‘ഇലമണം പുതച്ച ഇടവഴികൾ’ ഒരു നാടിന്റെ ചരിത്രവും മിത്തും ഇടകലർന്ന കഥകളുടെ ശേഖരമാണ്. പുല്ലുവഴിയെന്ന നാടിൻ്റെ കഥകളാണ് ഗീത കൃഷ്ണൻ ഇലച്ചാർത്തുകൾ തണൽ വീശുന്ന, കരിയിലകൾ വീണമർന്ന നാട്ടുവഴിയിലൂടെ മെല്ലെ നടന്നുകൊണ്ട് നമ്മളോടു പറയുന്നത്. മനോഹരമായ ഭാഷയും അവതരണരീതിയുമാണ് ഈ പുസ്തകത്തിൻ്റെ പ്രത്യേകത. തീർത്തും വിരസമായ കഴിഞ്ഞുപോയ കാലത്തെക്കുറിച്ച് പറഞ്ഞുപോവുകയല്ലിവിടെ, മറിച്ചു എങ്ങനെയാണീ നാട് രൂപം കൊണ്ടത് എന്നാണ് ഗീത പറയുന്നത്. അതിന് സ്വന്തം ഓർമകളെ കൂട്ടുപിടിക്കുന്നുമുണ്ട്. ഏറ്റവും മനോഹരമായ ബാല്യകാലത്തെ ഓരോ ഏടും ഓർത്തെടുത്ത് അവിടെ നിന്നുകൊണ്ട് ആ കഥകളിലെ കഥാപാത്രങ്ങൾക്കു പിന്നാലെ വെച്ചുപിടിക്കുകയാണ് എഴുത്തുകാരി.
“തോട്ടിറമ്പിലിരുന്ന് അലസമായി കല്ലുകൾ പെറുക്കി വെള്ളത്തിലേയ്ക്കറിയുന്നതിനിടെ ഓരോന്നായി ഓർത്തെടുത്തു…. “
ഇങ്ങനെയാണ് ഒന്നാമത്തെ അധ്യായം ആരംഭിക്കുന്നത്. ഒരു കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നുണ്ട് ജാലകക്കാഴ്ചയെന്ന ആദ്യ അധ്യായത്തിലെ ഓരോ ചിത്രവും… അതെ, വാക്കുകൾകൊണ്ടു ചിത്രം വരയ്ക്കുകയാണിവിടെ എഴുത്തുകാരി.
ഇരുപത്തൊമ്പത് അധ്യായങ്ങളിലൂടെ കാടും പുല്ലും മൂടിക്കിടന്ന ഒരു ദേശം എങ്ങനെ ഒരു ജനപഥമായി എന്നു വിവരിക്കുന്നു. നാടിൻ്റെ സാംസ്കാരിക മുന്നേറ്റമെന്നാൽ വിദ്യാലയങ്ങളും ഗ്രന്ഥശാലയും ഒക്കെയാണ്. ഉത്പതിഷ്ണുക്കളായ വിരലിലെണ്ണാവുന്ന മനുഷ്യർ, നാടിനാകെ ഗുണം ചെയ്യാൻ സ്വന്തം നിലയിൽ പ്രവർത്തിക്കുന്നതിന്റെ കഥകളും,നാടിന്റെ പുരോഗതിയുമൊക്കെ ഈ ഇടവഴിക്കഥകൾ പറഞ്ഞുപോകുന്നു. പറയുന്നതൊക്കെ കൂട്ടുകാരനോടാണ്. തീർത്തും അജ്ഞാതനായ കൂട്ടുകാരൻ, പക്ഷേ അയാൾക്ക് എഴുത്തുകാരിയെ നന്നായിട്ടറിയാം. സത്യത്തിൽ സ്നേഹിക്കുന്ന രണ്ടുപേർ അടുത്തിരുന്നു പഴയ ഓർമകൾ അയവിറക്കുന്നതുപോലെയാണ് ഇതിലെ ഓരോ അധ്യായവും എഴുതിയിരിക്കുന്നത്. ശരിക്കും മടുപ്പിക്കേണ്ട ഒരു വിഷയം ഏറ്റവും ആസ്വാദ്യകരമായി എഴുതിയിരിക്കുന്നു.
