പെരിയോര്‍ വൈത്തിയര്‍

ബുച്ചിബൂബൂ നോവൽ അദ്ധ്യായം 2 

സൂര്യന്‍ ഉദിക്കുന്നതേയുള്ളൂ. എങ്കിലും കാടിന്‍റെ അറ്റത്തുള്ള ആ ഗ്രാമം ഉണര്‍ന്നു കഴിഞ്ഞു. കുട്ടികള്‍ ഇപ്പോഴും ചുരുണ്ടുകൂടി കിടപ്പാണ്. സ്ത്രീകള്‍ വീടുകളിലും കൃഷിയിടങ്ങളിലും പല പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. കുറച്ചു കൂടി വലിയ കുട്ടികള്‍ കാലിക്കൂട്ടങ്ങളെയും കൂട്ടി കാടിനടുത്തുള്ള പുൽമേ ട്ടിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. ഇവിടുത്തെ മുതിര്‍ന്ന പുരുഷന്മാര്‍ വേട്ടക്കാരാണ്. കാട്ടില്‍ നിന്നും വന്നാല്‍ കാട്ടില്‍ നിന്ന് ശേഖരിച്ച സാധനങ്ങളുമായി  മറ്റു ഗ്രാമങ്ങളിലെക്കിറങ്ങും. ഗ്രാമതിനടുത്തുള്ള കാടാണ് അവരുടെ ചോറ്.

ഇവിടുത്തെ കുട്ടികള്‍ കാടിന്റെയും വേട്ടയുടെയും കഥകള്‍ കേട്ടാണ് വളരുന്നത്‌. ഇവിടെ പ്രതാപം തീരുമാനിക്കുന്നത് ഓരോ വീടിന്റെയും ഉമ്മറത്ത്‌ തൂക്കിയിട്ടിരിക്കുന്ന എല്ലുകളുടെയും തോലുകളുടെയും  തലയോട്ടികളുടെയും എണ്ണം കൊണ്ടാണ്.

പണ്ട് ഏതോ നാട്ടില്‍ നിന്നും കൃഷി ചെയ്യാനായി കുറേപ്പേര്‍ വന്നു. കാടു വെട്ടി അവര്‍ കൃഷിയും തുടങ്ങിയതായിരുന്നു. പക്ഷെ കാട്ടിലെ നിധി കൃഷിയില്‍ നിന്നും കിട്ടുന്നതിന്റെ പലയിരട്ടിയാണെന്ന് അവര്‍ക്ക് മനസ്സിലായതും, പതുക്കെ എല്ലാവരും വേട്ടയിലേക്ക് തിരിഞ്ഞു. ഇപ്പോഴത്‌ വേട്ടക്കാരുടെ ഗ്രാമമാണ്. ഒരു വീട്ടിലുള്ളവര്‍  ഒഴികെ എല്ലാവരും വേട്ടക്കാരാണ്. ആ വീട്ടില്‍ മാത്രം വേട്ടയുടെ അടയാളങ്ങളില്ല. മുറ്റത്തു കെട്ടിയിട്ട വേട്ടപ്പട്ടികളും ഇല്ല. ഉമ്മറത്ത്‌ പച്ചമരുന്നു കെട്ടുകള്‍ കൂട്ടിയിട്ടിരിക്കുന്നു. വീടിനു പിന്നിലെ കൃഷിയിടത്തില്‍ മൃഗങ്ങള്‍ സ്വച്ഛമായി അലയുന്നു. അവയെ കെട്ടിയിട്ടിട്ടില്ല. കൃഷിയിടങ്ങളില്‍ നെല്ലും പഴങ്ങളും പച്ചക്കറികളും യഥേഷ്ട്ടം വളരുന്നു.

‘പെരിയോരേ’

വീട്ടുമുറ്റത്ത്‌ നിന്നാരോ വിളിക്കുന്നു. ഗ്രാമത്തലവന്റെ പശുവിനെ നോക്കാന്‍ ആളെ അയച്ചിരിക്കുന്നതാണ്. ആര്‍ക്കും അദ്ദേഹത്തിന്റെ പേരറിയില്ല. വൈദ്യനായ വയസ്സന്‍ എന്ന  അര്‍ത്ഥത്തില്‍ എല്ലാവരും അദ്ദേഹത്തെ വിളിക്കുന്ന പേരാണ് പെരിയോര്‍ വൈത്തിയര്‍.

ഗ്രാമത്തലവന്റെ പശു കാട്ടില്‍ നിന്നെന്തോ വിഷക്കായ തിന്നതാണ്. മരുന്നും ശുശ്രൂഷിക്കാനുള്ള വിധവും കാലി ചെക്കനോട് പറഞ്ഞു കൊടുത്തിട്ട് വൈത്തിയരും ചെക്കനും തിരികെ പോകാന്‍ ഒരുങ്ങി. വൈത്തിയര്‍ ചികിത്സക്ക് പ്രതിഫലം  വാങ്ങാറില്ല.

