പേഴ്സ്

തോമസ് മിലിറ്ററിയിൽ ക്യാപ്റ്റനായിരിക്കേ വിആർഎസ്സ് എടുത്ത് നാട്ടിൽ സ്ഥിരതാമസമാക്കിയത് ഇനിയുള്ള കാലം നാട്ടിലെ പ്രമാണിയായി ജീവിക്കണമെന്ന ഒരൊറ്റ ഉദ്ദേശ്യത്താലായിരുന്നു.  റബ്ബറും ഏലവും കുരുമുളകും ജാതിക്കയും മാറിമാറി വിളവെടുക്കുന്ന പത്തിരുപത് ഏക്കർ ഭൂമിയുടെ ഏക അവകാശിയായിരുന്നു നാട്ടുകാരുടെ തോമാച്ചൻ.  റിട്ടയർമെൻറ് കഴിഞ്ഞ് നാട്ടിലെത്തിയ ശേഷം തോമസ്സിന്റെ വീട്ടിലെ ആദ്യത്തെ മദ്യസൽക്കാരം. താനെന്തിനാടോ മിലിറ്ററിയിൽ പോയേന്ന് വെള്ളം തൊടാതെ ഒറ്റ വലിക്ക് ഗ്ലാസ്സ് കാലിയാക്കിയ പഞ്ചായത്ത് പ്രസിഡൻറ് സഖാവ് സോമൻ ചോദിച്ചു.

“പിള്ളേച്ചാ.. ഒരു എസ്റ്റേറ്റ് മുതലാളിയോട് നാട്ടുകാർക്കുള്ള ബഹുമാനം.. ദാ നോക്ക്, ഇത്രേം വരും.. ” ആ ഗ്ലാസ്സിൽ പാതിഭാഗം മദ്യം നിറക്കവേ തോമസ്സ് പറഞ്ഞു.

“ഇനി അയാളൊരു എക്സ് മിലിട്ടറിയുമാണെങ്കിലോ? ദാ.. ഇത്രേം!”  ഗ്ലാസ്സിൽ മുഴുവൻ മദ്യം നിറച്ച് തോമസ്സ് പറഞ്ഞു. സോമൻപിള്ള ചിരിച്ചുകൊണ്ട് ഗ്ലാസ്സെടുത്ത് വീണ്ടും ഒരു വലി. 

പിറ്റേന്ന് രാവിലെ, കുറച്ച് കുരുമുളകുള്ളത് വിറ്റ്, കേടായതിന് പകരം പുതിയൊരു ഫ്രിഡ്ജും ഭാര്യയ്ക്ക് സർപ്രൈസായി പുതിയൊരു എല്ലീഡി ടിവിയും വാങ്ങാൻ ടൗണിൽ  പോകാൻ തയ്യാറായിക്കൊണ്ടിരിക്കുകയായിരുന്നു തോമസ്സ്.   വിൽക്കാനുള്ള രണ്ട് ചാക്ക് കുരുമുളക്ക് കാറിന്റെ ഡിക്കിയിൽ കയറ്റി, “എടീ സൂസന്നേ.. തീർന്നില്ലേടീ ഒരുക്കം”ന്ന് വലിയ ശബ്ദത്തിൽ വിളിക്കുമ്പോഴാണ് പ്രസിഡൻറ് സോമൻപിള്ളയും പ്രതിപക്ഷനേതാവ് അൻവറും ഒപ്പം വേറെ രണ്ടുപേരും തോമസ്സിന്റെ വീട്ടിലേക്ക് കയറിവരുന്നത്.

“ഇതെന്നാ വീണ്ടും പ്രതിപക്ഷോം ഭരണപക്ഷോം വീണ്ടും ഒരുമിച്ച്..”  തോമസ് ആശ്ചര്യപ്പെട്ടു.

“അതിപ്പോ നാടിനും തോമാച്ചനും ഒരു നല്ല കാര്യം വരുമ്പോ നമ്മളിങ്ങനെ കീരീം പാമ്പുമായാലെങ്ങനാ..ല്ലേ.. അൻവറേ !” സോമൻപിള്ള പറഞ്ഞു.

തനിക്കെന്ത് ഗുണമുള്ള പരിപാടിയാണെന്ന് ആലോചിച്ചിരുന്ന തോമസിന്റെ അടുത്ത് ചെന്ന് അൻവർ സ്വകാര്യം പറയാനൊരുങ്ങി.  അപ്പോഴേക്കും പ്രസിഡണ്ട് സോമൻ പിള്ള ഓടിയെത്തി.

“തോമാച്ചാ.. എനിക്ക് ചില്ലറ സ്ഥലക്കച്ചോടമുള്ളത് അറിയാലോ.  ഇവര് അങ്ങ് വടക്കൂന്നാ.  രണ്ട് പേര്ടേം മക്കള് ചേർന്ന് ക്രിപ്റ്റോ.. ആ അങ്ങനെന്തോ ചെയ്ത് കോടികളുണ്ടാക്കീത്രേ.  അവർക്ക് റിസോർട്ട് പണിയാൻ സ്ഥലം വേണം.  കാണിച്ചതൊന്നും അത്ര പിടിച്ചില്ല.  തോമാച്ചന്റെ ഈ സ്ഥലത്തോടൊര് കണ്ണ്.  മോഹവില തരും.. തോമാച്ചന്റെ പയ്യനങ്ങ് അമേരിക്കേല് സെറ്റിലല്ലേ.. നമുക്കിതങ്ങ്.. നല്ല റേറ്റ്, അത് ഞാൻ വാങ്ങിത്തരും.”

ഒരിക്കൽ, എസ്റ്റേറ്റ് വിറ്റാലോ എന്നാലോചിച്ചെങ്കിലും അത് അൻവറോട് എന്തൊക്കെയോ സംസാരിക്കുന്നതിനിടയിൽ സൂചിപ്പിച്ചിരുന്നെങ്കിലും തോമസ് ആ ആലോചന ഉപേക്ഷിച്ചിരുന്നു.

