ജോയ് ഡാനിയേൽ എഴുതിയ നോവലായ ‘പുക്രൻ’ വൈകാതെ പുറത്തിറങ്ങുകയാണ്. പ്രീ-ബുക്കിങ്ങ് ആരംഭിച്ച പുക്രൻ ഡോൺ ബുക്സ്, കോട്ടയം ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തസറാക് വായനക്കാർക്ക് വേണ്ടി ഇതാ സസ്പെൻസ് നിറഞ്ഞ നോവലിൻറെ മൂന്നാം അദ്ധ്യായം.
പുക്രനും മകനും മലമുകളിലെ കുടിലിനുപുറത്ത് ആകാശത്തെ താരകങ്ങളേയും, താഴ്വാരത്തിൽ ജനനസന്ദേശം അറിയിച്ചുപോകുന്ന കരോൾ സംഘങ്ങളേയും നോക്കിയിരുന്ന നേരം ഗ്രാമത്തിലെ ഏറ്റവും ധനികനായ മനുഷ്യന്റെ ഭവനത്തിൽ അയാളുടെ ഭാര്യ തിരക്കിലായിരുന്നു. ജോലിക്കാർക്ക് നിർദ്ദേശം കൊടുക്കാനും കണ്ണും കാതും കരങ്ങളും എല്ലായിടത്തും എത്തിച്ചേരാനും ഏറെ പ്രയാസം. ക്രിസ്മസിന് വേണ്ടിയുള്ള ഒരുക്കം ദിവസങ്ങൾക്കുമുമ്പേ തുടങ്ങിയതാണ്. കാത്തിരിപ്പിന്റെ ഈ ഒരുക്കങ്ങൾ അവസാന മണിക്കൂറുകളിലേക്ക് കടക്കുന്നു. എന്നാൽ സന്തോഷം മാത്രം ഉണ്ടാകേണ്ട സമയത്തും അവർക്ക് വലിയൊരു ഭാരം തലയിൽ കയറ്റിവച്ചതുപോലെ അസ്വസ്ഥത. നാളെ അതിരാവിലെ അപശകുനം പുക്രൻ ഭിക്ഷയ്ക്ക് വരും. എല്ലാമാസവും ഇതേ ദിവസമാണ് അയാൾ വരുന്നത്.
അവർക്ക് പുക്രനെ ഒട്ടും ഇഷ്ടമായിരുന്നില്ല. എന്നുമാത്രമല്ല വെറുപ്പായിരുന്നു. ധനികയായ തൻറെ വീട്ടിൽ ഒരപശകുനംപോലെ എല്ലാമാസവും എത്തുന്ന പുക്രനെ കാണുന്നത് അവജ്ഞയും അറപ്പുമായിരുന്നു. ‘പോയിത്തുലയട്ടെ’ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ടാണ് എല്ലാ മാസവും ഭിക്ഷകൊടുക്കുന്നത്. ഉള്ളിൽ ശാപവചസ്സുകളുടെ തിരയിളക്കമുണ്ടെങ്കിലും മുഖത്ത് പുഞ്ചിരിയും, പ്രസന്നതയും വരുത്തിമാത്രമേ ഭിക്ഷകൊടുത്തിരുന്നുള്ളൂ. ഭിക്ഷവാങ്ങി പുക്രൻ പോകുമ്പോൾ തിരിഞ്ഞ് അകത്തേക്ക് നടന്ന് അവർ പറയും ‘നാശം’. എങ്കിലും ആ അനിഷ്ടം ഒരിക്കലും ഭാവപ്രകടനത്തിൽ വരുത്താതിരിക്കാൻ ഭംഗിയായി ശ്രമിച്ചു.
