ഉക്രെയിനിലേക്കൊരു അവിചാരിത യാത്ര അഥവാ മരണമുഖത്തു നിന്നും ജീവിതത്തിലേക്കുള്ള യാത്ര – 3

ചെർണോബിൽ യാത്ര കഴിഞ്ഞ് യുക്രെയിൻ്റെ മാപ്പ് നോക്കി ഇനി എന്താണിവിടെ കാണാൻ എന്നു ചിന്തിച്ചിരിക്കുമ്പോഴാണ്, കീവിൽ എത്തിയാൽ ഉറപ്പായും കാണേണ്ട ഒരു കാഴ്ചയുണ്ടെന്ന് ഹോട്ടൽ റിസപ്ഷനിസ്റ്റ് എന്നോടു പറഞ്ഞത്. പൈറോഹോവോ ഓപ്പൺ എയർ മ്യൂസിയത്തെക്കുറിച്ചാണവർ പറഞ്ഞത്. പിന്നെ തീരുമാനമെടുക്കാൻ ഞാൻ മടിച്ചില്ല. കീവിവിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന പൈറോഹോവോ ഓപ്പൺ-എയർ മ്യൂസിയം അഥവാ, നാഷണൽ മ്യൂസിയം ഓഫ് ഫോക്ക് ആർക്കിടെക്ചർ ആൻഡ് ലൈഫ് ഓഫ് ഉക്രെയ്ൻ എന്നും അറിയപ്പെടുന്ന ആ ഓപ്പൺ എയർ മ്യൂസിയത്തെക്കുറിച്ച് കിട്ടാവുന്ന വിവരങ്ങൾ ശേഖരിച്ചു വായിച്ചു മനസ്സിലാക്കി. ഇത് പഴയകാലത്തെ ഒരു ഉക്രേനിയൻ ഗ്രാമത്തിന്റെ ഒരു പുനർനിർമ്മാണമാണ്. ഒരു ഓപ്പൺ എയർ മ്യൂസിയമാണിത്. അതിനാൽത്തന്നെ കാഴ്ചകൾ ഒരു ചില്ലുകൂട്ടിനുള്ളിലല്ല. നടന്നു കണ്ട് ആസ്വദിക്കേണ്ടതുണ്ട്. ആയതുകൊണ്ടുതന്നെ മഞ്ഞുകാലത്താണെങ്കിൽ സഞ്ചാരികൾ നിരാശപ്പെടും.(അല്ല, ഇപ്പോൾ ഈ പറച്ചിലിൽ കാര്യമില്ല. എന്തൊക്കെ അവശേഷിപ്പിച്ചിട്ടുണ്ടാകും യുദ്ധമെന്ന് ആർക്കറിയാം.)

ഹോട്ടൽ റിസപ്ഷനിൽ നിന്നുള്ള സഹായത്തോടെ ഒരു കാർ ബുക്ക് ചെയ്തു, അടുത്ത ദിവസം ഞാൻ മ്യൂസിയത്തിലേക്ക് പുറപ്പെട്ടു. കീവ് സെന്ററിൽ നിന്ന് വെറും 20 മിനിറ്റ് യാത്രയേയുള്ളൂ. ആ മാന്ത്രിക ഭൂപ്രകൃതിയിൽ ആ ദിവസം മുഴുവൻ ഞാൻ നടന്നു. എനിക്ക് വാക്കുകൾകൊണ്ടു വിശദീകരിക്കാൻ കഴിയാത്ത മാന്ത്രികഭാവമുള്ള, പ്രകൃതിഭംഗി നിറഞ്ഞ ഒരു സ്ഥലം. അതിന്റെ സൗന്ദര്യവും അതിമനോഹരമായ പുരാതന വാസ്തുവിദ്യയും തുടക്കം മുതൽ അവസാനം വരെ എന്നെ വിസ്മയിപ്പിച്ചു.

ഉക്രെയ്നിലെ ഏറ്റവും വലിയ ഓപ്പൺ എയർ മ്യൂസിയമാണിത്. ഈ മ്യൂസിയം 16-20 നൂറ്റാണ്ടുകളിലെ ഉക്രെയ്നിന്റെ ദേശീയ സാംസ്കാരിക ജീവിതത്തെ പ്രതിനിധീകരിക്കുന്നു, യഥാർത്ഥ കുടിലുകൾ, കെട്ടിടങ്ങൾ, പള്ളികൾ, ഉക്രെയ്നിലെ വിവിധ ചരിത്ര മേഖലകളിൽ നിന്നുള്ള ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ഉപകരണങ്ങൾ എന്നിവ ഇവിടെക്കണാം. ഏകദേശം 3000 പരമ്പരാഗത ഘടനകൾ ഈ മ്യൂസിയത്തിലുണ്ട്. 370 ഏക്കർ (1.5 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള ഒരു വലിയ ഭൂപ്രദേശം പൈറോഹോവോ കൈവശപ്പെടുത്തിയിരിക്കുന്നു, അവിടെ യഥാർത്ഥത്തിലുള്ള പുരാതന കെട്ടിടങ്ങൾ പൈറോഹോവോയിലേക്ക് കൊണ്ടുവന്ന് പുനർനിർമിച്ചിരിക്കുകയാണ്. മുൻകാല ഉക്രേനിയൻ ജീവിതത്തിൽ താത്പര്യമുള്ള എല്ലാവരും ഇത് തീർച്ചയായും കാണേണ്ടതാണ്. ദിവസം മുഴുവൻ ചെലവഴിക്കാനും നടന്നു കാഴ്ചകൾ കാണാനും രസകരമായ പഴയ വാസ്തുവിദ്യയെക്കുറിച്ചും യുക്രേനിയൻ ചരിത്രത്തെക്കുറിച്ചും അറിയാനും നല്ല ഭക്ഷണം ആസ്വദിക്കാനും വിശ്രമിക്കാനും പറ്റിയ സ്ഥലമാണിത്.