‘വല്ലതും കഴിച്ചിട്ട് പോകാം പെരിയോരെ.’ ഗ്രാമത്തലവന്‍ ക്ഷണിച്ചു

‘എനിക്ക് വേണ്ട ചോര പുരണ്ട ചോറും കറികളും.’ തിരിഞ്ഞു പോലും നോക്കാതെ പെരിയോര്‍ നടന്നു.

‘വെറുതെയല്ല പൈത്തിയന്‍ വൈത്തിയര്‍ എന്നെല്ലാവരും വിളിക്കുന്നത്‌.’ ഗ്രാമത്തലവന്‍ പിറുപിറുത്തു.

കാടിന്റെ പ്രതികാരമെന്നൊക്കെ വൈത്തിയര്‍ പറയുമ്പോള്‍ ഗ്രാമത്തിലുള്ളവര്‍ പരിഹസിക്കും. കാടെന്ന നിധി ഉപയോഗിച്ചാണ് ഈ ഗ്രാമം ഇങ്ങനെ അഭിവൃദ്ധിപ്പെട്ടത്‌. ആരും ചോദിക്കാനും പറയാനുമില്ലാതപ്പോള്‍ എന്തിനെയാണ് ഭയക്കേണ്ടത്?  പക്ഷെ ആരും വൈത്തിയരുടെ മുഖത്ത്‌ നോക്കി ഇത് പറയില്ല. ഭയം കൊണ്ടല്ല. വൈത്തിയര്‍ പറയുന്നതില്‍ കാര്യമുണ്ടെന്നു അവരുടെ ഉള്ളില്‍ ഒരു കുഞ്ഞു കാറ്റ് വീശുന്നതുകൊണ്ട്.

വൈത്തിയന് മൃഗങ്ങളുടെ ഭാഷയറിയാം എന്നാണു ഗ്രാമത്തില്‍ പൊതുവേയുള്ള സംസാരം. അദ്ദേഹത്തിനു കാടിനെക്കുറിച്ചു ഇവിടെയുള്ള മുത്തശ്ശിമാര്‍ പറയുന്നതിലും കൂടുതല്‍ കഥകളറിയാം. കതിര്‍ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ വൈത്തിയര്‍ അവന് പല കഥകളും പറഞ്ഞു കൊടുത്തിട്ടുണ്ട്. മൃഗങ്ങളെപ്പോലെ കാട്ടില്‍ ജീവിക്കുന്ന മനുഷ്യരെ പറ്റി പറഞ്ഞു കൊടുത്തിട്ടുണ്ട്. കാട് നശിച്ചു പോവാതിരിക്കാന്‍ മൃഗങ്ങള്‍ക്കിടയില്‍ കാടുനീതി എന്നോന്നുണ്ടത്രേ. മൃഗങ്ങളെല്ലാം പലപ്പോഴും ഒത്തു കൂടുന്ന ഇടമുണ്ടത്രേ. പക്ഷെ പെരിയോര്‍ക്കൊഴികെ ആര്‍ക്കും അതെവിടെയാണെന്നറിയില്ല. പെരിയോർ അത് ആരോടും പറഞ്ഞിട്ടുമില്ല. പറഞ്ഞു പോയാല്‍ അന്ന് കാടിന്റെ അവസാനമാണെന്നു അദ്ദേഹത്തിനറിയാം.

കണ്ണുമടച്ചിരുന്നാല്‍ അദ്ദേഹത്തിന് കാടിന്റെ മിടിപ്പരിയാം. മരുന്നിനെന്നു പറഞ്ഞു കാട്ടിലേക്ക് കയറിപ്പോയാല്‍ തിരിച്ചു വരുന്നത് ദിവസങ്ങള്‍ കഴിഞ്ഞാണ്. കതിരിനെ പലതും പഠിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അച്ചനും അമ്മയും ആരെന്നു പോലുമറിയാത്ത അവനു തന്നെ ഓര്‍മ്മയില്ല അവനെപ്പോഴാണ് പെരിയോറുടെ നിഴലായതെന്നും പെരിയോര്‍ അവന്റെ വിദ്യാലയമായതെന്നും.

‘കതിര്‍’ പെരിയോര്‍ പടി കടന്നു വന്നു. അദ്ദേഹത്തിന്റെ കൈക്കുള്ളില്‍ ഒരു മലയണ്ണാന്‍.

