പെൺസുന്നത്ത് (നോവല്‍) : അനാചാരങ്ങള്‍ക്കു മേല്‍ തീമഴയായൊരു പെണ്ണെഴുത്ത്

വായനക്കെടുക്കുമ്പോള്‍ തന്നെ ഈ പുസ്തകത്തിൻ്റെ പേരില്‍ ഒരുവട്ടം കൂടി കണ്ണുടക്കും, പേരു തന്നെ പൊതുസമൂഹത്തിൽ ഒരു നെറ്റിചുളിക്കലിനു കാരണമായേക്കാവുന്നത് !. ഏറ്റെടുത്ത വിഷയം ഒരു ചെറിയ പ്രദേശത്തിന്റെ മാത്രം പ്രത്യേകതയുമല്ല. അതിലൊരു പഠനവും, സൂക്ഷ്മമായ വിലയിരുത്തലും ആവശ്യവുമാണ്. ഇങ്ങനെ ഏതൊരു വിധത്തിലും ഒട്ടും അനുകൂലമായ ഒരു സാഹചര്യത്തിൽ നിന്നുകൊണ്ടല്ല അനിത ശ്രീജിത്ത്, തൻ്റെ ആദ്യ നോവൽ ‘പെൺസുന്നത്ത്’ എഴുതിയിരിക്കുന്നത്. പുസ്തകത്തിൻ്റെ കുറേഭാഗം എഫ് ബി യിലൂടെ സുഹൃത്തുക്കൾക്കിടയിൽ ചർച്ച ചെയ്യപ്പെട്ടതും അന്നേ ശ്രദ്ധിക്കപ്പെട്ടതുമാണ്. ചിത്രകാരി കൂടിയായ എഴുത്തുകാരി ഗവേഷണത്തിൻ്റെ ഭാഗമായി അറിയുകയും, പിന്നീട് അതേക്കുറിച്ചു ധാരാളം പഠനങ്ങൾ നടത്തിയശേഷം എഴുതുകയും ചെയ്ത പുസ്തകമാണിത്.

ആഫ്രിക്കൻ രാജ്യങ്ങളിലെ ഗോത്രവർഗ്ഗക്കാർക്കിടയിൽ കാലങ്ങളായി തുടർന്നു വരുന്ന ഏറ്റവും വേദനാജനകവും സ്ത്രീവിരുദ്ധവുമായ അനാചാരമാണ് പെൺകുഞ്ഞുങ്ങളിൽ നടത്തുന്ന ചേലാകർമ്മം. എന്നാൽ അതിശയത്തോടെ തന്നെ പറയട്ടെ, നമ്മുടെ രാജ്യത്തും, എന്തിനു വിദ്യകൊണ്ട് ഏറെ പ്രബുദ്ധരായവരുടെ നാടായ നമ്മുടെ സംസ്ഥാനത്തുപോലും ഒളിഞ്ഞും തെളിഞ്ഞും ഈ അനാചാരം നടമാടുന്നു. ആ അനാചാരത്തിലെ സ്ത്രീവിരുദ്ധത, ബാലികാപീഡനം, ബാലാവകാശ ധ്വംസനം എന്നീവ വളരെ ഭദ്രമായി, തികഞ്ഞ അവധാനതയോടെ ഈ നോവലിൽ പ്രതിപാദിക്കുന്നു. നോവൽ പരിസരം പൂർണ്ണമായും ആഫ്രിക്കയാണ്. പരിചിതമല്ലാത്ത ധാരാളം വാക്കുകൾ ഈ നോവൽ ഉൾക്കൊള്ളുന്നുണ്ട്. ഒട്ടും പരിചിതമല്ലാത്ത സംസ്കാരവും ഭൂപ്രകൃതിയും, എന്തിനു മനുഷ്യചിന്തകൾ പോലും വായനക്കാരിലേക്കു അനായാസം പകർന്നു തരുവാൻ എഴുത്തുകാരിക്കു സാധിക്കുന്നു.

നോവലിന്‍റെ ആമുഖ വായനയ്ക്കു വളരെ പ്രധാന്യമുണ്ട് ഈ കൃതിയെ സംബന്ധിച്ച്. എന്തിനുവേണ്ടിയാണ് ഒരു രചന എന്ന, ഓരോ രചയിതാവും സ്വയം ഉയർത്തേണ്ട ചോദ്യവും അതിനു നൽകുന്ന ഉത്തരവും ഇതിൻ്റെ ആമുഖത്തിൽ നിന്നും നമുക്കു കണ്ടെത്താം. ഏറ്റവും വേദനാജനകമായ, അങ്ങേയറ്റം സ്ത്രീവിരുദ്ധമായ ഒരു ആചാരം. അതു നമ്മുടെ നാട്ടിലും ഇപ്പോഴും സംഭവിക്കുന്നു എന്നതിലെ ഞെട്ടൽ, ഇതിൽ നിന്നുമാണ് ‘പെൺസുന്നത്ത്’ ഉയിർ കൊള്ളുന്നത്. അസാധാരണമായ ഭാഷാ പാടവം ഇതിൽ അനിത ശ്രീജിത്ത് കാഴ്ചവയ്ക്കുന്നുമുണ്ട്. എന്തിന് എന്ന ചോദ്യത്തിനുത്തരമായി വായന ആരംഭിക്കുമ്പോൾ മുതൽ വായനക്കാരൻ്റെ ഹൃദയത്തെ കവർന്നെടുക്കുന്ന ഹൃദ്യമായ രചനാശൈലി യാതൊരു തടസ്സവും കൂടാതെ വായന മുന്നേറുവാൻ സഹായിക്കുന്നു. ചെറിയ തലക്കെട്ടുകളിൽ ഭാഷാപരമായ കൃത്രിമത്വങ്ങളില്ലാതെ ആരംഭിക്കുന്ന രചന.