ഗീത കൃഷ്ണൻ നാടിൻ്റെ കഥ പറയുമ്പോൾ ധാരാളം മനുഷ്യരെ നമുക്ക് പരിചയപ്പെടുത്തുന്നുണ്ട്. സ്കൂളിൽ ഉപ്പുമാവ് ഇളക്കുന്ന കണ്ടോതി, വാസുച്ചേട്ടൻ, സിസ്റ്റർ റാണി മരിയ തുടങ്ങി മനുഷ്യത്വം മണക്കുന്ന മനുഷ്യർ. അവരിൽ ചിലർ ആദർശങ്ങൾക്കുവേണ്ടി ജീവിച്ചു. ഇന്നത്തെപ്പോലെ നിമിഷനേരത്തെ പ്രഭയ്ക്കുവേണ്ടി കൂടെ നിൽക്കുന്നവരെ തള്ളിപ്പറയുന്നവരായിരുന്നില്ല പുല്ലുവഴിയിലെ ആ തലമുറ എന്ന് അടിവരയിട്ടുറപ്പിക്കുന്നു അവർ. ജാതി മത ഭേദമന്യേ എല്ലാ വീടുകളും സന്ദർശിച്ചിരുന്ന പയ്യപ്പിള്ളി അച്ചനെക്കുറിച്ചൊക്കെ പുസ്തകത്തിൽ പ്രത്യേക പരാമർശങ്ങളുണ്ട്. പഴയ എഴുത്തുപള്ളിക്കൂടത്തിലേക്കുള്ള യാത്രയും അനുബന്ധകാര്യങ്ങളും അന്നത്തെ രസം ഒട്ടും ചോരാതെ എഴുതിയിട്ടുണ്ട്.
കല്ലറയ്ക്കൽ കുടുംബത്തെക്കുറിച്ചുള്ള വിവരണങ്ങളും, പുല്ലുവഴി ക്ഷേത്രവും, നെല്ലിമോളം പള്ളിയും ഒക്കെ വിവരണങ്ങളിൽ കടന്നുവന്നിട്ടുണ്ട്. ഒപ്പം കേരള രാഷ്ട്രീയ ചരിത്രത്തിൽ നെടുനായകത്വം വഹിച്ച പി ജി, പി കെ വാസുദേവൻ നായർ, എഴുത്തുകാരനായ എം പി നാരായണ പിള്ള തുടങ്ങിയവരെക്കുറിച്ചും പുസ്തകം പരാമർശിക്കുന്നുണ്ട്. അല്പം കയ്പ്പുള്ള മരുന്ന് തേനിൽ ചാലിച്ചുകഴിക്കുമ്പൊലെ, വിരസമായേക്കാവുന്ന ചരിത്ര വായനയെ മധുരമായ വാക്കുകളിൽ അവതരിപ്പിച്ചിരിക്കുന്നു ഇതിൽ.
രസകരമായ വായന സമ്മാനിക്കുന്ന ഇലമണം പുതച്ച ഇടവഴികൾ എന്ന ഈ പുസ്തകം ഉള്ളടക്കത്തിൽ മാത്രമല്ല, അതിൻ്റെ കെട്ടിലും മട്ടിലും മികച്ചതാണ്. ഫെമിൻഗോ ബുക്സാണ് പുസ്തക പ്രസാധനം ചെയ്തിരിക്കുന്നത്.
ഒരു മികച്ച വായനയാണ്, അവസാന പേജും വായിച്ച് അവസാനിപ്പിക്കുമ്പോൾ ഇലമണം പുതച്ച ഇടവഴികൾ സമ്മാനിക്കുന്നത്.
പ്രസാധകർ: ഫെമിന്ഗൊ ബുക്സ്, കോട്ടയം
വില: 290 രൂപ