“എന്ത് മോഹവില പറഞ്ഞാലും ഞാനിത് വിക്കത്തില്ല അൻവറേ.  അപ്പനപ്പൂപ്പന്മാരായി ഉണ്ടാക്കിതയാ.  ഇതെന്റെ സാമ്രാജ്യാഡോ.   പിന്നെ മോന്റെ കാര്യാണെങ്കിൽ പത്തുകൊല്ലത്തിനുള്ളിൽ അവന്റെ വിദേശിപ്പെണ്ണിനേം കൂട്ടി അവനിങ്ങ് പോരും.   അൻവർ കണ്ടോ, ടാപ്പിംഗിന് പുലർച്ചെ  അവനായിരിക്കും ആദ്യം ഇറങ്ങുക.”

മലബാർ ട്രേഡേഴ്സിൽ മലഞ്ചരക്ക് വിറ്റുകിട്ടിയ കാശും ചേർത്ത് എഴുപത്തയ്യായിരത്തിന്   ടിവിയും ഫ്രിഡ്ജും വാങ്ങി പണമടച്ച് ഇറങ്ങുമ്പോഴാണ് നമുക്ക് റോയിയുടെ വീടുവരെ പോകാമെന്ന് സൂസന്ന പറയുന്നത്.  കണ്ണ്യാർമലയിലേക്ക് പത്തിരുപത് കിലോമീറ്റർ ദൂരമുണ്ടെന്ന് മാത്രമല്ല, റോഡ് അത്ര വെടിപ്പല്ല എന്ന് തോമസ് ഓർത്തു.  എങ്കിലും തന്റെ ഭാര്യാസഹോദരൻ ബൈക്കീന്ന് വീണ് കിടപ്പിലായിരുന്നപ്പോൾ കാണാൻ പോകാതിരുന്നതിന്റെ കുറ്റബോധം ഇതോടെ തീരട്ടെ എന്ന് തോമസിന് തോന്നി.   സൂസന്നയെ കാറിൽ ഇരുത്തി  ബ്രൗണീസിൽ നിന്നും റോയിയുടെ പിള്ളേർക്ക് പലഹാരങ്ങളും, തൊട്ടടുത്ത   കല്യാണിൽ നിന്നും  സൂസന്നയ്ക്കൊരു സാരിയും ധൃതിയിൽ വാങ്ങി.   സൂസന്ന കാണാതിരിക്കാൻ കല്ല്യാണിന്റെ പേരുള്ള ബാഗ് കാറിന്റെ ഡിക്കിയിൽ വെച്ച്, പലഹാരങ്ങൾ ഏൽപ്പിച്ച് തോമസ് കാറെടുത്തു.  ടൗൺ പരിധി കഴിഞ്ഞ്,  ഹൈവേയിൽ നിന്നും ഇടത്തോട്ട് കണ്ണ്യാർമലയിലേക്കുള്ള പാതയിലൂടെ ഏതാനും ദൂരം ചെന്നപ്പോൾ  താൻ വിചാരിച്ച പോലെ മോശമല്ല റോഡ്  എന്ന് അയാൾക്ക് തോന്നി.   കടുംപച്ചയും നിഴൽക്കറുപ്പും ചേർന്ന നിബിഢമായ വനത്തെ രണ്ട് ഇരുണ്ട ഭൂഗണ്ഡങ്ങളായി വിഭജിച്ച പാത മലമുകളിലേക്കുള്ള പിടിവള്ളിയായ വളഞ്ഞും പുളഞ്ഞും ഞാഞ്ഞുകിടന്നു.  ചുരം കയറിയെത്തുന്ന ടൗൺ കടന്ന് ഇടത്തോട്ടുള്ള ഇടുങ്ങിയ റോഡിലൂടെ ഒരു കിലോമീറ്ററോളമുണ്ട് റോയിയുടെ വീട്ടിലേക്ക്.  അല്പദൂരം കഴിഞ്ഞപ്പോൾ മുന്നോട്ട് പോകാനാവാത്ത വിധം റോഡിൽ ടാറിംഗ് നടക്കുന്നുണ്ടായിരുന്നു.  തോമസ് അടുത്തുള്ള ക്വാട്ടേഴ്സിന്റെ തുറന്നുകിടന്ന ഗെയിറ്റിനപ്പുറത്തേക്ക് കാർ പാർക്ചെയ്തു.  ക്വാർട്ടേഴ്സിന് പുറത്ത്, അവിടത്തെ താമസക്കാരായ നാല് പേർ വർത്തമാനം പറയുന്നുണ്ടായിരുന്നു.  ഏതോ ഉത്തരേന്ത്യൻ  ഗ്രാമഭാഷയിൽ അവർ ഉച്ചത്തിൽ സംസാരിക്കുകയും ഇടക്കിടെ പൊട്ടിച്ചിരിക്കുകയും ചെയ്തു.  മറ്റൊരുവൻ, ഇളംനീല ടീഷർട്ട് ധരിച്ച മെലിഞ്ഞ ശരീരമുള്ള ഇരുപത്തഞ്ചുകാരൻ കാർ പാർക്ക് ചെയ്തതിന് സമീപം മതിലോരം ചേർന്ന് അസ്വസ്ഥനായി ആരോടോ വീഡിയോകോളിൽ സംസാരിച്ചുകൊണ്ടിരുന്നു.

“തൊമാർ കൊഥ അമാർ ഖൂബ് മോനേ പോർചേ”  വീഡിയോ കോളിലെ പെൺകുട്ടി സങ്കടപ്പെട്ടു.

തോമസ് കാറിൽ നിന്നിറങ്ങി ചൂടിനെ പ്രാകിക്കൊണ്ട് സൂസന്നയ്ക്കൊപ്പം നടന്നു

”എന്നാ പണിയാ ചേടത്തീ.. ഒന്ന് വിളിക്കാൻ മേലായിരുന്നോ..!” അപ്രതീക്ഷിത അതിഥികളെ കണ്ട സന്തോഷത്തിലും റോയിയുടെ ഭാര്യ കെറുവിച്ചു.  