കടലാഴം എന്ന അധ്യായത്തിൽ നിന്നു നോവൽ ആരംഭിക്കുമ്പോൾ, പ്രാണൻ പരസ്പരം കൈമാറിയ യുവമിഥുനങ്ങളെക്കാണാം. എന്നാൽ യുവത്വത്തിൻ്റെ ആവേശത്തിൽ, തികച്ചും അസ്ഥിരമായ രാഷ്ട്രീയ കാലാവസ്ഥയുള്ള, ആഭ്യന്തര യുദ്ധങ്ങൾ ദിനചര്യയായ ഒരു രാജ്യത്തെ കടൽത്തിരത്തേക്കുള്ള അവരുടെ ആ യാത്ര ദുരന്തങ്ങളിലേക്കായിരുന്നു. ഭർത്താവായ ജിത്തുവിനെ ആക്രമിച്ച് താരയെന്ന ഭാര്യയെ അക്രമികൾ തട്ടിക്കൊണ്ടു പോകുന്നു. ഇനി നമ്മൾ ചെന്നുപെടുന്നത്, അനിശ്ചിതത്വത്തിൻ്റേയും അപരിചിതത്വത്തിൻ്റേയും ഭൂമികയിലാണ്. ഓരോ നിമിഷവും ആകാംക്ഷയാണ്. ഇവിടെ അവളെ കാത്തിരിക്കുന്നതു മരണമെന്ന ദയയായിരുന്നില്ല. അവളെ ആരും കൊന്നില്ല. പകരം, അവളെ ഒരു ഗോത്ര ഗ്രാമത്തിലേക്ക് എത്തിച്ചു. പരിചിതമായ മുഖമോ ഭാഷയോ ഇല്ലാത്ത ഗോത്ര ഗ്രാമം. അമ്പരപ്പും ഭയവും കൊണ്ടുമാത്രം മരണം സംഭവിക്കേണ്ടതാണ്. എന്നാൽ സംഭവിച്ചത് മറ്റു ചിലത്. ഇറേഗി, അതാണയാളുടെ പേര്. ഗോത്രത്തലവൻ്റെ പുത്രൻ. അവൻ്റെ വധു ആകണമവൾ. പക്ഷേ അവളുടെ സമ്മതം? അതാർക്കു വേണം? ബലമായി ഒരു വിവാഹം, ബലാൽക്കാരമായി ശാരീരികമായ കീഴ്പ്പെടുത്തൽ, എന്നാൽ അതിൽ അവസാനിച്ചില്ല ഒന്നും. അവിടെത്തുടങ്ങി നോവലിൻ്റെ വികാസം. അകെയോ എന്ന പെൺകുട്ടി താരയുടെ ശ്രദ്ധയെ ആകർഷിക്കുന്നു. ആ പെൺകുട്ടിയുടെ യോനീഛേദനം നടത്തുന്നതു കാണുന്നിടത്തു നിന്നും, ആ പെൺകുഞ്ഞിൻ്റെ രോദനത്തിൽ നിന്നുമാണ് യഥാർത്ഥ താര ഉയിർത്തെഴുന്നേൽക്കുന്നത്. അവളുടെ സമരം അവിടെ ആരംഭിച്ചു. ഒരിക്കലും താരയ്ക്കു രക്ഷപ്പെടാനാവില്ല എന്ന ചിന്തയിൽ ഇറേഗി, അവളെ ഇംഗ്ലിഷ് അറിയാവുന്ന ജെമി എന്ന സ്ത്രീയെ ഗോത്രഭാഷ പഠിപ്പിക്കുവാൻ നിയോഗിക്കുന്നു. ജെമിയിലൂടെ കാര്യങ്ങൾ കൂടുതലായി അറിയുന്ന താര, അകെയോവിനേയും കൂടെനിർത്തി ചേലാകർമ്മത്തിനെതിരെ ഒരു ബോധവത്ക്കരണത്തിനു ശ്രമിച്ചു. അതിൻ്റെ ഫലം, അവളെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊല്ലുക എന്ന നാട്ടുക്കൂട്ടവിധിയായിരുന്നു. പിന്നീടുണ്ടാകുന്ന താരയുടെ അത്ഭുതകരമായ രക്ഷപ്പെടലും, അതിൽ അംഗഭംഗം പോലും താരക്കു സംഭവിച്ചിരുന്നു, അകെയോ എന്ന പതിമൂന്നുകാരി കുഞ്ഞനിയത്തിയെപ്പോലെ അവളോടൊപ്പം ചേരുന്നതും, ആ ഗ്രാമത്തിൽ നിന്നുതന്നെ അവർ രക്ഷപ്പെട്ട് പട്ടണത്തിൽ ഒളിവിൽ താമസിക്കുന്നതുമായി കഥ വികസിക്കുന്നു. ഒരു ടെഡ് അവതരണത്തിലൂടെ താരയുടേയും അയോവിൻ്റെയും കഥ ലോകമനസ്സാക്ഷിക്കു മുന്നിൽ എത്തുന്നു. ഒടുവിൽ ഇന്ത്യയിലേക്കു മടങ്ങി എന്നു താര വിശ്വസിച്ച ജിത്തുവിനെ കണ്ടെത്തി, കോടതി നടപടികൾക്കൊടുവിൽ താരയുടെ മടക്കം. കഥ വളരെ ചുരുക്കി ഇങ്ങനെ എഴുതാം. പക്ഷേ ഓരോ വരിയിലും താര അനുഭവിച്ച വേദനയുടെ ആഴമെങ്ങനെ വിവരിക്കും? ഹൃദയത്തെ നുറുക്കും വിധം വളരെ കയ്യടക്കത്തോടെ എഴുത്തുകാരി അതു ചെയ്തിരിക്കുന്നു.

