പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട് ! – 1

31/08/2022

സർവീസിൽ നിന്നും വിരമിച്ച ശേഷമാണ്, ബൈക്ക് യാത്ര എനിക്ക് വല്ലാത്തൊരു ഹരമായി മാറിയത്. ആയ കാലത്ത് നല്ലോരു ബൈക്ക് വാങ്ങാനുള്ള സാമ്പത്തികശേഷി ഉണ്ടായിരുന്നില്ല. ബൈക്കുണ്ടായിരുന്നെങ്കിൽത്തന്നെ, ജോലിത്തിരക്കുകൾക്കിടയിൽ അതിൽ കയറി കറങ്ങാനുള്ള സമയമോ ഇടവേളകളോ ഉണ്ടായിരുന്നതുമില്ല.

2017 ൽ റിട്ടയർ ചെയ്തതിനു ശേഷമാണ് ആഗ്രഹിച്ച പോലുള്ള പവർ ബൈക്കുകൾ സ്വന്തമാക്കാൻ കഴിഞ്ഞത്. നാല് വർഷം ബജാജ് ഡോമിനർ 400! അത് മാറി 2022 ജൂൺ ഒന്ന് മുതൽ ഹോണ്ട ഹൈനെസ് 350! ഡോമിനർ യാത്രകളൊക്കെത്തന്നെ തിരുവനന്തപുരം – കൂത്താട്ടുകുളം, തിരുവനന്തപുരം എറണാകുളം, തിരുവനന്തപുരം – മൂന്നാർ എന്നിവിടങ്ങളിലായി ഒതുങ്ങിപ്പോയിരുന്നു.

ഇഷ്ടപ്പെട്ട ഇടങ്ങളിലേക്ക് ഒരു നീണ്ട ബൈക്ക് യാത്ര, പറ്റിയ ഒരു സഹയാത്രികനില്ലാത്തതിനാൽ ഒരു സ്വപ്നമായി അവശേഷിച്ചു. എന്റെ പ്രായത്തിനും സ്വഭാവത്തിനും അത്ര സാധാരണമല്ലാത്ത എന്റെ ബൈക്കിനും പറ്റിയ കമ്പനിയായി ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല എന്നു പറയുന്നതാവും കൂടുതൽ ശരി.

കൂത്താട്ടുകുളത്ത് വച്ച് തികച്ചും യാദൃശ്ചികമായാണ് എന്റെ ബാല്യകാല സുഹൃത്തും മാനേജരായി SBI തൊടുപുഴ ബ്രാഞ്ചിൽ നിന്ന് വിരമിക്കുകയും ചെയ്ത അഗസ്റ്റിനെ കണ്ടുമുട്ടിയത്. നിനച്ചിരിക്കാതെ അഗസ്റ്റിൻ ഒരാശയം മുന്നോട്ട് വച്ചു. ഒരു കായസഞ്ചിയിൽ അത്യാവശ്യ വസ്ത്രങ്ങളും പൈസയുമായി ലക്ഷ്യമില്ലാതെ ഒരു യാത്രക്ക് ഇറങ്ങുക! ഒരു മാസം ബസിലും ട്രെയിനിലും നടന്നും, കിട്ടുന്ന മിനിമം സൗകര്യങ്ങൾ മാത്രം ഉപയോഗിച്ചും, അലഞ്ഞുതിരിഞ്ഞ് രാജ്യത്തിന്റെ ചുരുക്കം ഭാഗങ്ങളെങ്കിലും റൂട്ട് ലവലിൽ തന്നെ കാണുക!
രോഗി ഇച്ഛിച്ചതും പാല്! വൈദ്യർ കല്പിച്ചതും പാല്!
അഗസ്റ്റിന്റെ അഭിപ്രായത്തിന് ഞാനൊരു ഭേദഗതി നിർദ്ദേശിച്ചു. യാത്ര ബൈക്കിലായാലെന്താ? അഗസ്റ്റിൻ ഡബിൾ ഓക്കെ! 🤝

ഇതാ! ആ യാത്രകൾ ആരംഭിക്കുകയായി. മനസിൽ, കാണാനാഗ്രഹിക്കുന്ന ഒട്ടേറെ സ്ഥലങ്ങളുണ്ട്. പക്ഷെ അവിടങ്ങളിലേക്ക് എത്തിപ്പെടുമെന്ന് ഒരുറപ്പുമില്ല. എങ്കിലും യാത്ര മുമ്പോട്ട് തന്നെയെന്നുറപ്പിച്ചു. 60 പിന്നിട്ടു കഴിഞ്ഞ ഞങ്ങൾ ഇരുവർക്കും, അത്യാവശ്യം മരുന്നുകൾ കൂട്ടായുണ്ട്. ഒപ്പം ഉറച്ച മനസുകളും! 500 കിലോ മീറ്റർ പോലും എത്താൻ കഴിയാതെ തളർന്ന് പിൻമാറിയാലും സാരമില്ല. മുമ്പോട്ട് വച്ച കാൽ മുമ്പോട്ട് തന്നെ! തെക്കോട്ട് പോകാൻ സ്ഥലം കുറവായതിനാൽ യാത്ര വടക്കോട്ട് തന്നെ! ആദ്യം കേരളാതിർത്തി കടക്കുമോ എന്ന് നോക്കട്ടെ!

