക്കാനായി ഇവിടെ വരുന്നു. ചിലരെ മരിച്ച ശേഷം വിദേശങ്ങളിൽ നിന്നും പോലും ഇവിടേയ്ക്ക് ദഹിപ്പിക്കാൻ കൊണ്ട് വരുന്നു.

അടുത്ത് നിന്ന പ്രദേശവാസി പറഞ്ഞു. സത്യയുഗത്തിന്റെ അവസാനപാദത്തിൽ വിഷ്ണുഭഗവാൻ ശിവനോട് അപേക്ഷിച്ചു, ലോകം മുഴുവൻ അവസാനിച്ചു പോയേക്കാം, പക്ഷെ അപ്പോഴും കാശി നിലനിൽക്കണം. വിഷ്ണുവിന്റെ ആ ആഗ്രഹത്തിൽ സന്തുഷ്ടനായ ശിവൻ അത് നിവർത്തിക്കാമെന്ന് ഉറപ്പു നൽകി. ശിവ-പാർവതിമാരുടെ ബഹുമാനാർത്ഥം വിഷ്ണു തന്റെ സുദർശന ചക്രം കൊണ്ട് ഒരു കുളം നിർമ്മിച്ചു. ഈ കുളത്തിൽ കുളിച്ചു കൊണ്ടിരിക്കെ ശിവന്റെ ഒരു കാതിലെ കമ്മലിൽ നിന്നും ഒരു രത്നം ഈ കുളത്തിൽ വീണു പോയി. അങ്ങനെയാണ് ഈ ഘാട്ടിന് മണികർണികാ എന്ന് പേര് വന്നതത്രെ. ഇതേ കഥ സതിയുടെ പേരിലും പറയപ്പെടുന്നുണ്ട്. കഥകളുടെ ഒരു ചെപ്പ് മണികർണ്ണികാ ഘാട്ടിൽ വീണു പോയിട്ടുണ്ടാവണം.

മോക്ഷപ്രാപ്തിയെന്നാൽ ഒരു ശരീരം മരണത്തോടെ നശിച്ചു പോവുകയും ആ ശരീരത്തിൽ താൽക്കാലികമായി വസിച്ചിരുന്ന ആത്മാവ് ആ കൂടു വിട്ടു കൂടു മാറുകയും ചെയ്യുന്നതാണ്. മനുഷ്യർ തങ്ങളുടെ ജീവിതത്തിൻെറ അവസാന ദിവസങ്ങൾ ജീവിച്ചു തീർത്ത് മോക്ഷം നേടാൻ കാശിയിൽ എത്തുന്നു. അങ്ങനെ മരണം ഒരു ദുഃഖകരമായ അനുഭവത്തിൽ നിന്നും ആഘോഷത്തിന്റെ ഭാവം നേടുന്നു.

മണികർണ്ണികയക്ക് അടുത്താണ് നേപ്പാളി അമ്പലം (കാത്‌വാല ), ആലംഗീർ പള്ളി തുടങ്ങിയവയുള്ളത്.

സംസ്കൃതത്തിൽ കാശി എന്നാൽ പ്രകാശപൂരിതമായ ഇടം എന്നാണ്.

ഒരു സിനിമയുണ്ട്, ഹോട്ടൽ സാൽവേഷൻ അഥവാ മുക്തിഭവൻ എന്ന പേരിൽ. ഈ സിനിമ നിർമ്മിക്കപ്പെട്ടത് 2016ലാണ്. നിരവധി പുരസ്കാരങ്ങൾ നേടിയ, ഇന്ത്യയിൽ സാമ്പത്തികമായി പരാജയപ്പെടുകയും ചെയ്ത ഈ സിനിമ മറ്റു രാജ്യങ്ങളിൽ ഇന്ത്യയേക്കാൾ പ്രദർശിപ്പിക്കപ്പെടുകയും സാമ്പത്തിക വിജയം നേടുകയും ചെയ്തു. ഈ ചിത്രം സംവിധാനം ചെയ്തത് സുബാഷിഷ് ബൂട്ടിയാനിയാണ്. ആദിൽ ഹുസൈനും ലളിത് ബെഹലും മകനും അച്ഛനുമായി അഭിനയിച്ചിരിക്കുന്നു.

പിതാവായ ദയയ്ക്ക് വാരണാസിയിൽ പോയി മരിക്കണം എന്ന് ആഗ്രഹം. ഈ ആഗ്രഹത്തിൽ വലിയ താത്പര്യമില്ലാത്ത മകൻ രാജീവ് ഒടുവിൽ അച്ഛനൊപ്പം പുറപ്പെടുന്നു. രണ്ടു വ്യത്യസ്ത മാനസികാവസ്ഥകൾ ഉള്ള അവർ വീട്ടിൽ നിന്നും വാരാണാസിയിലേക്കുള്ള ഈ യാത്രയ്ക്കും വാരണാസിയിലെ ജീവിതത്തിനും ഇടയിൽ തങ്ങളെ കൂടുതൽ തിരിച്ചറിയുന്നു. ദയ വാരണാസിയിൽ വച്ച് വൃദ്ധയായ വിമലയെ കണ്ടെത്തുന്നു. അവർ തമ്മിൽ കൂടുതൽ സമയം ചിലവഴിക്കുന്നു. അച്ഛന്റെ മരണം അടുത്തെങ്ങും ഉണ്ടാവില്ല എന്നാണ് രാജീവ് കരുതുന്നത്. ഒടുവിൽ ദയ മകനെ വീട്ടിലേക്ക് തിരിച്ചയക്കുന്നു. പിന്നാലെ അയാൾ മോക്ഷം പ്രാപിക്കുന്നു. രാജീവ് കുടുംബത്തോടൊപ്പം തിരിച്ചു വരുന്നതും മരണാനന്തര കർമ്മം നിർവഹിക്കുന്നതുമാണ്‌ ചിത്രം. പക്ഷേ മരണം ഒടുവിൽ അതിന്റെ സന്തോഷകരമായ ഒരു നിമിഷത്തെ, സംഗീതവും ആഹ്ലാദവുമുള്ള ഒരു യാത്രയിലേക്ക് പരാവർത്തനം ചെയ്യപ്പെടുന്നു.