‘മരുന്ന് പറിക്കാന്‍ പോയപ്പോള്‍ കാറ്റില്‍ നിന്നു കിട്ടിയതാണ്. ജീവനുണ്ട്. വേഗം കുറച്ചു വെള്ളം ചൂടാക്ക്.’

കതിര്‍ ഒരു പാത്രത്തില്‍ ഉണങ്ങിയ പുല്ലും പഴയൊരു തുണിയും വിരിച്ചു അണ്ണാൻ കുഞ്ഞിനെ കിടത്തി. ഒടിഞ്ഞ കാല്‍ ചൂട് വെള്ളത്തില്‍ കഴുകി കെട്ടി വച്ച്. കുറച്ചു പാല്‍ പഞ്ഞിയില്‍ മുക്കി അതിന്‍റെ വായിലേക്ക് ഇറ്റിച്ചു കൊടുത്തു. അണ്ണാന്‍ കണ്ണ് തുറക്കുന്നതും നോക്കി അവന്‍ ഇരുന്നു.

സികപ്പന് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. കാട്ടതിരില്‍ കാവലിരിക്കുകയായിരുന്നു അവൻ. തലയിലും മുഖത്തും രോമമുള്ള നിറം മാറുന്നയാൾ വരുന്നത് വളരെ വൈകിയാണ് അറിഞ്ഞത്. അയാള്‍ ഒരില പോലുമാറിയാതെയാണ് നടന്നത്. കാറ്റില്‍ അയാളുടെ മണമെത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. ആ വെപ്രാളത്തില്‍ അടുത്ത മരങ്ങളിലെ കുരുവികളെ അറിയിക്കാന്‍ ചാടിയതാണ്. കാലു തെറ്റി വീണതും വേദനയില്‍ ബോധം പോയി. പിന്നെ കണ്ണ് തുറന്നതു നിറം മാറുന്നവരുടെ ഇടയിലാണ്.

കാലു നിലത്തു കുത്താനോ നടക്കാനോ പറ്റുന്നില്ല. ഈ കമ്പ് വച്ച് കെട്ടിയിട്ടില്ലായിരുന്നെങ്കില്‍ എങ്ങിനെയെങ്ങിലും ഞൊണ്ടി രക്ഷപ്പെടാന്‍ ശ്രമിക്കാമായിരുന്നു. മുഖത്ത്‌ മുടിയുള്ള നിറം മാറുന്നവന്‍ കാട്ടില്‍ ഇടയ്ക്കു വരാറുണ്ട്. മറ്റുള്ളവരെ പോലെയല്ല, കാട്ടുനീതിക്കനുസരിച്ചു വിശപ്പിനു മാത്രമേ കൊല്ലാറുള്ളൂ. അല്ലാത്ത സമയങ്ങളില്‍ കാട്ടില്‍ നിന്ന് കുറെ ചെടികള്‍ പറിച്ചു പോകുന്നതും കാണാം. ചിലപ്പോള്‍ നിലത്തു വീണു കിടക്കുന്ന കായകള്‍ കാട്ടില്‍ പലയിടത്തും കുഴിച്ചിടുന്നതും കാണാം.

താന്‍ വന്നു പെട്ടിരിക്കുന്നത് അപകടകാരികളുടെ അടുത്തല്ല എന്നവന് മനസ്സിലായെങ്കിലും അത്രയ്ക്ക് വിശ്വാസം വന്നിരുന്നില്ല. ചിലപ്പോള്‍ മനസുമാറി അവര്‍ തന്നെ കൊന്നാലോ?

കുറച്ചു നാള്‍ കഴിഞ്ഞു അവന്റെ കാലിലെ കെട്ടുകളഴിച്ചു. പഴയ പോലെ നടക്കാം. പക്ഷെ, മുഖത്തു മുടിയുള്ളയാള്‍ അവനെ കൈയ്യിലെടുത്തു നടന്നു തുടങ്ങി. സികപ്പന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. തീരെ കുഞ്ഞായിരുന്നപ്പോള്‍ മുതലുള്ള അവന്റെ മുഴുവന്‍ ജീവിതവും കൺമുന്നിലൂടെ മിന്നി മറഞ്ഞു. തന്റെ പ്രിയപ്പെട്ട കാട് ഒന്ന് കൂടെ കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍. കുറെ കഴിഞ്ഞപ്പോള്‍ കാറ്റിലൂടെ അവനു കാടിന്റെ മണം കിട്ടിത്തുടങ്ങി. പതിയെ അവന്‍ കണ്ണ് തുറന്നു. നിറം മാറുന്നയാള്‍ കാടിന് നേരയാണ് നടക്കുന്നത്. ഹോ. തനിക്കു കാട് കണ്ടെങ്കിലും മരിക്കാം. പക്ഷെ അയാള്‍ അവനെ നിലത്തു വച്ച് പതുക്കെ ഏതോ പേച്ചില്‍ എന്തോ പറഞ്ഞു. തിരിഞ്ഞു നോക്കാതെ സികപ്പന്‍ കാട്ടിലേക്ക് ഓടിക്കയറി.

