പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട്! – 11

11/08/2022

രാവിലെ ഹോണ്ട ഹൈനസിന്റെ മാത്രം സർവീസ് സെന്ററായ മൈസൂർ ബിഗ് വിംഗിൽ ബൈക്ക് ഒന്ന് ചെക്ക് ചെയ്യിച്ച് ചെയിൻ ലൂബ് ചെയ്യാനായി, ഗൂഗിളിൽ നിന്ന് നമ്പർ തപ്പിയെടുത്ത് ഓൺലൈനായി ബുക്ക് ചെയ്തിരുന്നു. ബുക്ക് ചെയ്യുമ്പോൾ തന്നെ മധുരക്കാരുടെ സംസ്കാരം ഏകദേശം മനസിലായിരുന്നെങ്കിലും ബിഗ് വിംഗിൽ ചെന്നപ്പോൾ അതിന്റെ പരിപൂർണ്ണതയും കണ്ടു. എത്ര മാന്യമായിട്ടാണെന്നോ ഈ ഭാഷയറിയാത്ത പരദേശികളെ അവർ കൈ നീട്ടി സ്വീകരിച്ചത്! ഒരു മിനിറ്റ് പോലും താമസിപ്പിക്കാതെ അവർ കാര്യത്തിലേക്ക് കടന്നു. ഞാനാദ്യമായി കാണുന്ന ഒരു പ്രത്യേക ലിഫ്റ്റിൽ വാഹനവും കയറ്റി ഫസ്റ്റ് ഫ്ലോറിലെ സർവീസ് സെന്ററിൽ എത്തി. വണ്ടിയിൽ എന്ത് ചെയ്താലും വാഹന ഉടമക്ക് കാണാനാവുംവിധം തയ്യാർ ചെയ്ത ഗ്ലാസിട്ട നന്നായി ക്രമീകരിച്ചിരിക്കുന്ന സന്ദർശക മുറിയിൽ ഞങ്ങളെ ഇരുത്തി. വാഹനം ചെക്ക് ചെയ്ത് വല്ലാതെ കരിഞ്ഞ എഞ്ചിൻ ഓയിലും തേഞ്ഞ് വല്ലാതായ മുൻ ബ്രേക്ക് ഷൂവും മാറ്റണമെന്ന് എന്നെ നേരിട്ട് വിളിച്ച് കാണിച്ച് ബോദ്ധ്യപ്പെടുത്തി. മാററിക്കൊള്ളാൻ ഞാൻ സമ്മതിക്കയും ചെയ്തു.

ഏറ്റവും അത്ഭുതപ്പെട്ടത്, നന്നായി മലയാളം സംസാരിക്കുന്ന അവിടത്തെ മാനേജർ ഋഷി, ഒരു മറുനാടൻ മലയാളിയാണെന്ന് അറിഞ്ഞപ്പോഴാണ്. ചിക്ക്മംഗ്ളൂരിലേക്ക് അടുത്ത ദിവസം നടത്തുന്ന ഒരു റൈഡിലേക്ക് ഋഷി എന്നെ പ്രത്യേകം ക്ഷണിക്കയും ചെയ്തു.

രാജ്യത്തെ എല്ലാ പ്രധാന പട്ടണങ്ങളിലും ഹോണ്ടയുടെ സൂപ്പർ ബൈക്കുകൾക്ക് മാത്രമായി ബിഗ് വിംഗ് ഷോറൂമുകളും സർവീസ് സെന്ററുകളുമുണ്ട്. മംഗലാപുരത്തെ ബിഗ് വിംഗ് സന്ദർശിച്ച വിവരം ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ! നമ്മൾ ഒരു ഗതികേടിൽപ്പെട്ട് വിളിക്കുമ്പോൾ കിട്ടുന്ന നല്ല പ്രതികരണം നാമൊരിക്കലും മറക്കില്ല, തിരിച്ചായാലും അങ്ങനെ തന്നെ!

ഞാൻ 2022 ജൂൺ 1 ന് ഈ വാഹനം എടുത്തത് തിരുവനന്തപുരം ബിഗ് വിംഗിൽ നിന്നായിരുന്നു. ഞാൻ കണ്ട ഹോണ്ടയുടെ എല്ലാ വിംഗുകളിലും കസ്റ്റമേഴ്സിനോടുള്ള പെരുമാറ്റം മാതൃകാപരം തന്നെയായിരുന്നു. തിരുവനന്തപുരം സർവീസ് മാനേജർ അവിനാഷിന്റെ കസ്റ്റമേഴ്സിനോടും സഹപ്രവർത്തകരോടുമുള്ള ചിരിച്ചു കൊണ്ടുള്ള പെരുമാറ്റം ഞാൻ ഏറെ ശ്രദ്ധിച്ചിരുന്നു.

