നാലതിർ കണ്ടു നിൽക്കുന്ന പ്രാണനിൽ-
നീറിനിൽക്കും നിരാശയാം കോമരം
നെറ്റിപൊട്ടിപ്പൊളിച്ച സന്ധ്യാകാശ-
ഭിത്തിപോൽ അസ്ത്‌മയത്തിനുൾമുറി
ജാലകങ്ങളിരുൾ മുടിച്ചുറ്റിനാൽ
മൂടിവയ്ക്കുന്ന മേഘവിസ്ഫോടനം
കൈകളിൽ ചുറ്റി കാലസർപ്പത്തിൻ്റെ
വന്യസീൽക്കാരമെന്നും ഭയാനകം
കാറ്റിലേയ്ക്ക് കുതിയ്ക്കുന്ന മണ്ണിൻ്റെ
ചീർത്തുപൊട്ടിയ മോഹനൈരാശ്യങ്ങൾ
മഞ്ഞിനാലെയുറഞ്ഞ പൂവാകയിൽ
മങ്ങിനിൽക്കുന്ന ഹേമന്തസന്ധ്യകൾ
കണ്ണിലേയ്ക്കു കുതിച്ചുപാഞ്ഞെത്തുന്ന
കണ്ണുനീരിൻ്റെ കാലപ്രവാഹങ്ങൾ
വാക്കുടഞ്ഞുമുറിഞ്ഞ പോർത്തട്ടിലെ-
നേർത്തുപോയൊരാ നിശ്വാസമന്ത്രണം
ഒന്നിനൊന്നായിയെല്ലാം നെരിപ്പോടിൽ
എണ്ണിയെണ്ണിയെറിഞ്ഞ് തീ പൂട്ടവേ
ചെങ്കനൽത്തരിവീണു വെണ്ണീറായി
മഞ്ഞുപോലെയലിഞ്ഞു പോയീടവേ
മണ്ണിലേയ്ക്കാഴ്ന്നു പോകുന്ന വേരത്-
ജന്യരാഗങ്ങൾ തീർക്കാനെടുത്തുവോ?
അന്ധകാരം കുടിച്ചുതീർക്കും രാവി-
നന്ത്യയാമത്തിലാകാശ വീഥിയിൽ
താരകങ്ങൾ മുടിയിലണിഞ്ഞു നേർ-
സൂര്യപാതയിൽ വന്നുനിൽക്കും മുൻപേ
ഭൂമിയാരുമേ കാണാതെ പോയൊരാ-
ഗൂഢമാം ശില്പശാലയിൽ വന്നുവോ?
അർദ്ധരാവിൻ മണിമുഴക്കങ്ങളിൽ-
നിത്യതയുടെ പുൽക്കൂടുണർന്നുവോ
കാലമാവഴിവക്കിൽ ഘടികാരസൂചി-
മുന്നോട്ട് നീക്കി നീങ്ങീടവെ!
മഞ്ഞുപൂവിൻ ഡിസംബറിൽ ചുംബിച്ച്
പിന്നെയും പുതുവൽസരക്കാഴ്ചകൾ.