“എടീ നീയാ പോർക്കൊന്ന് ചൂടാക്ക്യേടീ..”  ഫ്രിഡ്ജിൽ നിന്നും രണ്ട് കുപ്പി ബിയർ എടുക്കുമ്പോൾ റോയ് പറഞ്ഞു.  ആദ്യത്തെ ഗ്ലാസ്സ് കാലിയാവുന്നോടൊപ്പം നാടിന്റെ ക്രമസമാധാനം നഷ്ടപ്പെടുന്നതിന്റെ കാര്യകാരണങ്ങൾ വിലയിരുത്തൽ നടന്നു.  രണ്ടാമത്തെ ഗ്ലാസ്സിനൊപ്പമാണ് കമ്പോളവിലയെക്കുറിച്ച് സംസാരിക്കാൻ തുടങ്ങുന്നത്. 

“എന്നാ അന്യായമായ വിലയിടിച്ചിലാ അളിയാ..!”

കുരുമുളകിന് കിലോയ്ക്ക് നാനൂറ്റി എൺപത് എന്ന് കേട്ടപ്പോൾ റോയ് പറഞ്ഞു.   അപ്പോഴാണ് തോമസ്സ് തന്റെ പേഴ്സ് കാറിൽ മറന്ന കാര്യം തോമസ് ഓർക്കുന്നത്.  കാർ ലോക്ക് ചെയ്തായിരുന്നോ എന്ന് റോയി ചോദിച്ചു.  തോമസ്സ് കാർ പാർക്ക് ചെയ്ത സമയം മുതലുള്ള കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു.  ഒടുവിൽ ഉവ്വ എന്ന് മറുപടി പറഞ്ഞു.

റിമോട്ട് അമർത്താതെ  ഡോർ തുറന്നത്  തോമസിനെ അതിശയിപ്പിച്ചു.  ആരോ കാറിന്റെ ഡോർ തുറന്നുവെന്ന സംശയത്തിന്റെ തീപ്പൊരി അയാളിൽ പൊടുന്നനെ മിന്നി.   പെട്ടെന്ന് സിഗരറ്റ്ലൈറ്ററിന് സമീപം പേഴ്സ് വച്ചിരുന്ന ഇടത്തേക്ക് അയാളുടെ കണ്ണുകൾ പാഞ്ഞു.

”ഡീ.. എന്റെ പേഴ്സ് ആരോ പൊക്കിയെടീ..”  അയാൾ പരിഭ്രാന്തനായി.

കർത്താവേ എന്നൊരു വിളി സൂസന്ന അറിയാതെ വന്നു.  രണ്ടുപേരും ചേർന്ന് കാറിനകത്ത് അരിച്ചുപെറുക്കി. 

“ഡാ.. റോയിയേ.. അച്ചാച്ചന്റെ പേഴ്സാരോ എടുത്തെടാ”  വെപ്രാളവും സങ്കടവും ചേർന്ന സ്വരത്തിൽ സൂസന്ന റോയിയെ വിളിച്ചു. റോയിയും ഭാര്യയും ഓടിവന്നു.  അവരുടെ അങ്കലാപ്പ് കണ്ട്, പെട്ടിക്കട നടത്തുന്ന ഇട്ടൂപ്പും കഞ്ചാവ് എന്ന് വിളിപ്പേരുള്ള പയ്യനും കൂടെക്കൂടി.

”ലോക്കല്ലായിരുന്നോ അളിയാ ?” വന്നപാടെ റോയി ചോദിച്ചു. 

“ഈ നാശം ചിലപ്പോഴൊന്നും വർക്ക് ചെയ്യത്തില്ല..”  റിമോട്ട് അമർത്തി തോമസ് പറഞ്ഞു.

“എന്നാ കാശ് കാണും..?!”

” ഒരു ഇരുപത്തഞ്ചും ചില്ലറേം”

പേഴ്സിൽ ആദ്യമേ ഉണ്ടായിരുന്ന കാശ്, കുരുമുളക് വിറ്റ് കിട്ടിയത്, പിട്ടാപ്പിള്ളിയിലും ബേക്കറിയിലും കല്യാണിലും കൊടുത്തത്, പെട്രോളടിച്ചത്; ഇവയെല്ലാം കൂട്ടിയും കുറച്ചും തോമസ് പറഞ്ഞു.

”നിങ്ങളിവിടാ വെച്ചേന്നൊറപ്പാണേ..?”  സൂസന്ന ചോദിച്ചു.  കണ്ണുമിഴിച്ചൊരു നോട്ടം കൊണ്ട് തോമസ് മറുപടി പറഞ്ഞു.

“ഇവമ്മാര് ചെയ്ത പണി തന്നാ..”  ക്വാർട്ടേഴ്സിലെ ഉത്തരേന്ത്യൻ തൊഴിലാളികളെ ചൂണ്ടി തോമസ് പറഞ്ഞു.

“ഞങ്ങള് പാർക്ക് ചെയ്യുമ്പോ, ഇവിടൊര് പയ്യൻ നിപ്പുണ്ടായിരുന്നു. ഒരു നീല ടീഷർട്ടിട്ട ഒരുത്തൻ.  അവനാവാനേ തരമുള്ളൂ.”  സൂസന്ന പറഞ്ഞു.  അത് കേട്ടതും, ഇവമ്മാർ കാരണം നാട്ടി ജീവിക്കാൻ പറ്റാതായീന്ന് ഇട്ടൂപ്പ് കൂട്ടിച്ചേർത്തു.  റോയി നേരെ ക്വാർട്ടേഴ്സിന് മുറ്റത്തേക്ക് നടന്നു.  മറ്റെല്ലാവരും പിറകേം.

”ഈ കാറീന്നെടുത്ത പേഴ്സ് വാപ്പസ് കരോ” എല്ലാവരോടുമായി റോയി പറഞ്ഞു.  അത് കേട്ട് മൂന്ന് പേരും അന്ധാളിച്ച് നിന്നു.  ഞങ്ങൾ എടുത്തില്ലെന്ന് ഒരുവൻ പറഞ്ഞു.

”ഡാ നാറികളെ… നിന്റെ കളി ബംഗാളില് മതി, ഇത്  കേരളമാ, കേരളം. ”  കഞ്ചാവ് ആക്രോശിച്ചു കൊണ്ട് ഒരുവൻ്റെ കഴുത്തിന് പിടിച്ചു.

“ബ്ലൂ ടീഷർട്ട് ലഡ്ക്കാ.. കിദർ.. ബുലാവോ”  സൂസന്ന തനിക്കറിയാവുന്ന ഹിന്ദിയിൽ പറഞ്ഞു.