ഞങ്ങളോടെപ്പം, നിങ്ങൾ എല്ലാവരുമുണ്ടാവണം. ഹിമാലയം കീഴടക്കാൻ പോയവരെല്ലാം ലക്ഷ്യത്തിലെത്തിയിട്ടില്ലല്ലോ! അത്ര തന്നെ സാധ്യത പോലും ഞങ്ങളുടെ കാര്യത്തിലില്ല! പോകേണ്ട സ്ഥലങ്ങൾ ഒരു സസ്പെൻസായി ഇരിക്കട്ടെ!

അപ്പോൾ തുടങ്ങാം, അല്ലേ ?

രാവിലെ 6 – ന് കൂത്താട്ടുകുളത്ത് നിന്നും, ഞാൻ കാലങ്ങളായി സ്വപ്നം കണ്ട ഇരുചക്ര വാഹന യാത്ര തുടങ്ങി. പിറവം, എറണാകുളം, എടപ്പള്ളി NH 66 ൽ പറവൂർ, SN പുരം, തൃപ്രയാർ, ചാവക്കാട്, പൊന്നാനി, കോഴിക്കോട്, കൊയിലാണ്ടി, വടകര, മാഹി, തലശേരി, കണ്ണൂർ, കാഞ്ഞങ്ങാട്, കാസർകോഡ്! അവിടെത്തിയപ്പോഴേക്കും വല്ലാതെ ഇരുട്ടിയിരുന്നു. നല്ല മഴയുണ്ട്. മഴ സീസണായതിനാൽ മുൻകരുതലായി ഞങ്ങൾ വാങ്ങിയ പുതിയ റെയിൻ കോട്ടുകൾ നേരത്തെ തന്നെ ഞങ്ങൾ അണിഞ്ഞിരുന്നു. എന്തായാലും പ്രതികൂല കാലാവസ്ഥയിൽ 450 കിലോമീറ്ററോളം ഞങ്ങൾ ഓടിയെത്തിയിരിക്കുന്നു.

ഒന്നാം ഘട്ടം പൂർണ്ണവിജയം!

യാത്രയ്ക്കിടയിൽ വഴിയിൽ കണ്ട ചിലരെയൊക്കെ അങ്ങോട്ട് ഇടിച്ചുകയറി പരിചയപ്പെട്ടു. ചിലർ അടുത്തു വന്നു പരിചയപ്പെട്ടു. കാരണം, ഞങ്ങൾ കിളവൻമാരെങ്കിലും ഞങ്ങളുടെ ബൈക്കിലെ സാഹസത്തെ കൗതുകത്തോടും ആദരവോടെയുമാണ് അവർ കണ്ടത്. പാപ്പിനിശേരിയിലെ അബ്ദുൾ റാസിക്ക്, ഫയർ ഓഫീസർ ആദർശ്, കാഞ്ഞങ്ങാട് അദ്ധ്യാപകനായ പാലാക്കാരനായ ജൂബി തോമസ് തുടങ്ങിയവരെയൊക്കെ പരിചയപ്പെട്ടു.

കാസർകോഡ് താമസിച്ച് കണ്ണൂർ വിജിലൻസിൽ DySP ആയി ജോലി ചെയ്യുന്ന ബാബു പെരിങ്ങോത്ത് എന്ന എന്റെ പ്രിയസുഹൃത്ത് ഞങ്ങൾക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം നല്ലൊരു വായനക്കാരനും അതിലേറെ നല്ലൊരു നിരൂപകനുമാണ്. പുതുതായി ഇറങ്ങുന്ന സകല ബുക്കുകളും പണം കൊടുത്തു തന്നെ വാങ്ങും. ഇത്തിരി വൈകിയാലും ആ ബുക്കുകളെല്ലാം വായിച്ച് കൃത്യമായ നിരൂപണങ്ങൾ തന്റെ പേജുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്യും. അധികമാരും കേട്ടിട്ടു പോലുമില്ലാത്ത എത്രയോ പുതിയ എഴുത്തുകാരെ അദ്ദേഹം ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്തിരിക്കുന്നു! 16.12. 2021 ൽ ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച എന്റെ ഓർമ്മക്കുറിപ്പുകൾ “സാർത്തോവിന്റെ സുവിശേഷ”വും അദ്ദേഹം പണം തന്നുതന്നെയാണ് വാങ്ങിയത്. മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടിയും മുൻ സ്പീക്കറും ഇപ്പോഴത്തെ മന്ത്രിയുമായ ശ്രീ. എം ബി രാജേഷുമായി ചേർന്നാണ് ആ ബുക്ക് പ്രകാശനം ചെയ്തത്. എന്റെ ബുക്കിന്റെ റിവ്യൂവും ബാബുവിന്റെ ക്യൂവിൽ ഉണ്ട്. നിരൂപണത്തെ വളരെ ഗൗരവത്തിലാണ് ശ്രീ. ബാബു പെരിങ്ങോത്ത് കാണുന്നത്. എങ്ങനെയെങ്കിലും എഴുതിത്തീർക്കുകയല്ല, അതൊരു പഠനം തന്നെയാണ് ബാബുവിന്. ഇത്തരമൊരു പോലീസ് ഓഫീസറെ മലയാളികൾ അങ്ങനെ കണ്ടിട്ടുണ്ടാവാനിടയില്ല.

