1996 കാലഘട്ടം. ആലപ്പുഴ ജില്ലയിലെ മുഹമ്മ എന്ന കൊച്ചു ഗ്രാമത്തിലെ കഞ്ഞിക്കുഴി സർക്കാർ മൃഗാശുപത്രിയിൽ ഞാൻ ജോലിക്കു കയറിയിട്ടു മാസങ്ങളേ ആയിട്ടുള്ളൂ. ആ നാട്ടുമ്പുറത്തിൻ്റെ സ്ഥിരം കാഴ്ചയായിരുന്നു വൈകിട്ടുള്ള കള്ളു മോന്തലും പിന്നെ മുഹമ്മ കവലയിലുള്ള ചെറിയ അടിപിടികളും പോർവിളികളും. ഇതൊക്കെ ഇല്ലെങ്കിൽ പിന്നെന്തു നാട്ടിൻപുറം? മുഹമ്മക്കാരനായ പ്രായം ചെന്ന വിരമിക്കാറാകാറായ ഒരു സാധുമനുഷ്യനായിരുന്നു അവിടുത്തെ പോലീസ് സ്റ്റേഷനിലെ എസ് ഐ . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് അവിടെയൊരു വിലയുമില്ലായിരുന്നു. അദ്ദേഹം പറഞ്ഞാൽ ആരും അനുസരിക്കില്ലായിരുന്നു. അദ്ദേഹത്തെ ആർക്കും ഭയമോ ബഹുമാനമോ ലവലേശമില്ലായിരുന്നു. തൻ്റെ മേക്കിട്ട് കയറുന്ന ചില തദ്ദേശീയരോട് അദ്ദേഹം പറയുമായിരുന്നു “ഡാ, ഞാൻ ഇവിടുത്തുകാരനായതുകൊണ്ടും പ്രായമായതുകൊണ്ടും ഇതൊക്കെ ക്ഷമിക്കുന്നു. പക്ഷേ ഏതെങ്കിലും പുതിയ പയ്യന്മാർ ഇവിടെ എസ് ഐ ആയി വന്നാൽ അന്നു തീരും നിൻ്റെയൊക്കെ കളി”.
അങ്ങനെ ഒരു ദിവസം ആ എസ് ഐ സർവ്വീസിൽ നിന്നും വിരമിക്കുകയും ആ നാട്ടിൽ ഒരു നാഥനില്ലത്ത അവസ്ഥ സംജാതമാകുകയും ചെയ്തു. കള്ളുകുടിയന്മാർ പൂർവ്വാധികം ശക്തിയോടെ മുഹമ്മ കവലയിൽ അഴിഞ്ഞാട്ടവും അട്ടാഹാസവും സംഘനൃത്തവും തുടങ്ങി. വൈകിട്ട് ഏഴു മണി കഴിഞ്ഞാൽ പിന്നെ സ്ത്രീകൾക്കും കുട്ടികൾക്കും മറ്റു മാന്യന്മാർക്കും അതുവഴി നടക്കാൻ പോലും പറ്റാത്ത അവസ്ഥയായി. കവലയിൽ വീട്ടുസാധനങ്ങൾ വാങ്ങാൻ വരുന്നവർ നേരത്തെ സാധനം വാങ്ങി പോകുക പതിവായി. കടകളെല്ലാം 7 മണിയോടെ അടയ്ക്കും. മദ്യപന്മാരും കഞ്ചാവുകരും നാടിൻ്റെ സ്വൈരജീവിതം തകർത്തു. ദിവസങ്ങൾ മുന്നോട്ട് പോയി. ഈ ദുഷ്ടന്മാരുടെ കേളികൾ എന്നവസാനിക്കും എന്നറിയാതെ പാവം നാട്ടുകാർ ഭയപ്പാടോടെ അവരുടെ വീടുകൾക്കുള്ളിൽ ഒതുങ്ങി കഴിഞ്ഞു. ഒഴിഞ്ഞു കിടക്കുന്ന മുഹമ്മ പോലീസ് സ്റ്റേഷനിലെ എസ് ഐ യുടെ കസേരയിൽ ചുറുചുറുക്കുള്ള പയ്യന്മാർ ആരെങ്കിലും വന്നിരുന്നെങ്കിൽ എന്നു നാട്ടുകാർ ആത്മാർത്ഥമായി ആഗ്രഹിച്ചു.