ചിരിക്കാത്ത, ചിരിക്കാനറിയാത്ത അരസികരെ ഒരിക്കലും ഒരിടത്തും ഫ്രണ്ട് ഡസ്ക്ക് ജോലികൾക്ക് നിയോഗിക്കരുത് എന്നാണ് എന്റെയൊരു പക്ഷം. ചിരിക്കാത്ത ഒരാളുടെ കടയിൽ നിന്ന് ഒരു സാധനം വാങ്ങാൻ പോലും എനിക്കിഷ്ടമല്ല. ചിരി ഒരു വരമാണ്. ചിരിക്കാനറിയാത്തവർ ഇനിയെങ്കിലും ചിരി പഠിക്കാൻ തുടങ്ങുക!

രാവിലെ മൈസൂരിൽ കിട്ടാവുന്ന ഏറ്റവും ചെറിയൊരു കടയിൽ നിന്നും ബ്രേക്ക്ഫാസ്റ്റ് കഴിച്ചിരുന്നു. അതിന്റെ രുചിയും അറിയണമല്ലോ. വലിയ കുഴപ്പമൊന്നും അതിന് തോന്നിയില്ല.

12 മണിക്ക് ഷൈൻ റസിഡൻസിയിൽ നിന്നും ചെക്ക് ഔട്ടായി. 12.30 ന് ഊട്ടിയിലേക്ക്!

ഒരു മണിയായപ്പോൾ ഒരു കമ്മത്ത് ഹോട്ടൽ കണ്ടു. മമ്മൂട്ടിയുടെ കമ്മത്ത് ആന്റ് കമ്മത്ത് ഓർമ്മയിൽ വന്നു. ഇന്ന് കമ്മത്തിന്റെ രുചിയാവട്ടെ! കാഴ്ചക്ക് നല്ല അന്തരീക്ഷം! വാഴയില നിരത്തി ഗ്ലാസ് വച്ചു. ഗ്ലാസിൽ ചിത്രം വരച്ച പോലെ നിറയെ അഴുക്ക്. മാറ്റിക്കൊണ്ടുവന്നതിലും അഴുക്ക് ! ഗ്ലാസ് ഉപേക്ഷിച്ച് കുപ്പിവെള്ളമാക്കി. ഊണ് കഴിക്കാനുള്ള മൂഡേ പോയി. ഊണും അത്ര പോരാ! പക്ഷെ ഊണിന് പൈസ കുറവൊന്നുമില്ല.

ചില വഴികളൊക്കെ ബ്ലോക്കായിരുന്നതിനാൽ ഏകദേശം 200 കിലോമീറ്ററോളം സഞ്ചരിച്ച് ഊട്ടിയിലെത്തി ആദ്യം കണ്ട ഒരു മലയാളിയുടെ ലോഡ്ജിൽ കയറിക്കൂടി.
മഴയും കോടയും അതിന്റെ വന്യതയുടെ നിറുക കാണിച്ചു തന്നു. പക്ഷെ KK ജോസഫ് കുലുങ്ങിയില്ല. എന്തായാലും നനഞ്ഞിറങ്ങി, ഇനി ചെരച്ച് കയറ്റിയിട്ട് കാര്യമില്ലല്ലോ. റെയിൻ കോട്ടുകളുടെ മാത്രം സുരക്ഷിതത്വത്തിൽ മുന്നോട്ട്.

വഴിയിൽ അവിടിവിടായി റോഡിലേക്ക് കടപുഴകി വീണ നിരവധി മരങ്ങൾ ഫയർഫോഴ്സുകാർ വന്ന് മുറിച്ചു മാറ്റിയ അടയാളങ്ങൾ റോഡരികിൽ നിന്ന് തുറിച്ച് നോക്കുന്നു. മലയിടിഞ്ഞ് റോഡിലേക്ക് വീണ മണ്ണ് റോഡരികിലേക്ക് മാറ്റിയിട്ടിരിക്കുന്നതും കാണാം. എല്ലാം ഏറ്റവും പുതിയത്! പണിയൊന്നും കിട്ടാതിരിക്കാൻ മനമുരുകി പ്രാർത്ഥിച്ചു പോയി.

ഒന്നു പറയാം, എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ബൈക്ക് യാത്ര ഇത് തന്നെ. സ്വപ്ന സമാനമായ ഒരു യാത്ര! മൈസൂർ ഗൂഡല്ലൂർ ഊട്ടി വഴി!
വഴിയിൽ പൈകരയെന്ന വലിയൊരു വെള്ളച്ചാട്ടമുണ്ടായിരുന്നു. പക്ഷെ, കനത്ത മഴ അത് കാണാൻ അനുവദിച്ചില്ല.

