പൈതൃകം പേറുന്ന കാല്പനിക സഞ്ചാരി

ജാപ്പനീസ് രചനാ പാരമ്പര്യത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളെ ഉള്ളിൽ ഒളിപ്പിച്ച് യൂറോപ്യൻ നവീന സാഹിത്യത്തിന്റെ മുഖ്യധാരയിൽ നിൽക്കുന്ന എഴുത്തുകാരനാണ് കസുവോ ഇഷിഗുറോ. ഇത്തവണത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്ക്കാരം നേടിയ അദ്ദേഹത്തിന്റെ കൃതികളെ കുറിച്ച് ജയറാം സ്വാമി എഴുതുന്നു.

ഏകാന്തതയുടെ നൂറ് വർഷങ്ങൾ ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത ആളാണ് ഇഷിഗുറോ. എന്നാൽ അദൃശ്യതയുടെ ഒരു പത്തുവർഷം അദ്ദേഹം കൈയിൽ വയ്ക്കുന്നുണ്ട്. അതിനുള്ള പ്രതിഫലം കൂടിയാകണം അദ്ദേഹത്തിന് ലഭിച്ച ഇത്തവണത്തെ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം. എന്നെ പോകാൻ അനുവദിക്കരുത് എന്ന നോവൽ 2005  പ്രസിദ്ധീകരിച്ച് പത്തു വർഷത്തെ ഇടവേള കഴിഞ്ഞാണ് കസുവോ ഇഷിഗുറോ മറ്റൊരു രചനയുമായി പുറം ലോകത്ത് എത്തിയത്. ബറീഡ് ജയിന്റ് എന്ന ആ പുസ്തകം രണ്ട് വർഷം മുൻപ് ഇറങ്ങിയതിന് പിന്നാലെ ടെലിഗ്രാഫ് പത്രത്തിന്റെ സാഹിത്യ വിഭാഗം എഡിറ്റർ ആയ ഗാബി വുഡുമായി അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത് ഇങ്ങനെയാണ്: ‘ശരിയാണ്, പത്തു വർഷത്തെ നിശബ്ദത തന്നെയായിരുന്നു അത്. പക്ഷെ ഞാൻ എഴുത്തിൽ നിന്ന് പത്തുകൊല്ലം അവധി എടുത്തതൊന്നുമല്ല. അടുത്തതായി എഴുതുന്നത്തിനുള്ള വിഷയം തീരുമാനിക്കലാണ് ആ കാലം. എനിക്ക് അതിനു ഒരുപാട് ആലോചനകൾ വേണം. ഒരുപാട് സമയവും. തൃപ്തി കിട്ടാതെ ഒഴിവാക്കുന്നത് എത്രയാണെന്നോ. ഒരു തീം അല്ലെങ്കിൽ ഒരു കഥ ഒക്കെ ഉണ്ടാകും. പക്ഷെ ഒരു ജിഗ്‌സ കളിയിൽ എല്ലാത്തിനെയും കൂട്ടി ഇണക്കുന്ന അവസാനത്തെ ഒരു തുണ്ട് പോലെ, ഒരു വൈകാരിക തലത്തിന്റെ അഭാവത്തിൽ വേണ്ടെന്നു വയ്ക്കും.’ 

നീണ്ട ഇടവേളകൾക്ക് ശേഷം പ്രത്യക്ഷപ്പെടുന്ന എഴുത്തുകാരുടെ ആന്തരിക ജീവിതം പോലെ അശാന്തമായിരിക്കും അവരുടെ രചനാ വിഷയങ്ങൾ. എന്നാൽ ബാഹ്യജീവിതത്തിൽ അവർ പുലർത്തുന്ന വലിയ നിശബ്ദതയോളം ശക്തവുമായിരിക്കും അവർക്ക് എഴുതുനോടുള്ള പ്രതിബദ്ധത. 1989 ൽ പുറത്തിയുറങ്ങിയ ഇഷിഗുറോയുടെ ഒടുവിൽ അവശേഷിച്ചത് എന്ന നോവൽ മാൻബുക്കർ പ്രൈസ് നേടിയിരുന്നു. രണ്ടാം ലോക് മഹായുദ്ധ കാലത്തെ ഇംഗ്ലണ്ടിലെ  പ്രഭുവിന്റെ ജീവിതകാലത്തെ കഥയാണ് ആ നോവലിന്റെ ഇതിവൃത്തം. അനിയന്ത്രിതമായത് എന്ന നോവലാകട്ടെ മധ്യയൂറോപ്പിലെ പേരില്ലാത്ത ഒരിടത്തു നടക്കുന്ന സംഭവങ്ങളും. മൂന്നു ദിവസത്തെ കഥയാണ് ഇതിൽ പറയുന്നത്. റൈഡർ എന്ന പേരുള്ള ഒരു പിയാനോ വായനക്കാരൻ സംഗീതനിശ അവതരിപ്പിക്കാനായി നഗരത്തിൽ എത്തുന്നു. അയാൾക്ക് അവിടെ ചെയ്തു തീർക്കാൻ ഒരുപാടു കാര്യങ്ങൾ ഉണ്ടായിരുന്നു. നിറവേറ്റാനുള്ള  കടമകളും. എന്നാൽ വ്യാഴാഴ്ച്ച രാത്രിയിലെ സംഗീത പരിപാടിക്ക് മുൻപ് അവയൊന്നും ചെയ്തു തീർക്കാനാകാതെ അലയുകയാണ് അയാൾ. ഒരു സമാന്തര ലോകത്തിന്റെ പശ്ചാതലത്തിൽ കഥ പറയുന്ന എന്നെ പോകാൻ അനുവദിക്കരുത് എന്ന പുസ്തകവും കൂടി ആയതോടെ ഇഷിഗുറോയെ മാർകേസിനു ശേഷമുള്ള കാൽപ്പനിക വിഭ്രമാത്മകതയുടെ അപ്പോസ്തലൻ എന്ന പദവിക്ക് അർഹനാക്കുന്നു. 