ഏതാണ്ട് ഒരുമാസം കഴിഞ്ഞുകാണും. ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് വന്നു. പോലീസ് സ്റ്റേഷനിലേക്ക് പുതിയ എസ് ഐയെ നിയമിക്കുന്നു. 25 വയസ്സു മാത്രമുള്ള ചെറിയ പയ്യൻ. കായംകുളം സ്വദേശി. അങ്ങനെ ആ ദിവസം വന്നെത്തി. പരിശീലനം കഴിഞ്ഞു പുറത്തിറങ്ങി ആദ്യത്തെ നിയമനത്തിൽ ജോലിക്കു വന്നിരിക്കുന്ന മീശ പോലും മുളയ്ക്കാത്ത ചെറിയ പയ്യൻ. ഏതാണ്ട് ആറടി ഉയരം, അരോഗദൃഢഗാത്രൻ. ജോയിൻ ചെയ്യാൻ വരുമ്പോൾ അച്ഛനും അമ്മയും അമ്മാവനും കൂടെയുണ്ട്. 50 വയസ്സിനു മുകളിൽ പ്രായമുള്ള അവിടുത്തെ എ എസ് ഐയും മറ്റു പോലീസുകാരും ചേർന്ന് ഔദ്യോഗികമായി അദ്ദേഹത്തെ സ്വീകരിച്ചു. അച്ഛൻ്റെയും അമ്മയുടെയും ഒരേയൊരു മകനാണ്. ലാളിച്ച് ഓമനിച്ച് വളർത്തിയ ഒറ്റമകൻ. മകൻ എസ് ഐയുടെ കസേരയിൽ ഇരിക്കുന്നത് കണ്ട് അച്ഛനമ്മമാരുടെ കണ്ണുകൾ നിറഞ്ഞു, സന്തോഷാശ്രുക്കൾ ഉതിർന്നു. മകൻ ഔദ്യോഗിക വേഷത്തിൽ, ഔദ്യോഗിക കസേരയിൽ ഇരിക്കുന്നത് കൺകുളിർക്കെ അവർ നോക്കി നിന്നു. അച്ഛനും അമ്മയും അമ്മാവനും മാറി മാറി അവനു കവിളിൽ മുത്തം കൊടുത്തു. അച്ഛൻ്റെയും അമ്മയുടെയും അമ്മാവൻ്റെയും കൈ പിടിച്ച് അവൻ അനുസരണയുള്ള ഒരു നാണംകുണുങ്ങി കുട്ടിയെപ്പോലെ നിന്നു. എസ് ഐയുടെ ക്വാർട്ടേഴ്സ് സ്റ്റേഷന് തൊട്ടു പിറകിലാണ്. എല്ലാവരും അങ്ങോട്ടു പോയി അത് വിശദമായി പരിശോധിച്ചു. നല്ല ക്വാർട്ടേഴ്സ്. അച്ഛനും അമ്മയ്ക്കും അമ്മാവനും അവിടുന്ന് പോകാൻ തോന്നുന്നില്ല, പക്ഷേ കൃഷിയും പശുക്കളും ഉള്ളതു കൊണ്ട് തിരിച്ചു പോയേ പറ്റൂ. അവർ മനസ്സില്ലാമനസ്സോടെ ഇറങ്ങി, പിന്നെയും തിരിച്ചു കയറി എ എസ് ഐയോടു പറഞ്ഞു
“സാറേ, മകനെ നോക്കിക്കൊളളണെ. എട്ടും പൊട്ടും തിരിയാത്ത കൊച്ചു കുട്ടിയാണ്. അവൻ ഏടാകൂടത്തിലൊന്നും ചെന്നു ചാടാതെ നോക്കണേ. ഒരുറുമ്പിനെ പോലും നോവിക്കാത്ത പാവമാ അവൻ”
അച്ഛനമ്മമാരുടെ വേവലാതി മനസ്സിലാക്കിയ അദ്ദേഹം അവരെ ആശ്വസിപ്പിച്ചു
“യാതൊരു വിഷമവും വേണ്ട. ഞങ്ങളൊക്കെയില്ലേ”.
അങ്ങനെ അച്ഛനും അമ്മയ്ക്കും അമ്മാവനും പോകാനുള്ള സമയമായി. അമ്മ പിന്നെയും അവൻ്റെയടുത്തേക്ക് ഓടിച്ചെന്നു കെട്ടിപ്പിടിച്ച് ഒരു മുത്തം കൂടി കൊടുത്ത് മനസ്സില്ലാ മനസ്സോടെ അവിടെ നിന്നും ഇറങ്ങി.