ദിവസാവസാനമായപ്പോഴേക്കും ഞാൻ ആകെ ക്ഷീണിച്ചു. ഡ്രൈവർ എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. പക്ഷേ, ആ സ്ഥലം വിട്ടുപോകാൻ എനിക്ക് ഒട്ടും തോന്നിയില്ല. അവിടത്തെ കാഴ്ചകളുടെ എല്ലാ സൗന്ദര്യവും എന്റെ ഹൃദയത്തിലേക്കും ആത്മാവിലേക്കും പകർത്താൻ ഞാൻ ആഗ്രഹിച്ചു. കാറ്റാടി മില്ലുകൾ, പുൽമേടുകൾ, പള്ളി, ആ പ്രദേശത്തിന്റെ നാളിതുവരെയുള്ള എല്ലാ സൂക്ഷ്മ വിവരണങ്ങളും എൻ്റെ ഓർമ്മയിൽ തങ്ങിനിന്നു. അസ്തമന സൂര്യൻ്റെ പൊൻകിരണങ്ങൾ ചക്രവാളത്തിലേക്ക് വീഴുന്നു, മടങ്ങിപ്പോകാതിരിക്കാൻ കഴിയില്ലല്ലോ. ടാക്സിയിൽ കയറി ഞാൻ ഹോട്ടലിലേക്ക് തിരിച്ചു. ആ വൈകുന്നേരം എനിക്ക് ഭയങ്കര സന്തോഷമായിരുന്നു. ആ നഗരത്തിൽ ഒരുപാട് കാര്യങ്ങൾ കാണാനുണ്ടെന്ന് എനിക്ക് തോന്നി. കീവ് നഗരത്തിന്റെയും യുക്രെയിൻ എന്ന രാജ്യത്തിന്റെയും യഥാർത്ഥ ചരിത്രം വിശദീകരിക്കാൻ കഴിയുന്ന ഒരു പ്രാദേശിക സിറ്റി ടൂർഗൈഡിന്റെ സഹായം തേടേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. അന്ന് വൈകുന്നേരം ഞാൻ വീണ്ടും റിസപ്ഷനിലേക്ക് പോയി. ഫ്രണ്ട് ഡെസ്കിൽ ജോലി ചെയ്യുന്ന എനിക്കു വേണ്ട വിവരങ്ങൾ നൽകിയിരുന്ന ഹോട്ടൽ സ്റ്റാഫിനെ അന്വേഷിച്ചു. അവൾ അടുത്ത ദിവസം ഉച്ചതിരിഞ്ഞ് ഷിഫ്റ്റിലുണ്ടാകുമെന്ന് അറിയാൻ കഴിഞ്ഞു. ഒരു ടൂർ ഗൈഡിനെ കണ്ടെത്താൻ അവൾ എന്നെ സഹായിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.

കീവിൽ എത്തിയപ്പോൾ മുതൽ ഹോട്ടലിൽ വെച്ചു പരിചയപ്പെട്ട മലയാളികൾക്കൊപ്പമാണ് ഞാൻ പ്രഭാതഭക്ഷണം കഴിച്ചിരുന്നത്. തുടർന്ന് അവർക്കൊപ്പമിരുന്ന് സംസാരിക്കുകയും പതിവായി മാറിയിരുന്നു. ദിവസങ്ങൾ ഇനിയുമുണ്ട് മുന്നിൽ. അത് ഞങ്ങളുടെ ദിനചര്യയായി. സൗദിയിലേക്ക് മടങ്ങാനും ജോലി ആരംഭിക്കാനും ആഗ്രഹിക്കുന്ന മൂന്ന് മലയാളികളും ദിവസം നീളുന്തോറും നിരാശരാകുന്നത് ഞാനറിഞ്ഞു. ഞാനവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. എന്നെ അലട്ടുന്ന പല കാര്യങ്ങളും ഉള്ളതുപോലെ അവരും വേദനിക്കുന്നുണ്ടെന്ന് എനിക്കറിയാം. സ്വന്തം ആശങ്കകൾ മാറ്റി വെച്ച് ഞാൻ അവർക്കൊപ്പം നിന്നു. പ്രത്യാശയുടെ വെളിച്ചം കെട്ടുപോകുന്നവർക്കു മുൻപിൽ മെഴുകുതിരി ആകുന്നതാണ് നല്ലത്;
“നീ കത്തിച്ച് ഈ ലോകത്തിലേക്ക് വെളിച്ചം കൊണ്ടുവരിക എന്നാണല്ലോ.”