സിനിമയിൽ ദയ താമസിക്കുന്നതായി കാണിക്കുന്ന മുക്തി ഭവൻ ഒരു രോഗാതുരരായ, മരണാസന്നരായ മനുഷ്യർക്ക് താമസിക്കാൻ വേണ്ടി ജെയ്ഡ് ദയാൽ ഡാൽമിയ 1958-ൽ സ്ഥാപിച്ചതാണ്. ഇതുവരെ 15,000ൽ അധികം മനുഷ്യർ ഈ കെട്ടിടത്തിൽ താമസിക്കുകയും ഭൂരിപക്ഷം പേരും മോക്ഷപ്രാപ്തി നേടുകയും ചെയ്തു. ചുരുക്കം ചിലർക്കൊഴികെ ബാക്കിയുള്ള ഓരോ അന്തേവാസിയ്ക്കും താമസിക്കാൻ അനുവാദമുള്ളത് രണ്ടാഴ്ചയാണ്. ഇരുപത് രൂപ വൈദ്യുതി ചാർജ് ഇനത്തിൽ നൽകേണ്ടതുണ്ട്. ബാക്കി ചെലവ് മുഴുവൻ ഡാൽമിയ ട്രസ്റ്റാണ് വഹിക്കുന്നത്. ഏത് മതത്തിൽ പെട്ട മനുഷ്യർക്കും അവർ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ മരിക്കും എന്നുറപ്പുണ്ടെങ്കിൽ, മരുന്നും ചികിസ്തയും ഒഴിവാക്കിയശേഷം ഇവിടെ വന്നു താമസിക്കാവുന്നതാണ്. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ മരിച്ചില്ലായെങ്കിൽ മുക്തി ഭവൻ വിട്ടു പോവേണ്ടതാണ്. ഓരോ വ്യക്തിയ്ക്കും ഒപ്പം കുടുംബത്തിലെ രണ്ടു പേർക്ക് താമസിക്കാവുന്നതാണ്.

മുക്തി ഭവൻ എന്നൊരു ലഘു ചിത്രവുമോർമ്മ വരുന്നു.

വായിൽ അൾസർ ഉള്ള വൃദ്ധ കഥാപാത്രം, ഒരു വലിയ ബിസിനസ് ഉടമയാണ്, രാത്രി ഒരു കത്തെഴുതി വച്ച് വീടുവിട്ടു പോവുന്നു, കാശിയിലേക്ക്. ട്രെയിനിൽ അയാൾ ഒരു ഹോട്ടൽ ഉടമയെ പരിചയപ്പെടുന്നുണ്ട്. രോഗിയായ വൃദ്ധൻ കാശിയിൽ എത്തുന്നു. മുക്തി ഭവനിൽ താമസിക്കുന്നു. ദിവസങ്ങൾ കടന്നു പോകെ അയാൾക്ക് പ്രദേശവാസിയായ ഒരു മുസല്മാനുമായി സൗഹൃദമുണ്ടാവുന്നു. കഥയ്ക്ക് ഒരു വഴിത്തിരിവ് സംഭവിച്ച്, രോഗിയുടെ അസുഖങ്ങൾ മാറുന്നു. അയാൾ കാശിയിൽ തുടരുമ്പോൾ ഒരു പത്ര വാർത്ത. അയാളുടെ മക്കൾ തമ്മിൽ സ്വത്തു തർക്കം. അത് തീർക്കാനായി അയാൾ കാശിയിൽ നിന്നും പുറപ്പെടുന്നു. പക്ഷെ സൂറത്ത് സ്റ്റേഷനിൽ വച്ച് അയാൾക്ക് പഴയ ഹോട്ടൽ ഉടമയായിരുന്ന സഹയാത്രികനെ ഓർക്കുന്നു. അയാൾ തന്റെ ഹോട്ടലിൽ വിളമ്പാറുണ്ട് എന്നുപറഞ്ഞ ബിരിയാണിയെ പറ്റി ഓർത്തു കൊണ്ട് വൃദ്ധൻ സ്റ്റേഷനിൽ ഇറങ്ങി അയാളുടെ ഹോട്ടൽ അന്വേഷിച്ചു പോവുന്നതിനിടെ ഒരു വാഹനമിടിച്ചു മരിക്കുന്നു. ആ ഹോട്ടലിന്റെ മുന്നിൽ വച്ച്. ഹോട്ടലിന്റെ ബോർഡിൽ ഇങ്ങനെ വായിക്കാനാവുന്നു. – നല്ല ഭക്ഷണം സൂറത്തിൽ കഴിച്ച്, നല്ല മരണം കാശിയിലാവട്ടെ. വിധിഹിതമാണ് ജീവിതം എന്നൊരു സന്ദേശം ഇവിടെയും ബാക്കിയാവുന്നു.



