പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട് ! – 2

01/08/2022

കാസർഗോഡ് നിന്നും രാവിലെ 6 ന് ഇറങ്ങണമെന്ന് വിചാരിച്ചിരുന്നുവെങ്കിലും മഴ തടസമായി. മഴയെ അവഗണിച്ച് റെയിൻ കോട്ടും ധരിച്ച് ഇറങ്ങിയപ്പോൾ സമയം 7 കഴിഞ്ഞു.

മംഗലാപുരത്തേക്കുളള യാത്രയിൽ ചെറിയൊരു ഡൈവേർഷൻ! ബൈക്ക് റൈഡിനൊപ്പം സ്ഥലങ്ങൾ കൂടി കണ്ടു പോകാം എന്ന തീരുമാനത്തിൽ, ലിസ്റ്റിൽ ഇല്ലാതിരുന്ന തടാക ക്ഷേത്രമായ അനന്തപുര ടെമ്പിൾ അപ്രതീക്ഷിതമായി കടന്നു വന്നു. ഒരു തടാകത്തിനകത്ത് ഭക്തരുടെ അല്ലെങ്കിൽ സന്ദർശകരുടെ മനസ് നിറയ്ക്കുന്ന രൂപഭംഗിയിൽ ഒരു ക്ഷേത്രം! ശ്രീപത്മനാഭൻ തിരുവനന്തപുരത്ത് അനന്തശയനമാണെങ്കിൽ, ഇരിക്കുന്ന അവസ്ഥയിലാണ് ഇവിടത്തെ പ്രതിഷ്ഠ. ദൈവം അവിടെത്തന്നെയുണ്ടെന്ന് തോന്നിപ്പിക്കുന്ന, ഇത്രയും ലളിതമായ, യാതൊരു ജാഡകളുമില്ലാത്ത മറ്റൊരമ്പലം ഞാൻ വേറെ കണ്ടിട്ടില്ല. അന്തസായി ഷർട്ട് ഊരി വച്ച് ശ്രീപത്മനാഭനെ നിറഞ്ഞ മനസോടെ തൊഴുതു. (എന്തായാലും തിരുവനന്തപുരത്തെ നമ്മുടെ അയൽവാസിയല്ലേ!) ഇവിടെ ആർക്കും ദൈവസാന്നിദ്ധ്യം അനുഭവിച്ചറിയാനാകും.

ക്ഷേത്രത്തോടൊപ്പമുള്ള തടാകത്തിൽ നീന്തിത്തുടിക്കുന്ന എണ്ണമറ്റ വിവിധ തരം മത്സ്യങ്ങൾ കണ്ണിനും മനസിനും കുളിരായി. കുറച്ചു നേരമെങ്കിലും നമ്മെ അതവിടെ പിടിച്ചു നിറുത്തും.

ഒരു മുതല മാത്രം പാർക്കുന്ന ഒരു മുതലക്കുളം ഇവിടത്തെ മാത്രം പ്രത്യേകതയാണ്. ശാന്തനാണെന്ന് പറയപ്പെടുന്ന കക്ഷിയെ നമ്മുടെ സൗകര്യത്തിന് കാണാൻ കിട്ടില്ലെന്ന് മാത്രം! അടുത്തയിടെ ഈ മുതല അന്ത്യശ്വാസം വലിച്ച വാർത്ത കാണുകയുണ്ടായി.

മംഗലാപുരത്ത് എത്തി ചെളിയിൽ പുതഞ്ഞു കഴിഞ്ഞ ബൈക്ക് ഒന്ന് വാട്ടർ സർവീസ് ചെയ്തു. തൊട്ടടുത്ത് മറ്റൊരിടത്ത് ചെയിൻ ലൂബും ചെയ്തു കഴിഞ്ഞപ്പോൾ പുതിയ ബൈക്കിൽ എന്തോ ടെക്നിക്കൽ എറർ കാണിക്കുന്നു. മനസൊന്ന് പാളി!
ദൈവമേ!
ന്യൂജൻ ബൈക്ക് ആയതിനാൽ സാദാ വർക്ക് ഷോപ്പുകളിൽ കാണിക്കാനും കഴിയില്ല. കുറേ തപ്പിപ്പിടിച്ച് ബിഗ് വിംഗ് ഹോണ്ടയിൽ തന്നെ കാണിച്ച് പരിഹാരം കണ്ടെത്തി യാത്ര തുടർന്നു.