സികപ്പന്‍ മുന്‍പില്‍ കണ്ട മാളത്തിലേക്ക് ചാടി. താന്‍ ഇവിടില്ലാതിരുന്നപ്പോഴത്തെ വിശേഷങ്ങള്‍ അറിയാന്‍ അവനു ആകാംക്ഷയായി. അവിടെ ബുചിയും ബൂബുവും പിന്നെ കുറെ ചെറു മൃഗങ്ങളും എന്തോ സംസാരിച്ചുകൊണ്ടിരിക്കുന്നു. കൂടെയുണ്ടായിരുന്ന ഒരാളെ പെട്ടന്ന് കാണാതാവുന്നത് കാട്ടില്‍ ഇപ്പോഴൊരു സാധാരണ സംഭവമാണ്. സികപ്പന്‍ അവരുടെ ഇടയിലേക്ക് ചെന്നു. എല്ലാവരും ഒരുമിച്ചു ബഹളം കൂട്ടിത്തുടങ്ങി. ആ മാളത്തില്‍ സന്തോഷത്തിന്റെയും അത്ഭുതത്തിന്റെയും ശബ്ദങ്ങള്‍ മുഴങ്ങി. ബുച്ചിയാണ് അവനെ ആദ്യം കെട്ടിപ്പിടിച്ചത്.

‘നിന്നെ നിറം മാറുന്ന ഒരാള്‍ എടുത്തു കൊണ്ട് പോകുന്നത് കുരുവികള്‍ കണ്ടിരുന്നു. നിന്നെ ഇനിയൊരിക്കലും കാണാനാവില്ല എന്ന് തന്നെ കരുതി.’

മാളം ഒരു വിധം ശാന്തമായപ്പോള്‍ സികപ്പന്‍ തന്റെ കഥ പറഞ്ഞു. നിറം മാറുന്നവരുടെയിടയില്‍ കെട്ടിയിട്ട മൃഗങ്ങള്‍ക്ക് മനസ്സിലാവുന്ന  മറക്കപ്പെട്ട ഏതോ ഒരു പേച്ചില്‍ മിണ്ടുന്ന, മുഖത്തും തലയിലും രോമമുള്ള ആളുടെ കൂടെ താന്‍ എത്തിപ്പെട്ടത് മുതല്‍ അയാള്‍ തന്നെ കാടിന്റെ അതിരില്‍ കൊണ്ട് ചെന്നാക്കും വരെയുള്ള കഥകള്‍.

വീണ്ടും മാളത്തിനുള്ളില്‍ ബഹളമായി. അവിടുണ്ടായിരുന്നവരെല്ലാം ഒരുമിച്ചു മിണ്ടിത്തുടങ്ങി. അവിടെ കൊച്ചു കൊച്ചു ജയങ്ങളുടെ ആഘോഷമായിരുന്നു. ഒരാള്‍ കൂടി നിറം മാറുന്നവരുടെ ഇടയില്‍ നിന്നും ജീവനോടെ വന്നിരിക്കുന്നു.

ബുച്ചി മാത്രം നിശ്ശബ്ദനായി മാറിയിരുന്നു. കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ കേട്ടുകൊണ്ടിരിക്കുന്ന നിറം മാറുന്നവരുടെ ഇടയിലും ജീവികളോടു കരുണ കാണിക്കുന്നവര്‍ ഉണ്ടെന്നുള്ളത് അവിടുള്ളവര്‍ക്കെല്ലാവര്‍ക്കും പുതിയ ഒരറിവായിരുന്നു. പക്ഷെ ബുച്ചി അതിന്‍റെ മറ്റൊരു വശം കൂടി കാണുകയായിരുന്നു. ഒരു പക്ഷെ, ഒരു നിറം മാറുന്നയാള്‍ക്ക് മറ്റുള്ളവരില്‍ നിന്നും കാടിനെ രക്ഷിക്കാന്‍ കഴിയുമെന്നുള്ള അറിവ്.

(അടുത്ത വ്യാഴാഴ്ച  അദ്ധ്യായം 3:  ആമക്കിളവന്‍ പറഞ്ഞ കഥ  )

ഷെയർഅനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. നിയമ ബിരുദധാരിയാണ്. ബുച്ചിബൂബൂ ആദ്യത്തെ നോവൽ. തൃശ്ശൂർ സ്വദേശി. ഇപ്പോൽ കൊച്ചിയിൽ താമസം.