കർണാടകയിലെ ബന്ദിപ്പൂർ റിസർവ് ഫോറസ്റ്റ്, തമിഴ് നാട്ടിൽ കടക്കുമ്പോൾ മുതുമന റിസർവ് ഫോറസ്റ്റാകും! വനത്തിനകത്ത് ഒരടിപൊളി വഴി!
വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ വഴിനിറയെ ബമ്പുകൾ ഉണ്ടെന്നു മാത്രം. കാരണം, അവിടം മൃഗങ്ങളുടെ വിഹാര കേന്ദ്രമാണ്. അവയ്ക്കൊരു ശല്യവും ഉണ്ടാകാൻ പാടില്ല.

ബന്ദിപ്പൂരിലേക്ക് കയറിയതേയുള്ളു. 500 എണ്ണമെങ്കിലും വരുന്ന മാൻ കൂട്ടം പുല്ലുമേയുന്നു, ഒരു കൂസലുമില്ലാതെ. എന്റെ ശ്വാസം നിന്നു പോയി, ഒരു മിനിറ്റ്! മൃഗശാലയിലെ കൂടുകളിൽ വൃത്തിഹീനമായ സാഹചര്യങ്ങളിലേ അവയെ മുമ്പ് കണ്ടിട്ടുള്ളു. പിന്നെ കാഴ്ചയുടെ പൊടിപൂരമായിരുന്നു. കാട്ടുപന്നി, കുരങ്ങ്, മയിൽ, കലമാൻ കൂട്ടങ്ങൾ! ഇടക്ക് ആനയുടെയും മറ്റു മൃഗങ്ങളുടെയും ക്രോസിങ്ങുണ്ട് ! മാൻ ക്രോസ് ചെയ്യുന്നത് കണ്ടു നിന്നപ്പോൾ രോമകൂപങ്ങൾ അതിശയം പൂണ്ട് എഴുന്നേറ്റ് സല്യൂട്ട് ചെയ്തു!

ഫോട്ടോ എടുക്കാൻ പാടില്ല. മൃഗങ്ങൾക്ക് ആഹാരം കൊടുക്കാൻ പാടില്ല. വഴി മുഴുവൻ സന്ദർശകർക്കുള്ള വ്യക്തമായ നിർദ്ദേശങ്ങൾ! എന്തെങ്കിലും നിയമം തെറ്റിച്ചാൽ 1000 രൂപ ഫൈൻ!

ഊട്ടിയിലെ തണുപ്പ് അസഹ്യം! ഭാഗ്യത്തിന് കമ്പിളിക്കോട്ട് ഒന്ന് ഞാനെടുത്തിയിരുന്നു. അഗസ്റ്റിൻ മുറിയിൽ കമ്പിളി വസ്ത്രങ്ങളൊന്നുമില്ലാതെ കുതുന്നുകുതുന്നിരിക്കുന്നു. രാത്രി മുതലേ കറണ്ടില്ലായിരുന്നു. അത്താഴം ഹോട്ടലുകാർ മുറിയിൽ എത്തിച്ചു തന്നു. പുറത്തിറങ്ങാനോ സ്ഥലങ്ങൾ കാണാനോ മഴ തടസം നിൽക്കുന്നു. ഊട്ടിയിൽ വന്നെന്ന് പറയാമെന്ന് മാത്രം!

ഇന്നലെ Dr. വിഷ്ണുവിന്റെ, fb യിൽ തരാതെ പേഴ്സണലായി വാട്ട്സാപ്പിൽ തന്ന ഒരു കമന്റാണ് ഈ യാത്രക്ക് കിട്ടിയ ഏറ്റവും വലിയ ഒരംഗീകാരമായി ഞാൻ കാണുന്നത്. ഒത്തിരി കൂടിപ്പോയെങ്കിലും അതിലെ നർമ്മം ഞാൻ ആസ്വദിക്കുന്നു.
നിങ്ങളുമായി പങ്കു വയ്ക്കുന്നു. ഇതുവരെയുള്ള കുറിപ്പുകളിൽ ഇന്നലത്തേതാണ് വിഷ്ണുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് എന്നതും സന്തോഷം പകർന്നു.
കമന്റ് : “ഇന്നത്തെ വിവരണവും ചിത്രങ്ങളും ഒരു രക്ഷയുമില്ല. Unclente പേര് Sartho കുട്ടൻ Pottakkadennakki. SK Pottekkadu 😜🥰”

രാത്രി, മലപ്പുറംകാരായ മലയാളികൾ നടത്തുന്ന അത്ര സുഖകരമല്ലാത്ത ശരാശരി സൗകര്യങ്ങൾ മാത്രമുള്ള ആ ലോഡ്ജിൽ തന്നെ തങ്ങി. കുറച്ചു കൂടി ഉയരേക്ക് പോയിരുന്നെങ്കിൽ കുറച്ചു കൂടി നല്ല താമസസ്ഥലം കിട്ടുമായിരുന്നുവെന്ന് പിന്നീട് മനസിലായി.