ഇടയ്ക്ക് ഒരു കാര്യം കൂടി സാന്ദർഭികമായി പറഞ്ഞുകൊള്ളട്ടെ! നമ്മുടെ വേണ്ടപ്പെട്ട ഒരാളുടെ, ഒരു ബുക്കോ കവിതയോ പാട്ടോ പുറത്തിറങ്ങുന്നു എന്ന് കരുതുക. അത് ഫ്രീയായി കിട്ടണമെന്ന് ആഗ്രഹിക്കാതെ ഒന്ന് പൈസ കൊടുത്ത് തന്നെ വാങ്ങി അയാളുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകുകയാണ് ഒരു ഉത്തമ സുഹൃത്ത് ചെയ്യേണ്ടത്. അതാണ് ശരി! ഞാനങ്ങനെ തന്നെയാണ് ചെയ്യാറുള്ളത്. പുതിയൊരു ബുക്കിറങ്ങുമ്പോൾ എഴുത്തുകാരന് സാധാരണ ഗതിയിൽ വെറും 5 കോപ്പികളാണ് സൗജന്യമായി ലഭിക്കുക! എത്ര പേർക്ക് സൗജന്യമായി ബുക്ക് കൊടുക്കാൻ ഒരെഴുത്തുകാരന് കഴിയും? സൗജന്യമായി സ്വീകരിക്കുന്ന ബുക്ക് ഒന്ന് മറിച്ചെങ്കിലും നോക്കി എന്തെങ്കിലും ഒരഭിപ്രായം പറയുക എന്നത് ഒരു സാമാന്യമര്യാദയല്ലേ?

ബാബു പെരിങ്ങോത്ത്, രാത്രി തങ്ങാൻ മുറി ശരിയാക്കിത്തന്നുവെന്ന് മാത്രമല്ല രുചിച്ചിട്ടില്ലാത്ത നല്ലൊരു ചിക്കൻ ഡിഷ് പരിചയപ്പെടുത്തിത്തരുകയും ചെയ്തു. ശ്രീ. ഫക്രുദീൻ മുഹമ്മദിന്റെ, യൂ ട്യൂബിൽ പ്രസിദ്ധമായ ഹെർബൽ ചിക്കനും കുബൂസും! പുറത്താരോടും ഷെയർ ചെയ്യാത്ത പ്രത്യേക ഹെർബൽ പാചകക്കൂട്ടിൽ പൊതിഞ്ഞ ഫുൾ ചിക്കൻ വാഴയിലയിൽ പൊതിഞ്ഞ് അതിന്റെ പുറത്ത് കളിമണ്ണും പൊതിഞ്ഞ് കനലിൽ ചുട്ടെടുക്കുന്ന രുചികരവും അപൂർവ്വവുമായ വിഭവം ആവോളം ആസ്വദിച്ചു.

ജീവിതത്തിൽ ആദ്യമായാണ് ഒറ്റ സ്ട്രെച്ചിൽ ഇത്രയേറെ ദൂരം ബൈക്ക് ഓടിക്കുന്നത്. നല്ല ക്ഷീണം! നടുവ് ഒരു പരുവമായിരിക്കുന്നു ! പക്ഷെ തോൽക്കാൻ മനസ് അനുവദിക്കുന്നില്ല. ഇനിയുള്ള ദിവസങ്ങളിൽ ബാക്കി യാത്രാ വിവരങ്ങൾ കുറിപ്പുകളായി അവതരിക്കും!

എറണാകുളം ജില്ലയിൽ കൂത്താട്ടുകുളം സ്വദേശിയെങ്കിലും ഇപ്പോൾ തിരുവനന്തപുരം പേരൂർക്കട വഴയിലയിൽ താമസിക്കുന്നു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് റാപ്പിഡ് റസ്പോണ്ട്സ് ആന്റ് റസ്ക്യൂ ഫോഴ്സിൽ (RRRF) നിന്നും അസിസ്റ്റന്റ് കമാണ്ടന്റ് (ഡി വൈ എസ് പി) ആയി 2017 ൽ വിരമിച്ചു. 2011- 16 ൽ തിരുവനന്തപുരം ഗവ. സെക്രട്ടറിയേറ്റിന്റെ സെക്യൂരിറ്റി ഇൻസ്പെക്ടർ ആയിരുന്നു. ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച "സാർത്തോവിന്റെ സുവിശേഷം" എന്നൊരു ഓർമ്മക്കുറിപ്പ് എഴുതിയിട്ടുണ്ട്.