പ്രാതൽ കഴിച്ച് ഞാൻ റൂമിലേക്ക് പോയി. എനിക്ക് അറിയാവുന്ന ഫ്രണ്ട് ഓഫീസ് സ്റ്റാഫ് വരാൻ ഉച്ചവരെ കാത്തിരുന്നു. ഏകദേശം 2 മണിക്ക് ഞാൻ റിസപ്ഷനിലേക്ക് ഇറങ്ങി, ഫ്രണ്ട് ഓഫീസ് ഹോട്ടൽ സ്റ്റാഫായ എലീനയെ ഞാൻ കണ്ടെത്തി; അവൾ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നിങ്ങളുടെ ചെർണോബിലിലേക്കുള്ള യാത്ര എങ്ങനെയെന്ന് ചോദിച്ചു. ആ സ്ഥലം സന്ദർശിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ എത്ര മാത്രം സന്തോഷിക്കുന്നുവെന്നു വിശദീകരിക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്നോടൊപ്പം ചുറ്റിനടന്നു കാര്യങ്ങൾ പറഞ്ഞു തരാൻ പറ്റിയ ഒരു ടൂർ ഗൈഡ് വേണമെന്ന ആഗ്രഹത്തെക്കുറിച്ച് അവളോട് പറഞ്ഞു. ഒരു സുഹൃത്തുമായി സംസാരിച്ചു നോക്കട്ടെ, വൈകുന്നേരം വരെ സമയം തരൂ, ഞാൻ നിങ്ങളെ അറിയിക്കാം എന്നവൾ മറുപടി തന്നു. ഞാൻ എന്റെ മുറിയിലേക്കു മടങ്ങി. വൈകുന്നേരമാകുന്നു. വെറുതേ ഒന്നു നടക്കാൻ പോകാൻ ഞാൻ തീരുമാനിച്ചു; ഒരു റെസിഡൻഷ്യൽ ഏരിയിലാണ് ഞാൻ എത്തിയത്. അവിടെ ചില പഴയ, ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങൾ കണ്ടു; അവയിൽ മിക്കതും ഒരു അപ്പോക്കലിപ്റ്റിക് യുഗത്തെ ഓർമ്മിപ്പിച്ചു. രാത്രിയാകുന്നതിന് തൊട്ടുമുമ്പ് ഞാൻ ഹോട്ടലിലേക്ക് മടങ്ങി. എലീന എന്നെ കാത്തിരിക്കുകയായിരുന്നു. ഹോട്ടലിൽ കയറിയ ഉടനെ റിസപ്ഷനിൽ നിന്ന് എന്നെ കണ്ട അവൾ ഒരു പുഞ്ചിരിയോടെ എന്നെ വിളിച്ചു.
പാർട്ട് ടൈം ടൂർ ഗൈഡ് ആയി ജോലി ചെയ്യുന്ന ഒരു സുഹൃത്ത് എന്നോടൊപ്പം നഗരം ചുറ്റാൻ തയ്യാറാണെന്ന് അവൾ പറഞ്ഞു. അവളുടെ പേര് ലിയുബ, അവൾ ഒരു മികച്ച ഗൈഡാണ്. തുടർന്ന് ചെലവും ടൂർ പ്ലാനും ഞങ്ങൾ ചർച്ച ചെയ്തു. എല്ലാ വ്യവസ്ഥകളും ഞാൻ അംഗീകരിച്ചു. അടുത്ത ദിവസം രാവിലെ എന്നെ പിക്ക് ചെയ്യാനുള്ള ക്രമീകരണങ്ങൾ അവർ നടത്തി. ഡ്രൈവർ എന്നെ ലിയുബയുടെ അടുത്തേക്കു കൊണ്ടുപോകും, തുടർന്ന് ഞങ്ങൾ നഗരം ചുറ്റി കീവിലെ ചില പ്രധാന ലാൻഡ്‌മാർക്കുകൾ സന്ദർശിക്കും എന്നു ധാരണയായി. ഞാൻ റിസപ്ഷനിസ്റ്റിനോട് നന്ദി പറഞ്ഞു മുറിയിലേക്ക് പോയി.