എൺപത്തിയെട്ട് ഘാട്ടുകളാണ് വാരാണസിയിലുള്ളത്. അതിൽ രണ്ടെണ്ണം – മണികർണ്ണികയും ഹരിശ്ചന്ദ്ര ഘാട്ടും ശവസംസ്കാരത്തിന് പ്രശസ്തമാണ്. കാശി വിശ്വനാഥ ക്ഷേത്രത്തിനു തൊട്ടടുത്താണ് മണികർണ്ണിക. ഹരിശ്ചന്ദ്ര ഘാട്ട് കുറച്ചു ദൂരെയായി അസി ഘാട്ടിനടുത്തായാണ്.

ഏറ്റവും വൃത്തിയുള്ള ഘാട്ടുകളിൽ ഒന്ന് ഏറ്റവും തെക്കേയറ്റത്തുള്ള അസി ഘാട്ടാണ്. മിത്തുകളിൽ പറയുന്നത് ദുർഗാ ദേവി ശുംഭ-നിശുംഭ നിഗ്രഹാനന്തരം തന്റെ വാൾ അസി നദിയിലേക്ക് എറിഞ്ഞു എന്നാണ്. അതിനാൽ തന്നെ വിശുദ്ധമായ ഇടം കൂടിയാണിത്.

ഏറ്റവും നല്ല ഭക്ഷണശാലകൾക്ക് പേര് കേട്ട ഇടം കൂടിയാണ് അസി. നൂറ്റാണ്ടോളം പഴക്കമുള്ള, ഇന്ത്യയിലെ ആദ്യമായി പിസ നിർമ്മിച്ച ഭക്ഷണശാല എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാട്ടിക പിസേറിയ ഇവിടെയാണ്. മണിക്കൂറുകൾ കാത്തുനിന്നാണ് ആളുകൾ ഇവിടെനിന്നും പിസയും അനുസാരികകളും കഴിക്കുന്നത്. അസി ഘട്ടിലെ പ്രഭാത ഗംഗാ ആരതി രാവിലെ അഞ്ചു മണിക്കാണ് നടക്കുക. ഭക്തരും സന്ദർശകരും ബോട്ടുകളിലും വള്ളങ്ങളിലും രാവിലെ തന്നെ ആരതി ദർശിക്കാൻ ഇവിടെയെത്തുന്നു. കാശിയുടെ പ്രഭാത ഭക്ഷണ വൈവിധ്യങ്ങളും പരീക്ഷിക്കാൻ നല്ല ഒരിടമാണ് അസി ഘാട്ട്, കച്ചോരി- സബ്ജി / കച്ചോരി -ജലേബി കോംബോ ഇവയൊക്കെ ബക്കറ്റ് ലിസ്റ്റിൽ കരുതി വരുന്ന യാത്രികരുണ്ട്.


രാത്രി രണ്ടര മണിക്കാണ് കാശി വിശ്വനാഥ ക്ഷേത്രത്തിലെ ആദ്യ പൂജ (മംഗളാരതി) ആരംഭിക്കുക. തിരക്ക് ഒഴിവാക്കുവാൻ നേരത്തെ ദർശനം ഓൺലൈനിൽ ബുക്ക് ചെയ്യാവുന്നതാണ്. ബുക്ക് ചെയ്ത ശേഷവും വി.ഐ.പി കളുടെ സന്ദർശനത്തിന് കാത്തു നിന്ന ശേഷം മാത്രമാവും ദർശനം സാധ്യമാവുക. കേരളത്തിലെ ക്ഷേത്രങ്ങൾക്ക് വിഭിന്നമായി ഭാഗ്യം അനുവദിക്കുന്നുവെങ്കിൽ മൂർത്തിയെ സ്പർശിച്ചു പ്രാർത്ഥിക്കാൻ അവസരം ലഭിക്കാറുണ്ട്,. ചില ദിവസങ്ങളിൽ സ്പർശനദർശനം അനുവദിക്കുന്നുണ്ടാവില്ല. ക്ഷേത്രത്തിൽ നിർമ്മിച്ച പുതിയ പ്രവേശന ദ്വാരത്തിനു തൊട്ടടുത്താണ് ഇപ്പോൾ നിയമപ്രശ്ങ്ങളിൽ ഉള്ള ഗ്യാൻ വ്യാപി പള്ളി. പതിനേഴാം നൂറ്റാണ്ടിൽ ഔറഗസീബ്‌ നിർമ്മിച്ചു എന്ന് കരുതപ്പെടുന്ന ഈ ആരാധനാലയം നേരത്തെ കാശി വിശ്വനാഥ് ക്ഷേത്രം നിലനിന്നിരുന്ന ഇടത്ത്, ക്ഷേത്രത്തിനു മുകളിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്നതാണ് ഒരു വിഭാഗം തീവ്ര മനസുള്ള ഹിന്ദുക്കൾ കരുതുന്നത്. ഇപ്പോഴുള്ള കാശി വിശ്വനാഥ ക്ഷേത്രം പള്ളിക്കു സമീപത്തായി പതിനെട്ടാം നൂറ്റാണ്ടിൽ റാണി ആലിയ ഭായി ഹോൾക്കാരുടെ നിർദ്ദേശപ്രകാരം നിർമ്മിക്കപ്പെട്ടു വെന്നും കരുതപ്പെടുന്നു.

