പിൻവിളി

ചൊല്ലി മറന്ന
കവിതയെങ്കിലും
കാതോർത്ത്
വാക്കിൻ
ഇടവഴിയിൽ
നിൽക്കുകയാണ്
നാം

കണ്ണുനീർ തട്ടി
നരച്ച കുപ്പായവും
മാങ്ങാച്ചുനയുരച്ച
നിറഭംഗിയും
മണവും
തുന്നൽ വിടാതെ
തുന്നി ഒപ്പിച്ച്
അലക്കിയും
ഉണക്കിയും
പുഴ കണ്ണീരുപ്പു
രുചിച്ചൊഴുകിയ
ദൂരങ്ങൾ
വറ്റി.

കണ്ണീരൊഴുക്കും
നിലച്ചുപോയി
ഒഴുകാൻ
കഴിയാതൊരു
കടലുള്ളിൽ
പേറി അലഞ്ഞവരെങ്കിലും
പ്രഭാത ചുവപ്പിൽ
ചുവന്നവർ
സന്ധ്യയിൽ
ആകാശമായവരെങ്കിലും
നമ്മൾ നമ്മളെ
ഏതോ
നക്ഷത്രത്തിൽ
ഒളിപ്പിച്ചുവച്ചവർ.

നമ്മൾ നമ്മളിൽ
പൂത്തു
കായ്ക്കാത്ത
കിനാവിന്റെ
ശാഖികൾ.

എങ്കിലും
നടന്നു മറഞ്ഞ
വഴികളിൽ
നമ്മൾ നമ്മളെ
കാത്തിരിക്കുന്നു
നമ്മൾ ഒഴുകിയ
ഓളങ്ങളിൽ
ഉണ്ണാതെയെത്ര
ഓണങ്ങളുണ്ടു
നാം

ഇന്നുണ്ട് നിറയുമ്പോൾ
എവിടെയൊക്കെയോ
നമ്മൾ
ഉണ്ടെന്നുതോന്നുന്നു
പിന്തിരിഞ്ഞു
വെറുതെ
ചിരിക്കുന്നു
ഒരു പിൻവിളി
കാതോർത്തു
പോകുന്നു
കാലം
കവിത മൂളി കടന്നുപോയിടുന്നു.

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് കാങ്കോൽ താമസം. കണ്ണൂർ ആകാശവാണിയിൽ ഡോക്കുമെന്ററി സ്ക്രിപ്റ്റുകൾ ചെയ്തിട്ടുണ്ട്. ആനുകാലികങ്ങളിൽ എഴുതുന്നു. ഒറ്റ വാതിലുള്ള വീട് എന്ന കവിതാ സമാഹാരം പ്രസാധനത്തിന് ഒരുങ്ങുന്നു