മുറിയിലെത്തിയ ഉടനെ; എന്റെ ഫോൺ റിംഗ് ചെയ്തു. രാത്രിയിലെ പ്ലാൻ എന്താണെന്ന് അറിയാൻ മലയാളി സുഹൃത്ത് വിളിച്ചതാണ്. ഞാൻ അദ്ദേഹത്തോട് പിറ്റേന്നത്തെ ടൂർ പ്ലാനിനെക്കുറിച്ച് പറഞ്ഞു, അങ്ങനെയൊരു യാത്രയിൽ പങ്കുചേരാൻ അവർക്കു താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ രാത്രി ഒരു നീണ്ട നടത്തത്തിന് അവർ താത്പര്യം കാണിച്ചു. യഥാർത്ഥത്തിൽ ഞാൻ മുറിയിൽ വന്നു കയറിയട്ടേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, നടക്കാനുള്ള ക്ഷണം വേണ്ടെന്നുവയ്ക്കാൻ തോന്നിയില്ല. റിസപ്ഷനിൽ കാണാമെന്ന് ഞങ്ങൾ സമ്മതിച്ചു. മഞ്ഞുകാലമല്ലാത്തതിനാൽത്തന്നെ പുറത്ത് ഇപ്പോഴും നല്ല തെളിച്ചമുണ്ട്, പക്ഷികളുടെ കരച്ചിൽ എനിക്ക് കേൾക്കാം. ഞാൻ ഹോട്ടൽ റിസപ്ഷനിലേക്ക് ഇറങ്ങി, അവർ മൂന്നുപേരും തയ്യാറായി. അവരെ “മൂന്ന് മസ്കറ്റിയർ” എന്ന് വിളിക്കാമെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ പതുക്കെ നടക്കാൻ തുടങ്ങി. ഒരു തിരക്കേറിയ തെരുവിലേക്കാണ് ഞങ്ങൾ നടന്നു കയറിയത്. തുടക്കത്തിൽ ആ തിരക്കേറിയ തെരുവിന്റെ രൂപം എനിക്കിഷ്ടപ്പെട്ടില്ല; എന്നിരുന്നാലും, ആ നടത്തം ശാന്തമായ ഒരു പച്ചപുതച്ച നടപ്പാതയിലേക്ക് ഞങ്ങളെ നയിച്ചു. അത് ഒരു റെസിഡൻഷ്യൽ ഏരിയയിലേക്കുള്ള വഴിയാണ്. ജനങ്ങളില്ലാതെ തെരുവുകൾ നിശബ്ദമായിരുന്നു. പൂക്കളുള്ള മരങ്ങൾ കാറ്റിൽ നൃത്തം ചെയ്തു. കാറ്റിൽ പറന്നുപോയപ്പോൾ ഇലകൾ ചിതറിത്തെറിച്ചു തെരുവുകളിൽ ഒഴുകിക്കൊണ്ടിരുന്നു. ഞാൻ മൂന്നുപേരെയും നോക്കി; എനിക്ക് താത്പര്യമില്ലാത്ത സംഭാഷണങ്ങളിൽ അവർ മുഴുകി. അതിൽ രാഷ്ട്രീയവും സാമ്പത്തിക കാര്യങ്ങളുമുണ്ട്. എന്നാൽ ആ സമയത്ത്; എന്റെ ജീവിതത്തിൽ ഒരു വിഷയത്തിനും വലിയ പ്രാധാന്യമുണ്ടായിരുന്നില്ല. സമാധാനപരമായ ഒരു നടത്തമാണ് എനിക്ക് പ്രധാനം. ജീവിതത്തിൽ, സജീവമായ ശ്രവണത്തിന്റെ കല ഞാൻ സ്വായത്തമാക്കിയിട്ടുണ്ട്. ഇവിടെ ഞാൻ കേൾക്കുകയായിരുന്നു, എന്നാൽ ഞാൻ കേൾക്കുന്നുണ്ടായിരുന്നുമില്ല. എന്റെ മനസ്സ് ചിന്തകളിൽ ഒഴുകുകയായിരുന്നു. ചിന്തകളുടെ മിന്നലുകൾ! ആ സമയത്ത് എനിക്ക് അതിനു മേൽ നിയന്ത്രണമേ ഇല്ലായിരുന്നു. കുറച്ച് ദിവസങ്ങളായി എന്റെ ഹൃദയത്തിനുള്ളിൽ സങ്കടത്തിന്റെ ഒരു അംശം അലട്ടുന്നുണ്ടായിരുന്നു. അതു ഞാൻ അവഗണിച്ചു; നമ്മുടെ ചിന്തയുടെ രസകരമായ ഒരു വശമുണ്ട്; അത് വരാലു പോലെയാണ്; എത്ര കഠിനമായി പിടിക്കാൻ ശ്രമിക്കുന്നുവോ അത്രയും വേഗത്തിൽ അത് നമ്മുടെ കൈയിൽ നിന്ന് വഴുതിപ്പോകും. നടന്നു തളർന്നുതുടങ്ങിയിരിക്കുന്നു എല്ലാവരും. ഇനി മടങ്ങാം. ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചെത്തി. ഞാൻ കൂട്ടുകാരോട് പിറ്റേന്നത്തെ സിറ്റി ടൂറിന്റെ കാര്യം പറഞ്ഞു.. നഗരക്കാഴ്കളെക്കുറിച്ചു പറഞ്ഞു തരണമെന്നു പറഞ്ഞ് സെബാസ്റ്റിനും മുഹമ്മദും റൂമിലേക്ക് തിരിച്ചു പോയി, അബ്ദല്ല റിസപ്ഷനിൽ കുറച്ചു നേരം കൂടി തുടർന്നു. ഞാൻ അബ്ദല്ലയോട് ഗുഡ് നൈറ്റ് പറഞ്ഞു, പിന്നെ സ്വസ്ഥമായി ഉറങ്ങാനായി എന്റെ മുറിയിലേക്ക് നടന്നു.

അടുത്ത ദിവസം നേരത്തെ എഴുന്നേറ്റു റിസപ്ഷനിലേക്ക് പോയി. ഷെഡ്യൂൾ ചെയ്ത സിറ്റി ടൂർ ഉള്ള ദിവസമാണത്. പ്രഭാതഭക്ഷണം കഴിഞ്ഞ് ഡ്രൈവർ വരുന്നതും കാത്ത് ഞാൻ നിന്നു. സമയം രാവിലെ എട്ടു മണി. ഡ്രൈവർ കൃത്യസമയത്ത് എത്തി, ഹോട്ടൽ റിസപ്ഷൻ സ്റ്റാഫ് വന്ന് എന്നെ കാറിലേക്ക് കൊണ്ടുപോയി. ഡ്രൈവർ ഒരു മധ്യവയസ്കനായിരുന്നു, വളരെ കുറച്ച് ഇംഗ്ലീഷ് മാത്രമേ സംസാരിക്കൂ. അയാൾ ഹലോ എന്ന് മാത്രം പറഞ്ഞു. കാർ തിരക്കേറിയ കീവ് തെരുവുകളിലൂടെ കടന്ന് ഒരു പള്ളിക്ക് സമീപം നിർത്തി. കാറിന്റെ ഡോർ തുറന്ന് ലിയുബ, എന്ന സിറ്റി ടൂർ ഗൈഡ് മനോഹരമായ ഒരു പുഞ്ചിരിയോടെ കാറിൽ കയറി പിൻസീറ്റിൽ എന്റെ അടുത്ത് ഇരുന്നു. ആകർഷകമായ പുഞ്ചിരിയുടെയും വ്യക്തിത്വത്തിന്റെയും ഉടമയായിരുന്നു അവൾ. സ്വയം പരിചയപ്പെടുത്തിയ ശേഷം അവൾ നിയമങ്ങളും സമയപരിധിയും ഞങ്ങൾ സന്ദർശിക്കുന്ന സ്ഥലങ്ങളുടെ പട്ടികയും വിശദീകരിച്ചു. ഞാൻ ആവേശഭരിതനായിരുന്നു. ആരെയും ആകർഷിക്കാൻ കഴിയുന്ന ഒരു ചാരുതയാണ് ലിയുബയ്ക്കുള്ളത്. അവൾക്ക് സൗമ്യമായ ശബ്ദമുണ്ടായിരുന്നു, ഏകദേശം 30 വയസ്സ് പ്രായമുണ്ട്. അവൾ പറഞ്ഞു ആദ്യം നമ്മൾ ഗോൾഡൻ ഗേറ്റിലേക്ക് പോകും, അവിടെ കാഴ്ച്ചകൾ കണ്ടു ടൂർ ആരംഭിക്കും. ആ സ്ഥലത്തേക്ക് പോകാൻ അവൾ ഡ്രൈവറോട് നിർദ്ദേശിച്ചു.