അവൻ മൊബൈൽ റീചാർജ്ജ് ചെയ്യാൻ പോയതാണെന്ന് ഒരാൾ മറുപടി പറഞ്ഞു.

“അച്ചായാ..അവൻ മുങ്ങിയതാ..”  സൂസന്ന തോമസിനോട് രഹസ്യം പറഞ്ഞു.

റോഡ് നിർമ്മാണത്തിലേർപ്പെട്ടിരുന്നവർ തങ്ങളുടെ പണി നിർത്തി, ക്വാർട്ടേഴ്സിന് മുന്നിലെ നാട്ടുകാർക്കൊപ്പം ചേർന്നു.  നിമിഷങ്ങൾ കൊണ്ട് കാൽനടക്കാരും അയൽക്കാരും ചേർന്ന് വലിയൊരു ആൾക്കൂട്ടമായി.  ഇവമ്മാർ വലിയൊരു ശല്യം തന്നെയെന്ന് ഭൂരിപക്ഷം അഭിപ്രായപ്പെട്ടു.  തോമസ്സ് ചെന്ന്, തന്റെ നെഞ്ചിലേക്ക് വിരൽചൂണ്ടി, നാല് പിള്ളേരോടുമായി പറഞ്ഞു.

“ദേഖോ.. എക്സ് മിലിട്ട്റി ഹേ  മേം.  സംജ്ജാ..?  ഫൗജി,    തുംലോഗ് ഏക് ഫൗജീ കാ പേഴ്സ് ചുരായാ ?  ഛോഡേഗാ നഹി, ദേഖ്നാ. “

പോലീസിൽ അറിയിക്കാൻ തീരുമാനമായി.  റോയിയുടെ ബൈക്കിൽ തോമസും റോയിയും കണ്ണ്യാർമല പോലീസ് സ്റ്റേഷനലിലെത്തി.

എംഡിഎംഎ വിൽപ്പനക്കിടയിൽ പിടിക്കപ്പെട്ട രണ്ട് ആൺകുട്ടികളെയും അത് വാങ്ങാനെത്തിയ  പെൺകുട്ടികളേയും ചോദ്യം ചെയ്യുന്ന തിരക്കിലായിരുന്നു സബ് ഇൻസ്പെക്ടർ.   സ്റ്റേഷൻ റൈറ്ററുടെ അരികേ നിൽക്കുമ്പോൾ, ഇന്ന് നല്ല തിരക്കാണേ  സമയമെടുക്കേ എന്ന് റൈറ്റർ റോയിയോട് പറഞ്ഞു.  അപ്പോഴാണ് തോമാച്ചോ എന്നതാ ഇവിടെ എന്ന് ആരോ വിളിച്ച് ചോദിക്കുന്നത്.  തന്റെ പഴയ സുഹൃത്ത് ഹരീന്ദ്രനെ കണ്ടപ്പോൾ തോമസ് അത്ഭുതപ്പെട്ടു.

“രണ്ട് മാസായി ഇവിടെ, റിട്ടയർമെൻറിന് മുമ്പ് ഇങ്ങോട്ടൊര് ട്രാൻസ്ഫർ.  വിത്ത് പ്രൊമോഷൻ സർക്കിളായിട്ട്.  കഷ്ടിച്ച് രണ്ടാഴ്ച ബാക്കിണ്ട്, സർവീസ്.  നിങ്ങളെന്താ ഇവിടെ ”  സർക്കിൾ ഇൻസ്പെക്ടർ ഹരീന്ദ്രൻ പറഞ്ഞു. 

തോമസ് നടന്ന കാര്യം വിശദീകരിച്ചു.  കാറിനടുത്തുണ്ടായിരുന്ന പയ്യൻ അവിടെ നിന്നും മന:പൂർവ്വം മാറിനിൽക്കുകയാണെന്നും അയാൾ കൂട്ടിച്ചേർത്തു.

“ഞങ്ങൾക്കിപ്പോൾ മയക്കുമരുന്ന് പിടിക്കുക എന്നതാണ് മെയിൻ പരിപാടി.  ഇവമ്മാരിതൊക്കെ കുത്തിക്കേറ്റി ഒണ്ടാക്കുന്ന പൊല്ലാപ്പ് വേറേം.   കളവ്, കൊലപാതകം, റേപ്പ് പിന്നെ പോക്സോ; ഇരുപത്തയ്യായിരം രൂപ പോയതൊന്നും ഒരു കേസല്ലച്ചായാേ.”  സിഐ ഹരീന്ദ്രൻ പറഞ്ഞു.

തുക എത്രയെന്നതല്ല,  തന്റെ പേഴ്സ് ഒരുത്തൻ മോഷ്ടിച്ചു എന്നതാണ് തന്റെ പ്രശ്നമെന്ന് തോമസ് പറഞ്ഞു.

“ഒരു കാര്യം ചെയ്യാം.  ഞാനിന്ന് ഹാഫ്ഡേ പോവാനിരിക്ക്വാ.  അച്ചായന്റെ കാര്യല്ലേ. അടുത്താണെങ്കിൽ ഞാൻ തന്നെ വരാം”

ഒപ്പമുണ്ടായിരുന്ന കോൺസ്റ്റബിൾ കാറിനകത്ത്  അരിച്ചുപെറുക്കി.  പോലീസ് വാഹനം കണ്ടതും കൂടുതൽ പേർ ക്വാർട്ടേഴ്സിന്റെ ഗെയിറ്റിന് സമീപം തടിച്ചുകൂടി.   മുന്നിൽ അപ്പോഴേക്കും താമസക്കാരായ ഏഴോളം പേർ നിൽപ്പുണ്ടായിരുന്നു.  മുന്നിലെത്തിയ സിഐ ഹരീന്ദ്രനെ കണ്ട് അവർ ഭയന്നു.

“മാറി നിക്കടാ..”  സിഐ അവരെ നോക്കി ആക്രോശിച്ചു.  ഭയന്ന് വിറച്ച് അവർ മുറ്റത്ത് വരിവരിയായി നിന്നു.  സിഐ ഹരീന്ദ്രൻ അവരെ രൂക്ഷമായി നോക്കി.