ആൻ ആർട്ടിസ്റ്റ് ഓഫ് എ ഫ്ലോട്ടിംഗ് വേൾഡ്‌ എന്ന നോവൽ ജപ്പാന്റെ പുനരുദ്ധാരണ കാലത്തെ പുതു തലമുറയുടെ ആശയ നവോധാനമാണ് വിവരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്തെ ജപ്പാന്റെ നിലപാടുകളെയും എഴുത്തുകാരൻ അടക്കമുള്ള ആ തലമുറയുടെ രാഷ്ട്രീയ മനോഭാവത്തെയും യുവാക്കൾക്ക് മുന്നിൽ സ്വയം കുറ്റാരോപിതാനായി നിന്നുകൊണ്ടുള്ള സമ്മത മൊഴിയാണ് ആ നോവൽ. എഴുത്തുകാരൻ നേരിട്ട് കഥ പറയുന്ന രീതിയിലാണ് ഇഷിഗുറോയുടെ രചനകളെല്ലാം. പലപ്പോഴും നിരാശരും ഏകാകികളുമായ് കഥാപാത്രങ്ങളുടെ ദൈന്യതയും വിലാപങ്ങളുമാണ് കഥാവിവരങ്ങളിൽ അധികവും. മാജിക്കൽ റിയലിസത്തോളം ചെന്നുമുട്ടാറുണ്ട് നിലതെറ്റിയവരുടെ ഈ ഗാഥകൾ. ദസ്തേവസ്കിയുടെയും മാർഷൽ പ്രൂസ്റ്റിന്റെയും സ്വാധീനം അദ്ദേഹത്തിന്റെ രചനകളിൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന സാഹിത്യ പഠനങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഒടുവിൽ പുറത്തു വന്ന ബറീഡ് ജയിന്റിൽ ഇതുവരെയുള്ള രചനാരീതിൽ നിന്നുള്ള ഒരു മാറി നടത്തം കാണാനുമുണ്ട്. 

ജാപ്പനീസ് സാഹിത്യ രീതികളിൽ ഒന്നായ ദുഃഖാനുഗായകൻ എന്ന നിലയ്ക്കുള്ള വിലയിരുത്തലും ഇഷിഗുറോയെ കുറിച്ചുണ്ട്.  ജാപ്പനീസ് രചനാ പാരമ്പര്യത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളെ ഉള്ളിൽ ഒളിപ്പിച്ച് യൂറോപ്യൻ നവീന സാഹിത്യത്തിന്റെ മുഖ്യധാരയിൽ നിൽക്കുന്ന എഴുത്തുകാരനാണ് കസുവോ ഇഷിഗുറോ. മലകളുടെ മങ്ങിയ ദൃശ്യം അടക്കം അദ്ദേഹത്തിന്റെ ആദ്യ രണ്ടു നോവലുകളും ജപ്പാനീസ് പശ്ചാത്തലത്തിലുള്ളവയുമാണ്. താൻ തന്റെ പൈതൃകത്തെ മാനിക്കുന്നു എന്നാണ് ഇതേക്കുറിച്ചു ഇഷിഗുറോ പറഞ്ഞിട്ടുള്ളത്. ജപ്പാനീസ് പാരമ്പര്യത്തിൽ മാതൃഭാഷ സംസാരിക്കുന്ന ഒരു കുടുംബത്തിലാണ് ഞാൻ വളർന്നത്. കാലം കൊണ്ടും സാഹചര്യങ്ങൾ കൊണ്ടും ഇംഗ്ളീഷ് സ്വീകാര്യമായതാണ്. എന്നാൽ വേരുകൾ അറുത്തല്ല ഞാൻ ജീവിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 

ഇംഗ്ലണ്ടിലേക്ക് കുടിയേറിയ മാതാപിതാക്കളോടൊപ്പം അഞ്ചാമത്തെ വയസിൽ ജപ്പാനിലെ ജന്മസ്ഥലമായ നാഗസാക്കി വിട്ടതാണ് കസുവോ ഇഷിഗുറോ. സർഗാത്മക രചനയിൽ ബിരുദാന്തര ബിരുദം നേടിയ ഇഷിഗുറോ എഴുത്തല്ലാതെ മറ്റൊരു ജോലിയും ചെയ്യുന്നില്ല. ചെറുകഥകളും തിരക്കഥകളും പത്രങ്ങളിൽ പംക്തികളും എഴുതുന്നുണ്ട്. സാമൂഹ്യ പ്രവർത്തകയായ ലോണ മാക് ഡുഗ്വൽ ആണ് ഭാര്യ. നവോമി എന്ന മകളുമായി ലണ്ടനിൽ ജീവിക്കുന്നു.