ഞങ്ങൾ ഗോൾഡൻ ഗേറ്റിൽ എത്തി.

11-ാം നൂറ്റാണ്ടിലെ പ്രധാന കവാടമായിരുന്നു ഗോൾഡൻ ഗേറ്റ്. പുരാതന കീവിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗോൾഡൻ ഗേറ്റ് (ജിജി) 1037-ൽ യാരോസ്ലാവ് ദി വൈസിന്റെ ഭരണകാലത്താണ് ആരംഭിച്ചത്. വൈക്കിംഗുകളും ഈ ഗേറ്റിലൂടെ പ്രവേശിക്കുന്ന കീവിനെതിരായ അവരുടെ ആക്രമണവും ഈ കാഴ്ച എന്നെ ഓർമ്മിപ്പിച്ചു. ഇത് ഇഷ്ടികയും കല്ലും കൊണ്ട് നിർമ്മിച്ചതാണ്, ഒരു ഗോപുരമുണ്ട് (12 മീറ്റർ ഉയരും 7.5 മീറ്റർ വരെ വീതി) അതിൽ. അതിന് മുകളിൽ ഗാർഡുകൾക്കുള്ള ഒരു പ്ലാറ്റ്‌ഫോമും ചെറിയ ചർച്ച് ഓഫ് അനൗൺസിയേഷനും ഉണ്ടായിരുന്നു. ഈ ഗേറ്റിന്റെ പേരിന്റെ ഉത്ഭവം അജ്ഞാതമാണ്. 1160 കളിൽ ആന്ദ്രേ ബൊഗോലിയുബ്സ്കി രാജകുമാരൻ വ്‌ളാഡിമിറിൽ നിർമ്മിച്ച ഒരു ഗേറ്റിന്റെ മാതൃകയാണ് ഇതിനും.

ഈ ഗോൾഡൻ ഗേറ്റിന് പുറത്ത് ഒരു പൂച്ച പ്രതിമ എൻ്റെ ശ്രദ്ധ ആകർഷിച്ചു. പന്തലിമോൻ എന്ന പൂച്ചയുടെ സ്മാരകം മാണത്. ഗോൾഡൻ ഗേറ്റിന് എതിർവശത്തുള്ള ഒരു റെസ്റ്റോറന്റിൽ താമസിച്ചിരുന്ന ഈ ചാരനിറത്തിലുള്ള പേർഷ്യൻ പൂച്ച പന്തലിമോണിന്റെ കഥ ലിയുബ വിശദീകരിച്ചു തന്നു.

കോട്ടിക് റെസ്റ്റോറന്റ് തൊഴിലാളികൾക്ക് മാത്രമല്ല, സന്ദർശകർക്കും പ്രിയപ്പെട്ടവനായിരുന്നു – പന്തലിമോൺ ആ സ്ഥാപനത്തിലെത്തുന്ന എല്ലാ അതിഥികളോടും അടുപ്പം പുലർത്തി., എല്ലാവരുടെയും മേശയരികിൽ പോയി സുഖമാണോ എന്നു ചോദിച്ച് മുട്ടിയുരുമ്മി നടന്നിരുന്ന പന്തലിയോണിനു പക്ഷേ, നിർഭാഗ്യവശാൽ, ഭക്ഷണശാലയിൽ തീപിടുത്തമുണ്ടായപ്പോൾ ആ പുക ശ്വസിച്ച് ജീവൻ നഷ്ടപ്പെട്ടു. കുറച്ചു നാളിനു ശേഷം, അതേ റെസ്റ്റോറന്റിന്റെ പ്രവേശന കവാടത്തിന് സമീപം അവനു വേണ്ടിയൊരു സ്മാരകം ഒരുങ്ങി. പന്ത്യുഷ എന്നു വിളിക്കപ്പെടുന്ന പന്തലിമോൺ ഇന്നാട്ടുകാർക്ക് ഇന്നും പ്രിയപ്പെട്ടതാണ്. ഇപ്പോൾ റെസ്റ്റോറന്റിലെ അതിഥികൾ മാത്രമല്ല, ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളും അവൻ്റെ ആരാധകരാണ്. വന്നുവന്ന് ആളുകൾ ഭാഗ്യം വരാനും ആ പൂച്ച പ്രതിമയുടെ വാൽ പിടിക്കുകയും ചെവി തടവുകയും ചെയ്യുന്നു.
ലിയുബ ഈ കഥ വിശദീകരിക്കുന്നതിനിടയിൽ ഒരാൾ നടന്നുവന്ന് പൂച്ചയുടെ ചെവി തടവി, എന്തുകൊണ്ടാണ് അയാൾ അങ്ങനെ ചെയ്തതെന്ന് ഞാൻ ചോദിച്ചു, ഒരു ജോലിയുടെ ഇൻ്റർവ്യൂവിനായി പോകുകയാണയാൾ. അതിന് ഭാഗ്യം കടാക്ഷിക്കാനായിരുന്നത്രേ ആ യുവാവ് പൂച്ച പ്രതിമയ്ക്കരികിൽ എത്തിയത്. അതു കേട്ട് ഞാൻ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെട്ടു. ഓരോ വിശ്വാസങ്ങൾ!