“വേം പറ, ആരാ പേഴ്സ് എടുത്തത്..?”

“നമ്മൾ ആറും എഡ്ത്തില്ല സർ..”  കൂട്ടത്തിൽ ഒരാൾ പറഞ്ഞു.

“പേരെന്താടാ നിന്റെ..?”

“മുന്ന”

“എവിടുന്നാ?”

“ബംഗാൾ സർ”

“ബംഗാൾ ഓർ ബംഗ്ലാദേശ്..?”

“സിലിഗുരി സർ, വെസ്റ്റ്ബംഗാൾ”

“നീയോടാ..?”

“സഞ്ജീവ് കുമാർ, ബീഹാർ സേ സർ”

“ലുക്മാൻ അഹ്മദ്, ഛത്തീസ്ഗഡ് “

“സിഡ്നി,  ഒറീസ്സ “

നാല് പേർ തങ്ങളുടെ പേരും സ്ഥലവും പറയുമ്പോഴേക്കും സിഐ പൊട്ടിച്ചിരിച്ചു.  “നാല് സ്റ്റേറ്റിന്നായിട്ടും നീയൊക്കെ ഒരു പോലിരിക്കുന്നല്ലോഡാ..”  ശേഷം മുന്നയുടെ അടുത്ത് ചെന്ന്, അയാളുടെ കണ്ണിൽ രൂക്ഷമായി നോക്കി,

“യേ ദേഖോ…. ”  ഹരീന്ദ്രൻ തന്റെ മീശ പിരിച്ചു.  “ഇത് മലയാളി.  മലയാളിയോടാ നിന്റെയൊക്കെ കളി.  തീർക്കും ഞാൻ നിന്നെയൊക്കെ.,  മര്യാദയ്ക്ക് എടുത്ത പേഴ്സ് തിരിച്ച് കൊട്”

കാറിന് സമീപമിരുന്ന് ഫോൺ ചെയ്തിരുന്ന പയ്യൻ ഈ കൂട്ടത്തിലില്ല എന്ന് തോമസ് സിഐ ഹരീന്ദ്രനോട് പറഞ്ഞു.  അകത്ത് വേറെ ആരൊക്കെയുണ്ടെന്ന്  നോക്കി വരാൻ സിഐ കോൺസ്റ്റബിളിനോട് പറഞ്ഞു.  അല്പസമയം കഴിഞ്ഞതും, കുളിച്ച്കൊണ്ടിരിക്കുകയായിരുന്ന ഒരു പയ്യനെയും കൊണ്ട് കോൺസ്റ്റബിൾ പുറത്തേക്ക് വന്നു.  അവന്റെ ദേഹം മുഴുവനും തലയും സോപ്പിൽ പുതഞ്ഞിരുന്നു.  അടിവസ്ത്രം മാത്രം ധരിച്ചിരുന്ന അവൻ ആൾക്കൂട്ടത്തിന് മുന്നിൽ പൂർണ്ണനഗ്നനായി നിന്നു. 

“ഇവൻ തന്നെ ” തോമസ് പറഞ്ഞു.

“എന്താടാ നിന്റെ പേര്.. ” ഹരീന്ദ്രൻ ചോദിച്ചു.  അവൻ ഒന്നും മിണ്ടിയില്ല.

തലതാഴ്ത്തി നിന്ന അവന്റെ ശരീരം നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു. സിഐ വീണ്ടും ചോദിച്ചു.  മൂന്നാമതും ഉത്തരമില്ലാഞ്ഞപ്പോൾ അവന്റെ മുഖത്ത് ആഞ്ഞൊരു അടികൊടുത്ത് അലറി.

“നാം ക്യാഹേ  തുമ്ഹാരാ..?”

“കരൺ..”  പേടിച്ച് വിറച്ച് അവൻ പറഞ്ഞു.

കഴിഞ്ഞ ആഴ്ച അവന്റെ വിവാഹമായിരുന്നുവെന്നും, അവൻ ഇന്ന് രാവിലത്തെ ട്രെയിനിൽ എത്തിയതേ ഉള്ളൂവെന്നും മുന്ന സിഐ ഹരീന്ദ്രനോട് പറഞ്ഞു.  സിഐ കോൺസ്റ്റബിളിനോട്  മുറിയിൽ പരിശോധിക്കാൻ പറഞ്ഞു.  റോയിയും നാട്ടുകാരും പരിസരം മുഴുവനും അരിച്ച്പെറുക്കാൻ തുടങ്ങി.  അവർ വാഴക്കൂട്ടത്തിലും, കൂട്ടിയിട്ട വിറകുകൾക്കിടയിലും കിണറിലുമെല്ലാം അന്വേഷിച്ചു.  മതിനലപ്പുറമുള്ള പറമ്പിലേക്ക് മൂന്നുനാലുപേർ ചെന്നു നോക്കി.

കുറച്ചുസമയം കഴിഞ്ഞ് കോൺസ്റ്റബിൾ ഒരു മൊബൈൽ ഫോണുമായി തിരികെ വന്നു.   അത് നിർത്താതെ ബെല്ലടിക്കുന്നുണ്ടായിരുന്നു.  കരണിന്റെ ഫോണായിരുന്നു അത്.  സിഐ അത് വാങ്ങി കോൾ കട്ട് ചെയ്തു. വീണ്ടും ബെല്ലടിച്ചപ്പോൾ അയാൾ അരിശം കൊണ്ട് പുലമ്പി.  മൂന്നാം തവണ അയാൾ ഫോണെടുത്തു.  വീഡിയോകോളിൽ ഒരു പെൺകുട്ടി പ്രത്യക്ഷപ്പെട്ടു.  സ്ക്രീനിൽ ഒരു പോലീസിനെ കണ്ട് പരിഭ്രമിച്ച അവൾ “കരൺ..” എന്ന് മാത്രം  ചോദിച്ചു.   അവൻ പേഴ്സ് മോഷ്ടിച്ചുവെന്ന് അയാൾ ഒരുവിധം ഹിന്ദിയിൽ പറഞ്ഞൊപ്പിച്ച് ഫോൺ വീണ്ടും കട്ട് ചെയ്തു.