കനത്ത മഴ വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും തെല്ലും വകവയ്ക്കാതെ മുമ്പോട്ട് തന്നെ! വഴിയിൽ കണ്ട ട്രാസ് എന്നൊരു മനോഹരമായ ബീച്ചിൽ മഴ നനഞ്ഞു തന്നെ ഒന്നിറങ്ങി. മഴയില്ലായിരുന്നെങ്കിൽ അല്പനേരം ചിലവഴിക്കാൻ പറ്റിയ ഇടം!

മഴക്ക് യാതൊരു ശമനവുമില്ല. ലഗേജ് സർവതും നനഞ്ഞു കുതിർന്നു! പക്ഷെ വയസൻമാരുടെ ഉള്ളിലെ കുട്ടികൾ ആ മഴയും നന്നായി ആസ്വദിച്ചു. (ബാലചന്ദ്ര മേനോന്റെ ശേഷം കാഴ്ചയിൽ സിനിമയിൽ ടൂറിസ്റ്റ് കേന്ദ്രത്തിലെ അടുത്ത മുറിയിലുള്ള കാമുകിയെ സന്ധിക്കാൻ വരുന്ന മമ്മൂട്ടിക്ക് ബാലചന്ദ്ര മേനോൻ എന്ന അരവട്ട് ഡിറ്റക്ടീവ് കഥാപാത്രം വഴി മുടക്കിയാകുന്ന സീൻ ഓർത്തു പോയി. മേനോന്റെ തടസം മാറ്റാൻ ഒരു കുപ്പി മദ്യം തന്നെ കുടിപ്പിച്ചിട്ടും മേനോൻ വഴി മാറുന്നില്ല. മമ്മൂട്ടി, ഫിറ്റാകാത്തതിന്റെ കാരണം ചോദിച്ചപ്പോൾ കള്ള് കുടിച്ചാൽ പിന്നെ ഉറക്കമേയില്ല എന്ന് മേനോൻ പറയുന്നതു പോലെ, ഞങ്ങളുടെ യാത്ര മുടക്കാനെത്തിയ മഴ അറിയുന്നുണ്ടോ എനിക്ക് മഴയത്ത് ബൈക്കോടിക്കാനാണ് ഏറ്റവുമിഷ്ടമെന്ന്!)

എന്റെ സുഹൃത്ത് അഗസ്റ്റിൻ ഒരു സംഭവം തന്നെ! വണ്ടി ഓടിക്കുന്നില്ലെങ്കിലും അങ്ങേര് എനിക്ക് കട്ട സപ്പോർട്ട് തരുന്നു! റൈഡറുടെ മനസ് മടുപ്പിക്കുന്ന ഒരു സമീപനവുമില്ല. അത് യാത്ര ഏറെ ആയാസരഹിതമാക്കുന്നു!

മുർഡേശ്വർ ക്ഷേത്രത്തിലേക്ക്!

ഈ ക്ഷേത്രം, ഒരു ടൂറിസ്റ്റ് കേന്ദ്രം മാത്രമായാണ് തോന്നിയത്. ജനങ്ങൾ കൂട്ടമായി വന്നു പോകുന്നു. കാണാൻ നിറയെ നയനാനന്ദകരമായ കാഴ്ചകൾ! പക്ഷെ തടാകക്ഷേത്രത്തിന്റെ ആ വിശുദ്ധി ഇവിടെ ഒട്ടും തന്നെ അനുഭവേദ്യമായില്ല. ദാമോജി റാവു ഫിലിം സിറ്റിയിൽ കയറിയ പോലെ!