ഇപ്പോൾ പള്ളി നിൽക്കുന്ന ഇടത്ത് ക്ഷേത്രം പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെടുന്ന വ്യവഹാരങ്ങൾ 1991 മുതൽ വിവിധ കോടതികളിൽ നടന്നു വരുന്നു. പുതിയ സാഹചര്യത്തിൽ വളരെ വേഗം ഒരു വിധി വരുവാനുള്ള സാധ്യതയുമുണ്ട്. പക്ഷെ, ഇപ്പോഴത്തെ പള്ളിയുടെ അവസ്ഥ തീരെ ദയനീയമായ മട്ടിലാണ്. ചുറ്റുപാടും കമ്പി വേലികളാൽ മറയ്ക്കപ്പെട്ട് ദുരന്തസമാനമായ ഒരു ദൃശ്യമാണത്. ഇരുളടഞ്ഞ ആ ആരാധനാലയത്തിനുള്ളിൽ അതിരാവിലെ പ്രാർത്ഥനയ്ക്ക് എത്തിയ വളരെ കുറച്ചു മനുഷ്യരെ കാണാനുണ്ടായിരുന്നു .ചുറ്റിലും പട്ടാളക്കാരുടെയും പോലീസുകാരുടെയും നീരിക്ഷണവും കാണാൻ കഴിഞ്ഞു.

മൃത്യുവിന്റെ നഗരിയായ കാശിയിലെ പ്രധാന ആരാധനാ മൂർത്തിയായ വിശ്വനാഥൻ അഥവാ വിശ്വേശ്വരന് പല കഥകൾ പറയുവാനുണ്ട്. ചിലപ്പോഴൊക്കെ പരസ്പര വിരുദ്ധമായി തോന്നാവുന്ന അത്തരം കഥകളിൽ ഒന്ന് ഔറംഗസെബുമായി ബന്ധപ്പെട്ടതാണ്. വൈദേശിക ആക്രമണങ്ങൾ ഹിന്ദുസ്ഥാനെ കീഴ്പ്പെടുത്തിയ കാലത്ത് മുഹമ്മദ് ഗോറി വാരണാസിയിലെ നിരവധി അമ്പലങ്ങൾ നശിപ്പിച്ചു. മറ്റുചിലപ്പോൾ അവ ഭാഗീകമായും പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. എന്നാൽ പതിനാറാം നൂറ്റാണ്ടിൽ അക്ബർ മുഗൾ ചക്രവർത്തിയായതോടെ അദ്ദേഹത്തിന്റെ അനുമതിയോടെ രാജാ മാൻ സിംഗ് വിശ്വനാഥ ക്ഷേത്രം പുനർനിർമ്മിച്ചു എന്ന് കരുതപ്പെടുന്നു. ഇതോടെ വാരണാസി കുറച്ചൊക്കെ അതിന്റെ പ്രൗഢി വീണ്ടെടുത്തു. എന്നാൽ ഔറംഗസേബിന്റെ കാലത്ത് മൂർത്തിയെ രക്ഷിക്കാൻ വേണ്ടി അമ്പലത്തിലെ പൂജാരി ശിവലിംഗവുമായി ക്ഷേത്രത്തിനും ഗ്യാൻ വ്യാപി പള്ളിക്കും ഇടയിലുള്ള കിണറിലേക്ക് ചാടി എന്നാണ് ചിലർ വിശ്വസിക്കുന്നത്. മറാത്തകൾ ശക്തരായ സമയത്ത് ഇൻഡോറിലെ റാണി അഹല്യബായി ഹോൾക്കർ ക്ഷേത്രം പുനർനിർമ്മിക്കുകയും അതിലേക്ക് പഞ്ചാബിലെ രാജാവ് രഞ്ജിത്ത് സിംഗ് നൂറു കിലോഗ്രാം സ്വർണ്ണം സംഭാവനയും ചെയ്‌തു.

നൂറ്റാണ്ടുകളുടെ കഥ പറയാനുള്ള ഒരു ഇടത്തെ, ആ സ്ഥലത്തിന്റെ ആരാധനാക്രമങ്ങളെ ഒരു രാഷ്ട്രീയ സംവിധാനം എങ്ങനെ തട്ടിക്കൊണ്ട് പോയി എന്നതറിയാൻ നിങ്ങൾ കാശിയിൽ ചിലരോട് സംസാരിച്ചാൽ മതിയാകും. വികസനമെന്നപേരിൽ നടത്തപ്പെടുന്ന നിർമ്മിതികൾ പൗരന്മാരുടെ അവകാശമല്ല, മറിച്ച് ചില ഭരണാധികാരികളുടെ ദയാവായ്പ്പാണ് അത് എന്നമട്ടിൽ പ്രചരിപ്പിക്കപ്പെടുകയും അത് നവമാധ്യമങ്ങൾ വഴി വായിച്ചു വിശ്വസിക്കുകയും ചെയ്യുന്ന ജനങ്ങളുടെ ഒരു പരിച്ഛേദം സന്ദർശകരോട് സംസാരിക്കുന്നുണ്ടാവും. അവർ കണ്ട ലോകത്തിനു പുറത്ത് മറ്റൊന്നും ബാക്കിയില്ല എന്നമട്ടിൽ.