ഇനി എന്തിനു ഈ നോവൽ കൂടുതലായി വായിക്കപ്പെടണമെന്നുകൂടി പറയാം. ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള ഭൂരിപക്ഷം ജനതയുള്ള നമ്മുടെ നാട്ടിൽ സ്വന്തം ശരീരത്തിൽ എന്തുണ്ട്, എന്തില്ല എന്ന് അറിയുന്നവർ മഹാഭൂരിപക്ഷമല്ലെന്നറിയുക. പിൽക്കാലത്തുള്ള ചിലരുടെ വെളിപ്പെടുത്തലുകൾ അതാണു പറയുന്നത്. ഇത്തരം അനാചാരങ്ങൾ മതത്തിൻ്റെ കുപ്പായത്തിലൊളിക്കുമ്പോൾ അവയെ ചോദ്യം ചെയ്യുവാനും ഭയപ്പെടും. ഈ ഭയമാണ് ചില അവിവേകികൾ ചൂഷണം ചെയ്യുക. എൻ്റെ ശരീരത്തിലെ അവയവങ്ങളുടെ ഉടമ ഞാനാണ്. അത് ആണിനും പെണ്ണിനും ഒന്നുപോലെയാണവകാശം. ആണിന് അവൻ്റെ താത്പര്യങ്ങൾ മുൻനിർത്തി ഛേദിച്ചുകളയേണ്ട ഒന്നല്ല പെണ്ണിൻ്റെ ഉടൽ. മാത്രവുമല്ല ഇതിനു വിധേയമാകുമ്പോൾ പെൺകുഞ്ഞുങ്ങൾക്കു നേരെ ഉയരുന്ന അതിക്രമവും കൂടിയാണത്.

എഴുത്തുകാരിയുടെ സ്വന്തം സൃഷ്ടിയായ കവര്‍ ചിത്രം ഈ നോവലിന്റെ മാറ്റ്‌ കൂട്ടുന്നുണ്ട്.

ഒരു സാഹിത്യ കൃതി എന്ന നിലയിലും, സാമൂഹിക ധർമ്മം സ്വയം നിർവ്വഹിക്കുന്നതിനാലും ഉറപ്പിച്ചു പറയാം, ഈ കൃതി വ്യാപകമായി വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും വേണം.

തൃശ്ശൂർ കറണ്ട് ബുക്സ് ആണ് പെൺസുന്നത്തിൻ്റെ പ്രസാധകർ.

പെൺസുന്നത്ത് (നോവല്‍)
അനിത ശ്രീജിത്ത്
കറന്റ് ബുക്ക്സ് തൃശ്ശൂർ
വില : Rs.230/-

ഓർമ്മകളുടെ ജാലകം, അബ്സല്യൂട്ട് മാജിക്, പുരുഷാരവം (എഡിറ്റർ) എന്നീ കഥാസമാഹാരങ്ങളും മണൽനഗരത്തിലെ ഉപ്പളങ്ങൾ എന്ന ഓർമ്മകുറിപ്പും പ്രസിദ്ധീകരിച്ചു. ഓർമ്മ കഥാ പുരസ്കാരം, മെഹ്ഫിൽ ഇന്റർനാഷണൽ പുരസ്‌കാരം, അസ്‌മോ പുത്തൻചിറ പുരസ്‌കാരം, കേസരി നായനാർ പുരസ്‌കാരം, അക്കാഫ് പുരസ്‌കാരം എന്നിവയുൾപ്പടെ നിരവധി കഥാപുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ദുബായിൽ ജോലി ചെയ്യുന്നു.