അവിടെ നിന്ന് ഞങ്ങൾ വൈദുബിച്ചി മൊണാസ്ട്രിയിലേക്ക് യാത്രയായി. കീവിലെ തെരുവുകളിലൂടെ. ലിയുബയോടൊപ്പമുള്ള വളരെ രസകരമായ യാത്രയായിരുന്നു അത്, മനുഷ്യരാശിയെക്കുറിച്ചുള്ള ചരിത്രപരമായ സംഭാഷണത്തിൽ ഞാൻ മുഴുകി. ഞങ്ങൾ രണ്ടുപേരും ചരിത്രപരമായ അറിവുകൾ പങ്കുവെച്ചു. 11 മുതൽ 18 വരെ നൂറ്റാണ്ടുകളിലെ കീവിലെ ഒരു വാസ്തുവിദ്യാ സ്മാരകമാണ് വൈദുബിച്ചി മൊണാസ്ട്രി. വൈദുബിച്ചി എന്നറിയപ്പെടുന്ന ആശ്രമം 1070-ൽ പ്രിൻസ് വെസെവോലോഡ് യാരോസ്ലാവിച്ച് കീവിന്റെ തെക്കേ അറ്റത്ത് ഡിനിപ്രോ നദിക്ക് സമീപം സ്ഥാപിച്ചതാണ്. ഞങ്ങൾ ആശ്രമത്തിലൂടെ കുറച്ചുനേരം ചുറ്റിനടന്നു. ഈ ആശ്രമത്തിന് അതിന്റേതായ ചാരുതയുണ്ട്. ലിയുബ ഈ സ്ഥലത്തിന്റെ ചരിത്രപരമായ പ്രാധാന്യം വിശദീകരിച്ചു. എനിക്ക് ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. അതിനെല്ലാം അവൾ കൃത്യമായി ഉത്തരം തന്നു.

തുടർന്നു ഞങ്ങൾ കാറിൽ സെന്റ് വ്ലാഡിമർ കത്തീഡ്രൽ ലക്ഷ്യമാക്കി നീങ്ങി. ഇതൊരു മഞ്ഞ നിറത്തിലുള്ള കത്തീഡ്രലാണ്; പുറത്ത് നിന്നു നോക്കിയാൽ യാതൊരു പ്രത്യേകതയും ഇല്ലെന്നു തോന്നും. എന്നാൽ അകത്ത് വിസ്മയാവഹമായ രീതിയിൽ ധാരാളം പെയിന്റിംഗുകൾ കാണാമായിരുന്നു. 1862 നും 1896 നും ഇടയിൽ നിർമ്മിച്ചതാണ് ഇത്. നിരവധി പ്രമുഖ ഉക്രേനിയൻ, റഷ്യൻ കലാകാരന്മാർ 1885 നും 1896 നും ഇടയിൽ വരച്ച പെയിന്റിംഗുകളും അലങ്കാരങ്ങളും ഒക്കെ കാണാമിവിടെ. എല്ലാ ചിത്രങ്ങളും വിശദീകരിക്കാൻ ലിയുബ സമയം ചെലവഴിച്ചു. എങ്ങനെയെങ്കിലും മുട്ടുകുത്തി ഒരു നിമിഷം പ്രാർത്ഥിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. ഞാൻ അവളോട് പറഞ്ഞു “ലിയുബ എനിക്ക് പ്രാർത്ഥിക്കണം.” ഞാൻ അൾത്താരയുടെ അടുത്ത് ചെന്ന് മുട്ടുകുത്തി കണ്ണുകളടച്ചു. എന്റെ ആത്മാവ് അനുഗ്രഹിക്കപ്പെട്ടതുപോലെ തോന്നി. ആത്മാവ് ദൈവികമായ അവസ്ഥയിലേക്ക് പോകുന്ന, ജീവിതത്തിൽ ലഭിക്കുന്ന അപൂർവ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. ഞങ്ങൾ കത്തീഡ്രലിൽ നിന്ന് പുറത്തേക്ക് നീങ്ങുമ്പോൾ ആളുകൾ പ്രാർത്ഥനയ്ക്കായി കത്തീഡ്രലിലേക്ക് നടക്കുന്നത് ഞാൻ കണ്ടു, അവരുടെ കൈകളിൽ മെഴുകുതിരികളുണ്ട്. ഞാൻ പുറത്തേക്ക് നടക്കുമ്പോൾ പുരുഷന്മാരും സ്ത്രീകളും കത്തീഡ്രലിലേക്ക് നടക്കുന്നു. ഞാൻ തിരിഞ്ഞ് കെട്ടിടത്തിലേക്ക് ഒന്നു കൂടി നോക്കി. ആ കാഴ്ച എന്റെ ഹൃദയത്തിൽ ഞാൻ പകർത്തി. ഞങ്ങൾ അവിടെ നിന്ന് മാറി ഫ്രണ്ട്ഷിപ്പ് ഓഫ് നേഷൻസ് സ്മാരകത്തിലേക്ക് പോയി. 1654-ൽ റഷ്യയുടെയും ഉക്രെയ്‌ന്റെയും ‘ഏകീകരണം’ ആഘോഷിക്കുന്ന ഭീമാകാരമായ ലോഹവലയമാണ് ഫ്രണ്ട്‌ഷിപ്പ് ഓഫ് നേഷൻസ് സ്മാരകം. കമാനത്തിന് കീഴിൽ ഒരു ഉക്രേനിയൻ ഒരു സോഷ്യൽ-റിയലിസ്‌റ്റ് പ്രതിമയുണ്ട്, സോവിയറ്റ് യൂണിയന്റെ 60-ാം വാർഷികത്തിന്റെ സ്മരണയ്ക്കായി 1982-ൽ സ്ഥാപിച്ച ഭീമാകാരമായ ‘പീപ്പിൾസ് ഫ്രണ്ട്ഷിപ്പ് ആർച്ച്’ ന് താഴെയാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്. ഈ സ്മാരകത്തിനടുത്തുള്ള ഒരു ബെഞ്ചിൽ ഞങ്ങൾ കുറേനേരം ഇരുന്നു.