ക്ഷേത്രത്തിന്റെ ഒരു വാതിലിലായി ഒരു പുതിയ വികസന പ്രവർത്തനം നടന്നിട്ടുണ്ട്, കോറിഡോർ എന്ന പേരിൽ. അത് വളരെ മികച്ച ഒരു നടപടിയായി കരുതുന്നവർ ഉണ്ട്. കാശിയിലെ ഇടുങ്ങിയ വഴികളെ വിപുലമാക്കി ഭക്തർക്ക് കൂടുതൽ വിശാലമായി സഞ്ചരിച്ച് ഈശ്വരനിലേക്ക് എത്താനുള്ള വഴിയാണ് ഭരണാധികാരികൾ ഒരുക്കിയിരിക്കുന്നത്. ഒപ്പം ഇരിക്കാനുള്ള വിശാലമായ ഇടവും ഭക്ഷണ ശാലകളും ക്രമീകരിച്ചിട്ടുണ്ട്. ആദിശങ്കരന്റെയും ഭാരത് മാതാവിന്റെയും പ്രതിമകളും ഇവിടെയുണ്ട്. എത്രയധികം ചെറിയ ക്ഷേത്രങ്ങളും കടകളും പാർപ്പിടങ്ങളും തകർത്താണ് ഈ വിശാലമായ വികസനപ്രവർത്തനങ്ങൾ നടത്തിയതെന്ന് ദോഷൈദൃക്കുകൾ പരാതിയും പറയുന്നുണ്ട്. പ്രത്യേകിച്ചും നൂറ്റാണ്ടുകൾക്ക് മുന്നേയുള്ള ആരാധനാലയ കൈയ്യേറ്റങ്ങളെയും അവയുടെ നശീകരണത്തെയും പറ്റി വാചാലമാകുന്ന ഈ വർത്തമാനകാലത്ത് ഈ ചർച്ചയും പ്രസക്തമാകേണ്ടതുണ്ട്.



ദശാശ്വമേധ് ഘാട്ട് ഏറ്റവും പ്രാധാന്യമുള്ള ഘാട്ടാണ്. പ്രഭാതം മുതൽ പ്രദോഷം വരെ വിവിധ പൂജകളും ആചാരപരമായ കർമ്മകളും നടക്കുന്ന സ്ഥലം. കാശി വിശ്വനാഥക്ഷേത്രത്തിൽ നിന്നും വളരെ അടുത്തായുള്ള ഇവിടെയാണ് സന്ധ്യാ ആരതി നടക്കാറുള്ളത്. ഒന്നിലധികം ഇടങ്ങളിൽ ഒരു മണിക്കൂറോളം ആരതിയുണ്ടാവും. ആരതി വേളയിൽ ഗംഗയുടെ ഈ ഘാട്ട് ഭാഗം ദീപാലംകൃതമാവും. സംഗീതത്തിന്റെ അകമ്പടിയിൽ ശിവഭക്തി ഗാനങ്ങൾ ആലപിച്ച് പൂജാരിമാർ ആരതി നടത്തുന്നു. ഗംഗാ പൂജയിൽ തുടങ്ങി സൂര്യദേവനും അഗ്നിഭഗവാനും പരമശിവനും പ്രണാമമർപ്പിച്ച് തുടരുന്ന ഗംഗാ ആരതി ഒരു പൂജ എന്നതിലുപരി ഒരു ലയ, താളനിബന്ധമായ ഒരു കലാരൂപമാണ്. നേരത്തെ ഓൺലൈനിൽ ബുക്ക് ചെയ്‌താൽ വളരെ അടുത്തിരുന്ന് ദശാശ്വമേധ ഘട്ടിലെ ആരതി കാണുകയും ഗംഗാ പ്രാർത്ഥനയിൽ പങ്കെടുക്കാനും കഴിയും. അവിസ്മരണീയമായ ഒരു ലൈവ് പെർഫോമൻസ് കൂടിയാണത്.1748ൽ പേഷ്വാ ബാലാജി റാവുവാണ് ഈ ഘാട്ട് നിർമ്മിച്ചതത്രെ. ഇവിടെയും ഒരു ഐതീഹ്യമുണ്ട്. ഭഗവാൻ ബ്രഹ്‌മാവ്‌ പരമശിവനെ സ്വാഗതം ചെയ്യുന്നതിനായി ഒരുക്കിയ അശ്വമേധയജ്ഞവേളയിൽ പത്തു കുതിരകളെ ഹോമിച്ചതിന്റെ ഓർമയിലാണ് ദശാശ്വമേധ എന്ന പേരുവന്നത്.

സിന്ധ്യ ഘാട്ട് വളരെ പ്രത്യേകതയുള്ള ഒരു ദൃശ്യമാണ്. മറ്റ് ഘാട്ടുകളെ അപേക്ഷിച്ച് ഈ ഘാട്ടിലുള്ള ക്ഷേത്രങ്ങൾ ഭാഗികമായി ഗംഗാനദിയിൽ മുങ്ങിയ മട്ടിലാണ്. നൂറു വർഷങ്ങൾക്ക് മുന്നേ ഈ ശിവ ക്ഷേത്രം പൂർണ്ണമായും മുങ്ങിപ്പോയിരുന്നു എന്നാണ് പറയപ്പെടുന്നത്.

പുരാണങ്ങൾ പറയുന്നത് അഗ്നിദേവൻ ജനിച്ചത് ഈ ഘാട്ട് സ്ഥിതിചെയ്യുന്ന ഇടത്താണത്രെ. ധ്യാനത്തിനായി സന്ദർശകർ തിരഞ്ഞെടുക്കുന്ന ഒരു സ്ഥലം കൂടിയാണ്. മറാത്താ ഹിന്ദു രാജവംശത്തിന്റെ പേരിൽ അറിയപ്പെടുന്ന, അവർ നിർമ്മിച്ചു എന്ന് കരുതപ്പെടുന്ന സിന്ധ്യ ഘാട്ട്.