അച്ഛനമ്മമാരുടെ മടിയിൽ കിടന്നുറങ്ങിയിരുന്ന ഒരു ഇളളക്കുട്ടി പുതിയ എസ് ഐ ആയി വന്ന വിവരം നാടു മുഴുവൻ പാട്ടായി. എല്ലാവരും ഇതൊക്കെ പറഞ്ഞു ചിരിക്കാൻ തുടങ്ങി. പാൽക്കുപ്പിയും തൊട്ടിലും മറ്റും ഉണ്ടായിരുന്നു പോലും. കഥകൾ പലതും മെനഞ്ഞും പറഞ്ഞു ചിരിച്ചും ആൾക്കാർ സമയം കളഞ്ഞു. ഇളളക്കുട്ടിയെ കാണാനും ചിരിക്കാനും ചിലർ റോഡിൽ കാത്തുനിന്നു. ഇതേ സമയം അവിടെ പോലീസ് സ്റ്റേഷനിൽ പുതിയ എസ് ഐ ആ നാടിനെപ്പറ്റി എ എസ് ഐയോടും മറ്റു പോലീസുകാരോടും അന്വേഷിച്ചു പഠിക്കുന്ന തിരക്കിലായിരുന്നു. ആ നാടിനെയും നാട്ടുകാരെയും കവലയിലെ അക്രമികളുടെ അഴിഞ്ഞാട്ടത്തെയും കുറിച്ച് കൃത്യമായ വിവരങ്ങൾ തദ്ദേശീയരായ അവിടുത്തെ പോലീസുകാർ അദ്ദേഹത്തിനു കൊടുത്തു. അദ്ദേഹം അതെല്ലാം സശ്രദ്ധം കേൾക്കുകയും സ്ഥലത്തെ പ്രധാന കേഡികളുടെയും കുപ്രസിദ്ധ കുറ്റവാളികളുടെയും സ്ഥിരം കുറ്റവാളികളുടെയും മോഷ്ടാക്കളുടെയും മറ്റും പേരും വിലാസവും കുറിച്ചെടുക്കുകയും ചെയ്തു. അങ്ങനെ വീണ്ടും കുറച്ചു ദിവസങ്ങൾ കടന്നു പോയി. നാണം കുണുങ്ങിയും ഭീരുവുമായ പുതിയ എസ് ഐയുടെ കഥകൾ പറഞ്ഞും ചിരിച്ചും അലറിവിളിച്ചും കവലയിലെ ചട്ടമ്പികൾ നിറഞ്ഞാടി.
ഒരു ദിവസം വൈകിട്ട് 8 മണിക്ക് മുഹമ്മ കവലയിൽ ഭീകരാന്തരീക്ഷം നടമാടുന്ന ഒരു രാത്രിയിൽ പൊടുന്നനേ എസ് ഐയും ഏതാണ്ട് അഞ്ചോളം പോലീസുകാരും ജീപ്പിൽ വന്നിറങ്ങി. നാണം കുണുങ്ങി എന്നു വിശേഷിപ്പിച്ച എസ് ഐയുടെ മറ്റൊരു മുഖമായിരുന്നു നാട്ടുകാരും കൂടെയുള്ള പോലീസുകാരും കണ്ടത്. കോപാക്രാന്തനായ, കുങ്ഫൂ ബ്ലാക്ക് ബെൽറ്റ്കാരനായ എസ് ഐ ചാടിയിറങ്ങി അവിടമാകെ താണ്ഡവമാടുകയായിരുന്നു. കയ്യിലുള്ള ലാത്തികൊണ്ട് അക്രമികളെ പൊതിരെ തല്ലി പതം വരുത്തിയ എസ് ഐ അവന്മാരെ റോഡിൽക്കൂടെ വലിച്ചിഴച്ചു ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിക്കൂട്ടി. എല്ലാം കഴിഞ്ഞ് തറയിൽ കിടക്കുന്നവന്മാരുടെ നെഞ്ചത്ത് കാൽ വച്ച് എസ് ഐ ഉറക്കെ വിളിച്ചു ചോദിച്ചു
“തന്തക്ക് പിറന്ന, തള്ളയുടെ മുലപ്പാൽ കുടിച്ച, ഏതെങ്കിലും നായിൻ്റെ മോൻ ഉണ്ടെങ്കിൽ വാടാ, ഞാൻ കാണിച്ചു തരാം”.
മുഹമ്മ കവല പ്രകമ്പനം കൊണ്ടു.
“ഏതെങ്കിലും നായിൻ്റെ മോനെ ഇനി ഇങ്ങനെ കണ്ടാൽ…. ഇതൊന്നുമായിരിക്കില്ല വരാൻ പോകുന്നത്. എഴുന്നേറ്റു നിൽക്കാനോ കക്കൂസിൽ പോകാനോ പറ്റാത്ത സ്ഥിതിയിലാക്കും ഞാൻ, ഓർത്തു കളിച്ചോ”
ശക്തമായ ഒരു താക്കീതും പരസ്യമായി പ്രഖ്യാപിച്ച ശേഷം എസ് ഐ അവിടെ നിന്നും പോയി. നാട്ടുകാർ സ്തബ്ധരായി നിന്നുപോയി. ഇന്നലെവരെ നാണം കുണുങ്ങി, ഇള്ളക്കുട്ടി, ഭീരു എന്നൊക്കെ കരുതിയ പോലീസ് ഓഫീസർ ഒരു ദിവസംകൊണ്ട് പുലിയായി.
പിന്നെയും മൂന്നു വർഷങ്ങൾ അദ്ദേഹം അവിടെ ജോലി ചെയ്ത്, അക്രമങ്ങളെല്ലാം ബലം പ്രയോഗിച്ച്, നിഷ്കരുണം അടിച്ചൊതുക്കി, എല്ലാത്തിനും ഒരു അടുക്കും ചിട്ടയും വരുത്തിയിട്ടാണ് അദ്ദേഹം അവിടെ നിന്നും പോയത്. കേരള പോലീസിൽ ഡി വൈ എസ് പി റാങ്കിൽ അദ്ദേഹം ഇപ്പോഴും സർവീസ് തുടരുന്നു.