പുക്രൻ ഒരിക്കൽ അവരുടെ പാറമടയിൽ ജോലിക്കാരനായിരുന്നു. അവിടെ വച്ചാണ് അപകടം സംഭവിച്ചത്. പിന്നീട് കുറെനാൾ ആശുപത്രി കിടക്കയിൽ. അന്ന് ഒരുപാട് പണം തുലച്ചു കളഞ്ഞവനാണിയാൾ. അന്നുമുതൽ പുക്രനെ വെറുപ്പാണ്. അപശകുനം! ആശുപത്രിവാസം കഴിഞ്ഞുചെന്നപ്പോളേക്കും ഗർഭിണിയായിരുന്ന ഭാര്യ കൈകാലുകൾ തളർന്ന മകന് ജന്മംനൽകി ലോകത്തുനിന്ന് വിടപറഞ്ഞു. ആ ചെക്കനാണ് എല്ലാവർഷവും ക്രിസ്മസ് ദിനത്തിൽ അയാളുടെ കൂടെ വരുന്നത്. നാശം, ഇയാളെപ്പോലുള്ളവർ ചത്തുതുലയയുന്നില്ലല്ലോ ദൈവമേ. പാറമടയിലെ അപകടത്തിൽനിന്നും നീചജന്മം എന്തിന് രക്ഷപെട്ടു?! ലോകത്ത് ആർക്കും ഉപകരിക്കാത്തവർ. പുഴുക്കളേയും കീടങ്ങളെയും പോലെയുള്ളവർ. ഏന്തിവലിഞ്ഞ് വന്ന് ഭിക്ഷ യാചിക്കുന്നു. എന്തിനാണ് ഭൂമിക്ക് ഭാരമായി ഇത്തരം ജന്മങ്ങൾ? ക്രിസ്മസ് ആഘോഷം വീടിന്റെ പടിക്കൽ വന്നു നിൽകുമ്പോൾ അയാൾ എഴുന്നള്ളുകയാണ്. അവർ കൈകൾകൊണ്ട് തലയിൽ ഇടിച്ചു. അപശകുനം! അശ്രീകരം!. പിന്നെ കിടക്കയിലേക്ക് വന്നുകിടന്നു. അടുക്കളയിൽ അപ്പോഴും നിലയ്ക്കാത്ത ശബ്ദഘോഷങ്ങൾ ഉയർന്നുകൊണ്ടിരുന്നു.
ഭർത്താവ് കൂട്ടുകാരുമൊത്ത് മദ്യപിക്കുന്നതിന്റെ ഓളം അടുത്ത മുറിയിൽ നിന്നും ഉയരുന്നു. ചിന്താഭാരത്താൽ കിടക്കയിൽ കിടക്കുമ്പോൾ മനസ്സിലേക്ക് ഒരുമാസം മുമ്പ് നടന്ന നഷ്ടം ഓടിവന്നു. തിളച്ചുപൊന്തിവന്ന ദേഷ്യം എങ്ങോട്ടും പോകുവാനില്ലാത്തപോലെ മുഖത്ത് തളംകെട്ടി. അമൂല്യമായ മുത്തുകൾ; ഭർത്താവിന് വിദേശ രാജ്യത്ത് നിന്നും കിട്ടിയ സമ്മാനം. കഴിഞ്ഞമാസം അത് അപ്രത്യക്ഷമായി. പുക്രനും മകനും ഭിക്ഷവാങ്ങിപോയ അതേ ദിവസം ആയിരുന്നു ചില്ലലമാരയിൽ സൂക്ഷിച്ചിരുന്ന അമൂല്യമുത്തുകൾ കാണാതായത്. അന്വേഷിക്കാൻ ഇനി സഥലമില്ല. അവസാനം പ്രധാന പാചകക്കാരനും വേലക്കാരും സമ്മാനം മോഷ്ടിച്ചുകൊണ്ട് പോയത് പുക്രനാണെന്ന് കണ്ടുപിടിച്ചു. അത് സത്യവുമായിരിക്കണം. കാരണം ജോലിക്കാർ നൂറുശതമാനം വിശ്വസ്തത പുലർത്തുന്നവരാണ്. പുക്രനോടും അയാളുടെ ചുമലിൽ കയറിവരുന്ന മകനോടുമുള്ള വെറുപ്പ് അന്നുമുതൽ ഏറി. നഷ്ടപെട്ട വിലയേറിയ സമ്മാനത്തിന്റെ പക അണയാത്ത കനൽപോലെ ഉള്ളിൽ ജ്വലിക്കുന്നു.
നാളെ ഭിക്ഷക്കാരനേയും മകനെയും ആട്ടിപ്പുറത്താക്കിയാലോ? മതിൽകെട്ടിനുള്ളിൽ നിന്നും അകത്തേക്ക് കയറ്റരുതെന്ന് കാവൽക്കാരോട് നിർദ്ദേശം കൊടുത്താലോ? അയ്യോ!, വേണ്ട. തനിക്ക് സമൂഹത്തിൽ വലിയ സ്ഥാനമുണ്ട്. ഭിക്ഷക്കാരനെ ആൾക്കാരുടെ മുമ്പിൽവച്ച് ആട്ടിപ്പുറത്താക്കിയെന്ന പേരുദോഷം വരാൻ പാടില്ല. മാത്രമല്ല അയാൾ ഒരുകാലത്ത് തങ്ങളുടെ ആശ്രിതനുമായിരുന്നു. എത്രയോ ധനം മുടക്കി നേടിയ സ്ഥാനമാനങ്ങളാണ് ഇന്ന് ചുറ്റുമുള്ളത്. അത് തകരാൻ പാടില്ല.