ഈ ഘാട്ടിനെ സംബന്ധിച്ച മറ്റൊരു കഥ ഇങ്ങനെയാണ് – മാൻ സിംഗ് എന്ന കുട്ടി തന്റെ അമ്മ രത്നഭായിയെ വേർപിരിയാനും അവർ തനിക്കു നൽകിയ സ്നേഹം തിരിച്ചു കൊടുക്കാനും ആഗ്രഹിച്ചു. കാരണം അമ്മ ഒരു പുരുഷനെ സ്നേഹിക്കുകയും അയാളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്തിരുന്നു. എന്നാൽ അമ്മ മകൻ ആഗ്രഹിക്കും പോലെ അവനെ വേർപിരിയാണോ തങ്ങൾക്കിടയിൽ സ്നേഹം ഇല്ലാതാക്കാനോ ഇഷ്ടപ്പെട്ടില്ല. നിനക്ക് വേണമെങ്കിൽ അങ്ങനെ ചെയ്തോളൂ എന്നായി അമ്മ. മകനാവട്ടെ കാശിയിലേക്ക് പുറപ്പെട്ടു. കാശിയിൽ ഒരു ക്ഷേത്രം (രത്നേശ്വർ) നിർമ്മിച്ചു. അങ്ങനെ തനിക്ക് അമ്മയോടുള്ള ബന്ധവും കടപ്പാടും തീരട്ടെ എന്ന് കരുതി. ക്ഷേത്രം പൂർത്തിയായപ്പോൾ അമ്മ, ഒരു അമ്മയ്ക്കും മകനും ഇടയിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രത്തെ ശപിച്ചു – ഒരമ്മയ്ക്ക് തന്റെ കുഞ്ഞിനോടുള്ള സ്നേഹത്തിനു പകരം വയ്ക്കാൻ മറ്റൊന്നിനും ആവില്ല. ശാപം കിട്ടിയ ക്ഷേത്രം ഗംഗാജലത്തിൽ മുങ്ങിപ്പോയി. വേനലിൽ ക്ഷേത്രം കൂടുതൽ ദൃശ്യമാവാറുണ്ട്. മാൻ മന്ദിർ ഘാട്ട് രജപുത്ര/ രാജസ്ഥാനി -മുഗൾ സംഗമത്തിന്റെ നിർമ്മിതിയുടെ അടയാളമാണ്. രാജാ മാൻ സിംഗിന്റെ പേരിലുള്ളതാണ് ഈ ഘാട്ട്. ഒരു കൊട്ടാരവും ഈ ഘാട്ടിലുണ്ട്. കല്ലുകൾ കൊണ്ട് നിർമ്മിച്ച ഒരു നഗരനിരീക്ഷണ ചതുരം ഈ ഘാട്ടിന്റെ പ്രത്യേകതയാണ്.



വീതി കുറഞ്ഞ ഇടവഴിയുടെ ഒരു ലാബ്രിന്താണ് വരാണസി ഘാട്ടുകൾ. എവിടെ നിന്നും പുറപ്പെട്ട് എവിടെയും എത്തിച്ചേരാവുന്ന തരത്തിലാണ് അതിന്റെ നിർമ്മിതി. ശാരീരിക ക്ഷമതയുള്ള ഒരാൾക്ക് മാത്രം നടന്നെത്താവുന്ന ഇടങ്ങളുള്ള ഒരു ലാബ്രിന്ത്. ഇടയ്ക്ക് തളർന്നു പോയി എങ്കിൽ മൺപാത്രങ്ങളിൽ ചായ കുടിക്കാം. നൂറോളം വ്യത്യസ്ത രുചികളിൽ ഉള്ള ലസ്സി വിൽക്കുന്ന കടയുണ്ട് – അവയുടെ രുചി ആസ്വദിക്കാം, അൽപ്പം വിശ്രമിക്കാം. ബ്ലൂ ലസ്സി, ഗ്രീൻ ലസ്സി എന്നിങ്ങനെ കടകൾ പ്രശസ്തമാണ്. സന്ദർശകരുടെ ഫോട്ടോകൾ കൊണ്ട് സമ്പന്നമാണ് ബ്ലൂ ലസ്സിയുടെ ഭിത്തികൾ.

വാരണാസിയിലെ പ്രശസ്തമായ ഭാംഗുകടകൾ ഈ ഇടനാഴികളിലുണ്ട്. ഠണ്ഡെയ്‌ എന്ന ഓമന പേരിൽ തന്നെ ഒരു കുളിരുണ്ട്. ഈ കടകളെ പറ്റി ചോദിച്ചാൽ മറ്റു കടക്കാർ ശരിയായ മാർഗം പറഞ്ഞു തരണമെന്നില്ല, ചോദിച്ചു ചോദിച്ചു പോവേണ്ടി വരും. കണ്ടത്തിയാൽ ഉള്ളു തണുപ്പിക്കാം, വർദ്ധിച്ച വീര്യത്തോടെ വിശ്വനാഥനെ മനസ്സിൽ ഓർത്ത് ഗലികളിൽ കറങ്ങി നടക്കാം, അല്ലെങ്കിൽ ഒരു ഗാഢനിദ്രയെ പുൽകാം. മധുരവും ലഹരിയും ചേർന്ന ഭാംഗ് നൂറുരൂപയിൽ താഴേയ്ക്കും ലഭിക്കും.



