02/08/2022
എന്തോ മുൻ വൈരാഗ്യമുള്ള പോലെ മഴ രാവിലെ തന്നെ കളി തുടങ്ങി!
7 മണിക്ക് തന്നെ റഡിയായി ഇറങ്ങി. ഗോകർണത്തിലെ കുറച്ച് അമ്പലങ്ങൾ കണ്ട് ഒന്നാമത്തെ ലക്ഷ്യസ്ഥാനത്തേക്ക് തിരിക്കാമെന്നായിരുന്നു കരുതിയിരുന്നത്. പക്ഷെ മഴ കാര്യമായി “സഹായിച്ചതിനാൽ” യാത്ര 11 മണി വരെ നീണ്ടു.
വളരെ പഴയ ഇടുങ്ങിയ റോഡുകളിൽ പലയിടങ്ങളിലായി ശാഖകൾ പോലെ യാതൊരാർഭാടവുമില്ലാത്ത അസാധാരണമായ അമ്പലങ്ങൾ! പക്ഷെ ഭക്തജനത്തിരക്ക് അവിടെ നന്നേയുണ്ടായിരുന്നു. യഥാർത്ഥ വിശ്വാസികൾ ഇഷ്ടപ്പെടുന്ന ഒരു കേന്ദ്രമാണെന്ന് വ്യക്തം!
കാർവാർ വഴി മുന്നോട്ടേക്ക്! സൈന്യവുമായി ബന്ധപ്പെട്ട ഒട്ടേറെ സ്ഥാപനങ്ങൾ അവിടെ പ്രവർത്തിക്കുന്നു.
ഗോകർണത്തു വച്ച് തന്നെ പെട്രോൾ നില രണ്ടു പോയിന്റിൽ എത്തിയിരുന്നു. അടുത്ത പമ്പിൽ നിന്നും അടിക്കാമെന്ന് കരുതിയെങ്കിലും വിട്ടു പോയി. വിജനമായ മലമ്പ്രദേശങ്ങൾ താണ്ടവേ, ഞെട്ടലോടെ ഞാനാ സത്യം തിരിച്ചറിഞ്ഞു. പെട്രോൾ നില, അപായ സിഗ്നൽ കാണിക്കുന്നു. ഇനി എത്ര കിലോമീറ്റർ പോകുമെന്നോ അടുത്ത് പെട്രോൾ പമ്പുകളുണ്ടോ എന്നൊന്നും അറിയില്ല. ആരോടെങ്കിലും ചോദിക്കാമെന്ന് വച്ചാൽ വഴിയിലാരെയെങ്കിലും കാണേണ്ടെ? വിജനമായ വഴിത്താരകൾ! പെട്രോൾ തീർന്നാൽ ഗോവിന്ദാ! ഗോവിന്ദാ!
ഭാഗ്യത്തിന് കാർവാറിന് തൊട്ടു മുമ്പായി ചെണ്ടിയ എന്നൊരു സ്ഥലത്ത് നിന്ന് പെട്രോൾ കിട്ടി. അപ്പോഴാണ് ശ്വാസം നേരെ വീണത്.
ഒട്ടുമുക്കാലും നാലുവരിപ്പാതകളായിക്കഴിഞ്ഞ കർണാടകയിലെ അടിപൊളി വഴികൾ ആശ്ചര്യമുണർത്തി. തകൃതിയായി റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പലയിടത്തും നടന്നുകൊണ്ടേയിരിക്കുന്നു. യാത്ര ചെയ്യാൻ യോഗ്യമായ നല്ല റോഡുകൾ മാത്രമല്ലാതെ, 15 വർഷത്തെ റോഡ് ടാക്സ് കൊടുക്കുന്ന യാത്രക്കാർക്ക് വഴി മുഴുവൻ ക്യാമറകളോ, പോലീസ്കാരോ, പോലീസ് വണ്ടികളോ, സീറ്റ് ബൽറ്റോ, ഹെൽമറ്റോ, അനാവശ്യമായി പൊതുജനങ്ങളെ പിഴിയലോ ഒന്നും നമ്മുടെ നാട്ടിലേപ്പോലെ ഒരിടത്തും കാണാൻ കഴിഞ്ഞില്ല. അപ്പോൾ ഞാൻ വിമർശനാത്മകമായി ഒന്ന് ചിന്തിച്ചു പോയി. “ഗോഡ്സ് ഓൺ കൺട്രി”യിൽ നിന്ന് അടുത്ത സംസ്ഥാനത്തേക്ക് കടന്നപ്പോൾ കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾക്ക് പകരമായി നല്ല ഒന്നാം തരം പുതുപുത്തൻ റോഡുകൾ പ്രത്യക്ഷപ്പെട്ടു. നമ്മെക്കാൾ പത്ത് വർഷമെങ്കിലും കർണാടക മുമ്പിലാണെന്ന് പറയാം.
ഉച്ചയായതോടെ, സ്വപ്നം കണ്ട ആദ്യ കിനാവ് മുമ്പിൽ പ്രത്യക്ഷപ്പെട്ടു.
“ഗോവയിലേക്ക് സ്വാഗതം!”
കേന്ദ്ര ഭരണപ്രദേശമായ ഗോവയിലേക്കുള്ള ചെക്ക് പോസ്റ്റുകൾ കടന്ന് ലക്ഷ്യത്തിലേക്ക്!