ക്വാർട്ടേഴ്സും പരിസരവും അന്വേഷിച്ചവർക്കാർക്കും പേഴ്സ് കണ്ടെത്താനായില്ല. 

“തോമാച്ചന് ഉറപ്പാണോ..? ഇവൻ തന്നെയാണോ?”

സിഐ ഹരീന്ദ്രൻ തോമസിനെ അടുത്തേക്ക് വിളിച്ച് ചോദിച്ചു.  നൂറുശതമാനം ഉറപ്പാണെന്ന് തോമസ് പറഞ്ഞു.

ലോക്കപ്പിലിരുന്ന് കരൺ പൊട്ടിക്കരഞ്ഞു.  പിന്നീട് ഞാൻ കള്ളനല്ലെന്ന് പുലമ്പിക്കൊണ്ടിരുന്നു.  ഏതു വിധമായാലും അവൻ സത്യം പറയണമെന്ന് സിഐ ഹരീന്ദ്രൻ, കോൺസ്റ്റബിൾ സാബുവിനോട് പറഞ്ഞു.  സ്റ്റേഷനിലെ ഇടിമുറിയിൽ സാബുവിന്റെ അടിയേറ്റ് കരൺ പിടഞ്ഞു.  ഓരോ അടിയിലും കരൺ താൻ കള്ളനല്ല എന്ന് നിലവിളിച്ച് കരഞ്ഞു.  പ്രകോപിതനായി സാബു അവനെ തൂക്കിയെറിഞ്ഞു.    ഒരു മൂലയിൽ കരൺ ബോധമില്ലാതെ കിടന്നു.

രാത്രിയിൽ സിഐ ഹരീന്ദ്രൻ തോമസിന് ഫോൺ ചെയ്തു.

“തോമാച്ചാ, ആദ്യമൊന്നും അവൻ സമ്മതിച്ചില്ല.  സാബു കൈകാര്യം ചെയ്തിട്ടാ ഒടുവിൽ സമ്മതിച്ചത്. തെളിയാത്ത വേറെ നാലഞ്ച് കേസും അവൻ്റെ പേരിലാക്കും.  നാളെ രാവിലെ കോടതീല് ഹാജരാക്കും. അത് കഴിഞ്ഞ് ഞാൻ വിളിക്കാം.  അപ്പോ  തോമാച്ചൻ ഇങ്ങ് പോന്നാ മതി”

രാവിലെ ബ്രേക്ക്ഫാസ്റ്റിന് ശേഷം തോമസ് സിഐ ഹരീന്ദ്രന്റെ ഫോൺകോളിന് കാത്തിരുന്നു.  ടിവി കണ്ട് മുഷിഞ്ഞപ്പോൾ അയാൾക്ക് കാർ കഴുകിയിടാമെന്ന ആലോചന വന്നു.  കഴുകിക്കഴിഞ്ഞ്, കാറിന്റെ പിൻഭാഗം തുറന്നപ്പോൾ സൂസന്നയ്ക്ക് വാങ്ങിയ സാരിയുള്ള ബാഗ് കാണപ്പെട്ടു.  സൂസന്നയെ വിളിച്ച്,  ഇന്നലെ നിനക്കൊരു സർപ്രൈസ്  തരാൻ മറന്നെന്നും പറഞ്ഞ് ബാഗ് കൈമാറി.  ബാഗ് വാങ്ങുമ്പോൾ സാരിയാണോ അച്ചാച്ചാ എന്ന് അത്ഭുതപൂർവ്വം ചോദിച്ചു.   ശേഷം ബാഗുമായി അവർ വീടിനകത്തേക്ക് നടന്നു.

“അച്ചാച്ചാ.. ഒന്നിങ്ങ് വന്നേ ” സൂസന്ന അകത്തുനിന്നും ഉറക്കെ വിളിച്ചു.

തോമസ് തന്റെ ബുള്ളറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ പാർക്ക് ചെയ്ത് ധൃതിയിൽ സ്റ്റേഷനിലേക്ക് നടന്നു.

“സി ഐ ഹരീന്ദ്രൻ സാറ്..?  ഞാൻ കുറേ വിളിച്ചു, കിട്ടീല”  തോമസ് റൈറ്ററോട് ചോദിച്ചു.

“സാറിൻ്റെ അമ്മയ്ക്ക് രാവിലെ സുഖമില്ലാതായി.  സാറ് നേരെ കോടതില് വരും.  ആ.. പിന്നെ നിങ്ങടെ മറ്റേ പ്രതിയെ കോടതിലേക്ക് കൊണ്ടു പോയിട്ടുണ്ട്.

തോമസ് കോടതിയിലെത്തിയപ്പോൾ സിഐ കോടതിക്കകത്തായിരുന്നു.  കുറച്ച് സമയത്തിന് ശേഷം അയാളും മറ്റൊരു പോലീസുകാരനും ചേർന്ന് പ്രതി കരണുമായി പുറത്തേക്ക് വന്നു.  അവന്റെ മുഖത്തും നെറ്റിയിലും മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നു.  കീഴ്ചുണ്ടിൽ രക്തം കരുവാളിച്ച് കിടന്നു.  തോമസിനെ കണ്ടതും സിഐ ഹരീന്ദ്രൻ അടുത്തേക്ക് വിളിച്ചു.

“പത്ത് ദിവസത്തെ കസ്റ്റഡി, തോമാച്ചൻ ആ സംഭവസ്ഥലത്തേക്ക് വാ.. ”  തോമസ് ഒന്ന് പരുങ്ങി.  അയാൾ സിഐ ഹരീന്ദ്രനെ അല്പം ദൂരത്തേക്ക് വിളിച്ചു.

“അതേയ്.. ഹരീന്ദ്രാ, എനിക്കിന്നലെ ഒരബദ്ധം പറ്റിയതാ.  ഇന്നലെ  സൂസന്നയ്ക്കൊര് സാരി വാങ്ങ്യാര്ന്നേ.. കല്യാണീന്ന്.. ഡിക്കിലാ വെച്ചിര്ന്നതേ..  ആ സാരിയുടെ ബാഗിൽ പേഴ്സ് കിടപ്പുണ്ടായിരുന്നു.   ഇന്നലെ ഡിക്കില് നമ്മൾ നോക്കിയതേ ഇല്ല.  ഈ പയ്യനെ.. “

“ഒരു മാതിരി മറ്റേ വർത്താനം പറയരുത് തോമാച്ചാ.. ” സിഐ ക്ഷുഭിതനായി. 