ദർഭംഗ ഘാട്ടിലാണ് പ്രശസ്തമായ ബ്രിജ് രാമ പാലസ് ഹോട്ടൽ ഉള്ളത്. ഇരുനൂറു വർഷത്തെ പഴക്കമുള്ള ഈ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്കുള്ള സഞ്ചാരത്തിനായാണ് ഏഷ്യയിൽ ആദ്യമായി ഒരു എലിവേറ്റർ സ്ഥാപിക്കപ്പെട്ടത്. നാഗ്പൂർ മന്ത്രിയായിരുന്ന ശ്രീധര നാരായണ മുൻഷിയായിരുന്നു ഈ കെട്ടിടം നിർമ്മിച്ചത്. ഒരു നൂറ്റാണ്ടു ശേഷം ദർഭംഗയിലെ രാജാവായിരുന്ന കാമേശ്വർ സിംഗ് ബഹാദൂർ ഈ കെട്ടിടം സ്വന്തമാക്കി.



നവംബർ മാസത്തിലെ ആദ്യ ദിവസങ്ങളാണ്.
ഗംഗയ്ക്കും അതിന്റെ തീരത്തുള്ള ഘാട്ടുകൾക്കും മീതെ മൂടൽ മഞ്ഞ് പാട ചൂടിക്കിടന്നു. സൂര്യന്റെ ആദ്യ കിരണങ്ങൾക്ക് ഘാട്ടുകളെ സ്പർശിക്കാൻ പത്തു മണിവരെ കാത്തുനിൽക്കേണ്ടി വന്നു.

രാവിലെ വാരണാസി വിമാനത്താവളത്തിലേക്ക് എത്തേണ്ട വിമാനങ്ങൾ എല്ലാം തന്നെ താമസിച്ച് മാത്രമേ എത്തുകയുള്ളൂ എന്ന് അറിയിപ്പുണ്ടായി. രാവിലെ ഗംഗയുടെ ഒരു വള്ളത്തിൽ സവാരി നടത്തണം എന്നോർത്തതാണ്. പക്ഷെ മൂടൽമഞ്ഞ് എല്ലാ പദ്ധതികളെയും തകിടം മറിച്ചു. വിധി എന്നാൽ ഇങ്ങനെയുമാവണം.

അപ്പോഴും ബാക്കിയായിരുന്ന മൂടൽ മഞ്ഞിലൂടെ ഞങ്ങൾ ഘാട്ടുകളുടെ സമീപത്തെ ഗംഗാനദിയുടെ സഞ്ചരിച്ചു.

നദിയിൽ നിറയെ പക്ഷികളുണ്ട്, അവ സന്ദർശകൾ തങ്ങൾക്കായി കൊണ്ട് വന്നേക്കാവുന്ന ഭക്ഷണം പ്രതീക്ഷിച്ച് വള്ളങ്ങൾക്കും ബോട്ടുകൾക്കും മീതെ കൂടി, ചിലപ്പോൾ വളരെ അടുത്തുകൂടി സമാന്തരമായി പറന്നു കൊണ്ടിരുന്നു. തൊട്ടടുത്ത് തന്നെ ഒരു ചെറുവള്ളത്തിൽ ഒരു കൗമാരക്കാരൻ പക്ഷികൾക്കുള്ള ധാന്യ പാക്കറ്റുകൾ വിൽക്കുന്നുണ്ട്. അത് വാങ്ങി പക്ഷികൾക്ക് സമ്മാനിച്ചു.

വള്ളക്കാരൻ ഘാട്ടുകളെ പറ്റി പറയാൻ തുടങ്ങി.

ഇടയ്ക്ക് ഒരു വലിയ ബോട്ടു നിറയെ ആളുകൾ കടന്നു പോയി. വള്ളക്കാരൻ പറഞ്ഞു. – വിശ്വനാഥ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ പുതിയ കോറിഡോർ പണിഞ്ഞപ്പോൾ ആദ്യകാലത്ത് വന്ന വി.ഐ.പി കളെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി വന്ന ആധുനിക ബോട്ടുകളാണ് അവ. പിന്നെ അവർ ഇവിടെ സ്ഥിരമായി പ്രവർത്തനം തുടങ്ങി. അപ്പോൾ ഞങ്ങൾ സംഘടിച്ചു. അവർക്ക് അത് ബിസിനസും ഞങ്ങൾക്ക് ജീവസന്ധാരണത്തിനുള്ള വഴിയുമാണ്. ഈ ഘാട്ടിൽ ഇങ്ങനെ വള്ളമോടിച്ചു കിട്ടുന്ന കാശ് കൊണ്ടല്ലാതെ ഞങ്ങളെങ്ങനെ ജീവിക്കാൻ. ഒടുവിൽ ഒരു ധാരണയിലെത്തി. വലിയ ബോട്ടുകൾ ഇവിടെനിന്നും ആളെ എടുക്കില്ല. അവർക്കായി ദൂരെ ഇടം നൽകി. അവിടെ നിന്നും ആളുകളുമായി വന്നു മടങ്ങിപ്പോവണം.