ലോകത്തിലെ തന്നെ ഏറ്റവും വലിയ ശിവന്റെ അത്ഭുതപ്രതിമയാണ് ഇവിടത്തെ പ്രധാന ആകർഷണം! പിന്നെയും ഒരു പാട് പ്രതിമകളും കാഴ്ചകളും കണ്ട് കണ്ണ് മിഴിക്കാം. ക്ഷേത്രത്തിന്റെ 18 നില വരെ ലിഫ്റ്റിൽ പോയി ദൂരക്കാഴ്ചകൾ കാണാം!

മഴ ഞങ്ങൾക്കൊപ്പം തന്നെ! ഒരാളെ ഇതിൽക്കൂടുതൽ ശല്യപ്പെടുത്താൻ ഒരു മഴയ്ക്കും കഴിയില്ല. ഇതിലും വലിയ വേലികൾ ചാടിക്കടന്നവനാണല്ലോ ഈ KK ജോസഫ്!

ലക്ഷ്യത്തിലേക്ക് ഒരു പടികൂടി അടുക്കുന്നു. എന്തായാലും, എങ്ങനെയായാലും അവിടെ എത്താം എന്ന ധൈര്യം മനസിൽ പതിഞ്ഞു കഴിഞ്ഞു.

ഗോകർണ്ണമാണ് അടുത്ത ലക്ഷ്യം!

രാത്രയായി, മഴ തുടരുന്നു! മഴ, ഗൂഗിൾ മാപ്പിട്ടുളള യാത്ര മുടക്കി. കന്നടഭാഷ “അറിയാവുന്നതിനാൽ” നാട്ടുകാരോട് നേരെ ചോദിക്കാനും പറ്റുന്നില്ല. വാലും മുറിയുമൊക്കെ മനസിലാവും. ഗോകർണത്തേക്ക് നാല് കിലോമീറ്ററെന്ന് ഒരാൾ ! പത്ത് കിലോമീറ്റർ കഴിഞ്ഞിട്ടും സ്ഥലമാകാത്തതിനാൽ അടുത്തു കണ്ട വിവരമുള്ള മറ്റൊരാളോട് ചോദിച്ചപ്പോൾ ഇനി ദൂരം വെറും 32 കി.മീ മാത്രം!

ഒടുവിൽ ഞങ്ങളിതാ ഗോകർണത്തെത്തിയിരിക്കുന്നു. പരശുരാമന്റെ കാലത്തെ കേരളത്തിന്റെ അതിർത്തിയാണിത്. അവിടെ നിന്നാണ് പണ്ട് മഴുവെറിഞ്ഞ കഥയുണ്ടായത്.

നല്ലൊരു ലോഡ്ജ് തരപ്പെട്ടു.

രാവിലെ ഇവിടം കണ്ടിട്ട് നമ്മുടെ ലക്ഷ്യത്തിലെ പ്രധാന ഇടത്തേക്ക്!
ആ സസ്പെൻസ് പൊളിക്കുന്നില്ല.
അത് നമുക്ക് പിന്നാലെ അറിയാം, എന്താ, അത് പോരെ?

എറണാകുളം ജില്ലയിൽ കൂത്താട്ടുകുളം സ്വദേശിയെങ്കിലും ഇപ്പോൾ തിരുവനന്തപുരം പേരൂർക്കട വഴയിലയിൽ താമസിക്കുന്നു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് റാപ്പിഡ് റസ്പോണ്ട്സ് ആന്റ് റസ്ക്യൂ ഫോഴ്സിൽ (RRRF) നിന്നും അസിസ്റ്റന്റ് കമാണ്ടന്റ് (ഡി വൈ എസ് പി) ആയി 2017 ൽ വിരമിച്ചു. 2011- 16 ൽ തിരുവനന്തപുരം ഗവ. സെക്രട്ടറിയേറ്റിന്റെ സെക്യൂരിറ്റി ഇൻസ്പെക്ടർ ആയിരുന്നു. ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച "സാർത്തോവിന്റെ സുവിശേഷം" എന്നൊരു ഓർമ്മക്കുറിപ്പ് എഴുതിയിട്ടുണ്ട്.