“റിട്ടയർമെൻറിന് പത്തേ പത്ത് ദിവസേ ഉള്ളൂ.  അതിന് മുമ്പാ നിങ്ങള് കാരണം ഇങ്ങനൊര് അബദ്ധം.. ”   അയാൾ പല്ലുകളിറുമ്മി.  തോമസ് ഒന്നും പറയാതെ നിന്നു.

“വാ.. പറയട്ട്, തോമാച്ചനും ജീപ്പിൽ കയറ്.  ആദ്യം ആ പയ്യനെ തെളിവെടുപ്പിന് കൊണ്ടുപോണം.”

തോമസിനോട് ജീപ്പിന്റെ മുന്നിൽ കയറാൻ പറഞ്ഞു. സിഐ ഹരീന്ദ്രൻ സ്വയം വാഹമോടിച്ചു.  ഡ്രൈവറും ഒരു പോലീസുകാരനും പ്രതിയും ജീപ്പിന്റെ പിറകിൽ കയറി.

“പലർക്ക് വേണ്ടിയും കള്ളക്കേസിൽ പലരേം പ്രതിയാക്കിയിട്ടുണ്ട്.  പല പ്രതികളേം കേസില്ലാതെ വിട്ടിട്ടും ഉണ്ട്.  ഇഷ്ടം പോലെ പണം എണ്ണി വാങ്ങിയിട്ടുമുണ്ട്.  പക്ഷേ, ഇത് നിങ്ങൾ തന്നതൊരൊന്നര പണിയായിപ്പോയല്ലോ തോമാച്ചാ..”  ഡ്രൈവ് ചെയ്യുമ്പോൾ  പതിഞ്ഞ സ്വരത്തിൽ ഹരീന്ദ്രൻ പറഞ്ഞു.

“ഹരീന്ദ്രാ.. വേണ്ടതെന്താന്ന് വെച്ചാൽ ഞാൻ ചെയ്യാം “

“നിങ്ങളൊന്നും ചെയ്യണ്ട, സർവീസിൻ്റെ അവസാനം ഇങ്ങനൊര് അബദ്ധം പറ്റീന്ന് ഡിപ്പാർട്ട്മെൻറിലറിഞ്ഞാൽ, അതെനിക്കൊര് കുറച്ചില് തന്നെയാ.. ഒന്നാലോചിച്ച് നോക്കിയേ, തോമാച്ചന്റെ റിട്ടയർമെൻറിന് തൊട്ട് മുമ്പൊരു കോർട്ട്മാർഷ്യല്.. “

തോമസ്   വീണ്ടും മൗനം പൂണ്ടു.  ഏറെ നേരം അവരൊന്നും സംസാരിച്ചില്ല.  തോമസ് ഇടയ്ക്ക് റിയർവ്യൂ മിററിൽ ആ പയ്യനെ നോക്കി.

ചുരം കയറുന്നതിന് തൊട്ടുമുമ്പാണ് അത് സംഭവിച്ചത്.  മുന്നിലെ വാഹനം പെട്ടെന്ന് നിന്നപ്പോൾ ഇടിച്ചു ഇടിച്ചില്ലെന്ന മട്ടിൽ സിഐ ഹരീന്ദ്രൻ ബ്രേക്കിട്ടു.   ജീപ്പ് ഒന്ന് ഉലഞ്ഞു.  ഒരു നിമിഷം, കരൺ ജീപ്പിൽ നിന്നും ചാടി റോഡിന് മറുവശം കുറ്റിക്കാട്ടിലേക്ക് മറഞ്ഞു.

“പൊലയാടി മോൻ..” സിഐ ഹരീന്ദ്രൻ ആക്രോശിച്ചു.  മൂന്ന് പോലീസുകാരും തോമസ് കരണിന് പിന്നാലെ ഓടി.  ആ സമയം ബൈക്കിലെത്തിയ രണ്ട്പേർ, കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയവർ,  പ്രതിയെ പിടിക്കാൻ പോലീസ്കാർക്കൊപ്പം ചേർന്നു.  ഓട്ടോസ്റ്റാൻ്റിലെ ഡ്രൈവർമാരും കള്ളുഷാപ്പിന്റെ പിറകിലെ മുച്ചീട്ട്കളിക്കാരും നാട്ടുകാരും ചേർന്നൊരു ആൾക്കൂട്ടം, പ്രതിയെ പിടിക്കാൻ, നീതി നടപ്പിലാക്കാൻ  സ്വയംസേവകരായി. 

വനത്തിനുള്ളിൽ മുള്ളുകളും കുപ്പിച്ചില്ലും കൊണ്ട മുറിവുകളിൽ നിന്നും രക്തമൊഴുക്കി, ദിക്കറിയാതെ  കരൺ ഓടി.   കാടിനെ അറിയുന്ന ആൾക്കൂട്ടത്തെ ഏറെ പിന്നിലാക്കി, കാടറിയാത്ത ഒരുവൻ, തന്നെ കള്ളനെന്ന് വിളിക്കാത്ത രാജ്യം തേടി  ഓട്ടം തുടർന്നു.  തളരുമ്പോൾ തടിച്ച മഹാഗണി മരത്തിന് പിറകിൽ ഒളിച്ച് ശ്വാസമെടുത്തു.  വരണ്ട നാവിലേക്ക് കണ്ണുനീർ  ഗതിമാറിയൊഴുകി.  കണ്ണുകൾ അടഞ്ഞപ്പോൾ ഒരുവളുടെ മുഖം മനസ്സിൽ തെളിഞ്ഞു.  ഒരു മായപോലെ അവൾ അവന്റെ മുന്നിലേക്കിറങ്ങി വന്നു.  പ്രണയപൂർവ്വം അവൻ്റെ  കവിളിൽ  തൊട്ടു.  അവളുടെ മിഴികൾ കനത്ത് നിശ്ശബ്ദമായൊരു പെയ്യാമഴ തളം കെട്ടിനിന്നു