കുടിലചിന്തയുടെ ഓളപ്പാച്ചിലിനിടെ പെട്ടെന്ന് വൈദ്യതാഘാതമേറ്റപോലെ അവർ എണീറ്റു. കണ്ണുകൾ ചുവന്നു, കരങ്ങൾ വിറച്ചു. പ്രതികാരം ഭീമാകാരരൂപംപൂണ്ട് വാരിപ്പുണർന്നു. ഒരു ചിന്ത ഉള്ളിലൂടെ മിന്നായം പോലെ പാഞ്ഞു. അലമാരയ്ക്കുള്ളിലെ ചെറുകുപ്പി കൺമുന്നിൽ തെളിഞ്ഞു. എന്നെങ്കിലും ഉപയോഗം വരുമെന്ന് ചിന്തിച്ച് വച്ചിരിക്കുന്ന രഹസ്യം! അതെ, അതെടുക്കാനുള്ള സമയമായി. ഓരോ പ്രവർത്തിക്കും ഓരോ കാലമുണ്ട്. ചെറിയ കുപ്പിയിൽ അടച്ചുവച്ചിരിക്കുന്നത് തുറക്കുവാനുള്ള കാലം ആഗതമായി. അവരിൽ നിശ്വാസമുയർന്നു.
ഇതുവരെ ചിന്തിക്കാതിരുന്ന കാര്യം. പുക്രൻ എന്ന ഭിക്ഷക്കാരന്റെ ശല്യം എന്നന്നേക്കുമായി ഇല്ലാതാക്കാൻ പോന്ന ബുദ്ധി. അടുത്തമാസം മുതൽ അയാൾ വീടിൻറെ വാതുക്കൽ ഇളിച്ചുകൊണ്ട് വന്നുനിൽക്കാൻ പാടില്ല. ആരുമറിയാതെ അപശകുനം എന്നന്നേക്കുമായി ഇല്ലാതാക്കാൻ വഴിതുറന്നുവരുന്നു! അവർ ചാടി എണീറ്റ് ചിരിക്കാൻ തുടങ്ങി. ഉറക്കെയുറക്കെയുള്ള ചിരികേട്ട് വേലക്കാർ എത്തിനോക്കി. തങ്ങളുടേതല്ലാത്ത കാര്യത്തിൽ ഇടപെടേണ്ടതില്ലാത്തതിനാൽ പെട്ടെന്നുതന്നെ ശ്രദ്ധമാറ്റുകയും ചെയ്തു. അകത്തെ മുറിയിൽ അപ്പോഴും മദ്യസേവയ്ക്കുള്ളിലെ കലപില ശബ്ദവും, ചിന്തകളും മുഴങ്ങിക്കൊണ്ടിരുന്നു. അവർ അടുക്കളയിലേക്ക് നടന്നു. തൻറെ മുഖ്യപാചകക്കാരനെ വിളിച്ചു. എന്നിട്ട് ആജ്ഞാപിച്ചു.
“എനിക്ക് ഒരു കേക്ക് ഉണ്ടാക്കിതരണം. മനോഹരമായ കേക്ക്. ഇന്നുരാത്രി തന്നെ നീയത് ഉണ്ടാക്കുകയും വേണം”
“ഉവ്വ്” മുഖ്യപാചകക്കാരൻ ഭവ്യതയോടെ പറഞ്ഞു.
“മനോഹരവും സ്വാദിഷ്ഠവും ആയിരിക്കണം. അതിൻറെ മുകളിൽ ചെറിപ്പഴങ്ങൾകൊണ്ട് അലങ്കരിക്കണം. നിനക്കത് സാധിക്കുമോ?”
“പറ്റും” മുഖ്യപാചകാരന്റെ മുഖത്ത് ആത്മവിശ്വാസം.
“എങ്കിൽ വൈകേണ്ട, ഇപ്പോൾത്തന്നെ തുടങ്ങിക്കോളൂ”
ആജ്ഞ നല്കി തിരികെ നടക്കുമ്പോൾ ആ മുഖത്ത് പദ്ധതിനടത്തിപ്പിന്റെ തിളക്കം. മായ്ക്കാനാകാത്ത അടയാളം പോലെ പുഞ്ചിരിയുമായി വീണ്ടും കിടക്കയിൽ വന്നിരുന്നു. എന്നിട്ട് ചിരിക്കാൻ തുടങ്ങി. നാളെക്കഴിഞ്ഞാൽ അയാൾ ഇനിയൊരിക്കലും ഈ വാതിൽ മുട്ടിവിളിക്കില്ല. അയാളും മകനും വരുമ്പോൾ ഇതുവരെ കൊടുക്കാത്ത സമ്മാനം ഞാൻ കൊടുക്കും. അയാൾക്കുള്ള അവസാന സമ്മാനമാകും അത്.