ഇനി പനാജിയിലേക്ക് 70 കിലോമീറ്റർ മാത്രം! വിശപ്പ് വിളിച്ചുണർത്തിയപ്പോഴേക്കും മുമ്പിൽ മലബാർ ഹോട്ടലിന്റെ മലയാളത്തിലെഴുതിയ ബോർഡ് പ്രത്യക്ഷമായി. കണ്ണൂർക്കാരൻ ജയന്റേതാണ് ഹോട്ടൽ! ഊണ് അവിടെ നിന്നും കഴിച്ചു. നല്ല ഫ്രഷ് മീൻ വറുത്തത് കിട്ടി. പക്ഷെ, അഗസ്റ്റിന്റെ കറിയിൽ നിന്നും ഒരു ചാളക്കഷണം എടുത്തു കാണിച്ചപ്പോഴാണ് ഞാൻ സാമ്പാറെന്ന് കരുതി കഴിച്ചു കൊണ്ടിരുന്നത് മീൻ കറിയാണെന്ന് മനസിലായത് തന്നെ! ഇവിടത്തെ കറി ശൈലികളൊക്കെ നമുക്ക് ദഹിക്കാനത്ര എളുപ്പമല്ല.
എന്തായാലും ഹോട്ടലുകാരെക്കൊണ്ട് ഒരുപകാരമുണ്ടായി. മൂന്നു കിലോമീറ്റർ വന്ന വഴി പുറകോട്ട് പോയാൽ പാലോലം എന്നൊരു ബീച്ച് ഉണ്ടെന്ന് അവർ പരിചയപ്പെടുത്തി. ഉച്ചകഴിഞ്ഞപ്പോഴക്കും കടലിന് അഭിമുഖമായുള്ള, രാജേഷിന്റെ സെമയോൺ എന്നൊരു ഹോം സ്റ്റേ (Phone: 9405550278, 8669791775) തരപ്പെട്ടു. ACക്ക് 1200 രൂപ മാത്രം! ഫ്രിഡ്ജും ഗീസറുമെല്ലാം ഉണ്ട്.
വഴിമദ്ധ്യേ, അപ്രതീക്ഷിതമായി നാല് കുട്ടികളെ പരിചയപ്പെട്ടു. അവരിൽ ഒരാൾ മലപ്പുറം കാരനായ റൗഫൽ! നല്ലൊരു ജോലികളഞ്ഞിട്ട് ടൂറിസം, റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് കടന്നിരിക്കുന്നു. ഇന്ത്യ മുഴുവൻ കറങ്ങി നടന്ന് പുതിയ പുതിയ കാഴ്കൾ സഞ്ചാരികൾക്ക് പരിചയപ്പെടുത്തി വരുമാനമുണ്ടാക്കുന്നു. ഒപ്പം, കൊല്ലംകാരനായ വിപിനും, പാലക്കാട്ടുകാരായ ബാസിത്തും അനീഷും! ഇന്ത്യയിൽ അവർ കാണാത്ത ഇടങ്ങൾ അപൂർവ്വം!
അവരോടൊപ്പം, ഞങ്ങളുടെ താമസസ്ഥലമായ പാലോലം ബീച്ചിൽ നിന്നും ഏറെ ദൂരെയല്ലാത്ത അഗോണ്ട, കൊളമ്പ് എന്നീ ബീച്ചുകളിൽ കറങ്ങി! രാജ്യത്ത് എവിടേക്കും നല്ല യാത്രകൾ പ്ലാൻ ചെയ്യാൻ ഇവരുടെ സേവനം ലഭിക്കും. അക്കാര്യത്തിൽ പിള്ളേര് പുലികളാണ്. റൗഫലിന്റെ നമ്പർ : 98465 60760.
കേരളത്തിൽ കാണാത്ത വിചിത്രമായ ഒരു കാഴച ഇവിടെ കണ്ടു. റോഡുകൾ ഭരിക്കുന്നത് കന്നുകാലികളാണ്. അവ കൂട്ടം കൂട്ടമായി ആരെയും വകവയ്ക്കാതെ റോഡുകളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നു. വാഹനങ്ങൾ അവയെ ഒഴിച്ച് ഓടിച്ചു പോയേ മതിയാവൂ! നെഞ്ചിടിപ്പോടു കൂടി മാത്രമേ ഇരുചക്ര വാഹനങ്ങൾക്ക് ഇവയെ മറികടക്കാനാവൂ! ആ കൊമ്പൊന്നനങ്ങിയാൽ തീർന്നു! കടപ്പുറത്തു പോലും കാലികൾ വിഹരിക്കുന്നത് കാണാം. പട്ടിക്കൂട്ടങ്ങളും കടപ്പുറത്ത് സന്ദർശകരെ ശല്യപ്പെടുത്താതെ അർമാദിക്കുന്നു.
ഒന്നാംഘട്ട സസ്പെൻസ് പൊളിഞ്ഞല്ലോ അല്ലേ?
ഇന്നത്തെ യാത്ര മഡ്ഗോവയിലേക്ക്! അവിടെ നാട്ടുകാരനായ മാർട്ടിൻ എന്നൊരു സുഹൃത്തുണ്ട്. കക്ഷിയുടെ ഗൈഡൻസ് അനുസരിച്ച് ബാക്കി പരിപാടികൾ പ്ലാൻ ചെയ്യാം!
അപ്പോൾ നാളെയിനി മഡ്ഗോവ !!!