ലിയൂബയുടെ കുടുംബത്തെക്കുറിച്ച് ഞാൻ ചോദിച്ചപ്പോൾ ഞങ്ങളുടെ ചർച്ച വ്യക്തിപരമായ തലത്തിലേക്ക് പോയി. അവളുടെ ഭർത്താവിനെക്കുറിച്ചും കൂടെ താമസിക്കുന്ന അമ്മയെക്കുറിച്ചും അവൾ എന്നോട് സംസാരിച്ചു. സ്വന്തം കുടുംബത്തോടുള്ള അവളുടെ തീവ്രമായ സ്നേഹവും അവളുടെ ഭർത്താവിനോടും അമ്മയോടും അവൾ എത്ര ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഞാൻ കണ്ടു. ജീവിതത്തെക്കുറിച്ചും ആളുകൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും സംസാരിച്ചുകൊണ്ട് ഞങ്ങൾ ഒരു മണിക്കൂറിലധികം ഇരുന്നു. ടൂറിൻ്റെ സമയം അവസാനിച്ചിരിക്കുന്നു. അവൾക്ക് വീട്ടിലേക്ക് മടങ്ങാനുള്ള നേരമാണ്. എന്നിരുന്നാലും, അവൾ പുഞ്ചിരിച്ചുകൊണ്ട് അവൾക്കൊപ്പം ഒരു കാപ്പി കുടിക്കാൻ ക്ഷണിച്ചു. ഡ്രൈവർ ഞങ്ങളെ ഒരു കോഫി ഷോപ്പിലേക്ക് കൊണ്ടുപോയി. കാപ്പി ഓർഡർ ചെയ്ത ശേഷം ഞങ്ങൾ വീണ്ടും കുറേ സമയം കൂടി സംസാരിച്ചു. അത് വളരെ രസകരമായിരുന്നു. ഞങ്ങൾ സംസാരിക്കുമ്പോൾ, എന്റെ ചില യാത്രാ കഥകളിലേക്കും കടന്നു. സംഭാഷണം രസകരമായിരുന്നതിനാൽ സമയം പോയതറിഞ്ഞില്ല. ഒടുവിൽ രാത്രിയാകാറായതിനാൽ ഞങ്ങൾ പരസ്പരം വിട പറയാൻ തീരുമാനിച്ചു. ഞങ്ങളുടെ ഡ്രൈവർ ലിയുബയെ അവളുടെ വീടിനടുത്ത് ഇറക്കിവിട്ടു. നേരം വൈകിയതിനാൽത്തന്നെ അവളുടെ വീടു സന്ദർശിക്കുന്നത് അടുത്ത വരവിൽ ആക്കാം എന്നു പറഞ്ഞ്, ഒരു നല്ല ദിവസം നൽകിയതിന് നന്ദി പറഞ്ഞു. ആ നഗരക്കാഴ്ച്ചകൾക്കുശേഷം ഞാൻ തിരികെ ഹോട്ടലിലേക്ക് പോയി; എന്റെ ചിന്തകൾ ലിയുബയ്‌ക്കൊപ്പമുള്ള ആ യാത്രയിലും ഞങ്ങളുടെ ചാറ്റുകളിലും ആയിരുന്നു. അന്ന് എനിക്ക് ഒരുപാട് വിവരങ്ങൾ ലഭിച്ചു, അന്നത്തെ ഓർമ്മകൾ ഇപ്പോഴും എന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നു.