രാവേറെക്കഴിഞ്ഞു. അകലെ മലമുകളിൽ പുക്രനും മകനും പുതപ്പിനുള്ളിൽ ചുരുണ്ടുകിടന്നുറങ്ങുമ്പോൾ ധനികന്റെ ഭാര്യ ഉറക്കം അന്യമായപോലെ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇടയ്ക്ക് അടുക്കളയിലേക്ക് ചെന്ന് എത്തിനോക്കും. അപ്പോൾ മുഖ്യപാചകക്കാരൻ പറഞ്ഞു.
“യജമാനത്തീ, അങ്ങ് ഉറങ്ങിക്കോളൂ. നാളെ വെളുക്കുമ്പോളേക്കും. മനോഹരമായ കേക്ക് ഞാൻ ഉണ്ടാക്കിവയ്ക്കാം” എന്നാൽ അവർക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. മനസ്സിൽ ചിന്തകൾക്ക് ചൂടുപിടിക്കുമ്പോൾ ഉറക്കം പടിവാതിൽക്കലിനപ്പുറത്തേക്ക് എത്തുകയില്ല. സമ്മാനവും വാങ്ങിപോകുന്ന പുക്രൻ ആയിരുന്നു മനസ്സിൽ മുഴുവൻ.
രാത്രിയുടെ ഏതോ നേരത്ത് അവർ ഉറങ്ങി. അപ്പോഴും അടുക്കളയിൽ ചെറുശബ്ദങ്ങൾ ഉയർന്നുകൊണ്ടേയിരുന്നു.
ആ പാതിരാത്രിയിൽ കൂറ്റൻ ബംഗ്ളാവിനെ മൂടിപ്പുതച്ചുകിടന്ന അന്ധകാരത്തിൽ അടുക്കളയുടെ പുകക്കുഴലിൽ നിന്നും മരണത്തിൻറെ പുകയും ഗന്ധവും ഉയർന്നു. മുറ്റത്ത് കാറ്റത്തുലയുന്ന ചെറുചില്ലകൾപോലും ചുംബിച്ച് കടന്നുപോകുന്ന മാസ്മരിക ഗന്ധത്തിൽ മരണത്തിൻറെ തണുപ്പ് ഉറഞ്ഞുകൂടിക്കിടപ്പുണ്ടെന്ന് അറിയുന്നുണ്ടായിരുന്നില്ല. .
അങ്ങകലെ ഗ്രാമത്തിലെ കവലയിൽ, പിള്ളയുടെ ചായക്കടയുടെ തിണ്ണയിൽ പഴംചാക്കിന്റെ മേൽ വാലുചുരുട്ടി കിടന്നിരുന്ന കാവൽക്കാരനായ നായ അസാധാരണമായി എന്തോ കണ്ടപോലെ ചാടിയെണീറ്റു. സർവസ്വതന്ത്ര്യത്തോടെ നാലുകാലിൽ നിന്ന് തലയൊന്നുയർത്തി ആകാശത്തേക്ക് നോക്കി അവൻ നീട്ടി നീട്ടി മോങ്ങാൻ തുടങ്ങി. കഴുത്തിൽ കിടന്ന കറുത്ത ബെൽറ്റ് കുലുക്കി, ചെറിയൊരു മുറുമുറുപ്പോടെ തിരികെ ചാക്ക് ഒന്ന് മണത്തുനോക്കി വാലുംചുരുട്ടി വീണ്ടും കിടന്നു. അവൻറെ കണ്ണുകൾ എന്തോ കണ്ട അങ്കലാപ്പിലായിരുന്നു. ചെവികൾ നാലുപാടും വട്ടംപിടിച്ച് ചലിച്ചുകൊണ്ടിരുന്നു. അവനിൽ നിറഞ്ഞുനിന്നത് ഭീതി മാത്രം.
എവിടെയോ ചങ്ങലക്കിലുക്കം?! ലോകമുറങ്ങുമ്പോൾ നിശാചരന്മാർ വിഹരിക്കുമോ?
അങ്ങകലെ, രാക്ഷസൻപാറയിലും, ധനവാന്റെ മാളികയിലും, കവലയിലും ഒരേപോലെ ഇരുൾ പരന്നുകിടന്നു.