പ്ലാൻ ചെയ്തിരുന്ന “ഫേസ് E – കൊടൈക്കനാൽ” ഒഴിവാക്കി പിറ്റേന്ന് 12/08/22 ആയ ഇന്ന് നാട്ടിലേക്ക്, കൂത്താട്ടുകുളത്തേക്ക്!

രാവിലെ ഊട്ടിയിലെ അതിസുന്ദരമായ ചില പൂന്തോട്ടങ്ങളും മറ്റ് ചെറിയ കാഴ്ചകളും കണ്ട് പത്തു മണിയോടുകൂടി അവിടുന്ന് വിട്ട് നോൺ സ്റ്റോപ്പായി വണ്ടി ഓടിച്ചിട്ടും രാത്രി 8 മണിയോടുകൂടിയേ കൂത്താട്ടുകുളത്തെത്താൻ കഴിഞ്ഞുള്ളു. പക്ഷെ കൂത്താട്ടുകുളവും കൂത്താട്ടുകുളത്തിന്റെ ലൈഫ് കൊച്ചി ന്യൂസും റിപ്പോർട്ടർ ലോട്ടസും അടുത്ത സുഹൃത്തുക്കളായ സന്തോഷ് പനങ്കുഴയും ജോസ് മൈലാനും സജീവ് ജോണും വിജു ജോണും കാരാട്ടേ ഗുരു ജോർജ് സെൻസായിയുമൊക്കെ ഞങ്ങളെ മാലയിട്ട് സ്വീകരിക്കാനായി കാത്തിരിക്കുന്നുണ്ടായിരുന്നു.

യാതൊരു അനിഷ്ട സംഭവങ്ങളുമില്ലാതെ ഇത്രയും നീണ്ടൊരു യാത്ര വിജയകരമായി പര്യവസാനിച്ചു എന്നത് ഞങ്ങൾക്ക് നൽകിയ ആത്മവിശ്വാസം അത്ര ചെറുതല്ല. ഇനിയും യാത്രകൾക്കായി മനസ് പാകപ്പെട്ടു കഴിഞ്ഞു.

ഞാനൊരു ഓഫർ കൂടി മുന്നോട്ട് വയ്ക്കുകയാണ്. 50 കഴിഞ്ഞ, അത്യാവശ്യം ഇംഗ്ലീഷും ഹിന്ദിയും കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള, ബൈക്ക് ഓടിക്കാനും യാത്രാവിവരണം എഴുതാനും അവ ചിത്രീകരിക്കാനും കഴിവുള്ള ആർക്കെങ്കിലും എന്റെ യാത്രകളിൽ ഒപ്പം ചേരണമെന്നുണ്ടെങ്കിൽ അവരെ ഞാൻ സ്വാഗതം ചെയ്യുന്നു.

ഇനി നമുക്ക് അടുത്ത യാത്രയിൽ കാണാം, നന്ദി!

(അവസാനിക്കുന്നു )

എറണാകുളം ജില്ലയിൽ കൂത്താട്ടുകുളം സ്വദേശിയെങ്കിലും ഇപ്പോൾ തിരുവനന്തപുരം പേരൂർക്കട വഴയിലയിൽ താമസിക്കുന്നു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് റാപ്പിഡ് റസ്പോണ്ട്സ് ആന്റ് റസ്ക്യൂ ഫോഴ്സിൽ (RRRF) നിന്നും അസിസ്റ്റന്റ് കമാണ്ടന്റ് (ഡി വൈ എസ് പി) ആയി 2017 ൽ വിരമിച്ചു. 2011- 16 ൽ തിരുവനന്തപുരം ഗവ. സെക്രട്ടറിയേറ്റിന്റെ സെക്യൂരിറ്റി ഇൻസ്പെക്ടർ ആയിരുന്നു. ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച "സാർത്തോവിന്റെ സുവിശേഷം" എന്നൊരു ഓർമ്മക്കുറിപ്പ് എഴുതിയിട്ടുണ്ട്.