(ഉക്രെയ്നിൽ യുദ്ധം ആരംഭിച്ച നാളുകളിലൊന്നിൽ ലിയുബയെ ഞാൻ വിളിച്ചിരുന്നു. അവൾ ഉക്രെയ്ൻ വിട്ട് ഇപ്പോൾ അമ്മയോടൊപ്പം സ്വിറ്റ്സർലൻഡിൽ താമസിക്കുന്നു. അവളുടെ വീട് നശിച്ചു, അവൾക്ക് അവളുടെ ഭർത്താവിനെക്കുറിച്ച് കൂടുതൽ അറിയില്ല. പിന്നീട് എനിക്ക് അവളുമായുള്ള ബന്ധം നഷ്ടപ്പെട്ടു, എന്നാൽ ഇപ്പോഴും അവളുടെ ഓർമ്മകൾ എന്നിൽ ഉണ്ട്.)

യാത്രയ്ക്കിടെ കണ്ടുമുട്ടുന്ന ആളുകളാണ് എന്റെ ജീവിതത്തിലെ അമൂല്യമായ നേട്ടങ്ങളിൽ ഒന്ന്. നമ്മുടെ കുടുംബാംഗങ്ങളെപ്പോലെ വിലപ്പെട്ടവരായി മാറുന്ന അപരിചിതർ. യാത്രയ്ക്കിടയിൽ നമ്മൾ കണ്ടുമുട്ടുന്ന അപരിചിതർ നൽകുന്ന ചില വലിയ നിധികൾ ഞാൻ ഏറെ കരുതലോടെ ഹൃദയത്തിൽ സൂക്ഷിക്കുന്നു. ഞാൻ എപ്പോഴും ആളുകളോട് പറയാറുണ്ട്, “ഞാൻ ഒരു ടൂറിസ്റ്റല്ല; ഞാൻ ഒരു സഞ്ചാരിയാണ്.” എന്റെ യാത്രകളിൽ ഞാൻ കാണുന്ന സ്ഥലങ്ങൾക്കൊപ്പം എപ്പോഴും ആളുകളുണ്ട്. വികാരങ്ങൾ, വേദന, സ്നേഹം, വെറുപ്പ്, ഭയം എല്ലാം ലോകത്ത് എല്ലായിടത്തും ഒരുപോലെയാണ് എനിക്കനുഭവപ്പെട്ടത്. കീവ് എനിക്ക് ഒരുപാട് ഓർമ്മകൾ തന്നിട്ടുണ്ട്; ഞാൻ അന്നു കണ്ടതിൽ ഭൂരിഭാഗവും ഇപ്പോഴും അവശേഷിക്കുന്നുണ്ടാകുമോ? എനിക്ക് ഉറപ്പില്ല. ഒരിക്കൽ മാത്രം സന്ദർശിച്ച കീവിനെക്കുറിച്ചുള്ള ഓർമ്മകൾ ഇന്നു വേദനാജനകമാണ്. സന്തോഷത്തേക്കാൾ ജീവിതഭയമാണ് മനുഷ്യരിൽ മുന്നിട്ടുനിൽക്കുന്ന വികാരം.” എന്ന അലൻ ഗ്രീൻസ്പാൻ്റെ ഈ വാക്കുകൾ മാത്രമാണ് തകർന്നു പോയ യുക്രെയിൻ എന്ന രാജ്യത്തെക്കുറിച്ചോർക്കുമ്പോൾ എനിക്കു കുറിക്കാനുള്ളത്.

2021 ജൂലൈ 27-ന് കീവിൽ എത്തി രണ്ടാഴ്ച കഴിഞ്ഞ്, ഞാൻ ദുബായിലേക്ക് തിരിച്ചു. എന്റെ പ്ലാൻ ചെയ്യാത്ത യാത്രകളിൽ ഒന്നായിരുന്നു ഉക്രെയ്ൻ യാത്ര. ഇപ്പോൾ ഇവിടെ മിൻസ്ക് നഗരത്തിൽ നിന്നുകൊണ്ട് യുക്രെയിനിനെക്കുറിച്ചു ചിന്തിക്കുമ്പോൾ ആ രാജ്യത്തിൻ്റെ ഭാവി എന്താകുമെന്ന് എനിക്കറിയില്ല.

“എല്ലാവരും തെറ്റുകൾ വരുത്തുന്നു, അതുകൊണ്ടാണ് അവർ പെൻസിലിന്റെ അറ്റത്ത് ഇറേസർ ഇടുന്നത്.” എന്നെ വളരെയധികം സ്പർശിച്ച വാചകമാണിത്. ഈ അപൂർണ ലോകത്ത് സന്തോഷവും പൂർണതയും കണ്ടെത്തുകയാണ് പ്രധാനം. ഉക്രെയ്‌നിലെ താമസത്തിനിടയിൽ കൂടുതൽ മൂല്യവത്തായ ഒരു പാഠം ഞാൻ പഠിച്ചു.

ഉമേഷ് ഗിരി സുരേന്ദ്ര പണിക്കർ എന്ന് മുഴുവൻ പേര്. ഉമേഷ് പണിക്കർ എന്നും അറിയപ്പെടുന്നു. അബുദാബിയിൽ താമസം. ലോകം മുഴുവൻ കാൽനടയായി യാത്ര ചെയ്യാനും, പർവ്വതാരോഹണത്തിനും, ചുറ്റുമുള്ളവരുടെ ഉന്നമനത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച ഒരാൾ. യാത്രയിലും സാഹസിക പ്രവർത്തനങ്ങളിലും ഏർപ്പെടുകയും, സ്വയം കണ്ടെത്താൻ മറ്റുള്ളവരെ സഹായിക്കുയും ചെയ്യുന്ന GlobalXplorers എന്നൊരു സ്ഥാപനം 2022-ൽ സ്ഥാപിച്ചു.