“തൊമാർ കൊഥ അമാർ ഖൂബ് മോനേ പോർചേ”  നിറഞ്ഞ കണ്ണുകളോടെ അവൾ പറഞ്ഞു

ഇലകൾ  ഞെരിഞ്ഞമരുന്ന ശബ്ദം കേട്ടപ്പോൾ അവൻ കണ്ണുകൾ തുറന്നു.  വീണ്ടും എഴുന്നേറ്റ് ഓട്ടം തുടർന്നു. തോമസിന് മാത്രമാണ് കരൺ ദൃശ്യമായത്.  അവൻ ഒരു തോടിലേക്ക് ചാടിയിറങ്ങുന്നത് തോമസ് ദൂരെ നിന്നും കണ്ടു.   ഒരാളുടെ ആഴമുള്ള വറ്റിവരണ്ട ഒരു തോട്.   തോട്ടിലെ ഒരു കൂറ്റൻ കല്ലിലിരുന്ന് കരൺ കിതയ്ക്കുകയായിരുന്നു.  തോമസ് തോട്ടിലേക്ക് ചാടി അവനെ പിടിച്ചു.  തന്റെ സർവ്വശക്തിയുമെടുത്ത് അയാളെ തള്ളിമാറ്റാൻ ശ്രമിച്ച് പരാജയപ്പെട്ടു.  ഒടുവിൽ തോമസിന്റെ കൈത്തണ്ടയിൽ ആഴത്തിൽ കടിച്ച് അയാളെ തള്ളിമാറ്റി. അതിവേഗം മറുഭാഗത്തേക്ക് വലിഞ്ഞുകയറി.  ശേഷം, വലിയൊരു പാറക്കല്ലെടുത്ത് ഇരുകൈകൾ കൊണ്ട് ഉയർത്തി, താഴെയുള്ള തോമസിനെ ലക്ഷ്യം പിടിച്ചു.

“തോമാച്ചാ കയറി വാ.. ”  തന്റെ സർവീസ് റിവോൾവർ കരണിന് നേരെ ചൂണ്ടി സിഐ ഹരീന്ദ്രൻ അലറി.  മറുകൈകൊണ്ട് അയാൾ തോമസിനെ കയറി വരാൻ സഹായിച്ചു.

“ഇവൻ.. എന്റെ.. ഈ സിഐ ഹരീന്ദ്രന്റെ കസ്റ്റഡീന്ന് ഓടിപ്പോയ ഈ പൊലയാടി മോൻ, ഇനി ജീവിച്ചിരിക്കരുത്.  അങ്ങനൊര് ചരിത്രം ഈ ഹരീന്ദ്രനുണ്ടാവരുത് ”  അതിയായി കിതച്ചുകൊണ്ട് സിഐ ഹരീന്ദ്രൻ പറഞ്ഞു.

“തോമാച്ചോ.. ഇനി ജീവിച്ചാലും ഇവന് കള്ളനായേ ജീവിക്കാൻ പറ്റൂ.  കഷ്ടമല്ലേ തോമാച്ചാ, കള്ളനല്ലാത്ത ഒരുവന് കള്ളനായി ജീവിക്കേണ്ടി വരിക., അതുകൊണ്ട്….”  അയാൾ ഭ്രാന്തമായി ചിരിച്ചു.

“ഒരൊറ്റ വഴിയേ ഉള്ളൂ. എൻകൗണ്ടർ.. നമുക്കിവനെയങ്ങ് തീർക്കാം.  പക്ഷേ അത് തോമാച്ചൻ തന്നെ ചെയ്യണം.  തോമാച്ചനും വേണ്ടേ തോമാച്ചാ ചെറിയൊര് ശിക്ഷ.. നിങ്ങളുടെ മറവിയല്ലേ  എന്നെയും ഇവനേയും ഇവിടെ വരെ.. ”  അയാൾ വീണ്ടും ചിരിച്ചു.  റിവോൾവർ തോമസിന് നേരെ നീട്ടി.  അയാൾ അത് വാങ്ങാൻ മടിച്ചു.

“തോമാച്ചോ,  തോമാച്ചന് വേറെ വഴിയില്ല..”

തോമസ് റിവോൾവർ വാങ്ങി കരണിന് നേരെ ചൂണ്ടി. കണ്ണുകളടച്ചു.  ഒരു നിമിഷത്തിന്റെ ഇടവേളയിൽ വീണ്ടും തുറന്നപ്പോഴേക്കും മുന്നിൽ കറുത്ത കരിങ്കൽ തൂണുകൾ വരിവരിയായി ഉയർന്ന് വന്നു.  അതിൽ വള്ളിപ്പടർപ്പ് പോലെ മുൾകമ്പികൾ പടർന്നു.  കമ്പിവേലിക്കിരുവശവും രണ്ട് രാജ്യങ്ങളുണ്ടായി.  അതിർത്തിക്കപ്പുറം  ഒരാൾ നിന്ന് കിതച്ചു.  ഭയത്തിന്റെ തീക്കൊളുത്ത് അവന്റെ കണ്ണുകളിൽ പടർന്നു.

അയാൾ ഭീകരവാദിയാണോ?

നിശ്ചയമില്ല.

അയാൾ അഭയാർത്ഥിയാണോ?

നിശ്ചയമില്ല.

ഒരേ ഒരു കാര്യം നിശ്ചയമാണ്. 

അതിർത്തിക്കപ്പുറത്താണോ അയാൾ നിൽക്കുന്നത്.  എങ്കിൽ തീർച്ചയായും ശത്രുവാണ്.

തോമസിന് എതിർവശം നിൽക്കുന്നവന്റെ നെഞ്ച് മാത്രം കാണാം.  ആ നെഞ്ചിൻ പിടപ്പ് മാത്രം കേൾക്കാം.

തോമസിന്റെ വിരൽ കാഞ്ചിയിൽ അമർന്നു. 

ദീനമായി കരഞ്ഞ്, കാടിളക്കി, പറവകൾ പറന്നു.

ഇരുപത് വർഷമായി ദുബായിൽ സെയിൽസ്‌ മാനേജർ ആയി ജോലി ചെയ്യുന്നു. പയ്യന്നൂർ രാമന്തളി സ്വദേശി.