അടുത്ത് കൂടി ഒരു വള്ളത്തിൽ രണ്ടു ചെറുപ്പക്കാർ കടന്നു പോയി. അവർ ഗംഗയിൽ നിന്നും ചൂണ്ടയിട്ട് മീൻ പിടിക്കുകയാണ്. നിങ്ങൾ മത്സ്യം കഴിക്കുമോ, അയാളോട് ചോദിച്ചു. അയാൾ പറഞ്ഞു. കഴിക്കുമായിരുന്നു. പക്ഷെ ഇപ്പോഴത് പറ്റില്ല. ക്ഷേത്രത്തിന്റെ അടുത്ത് നിന്നും മത്സ്യ ചന്ത ദൂരേക്ക് മാറ്റി. മാംസ വിൽപ്പനയും ദൂരെയാണ് ഇപ്പോൾ. ക്ഷേത്രത്തിൽ നിന്നും പ്രത്യേക ദൂരത്തോളം മത്സ്യ -മാംസാദികൾ പാകം ചെയ്യാൻ പാടില്ലെന്നാണ്. ഹോട്ടലുകളിലും അവ ലഭിക്കില്ല. അയാൾ വള്ളം തുഴഞ്ഞു കൊണ്ടിരുന്നു.

ഗംഗയിൽ മഴക്കാലത്ത് ജലനിരപ്പ് ഉയരും. അപ്പോൾ എത്താനിടയുള്ള ഉയരം കണക്കാക്കിയാണ് ക്ഷേത്രങ്ങളും വീടുകളും നിർമ്മിച്ചിരിക്കുന്നത്. അയാൾ ചൂണ്ടിക്കാട്ടി. കാശിയിൽ ക്ഷേത്രങ്ങളോട് ചേർന്ന് , ക്ഷേത്രത്തിനുള്ളിൽ എന്ന മട്ടിൽ ആളുകൾ താമസിക്കുന്നുണ്ട്. ചില ക്ഷേത്രങ്ങളുടെ ഭിത്തി തുരന്ന് വൃക്ഷങ്ങൾ വളർന്നു പോയിട്ടുണ്ട്. ജീവിതം ഭക്തിയും ആരാധനയും മനുഷ്യരും ദൈവങ്ങളും ഒക്കെ ചേർന്ന ഒരു കുഴമറിച്ചിലാണ് കാശിയിൽ. ആത്‌മീയത അതിന്റെ പ്രത്യക്ഷ ഭാവങ്ങളിൽ കാണാനാവില്ല, ഈ ഇഴകലർന്നു ജീവിക്കുന്ന ക്ഷേത്രങ്ങൾക്കും മരങ്ങൾക്കും മനുഷ്യർക്കും ഇടുങ്ങിയ ഇടനാഴിയിലൂടെ നടന്നു നീങ്ങുന്ന നായകൾക്കും പശുക്കൾക്കും ഒക്കെ ഇടയിലെവിടെയോ ഉണ്ട്, അല്ലെങ്കിൽ എല്ലായിടത്തും അതുണ്ട്, ഉണ്ടാവണം.



വാരണാസി എത്തുന്നവർ സന്ദർശിക്കേണ്ട പ്രധാനപ്പെട്ട മറ്റു രണ്ടു സ്ഥലങ്ങളാണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയും സാരനാഥും. സാരനാഥ്‌ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള ബുദ്ധമത വിശ്വാസികൾ എത്തിച്ചെരുന്ന സ്ഥലമാണ്.

ഗയയിൽ വച്ച് ബുദ്ധന് ബോധോദയമുണ്ടായ ബോധി വൃക്ഷത്തിന്റെ തുടർച്ചയെന്നു കരുതുന്ന ഒരു ബോധി വൃക്ഷം സാരനാഥിലുണ്ട്. ഒപ്പം മറ്റൊരു ആകർഷണമായ ചൗമണ്ടി സ്തൂപമാണ് സാരനാഥിലെ മറ്റൊരു ഒരു പ്രധാന ആകർഷണം. ധമേക്ക് സ്തൂപം മുളകാന്ത കുടി വിഹാറിന് തൊട്ടടുത്താണ്. സാരാനാഥ് മ്യൂസിയത്തിൽ അശോക സ്തംഭത്തിന്റെ അവശേഷിച്ച ഭാഗങ്ങൾ ദൃശ്യമാണ്. കഗ്യു ടിബറ്റൻ മൊണാസ്ട്രി, തായ് ക്ഷേത്രം എന്നിവയും ആകർഷണീയതകളാണ്.



വീണ്ടുമൊരിക്കൽ കൂടുതൽ ദിവസങ്ങൾ താങ്ങാവുന്ന തരത്തിൽ കാശിയിലേക്ക് മറ്റൊരു യാത്രയ്ക്ക് പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഉള്ളിൽ ബാക്കിയാക്കുന്നുണ്ട് മൃതുവിന്റെ (ആത്മാക്കളുടെയും) ആ നഗരി.

പത്തനംതിട്ട സ്വദേശി. ദുബായിൽ താമസം. കവിതസമാഹാരങ്ങൾ - ഉന്മത്തതകളുടെ ക്രാഷ്ലാന്റിങ്ങുകൾ, ടെക്വീല, ഉളിപ്പേച്ച്, രാജാവിന്റെ വരവും കൽപ്പമൃഗവും, കള്ളിമുള്ളിന്റെ ഒച്ച. കഥാസമാഹാരം - ജിഗ്സ പസൽ. ആദി & ആത്മ (നോവൽ - ബാലസാഹിത്യം )